ഗോൾ മഴവരുന്നു ആവേശത്തിന്റെ കൊടുമുടി

പരിക്കേറ്റ സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെ കളത്തില്‍ ഇറങ്ങിയ ബ്രസീലിനായി വിനീഷ്യസ് ജൂനിയര്‍ മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും റഫിഞ്ഞോയും കാസിമാരോയും ആരാധകരെ നിരാശപ്പെടുത്തി. ഫ്രാന്‍സില്‍ ജനിച്ച ഫ്രഞ്ച് ലീഗില്‍ കളിക്കുന്ന 18 കാരനായ യുവതാരം അയൂബ് ബുവാദി തന്റെ അരങ്ങേറ്റ മത്സരത്തില്‍ മൊറോക്കോക്കായി കളം നിറഞ്ഞ പ്രകടനം കാഴ്ചവച്ച് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഭാവിയിലെ ഒരു സൂപ്പര്‍താരത്തിന്റെ മിന്നലാട്ടങ്ങള്‍ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ കാണാമായിരുന്നു.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. എന്നാല്‍ കന്നി മത്സരത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ രണ്ടു താരങ്ങള്‍ക്കും മെക്‌സിക്കോയിലെ ഒരു താരത്തിനും പരിക്കന്‍ കളിക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് ഗ്രൗണ്ടില്‍ നിന്നും പുറത്തു പോകേണ്ടി വന്നത് ആദ്യദിനത്തിലെ കല്ലുകടിയായി മാറി.
തുടര്‍ന്നു നടന്ന മറ്റൊരു മത്സരത്തില്‍ ഏഷ്യന്‍ ശക്തിയായ ദക്ഷിണ കൊറിയ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് യൂറോപ്യന്‍ ശക്തിയായ ചെക്ക് റിപ്പബ്ലിക്കിനെയും മറ്റൊരു ആതിഥേയരായ അമേരിക്ക നാലിനെതിരെ ഒരു ഗോളിന് പരാഗ്വയെയും തോല്‍പ്പിച്ചപ്പോള്‍ കാനഡയും ബോസ്‌നിയയും തമ്മിലുള്ള മത്സരവും ഏഷ്യന്‍ ശക്തിയായ ഖത്തറും സ്വിറ്റ്‌സര്‍ലന്റും തമ്മിലുള്ള മത്സരവും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിയുകയാണ് ഉണ്ടായത്. ഖത്തര്‍ ദേശീയ ടീമില്‍ ഇടംപിടിച്ച ആദ്യ മലയാളി എന്ന പേര് കണ്ണൂര്‍ സ്വദേശിയായ തഹ്സിന്‍ മുഹമ്മദ് ജംഷീദ് എന്ന 18കാരന് ലഭിച്ചുവെങ്കിലും, ആദ്യ കളിയില്‍ ഖത്തര്‍ ടീമില്‍ തഹസ്സിന് അവസരം ലഭിച്ചില്ലെന്നത് നിരാശയുണ്ടാക്കി. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഷെഡ്യൂള്‍ പ്രകാരം തുടര്‍ന്ന് വരികയാണ്.

ഞായറാഴ്ച പുലര്‍ച്ചെ ഗ്രൂപ്പ് സി യിലെ ഫേവറേറ്റ്സ് ആയ ബ്രസീലും മൊറോക്കോയും തമ്മിലുള്ള മത്സരം ഓരോ ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിയുകയാണ് ഉണ്ടായത്. ഫിഫ റാങ്കിങ്ങില്‍ ആറാം സ്ഥാനത്തുള്ള ബ്രസീലും ഏഴാം സ്ഥാനത്തുള്ള മൊറോക്കോയും തമ്മിലുള്ള മത്സരം തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടം ആയിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിലെ 20-ാം മിനിറ്റില്‍ മൊറോക്കോയുടെ ഇസ്മയില്‍ സായിബാരി ലോകമെമ്പാടുമുള്ള ബ്രസീലിയന്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ബ്രസീലിയന്‍ വല ചലിപ്പിച്ചു. എന്നാല്‍ 31-ാം മിനിറ്റില്‍ ഇതിഹാസ ഫുട്‌ബോള്‍ താരം പെലെയുടെ രൂപസാദൃശ്യമുള്ള ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയര്‍ കാനറികള്‍ക്കായി സമനില ഗോള്‍ നേടി. തുടര്‍ന്ന് ഇരു ടീമുകളും വിജയത്തിനായി പൊരുതിയെങ്കിലും സമനിലയോടെ ഇരുവര്‍ക്കും തൃപ്തിപ്പെടേണ്ടി വന്നു. പരിക്കേറ്റ സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെ കളത്തില്‍ ഇറങ്ങിയ ബ്രസീലിനായി വിനീഷ്യസ് ജൂനിയര്‍ മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും റഫിഞ്ഞോയും കാസിമാരോയും ആരാധകരെ നിരാശപ്പെടുത്തി. ഫ്രാന്‍സില്‍ ജനിച്ച ഫ്രഞ്ച് ലീഗില്‍ കളിക്കുന്ന 18 കാരനായ യുവതാരം അയൂബ് ബുവാദി തന്റെ അരങ്ങേറ്റ മത്സരത്തില്‍ മൊറോക്കോക്കായി കളം നിറഞ്ഞ പ്രകടനം കാഴ്ചവച്ച് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഭാവിയിലെ ഒരു സൂപ്പര്‍താരത്തിന്റെ മിന്നലാട്ടങ്ങള്‍ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ കാണാമായിരുന്നു.

അയൂബ് ബുവാദിയും വിനീഷ്യസ് ജൂനിയറും

അര്‍ജന്റീനിയന്‍
ആരാധകരില്‍ ആലസ്യം

കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ ശ്രദ്ധിച്ചു നോക്കിയാല്‍ അര്‍ജന്റീനിയന്‍ ആരാധകരില്‍ ഒരു ആലസ്യം പ്രകടമാണ്. നിലവിലെ ചാമ്പ്യന്മാര്‍ എന്ന നിലയില്‍ ഇതിലും വലുത് ഒന്നും കിട്ടാനില്ല എന്നുള്ളത് ആയിരിക്കാം ഒരുപക്ഷേ അവരുടെ ആവേശം കുറക്കുന്നത്. എന്നാല്‍ ബ്രസീലിന്റെയും പോര്‍ച്ചുഗലിന്റെയും മറ്റും ആരാധകര്‍ ഇത്തവണ ഇല്ലെങ്കില്‍ ഇനിയില്ല എന്ന സ്ലോഗണുമായി വളരെ ആവേശപൂര്‍വം ആണ് തങ്ങളുടെ ടീമുകളുടെ മത്സരങ്ങള്‍ക്കായി കാത്തിരിക്കുന്നത്. പരിക്കേറ്റ സൂപ്പര്‍താരം നെയ്മര്‍ കളത്തില്‍ ഇറങ്ങുന്നതോടെ കാനറികളുടെ തളര്‍ന്ന ചിറകുകള്‍ക്ക് പ്രാപ്പിടിയന്റെ വേഗത ലഭിക്കുമെന്നും എതിര്‍ ടീമുകളുടെ പെനാല്‍റ്റി ബോക്‌സുകള്‍ക്ക് മുകളില്‍ പാറിപ്പറന്ന് ഗോള്‍ മഴകള്‍ വര്‍ഷിക്കും എന്നുമാണ് ബ്രസീലിയന്‍ ആരാധകരുടെ പ്രതീക്ഷ. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും ഫ്രാന്‍സും പോര്‍ച്ചുഗലും ഇംഗ്ലണ്ടും നെതര്‍ലന്‍സും കളത്തില്‍ ഇറങ്ങുന്നതോടെ അതാത് ടീമുകളുടെ ആരാധക കൂട്ടം ആവേശത്തിന്റെ കൊടുമുടിയില്‍ എത്തുമെന്നും കൂടുതല്‍ ആവേശകരമായ മത്സരങ്ങള്‍ കാണാന്‍ കഴിയും എന്നും നമുക്ക് പ്രതീക്ഷിക്കാം.

റൗണ്ട് ഓഫ് 32
ലോകകപ്പ് മത്സരങ്ങളിലെ അടുത്തഘട്ടമായ റൗണ്ട് ഓഫ് 32 അത് ഒരു നോക്കൗട്ട് റൗണ്ട് ആയാണ് ക്രമീകരിച്ചിരിക്കുന്നത്. അത് തുടങ്ങുന്നതോടെ ഫുട്‌ബോള്‍ ആരാധകരുടെ നെഞ്ചിടിപ്പുകള്‍ വര്‍ദ്ധിക്കുകയും ഇഷ്ടടീമുകളുടെ തോല്‍വി ലോകകപ്പില്‍ നിന്നുള്ള പുറത്താകലിനു കാരണമാകും എന്നത് ആവേശവും മത്സരവീര്യവും കൂട്ടുകയും ചെയ്യും.
കാണികളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ഓരോ ടീമിനും കഴിയട്ടെ എന്നും അത്തരത്തിലുള്ള സന്തോഷങ്ങള്‍ ഓരോ ആരാധകന്റെയും മനസ്സില്‍ എന്നെന്നും മായാതെ നില്‍ക്കട്ടെ എന്നും നമുക്ക് ആശിക്കാം.

2026 വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം

‘ഫുട്‌ബോള്‍
ലോകത്തെ ഒരുമിപ്പിക്കുന്നു’

കഴിഞ്ഞ ജൂണ്‍ 11 ന് മെക്‌സിക്കോയിലെ ആസ്റ്റക്കാ സ്റ്റേഡിയത്തിലെ മൈതാനം മധ്യത്തില്‍ ‘ഫുട്‌ബോള്‍ ലോകത്തെ ഒരുമിപ്പിക്കുന്നു’ എന്ന പ്രമേയത്തിലുള്ള ലോകകപ്പിന്റെ കൂറ്റന്‍ മാതൃകയുടെ പശ്ചാത്തലത്തില്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട 48 ഫുട്‌ബോള്‍ ശക്തികള്‍ അണിനിരക്കുന്ന ഇത്തവണത്തെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങ് നടന്നു. ഗള്‍ഫ് മേഖലയില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, പരസ്പര നയതന്ത്ര ബന്ധം വരെ ഇല്ലാത്ത ഈ രണ്ടു രാജ്യങ്ങളും മെക്‌സിക്കോയിലും കാനഡയിലും അമേരിക്കയിലും ആയി നടക്കുന്ന ഇത്തവണത്തെ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഒരുമിച്ച് പങ്കുചേരുന്നു എന്നത് ‘ഫുട്‌ബോള്‍ ലോകത്തെ ഒരുമിപ്പിക്കുന്നു’ എന്ന ആപ്തവാക്യത്തിന്റെ ഉത്തമോദാഹരണമാണ്.

കൊളംബിയന്‍ ഗായിക ഷക്കീറയുടെ പ്രകടനം

സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ എണ്‍പതിനായിരത്തോളം ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ചു കൊണ്ട് ലോകകപ്പ് ഫുട്‌ബോളിന്റെ മ്യൂസിക് ഐക്കണായി വിലയിരുത്തപ്പെടുന്ന കൊളംബിയന്‍ ഗായിക ഷക്കീറയും നൈജീരിയന്‍ ഗായകന്‍ ബര്‍ണ ബോയിയും ചേര്‍ന്ന് ഈ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ഡായ് ഡായ് ആലപിച്ചു. സ്പാനിഷ്, ഇംഗ്ലീഷ് എന്നീ ഭാഷകളുടെ ഒരു സമ്മിശ്രമാണ് പ്രസ്തുത ഗാനം. ഷക്കീറയുടെ ലാറ്റിന്‍ അമേരിക്കന്‍ സ്‌റ്റൈലും ബര്‍ണ ബോയിയുടെ ആഫ്രിക്കന്‍ ബീറ്റ്‌സും ചേര്‍ന്നതാണ് ‘ഡായ് ഡായ്’ ഗാനം. ഈ ഗാനം ലോകമെമ്പാടുമുള്ള ആളുകളെ ഒരുമിപ്പിക്കുന്നതിനെ കുറിച്ചും, ആഘോഷങ്ങളെക്കുറിച്ചും മറ്റും ആണ് സംസാരിക്കുന്നത്. രണ്ട് വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ഫൈനലുകള്‍ക്ക് സാക്ഷ്യം വഹിച്ച, ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ ആയ പെലെയും മറഡോണയും ലോകകപ്പ് കിരീടങ്ങള്‍ ഉയര്‍ത്തിയ ചരിത്രമുറങ്ങുന്ന ആസ്റ്റെക്കെ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങുകള്‍ തികച്ചും പ്രൗഢഗംഭീരമായിരുന്നു.
ആതിഥേയ മെക്‌സിക്കന്‍ സംസ്‌കാരത്തെ എടുത്തു കാണിക്കുന്ന വര്‍ണ്ണാഭമായ നൃത്തങ്ങളും തദ്ദേശീയമായ കലാരൂപങ്ങളും ചേര്‍ന്ന് ചടങ്ങ് വളരെ ആകര്‍ഷകമാക്കി. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് ഫുട്‌ബോള്‍ എന്ന് പറയുന്നത് കേവലം ഒരു കായികയിനം എന്നതിലപ്പുറം അതൊരു വികാരമാണെന്ന് അവിടെ തിങ്ങിക്കൂടിയ പെലയുടെയും മറഡോണയുടെയും മെസ്സിയുടെയും നെയ്മറിന്റെയും പിന്‍മുറക്കാര്‍ സാക്ഷ്യപ്പെടുത്തി.

Author

Scroll to top
Close
Browse Categories