വൈഗ നദീതട സംസ്‌കാരംഇന്ത്യയുടെ ചരിത്രം തിരുത്തിയ ഉത്ഖനനം

പര്യവേക്ഷണസംഘം ഒരു ദിവസം മധുരൈ-രാമേശ്വരം ഹൈവേയ്ക്കരികില്‍ ഒരു നാടന്‍ ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ, അന്നത്തെ വിവരങ്ങള്‍, പ്രത്യേകിച്ചും പ്രതീക്ഷയൊന്നുമില്ലാത്തവ പരസ്പരം, കൈമാറുന്നത് അവര്‍ക്ക് തൊട്ടപ്പുറത്തിരുന്ന, ലോറി ഡ്രൈവര്‍ മഹാരാജ കേള്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ കൂടുതല്‍ കൗതുകത്തോടെ അവരെ ശ്രദ്ധിച്ചു. അത്യന്തം ആശ്ചര്യഭരിതനായി അയാള്‍ക്കു ഇടപെട്ടു പറയേണ്ടിവന്നു – താന്‍ സ്ഥിരമായി നാളികേരമെടുക്കാന്‍ പോകുന്ന തെങ്ങിന്‍ തോപ്പില്‍ അവിടവിടെയായി ധാരാളം കളിമണ്‍പാത്രകഷ്ണങ്ങള്‍ കുന്നുകൂടിക്കിടക്കുന്നതു കണ്ടിട്ടുണ്ടെന്ന്. നിര്‍ണായക വഴിത്തിരിവായി ഈ അറിവ്.

ഉത്ഖനന തെളിവുകൾക്ക് സമീപം ലേഖകൻ

ചരിത്രാതീതകാലം മുതല്‍ക്കേ മനുഷ്യവംശം എങ്ങനെ ജീവിച്ചിരുന്നുവെന്നതിന്റെ നിരവധി തെളിവുകള്‍ തമിഴകത്തിന്റെ മണ്ണിന്നടിയില്‍ അടരടരുകളായി ഉറങ്ങിക്കിടക്കുന്നു. പുരാവസ്തുക്കള്‍ തേടിയുള്ള ഉത്ഖനനത്തിന് നൂറു വര്‍ഷത്തെ ചരിത്രമുണ്ട് തമിഴ്‌നാടിന്. ആദിച്ചനെല്ലൂര്‍, പൊരുന്നൈ, അരിക്കമേട്, കാവേരിപൂമ്പട്ടണം (പൂംപുഹാര്‍), മങ്ങാട്, കോര്‍ക്കൈ, മയിലാടുംപാറൈ, മഹാബലിപുരം, ശിവഗാലൈ, കൊടുമണല്‍, അവസാനമിപ്പോള്‍മധുരെക്കടുത്തു കീഴടി.
തമിഴ് പ്രാചീന ജനതയാര്‍ജ്ജിച്ച നഗരവത്ക്കരണത്തിന്റെയും സാക്ഷരതയുടെയും പഴക്കം ബി സി ഇ എട്ടാം നൂറ്റാണ്ടുവരെ പിന്നിലേയ്ക്കു പോകുമെന്നാണു കീഴടി ഉത്ഖനന തെളിവുകളുടെ നിഗമനം. മുന്‍പറഞ്ഞ പ്രദേശങ്ങളില്‍ നിന്നു ശിലായുധങ്ങള്‍, ഇരുമ്പായുധങ്ങള്‍, ശവമടക്കു പാത്രങ്ങള്‍, ചെമ്പുവസ്തുക്കള്‍, മനുഷ്യശരീരാവശിഷ്ടങ്ങള്‍ തുടങ്ങി നിരവധി പുരാവസ്തുക്കള്‍ കണ്ടുകിട്ടിയിട്ടുണ്ട്. അയോയുഗ/ മെഗാലിത്ത് സംസ്‌കാര (1000 BCE) ത്തിൻ്റെ തെളിവുകള്‍ ആദിച്ചനെല്ലൂര്‍ നിന്നു നേരത്തെ ലഭിച്ചിരുന്നു. അരിക്കമേട് BCE രണ്ടാം നൂറ്റാണ്ടു മുതല്‍ CE രണ്ടാം നൂറ്റാണ്ടുവരെ റോമുമായി കടല്‍ വാണിജ്യബന്ധം പുലര്‍ത്തിയ പ്രദേശമായിരുന്നു. റോമന്‍ ആംഫോറ, നാണയങ്ങള്‍, മുത്തു നിര്‍മ്മാണം, ഇന്‍ഡോ – റോമന്‍ വാണിജ്യ ലക്ഷണങ്ങള്‍ എന്നിവ ഇവിടെനിന്നു ലഭിക്കുകയുണ്ടായി. എന്നാല്‍ ഈ പ്രദേശങ്ങളില്‍ ജനവാസം ഉണ്ടായിരുന്നെങ്കില്‍ അവ എപ്രകാരമായിരുന്നുവെന്നു ഖണ്ഡിതമായി വിവരിക്കത്തക്ക തെളിവുകള്‍ അന്നു ലഭിച്ചിരുന്നില്ല. എടക്കല്‍ ഗുഹമുതല്‍ മുസിരീസ് (പട്ടണം) വരെ ഇതിനോട് ചേര്‍ന്നു നില്‍ക്കുന്ന ചില പ്രദേശങ്ങള്‍ കേരളത്തിലുമുണ്ട്. പഴയ തമിഴകത്തിന്റെ ഭാഗമായിരുന്നല്ലോ ഇന്നത്തെ കേരളം.

കീഴടി ഉത്ഖനനത്തിൽ നിന്ന് ശേഖരിച്ച വസ്തുക്കൾ

ഈ പ്രദേശങ്ങളെ കവിഞ്ഞു നില്‍ക്കുന്ന പ്രാമുഖ്യം കീഴടിക്കു ലഭിച്ചതെന്തുകൊണ്ട്? കീഴടി ഉത്ഖനനത്തില്‍ നിന്നു ശേഖരിച്ച വസ്തുക്കളും മണ്ണടരുകളില്‍ നിന്നുയര്‍ന്നുവന്ന കെട്ടിടാവശിഷ്ടങ്ങളും തെളിയിക്കുന്നത് ഒരു നാഗരികസമൂഹം ഇവിടെ സ്ഥിരവാസം നടത്തിയിരുന്നുവെന്ന ചരിത്രവസ്തുതയാണ് . പഴംതമിഴ് ഭാഷയിലെഴുതപ്പെട്ട, സംഘകാല മനോഹരകാവ്യങ്ങള്‍ പകര്‍ത്തിയ ജനജീവിതത്തിന്റെ യാഥാര്‍ത്ഥ്യമാണ് കീഴടി നല്‍കിയത്. ഐന്തിണകള്‍ കാവ്യഭാവനയല്ല ചരിത്രയാഥാര്‍ത്ഥ്യമാണെന്ന വിളംബരമാണ് കീഴടി. ഗംഗാസമതലഭൂവില്‍, ഗ്രേറ്റര്‍ മഗധയെ ചുറ്റിപ്പറ്റി ഏകദേശം ബി.സി.ഇ ആറാം നൂറ്റാണ്ടിലാണ് രണ്ടാം നഗരവത്ക്കരണം നടന്നതെന്ന ചരിത്രധാരണ ഇതോടെ തിരുത്തേണ്ടി വന്നിരിക്കുന്നു.

ദക്ഷിണേന്ത്യയിലെ നഗരവത്കരണം നടന്നത് BCE മൂന്നാം നൂറ്റാണ്ടില്‍ എന്നാണ് നേരത്തെ ഗണിച്ചിരുന്നത്. എന്നാല്‍ കീഴടി നാലാംഘട്ട ഉത്ഖനനത്തില്‍ നിന്നു ലഭിച്ച പുരാവസ്തുക്കളുടെ കാലഗണന ബി.സി.ഇ. ആറാം നൂറ്റാണ്ടാണ്. ഉത്തരേന്ത്യക്കു സമാന്തരമായി ദക്ഷിണേന്ത്യയിലും നഗരവത്ക്കരണം നടന്നു.കാല പഴക്കം ഇനിയും പിറകോട്ടു പോകാമെന്നു ഊഹമുണ്ട് ഇന്നത്തെ ഹിന്ദു ജീവിതരീതികളിലോ, വിശ്വാസങ്ങളിലോ ഉള്‍ച്ചേര്‍ക്കാന്‍ കഴിയുന്ന യാതൊന്നും തന്നെ കീഴടിയില്‍ നിന്നു കണ്ടെടുത്ത പുരാവസ്തുക്കളില്‍നിന്നോ നിര്‍മ്മാണാവശിഷ്ടങ്ങളില്‍ നിന്നോ കണ്ടെത്താനായില്ലെന്നത് കീഴടി സംസ്‌കൃതിയെ സവിശേഷമാക്കി. മതവിശ്വാസവുമായി ബന്ധപ്പെട്ട യാതൊന്നും തന്നെ ലഭ്യമായില്ലെന്നതും പ്രധാനമാണ്. ഇന്ത്യയിലെ ഒന്നാം നഗരവത്കരണം നടന്ന ഹാരപ്പന്‍ സംസ്‌കാരത്തിന്റെ തുടര്‍ച്ചയെന്നോണം ലക്ഷണങ്ങള്‍ കാണുന്നുവെന്നത് ഈ കണ്ടെത്തലുകളെ കുറെക്കൂടെ പ്രസക്തമാക്കുന്നു. അത് സ്ഥിരീകരിക്കാനാവശ്യമായ അന്വേഷണങ്ങളാണ് തുടര്‍ന്നു വരാനുള്ളത്.
കണ്ടെടുത്ത മണ്‍പാത്രങ്ങളിലെ തമിഴ്-ബ്രാഹ്‌മി/ തമിലി ലിപിയിലുള്ള എഴുത്തുകള്‍ അശോകചക്രവര്‍ത്തിയുടെ ഭരണകാലത്തുപയോഗിച്ചിരുന്ന മൗര്യന്‍-ബ്രാഹ്‌മി ലിപികളേക്കാള്‍ പഴക്കമുള്ളതാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മറ്റേതുവിഭാഗം ജനങ്ങളേക്കാള്‍ മുന്‍പുതന്നെ എഴുത്തുകല നമുക്കു വശമായിരുന്നുവെന്നത് മലയാളികളടക്കമുള്ള ദ്രാവിഡജനതയ്ക്ക് ആകമാനം അഭിമാനം നല്‍കുന്നതാണ്.

ഉത്ഖനന ചരിത്രം
2013ലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ ബാംഗ്ലൂര്‍ ഓഫീസില്‍ ഡെപ്യൂട്ടി സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റായി അമര്‍നാഥ് രാമകൃഷ്ണ ചുമതലയേറ്റത് ഉത്ഖനനവിഭാഗത്തിന്റെ ചുമതലക്കാരനെന്ന നിലയില്‍, കേന്ദ്ര സംഘടനയുടെ അനുമതിയോടെ, ദക്ഷിണേന്ത്യയിലെ ചരിത്രപ്രധാനമെന്നു തോന്നുന്ന ഇടങ്ങളില്‍ കുഴിച്ചുനോക്കുന്നതിനുള്ള ഉത്തരവു ലഭിച്ചിരുന്നു. ഇതേ സമയം ഹാരപ്പന്‍ സംസ്‌കാരത്തിന്റെ തെളിവുകള്‍ക്കായി സാധ്യതയുള്ള രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തകൃതിയായി ASIയുടെ നേതൃത്വത്തില്‍ ഉത്ഖനനം നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഈ ദേശങ്ങളിൽ സ്ഥിരവാസസ്ഥലങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ, സൈന്ധവസംസ്‌കാരത്തിന്റെ അതിവിസ്തൃതി ലോകത്തെ വിസ്മയിപ്പിക്കുക തന്നെ ചെയ്തു. ഈ പര്യവേക്ഷണങ്ങള്‍ പലതും അതുവഴി ഒഴുകിയിരുന്നതോ ഒഴുകുന്നതോ ആയ നദീതടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു. ഇതുപോലെ അതിപുരാതന നഗരമായ മധുരയും മധുരയെ തൊട്ടൊഴുകുന്ന വൈഗാനദിക്കരയും ASI യുടെ പര്യവേക്ഷണത്തിനു വഴി കാണിച്ചു. മധുര കേന്ദ്രീകരിച്ച് രൂപംകൊണ്ടിരുന്ന കവികളുടെ സംഘം കവിതകളിലെഴുതിയ ജീവിതം യാഥാര്‍ത്ഥ്യമോ ഭാവന മാത്രമോ എന്നതായിരുന്നു ഒരന്വേഷണവിഷയം. സംഘംകവിതകളില്‍ പലപാടു പരാമര്‍ശിക്കുന്ന വൈഗനദീത്തടം അവരുടെ ലക്ഷ്യസ്ഥാനമായി. വന്‍ ജനവാസമുള്ള മധുര ക്ഷേത്രനഗരത്തില്‍ ഉത്ഖനനസാധ്യത അസാധ്യമാണല്ലോ. ജനസാന്ദ്രത കൂടിയ അവിടെ ഒരണുവിട സ്ഥലം പോലും കിട്ടുകയില്ലെന്നറിയാവുന്നതുകൊണ്ടു പര്യവേക്ഷണസംഘം സമീപ പ്രദേശങ്ങളിലേക്കു നീങ്ങി.

മഹാരാജ കാണിച്ച വഴി
ശവസംസ്‌കാരത്തിന്റെ അടയാളങ്ങള്‍, സ്ഥിരവാസത്തിന്റെ ലക്ഷണങ്ങളെന്നിവ അന്വേഷണവിഷയമായി. നാളുകള്‍ പിന്നിട്ട അന്വേഷണങ്ങള്‍ക്കിടയില്‍, കീഴടിയുടെയും പരിസരപ്രദേശങ്ങളിലെയും ഗ്രാമീണര്‍ അവര്‍ വീടു നിര്‍മ്മാണത്തിനോ, കൃഷിക്കോ, മറ്റാവശ്യങ്ങള്‍ക്കോ മണ്ണു കുഴിക്കുമ്പോള്‍ പ്രാചീനമായ പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍, കരകൗശലനിര്‍മ്മിതികള്‍, ഇഷ്ടിക കഷണങ്ങള്‍ എന്നിവ ലഭിക്കാറുണ്ടെന്ന വിവരം ആര്‍ക്കിയോളജി സംഘത്തിനു കൈമാറി. വൈഗാനദിയുടെ 270 കിലോമീറ്റര്‍ ദൈര്‍ഘ്യം പല നാളുകളില്‍ അതിനോടകം അവര്‍ നടന്നു തീര്‍ത്തിരുന്നു. ചെറിയ ചെറിയ അറിവുകള്‍ വെച്ച് എവിടെ ഉത്ഖനനം തുടങ്ങുമെന്നത് വലിയ പ്രതിസന്ധിയാണ് ആദ്യമവരെ നേരിട്ടത്. സ്വകാര്യഭൂമിയില്‍ കുഴിക്കുകയെന്നതുതന്നെ ഒന്നാമത്തെ തടസ്സം. ആറേഴു മാസം കടന്നുപോയി. എന്നാല്‍ അവര്‍ക്ക് നിരാശരാകേണ്ടിവന്നില്ല. വലിയൊരത്ഭുതം അവരെ കാത്തിരിക്കുകയായിരുന്നു.

പര്യവേക്ഷണസംഘം ഒരു ദിവസം മധുരൈ-രാമേശ്വരം ഹൈവേയ്ക്കരികില്‍ ഒരു നാടന്‍ ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ, അന്നത്തെ വിവരങ്ങള്‍, പ്രത്യേകിച്ചും പ്രതീക്ഷയൊന്നുമില്ലാത്തവ പരസ്പരം, കൈമാറുന്നത് അവര്‍ക്ക് തൊട്ടപ്പുറത്തിരുന്ന, ലോറി ഡ്രൈവര്‍ മഹാരാജ കേള്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ കൂടുതല്‍ കൗതുകത്തോടെ അവരെ ശ്രദ്ധിച്ചു. അത്യന്തം ആശ്ചര്യഭരിതനായി അയാള്‍ക്കു ഇടപെട്ടു പറയേണ്ടിവന്നു – താന്‍ സ്ഥിരമായി നാളികേരമെടുക്കാന്‍ പോകുന്ന തെങ്ങിന്‍ തോപ്പില്‍ അവിടവിടെയായി ധാരാളം കളിമണ്‍പാത്രകഷ്ണങ്ങള്‍ കുന്നുകൂടിക്കിടക്കുന്നതു കണ്ടിട്ടുണ്ടെന്ന്. നിര്‍ണായക വഴിത്തിരിവായി ഈ അറിവ്.

മഹാരാജിനോടാപ്പം അവര്‍ പോയി കണ്ട സ്ഥലമാണ് അവരെ കാത്തിരുന്ന വിസ്മയം. പുരാതന ജനവാസമുണ്ടായിരുന്നതിന്റെ മണ്ണിലവശേഷിച്ച തെളിവുകള്‍ മുകള്‍പരപ്പില്‍ തന്നെ അവര്‍ കണ്ടെത്തുകയായി. അതോടെ കീഴടിയിലെ ആ തെങ്ങിന്‍തോപ്പ് അവരുടെ ലക്ഷ്യസ്ഥാനമായി. സമീപപ്രദേശത്ത് വീട്ടാവശ്യത്തിനായി ഭൂമി കുഴിച്ച് ചെളി നീക്കുമ്പോള്‍ ഒരു ഇഷ്ടികമതില്‍ കണ്ടതായും അവിടത്തുകാര്‍ ശ്രദ്ധയില്‍പ്പെടുത്തി. പിന്നീടു ഉത്ഖനനം നടത്തിയപ്പോള്‍ അവര്‍ കണ്ടെത്തിയ മതിലില്‍ ഉപയോഗിച്ച പിങ്ക് നിറമുള്ള ഇഷ്ടികകള്‍ ഹാരപ്പന്‍ പ്രദേശത്തു കണ്ടെത്തിയതിനേക്കാള്‍ വലിപ്പം കൂടിയതും വര്‍ഷങ്ങള്‍ക്കു മുന്‍പ് ആര്‍ക്കിയോളജിസ്റ്റ് മോര്‍ട്ടിമര്‍ വീലര്‍ കണ്ടെത്തിയ അരിക്കമേടിലെ ഇഷ്ടികയുമായി സാമ്യമുള്ളതുമായിരുന്നു. തമിഴ്‌നാട്ടിലെതന്നെ മറ്റൊരു പുരാവസ്തുകേന്ദ്രമായ അരിക്കമേട് കീഴടിയില്‍ നിന്നും 300 ലേറെ കിലോമീറ്റര്‍ ദൂരെയാണ്. ഇവിടെ വസിച്ചിരുന്ന ജനങ്ങള്‍ – ഐന്തിണൈ വാസികള്‍ – തമ്മിൽ കരമാര്‍ഗ്ഗമോ കടല്‍മാര്‍ഗ്ഗമോ വാണിജ്യം നടന്നിരുന്നതിന്റെ തെളിവായി ഇത് വിലയിരുത്തുന്നു.
പ്രാചീന മണ്‍പാത്രങ്ങള്‍ പുരാവസ്തുഖനനത്തില്‍ സുപ്രധാന പങ്കു വഹിക്കുന്നവയാണ്. വളരെ കാലം കേടുകൂടാതിരിക്കുന്ന സെറാമിക്‌സ് പാത്രാവശിഷ്ടങ്ങള്‍, അവ കണ്ടെത്തുന്ന സ്ഥലത്തെ സ്ഥിരതാമസക്കാരുടെ കാലവും സംസ്‌കാരവും സാങ്കേതികമികവും കച്ചവടവും തുടങ്ങി നിരവധി രേഖപ്പെടുത്തലുകള്‍ക്കു സഹായകരമാകുന്നു. പാത്രങ്ങളുടെ നിര്‍മ്മാണശൈലി, കൊത്തുപണികള്‍, ലിപി, ഉപയോഗം, തുടങ്ങിയ നിരവധി ഘടകങ്ങള്‍ പഠനവിധേയമാക്കാറുണ്ട്.

വൈഗയുടെ തീരത്ത് 293 കേന്ദ്രങ്ങള്‍ ഉത്ഖനനസാധ്യതയുള്ളതായി കണ്ടെത്തിയ ആര്‍ക്കിയോളജിസ്റ്റ് അമര്‍നാഥും സംഘവും പിന്നീടവ 100 ലേക്കു ചുരുക്കി ലിസ്റ്റു ചെയ്തു. നിരവധി കൂടിയാലോചനകള്‍ക്കു ശേഷം അവ കീഴടി, മണലൂര്‍, അഗാരം എന്നീ മൂന്നു സ്ഥലങ്ങളിലേക്കു ചുരുക്കുകയും ASI ഡല്‍ഹി കേന്ദ്രത്തിന്റെ അനുമതിയോടെ കീഴടിയില്‍ ഉത്ഖനനം തുടങ്ങുകയും ചെയ്തു.
2015 മാര്‍ച്ച് 2 നാണ് ഉത്ഖനനം ഒന്നാംഘട്ടം ഔദ്യോഗികമായി തുടങ്ങിവെയ്ക്കുന്നത്. 2017 വരെയുള്ള മൂന്നു ഘട്ടങ്ങള്‍ക്കും നേതൃത്വം കെ. അമര്‍നാഥ് രാമകൃഷ്ണ ആയിരുന്നു. ഇപ്പോഴത്തെ കീഴടി/കീളടി ഗ്രാമത്തിലെ പള്ളിച്ചന്തൈ തിടല്‍ എന്ന ഭാഗത്തെ മണ്‍കൂന/മണ്‍ത്തിട്ടയാണ് തുടങ്ങാന്‍ തെരഞ്ഞെടുത്തത്. ആര്‍ക്കിയോളജിയില്‍ മണല്‍തിട്ട (Mound) കള്‍ക്കു വലിയ പ്രാധാന്യമുണ്ട്. ഇതിന് അടുത്തെവിടെയോ സ്ഥിരവാസക്കാരായിരുന്ന ജനതയുടെ ശ്മശാനകേന്ദ്രങ്ങള്‍, പാഴ്‌വസ്തുക്കളുടെ കൂട്ടം, വലിയ കെട്ടിടങ്ങളുടെ അവശിഷ്ടം, കോട്ടകള്‍ അങ്ങനെ പലതുമാകാം ഈ മൺത്തിട്ടകൾ. 110 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ഈ പ്രദേശം തറനിരപ്പില്‍ നിന്നു 2.88 മീറ്റര്‍ ഉയരമുള്ളതാണ്. ഈ പ്രദേശത്താണ് ആദ്യഘട്ടത്തില്‍ (2014-15) 43-ഉം രണ്ടാം ഘട്ടത്തില്‍ 59-ഉം (2015-16) ചതുരാകൃതി കുഴികളെടുത്ത് (Trenches) ഉത്ഖനനം തുടങ്ങിവെച്ചത്

കീഴടി/ കീളടിയുടെ പ്രാധാന്യം
എന്തുകൊണ്ടു കീഴടി ദേശം തെരഞ്ഞെടുത്തു? ഉത്ഖനനത്തിന്റെ പശ്ചാത്തലം അമര്‍നാഥ് രാമകൃഷ്ണയുടെ വാക്കുകളില്‍ മനസ്സിലാക്കാം: (അവലംബം: തമിള്‍ ഹെറിറ്റേജ് ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച Excavation at Keeladi എന്ന ലഘുലേഖ)
ഒന്ന്: സ്ഥലപര്യവേക്ഷണത്തിനിടെ, പാണ്ഡ്യരാജ്യതലസ്ഥാനമായിരുന്ന മധുരയുടെ സമീപം ജനവാസമുണ്ടായിരുന്നതായി ലക്ഷണങ്ങള്‍ കണ്ടെത്തിയ ഏക സ്ഥലമായിരുന്നു കീഴടി.
രണ്ട്: സംഘകാലത്തിന്റെ കാലഗണനയോടു ചരിത്രസമ്പര്‍ക്കമുള്ള മധുരയ്ക്കടുത്ത് വിസ്താരമേറിയ ഒരു ജനവാസകേന്ദ്രം വലിയ തോതിലുള്ള ശാസ്ത്രീയ ഉത്ഖനനത്തിനു സഹായകമായിരിക്കുമെന്ന അറിവ്.
മൂന്ന്: നഗരവത്ക്കരണത്തിന്റെ അതിദ്രുത ചലനങ്ങളുള്ള മധുരാനഗരത്തില്‍, അതെത്ര ചരിത്രപ്രധാനമെങ്കിലും, ഇപ്പോഴത്തെ ജനസാന്ദ്രത കണക്കിലെടുക്കുമ്പോള്‍ ഉത്ഖനനം സാധ്യമല്ലെന്നതുകൊണ്ടു സമീപപ്രദേശങ്ങളിലേക്കു നീങ്ങി.
നാല്: വൈഗനദിയുടെ തീരത്തെ പുരാതന നാഗരികതകള്‍ അതിവേഗത്തിലുള്ള കാര്‍ഷികവൃത്തിവ്യാപനവും നഗരവത്കരണവും മൂലം നാശത്തിന്റെ വക്കിലാണ്. കീഴടിയില്‍ തിങ്ങിനിറഞ്ഞിരുന്നതു തെങ്ങിന്‍തോപ്പുകളായതുകൊണ്ടു ഭൂരിഭാഗം ഭൂമിയും മറ്റും ആവശ്യങ്ങള്‍ക്കുള്ള കുഴിക്കലില്‍നിന്നു രക്ഷപ്പെട്ടു നില്‍ക്കുകയായിരുന്നു. ഇനിയും വൈകിക്കൂടാ എന്ന തിരിച്ചറിവ്.
വൈഗയുടെ തെക്കെ കരയില്‍ സ്ഥിതിചെയ്യുന്ന കീഴടിഗ്രാമത്തിന്റെ ചുറ്റും ചരിത്രപ്രധാന സ്ഥലങ്ങളുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കീഴടി ഗ്രാമത്തിന്റെ സമീപത്തു കൂടെയാണ് വൈഗ ഒഴുകികൊണ്ടിരുന്നത്. ഇപ്പോഴതിനു രണ്ടു കിലോമീറ്റര്‍ ദൂരം. മണലൂര്‍ തടാകത്തിന്റെ പടിഞ്ഞാറും കീഴടിഗ്രാമത്തിന്റെ തെക്കു കിഴക്കുമായ മണല്‍ത്തിട്ടയിലാണ് ഉത്ഖനനം തുടങ്ങിയത്. ഈ മണലൂര്‍, സംഘകാവ്യത്തില്‍ പരാമര്‍ശമുള്ള പെരുംമണലൂര്‍ തന്നെയാവാം. ഈ പ്രദേശത്തെ പള്ളിച്ചന്തൈ തിടലെന്നും മേട്ടുപുഞ്ചൈ എന്നും ജനങ്ങള്‍ വിളിക്കുന്നു. 4.5 കിലോമീറ്റര്‍ വൃത്തപരിധിയില്‍ 110 ഏക്കറിലായി പരന്നുകിടക്കുന്ന മണല്‍ത്തിട്ടയിലാണു ഖനനം നടന്നത്. പല ഘട്ടങ്ങളിലായി പത്തു ശതമാനം മാത്രം ഉത്ഖനനം നടന്നപ്പോള്‍ത്തന്നെ വലിയ പുരാവസ്തുശേഖരമാണ് ലഭ്യമായത്. മധുര നഗരത്തിന്റെ തെക്കു കിഴക്കു മാറി രാമേശ്വരം നാഷണല്‍ ഹൈവേ 49 നോടു ചേര്‍ന്നാണ് കീഴടി ഗ്രാമം സ്ഥിതിചെയ്യുന്നത്. 2015, 2016, 2017 വര്‍ഷങ്ങളില്‍ നടന്ന മൂന്നു ഘട്ട ഉത്ഖനനങ്ങളിലും സുപ്രധാനമായ പുരാവസ്തു തെളിവുകള്‍ ഈ പ്രദേശങ്ങളില്‍ നിന്നു ലഭിച്ചു. ജനങ്ങള്‍ കൂട്ടമായി താമസിച്ചിരുന്നതിന്റെ തെളിവുകള്‍ ആദ്യഘട്ടത്തിലെ ലഭിച്ചു. ഇഷ്ടികകെട്ടിന്റെ അവശിഷ്ടങ്ങളും ബ്ലാക്‌വെയര്‍, റെഡ്‌വെയര്‍ മണ്‍പാത്രാവശിഷ്ടങ്ങളും മുത്തുകളും ചുടുകട്ടകള്‍കൊണ്ടുണ്ടാക്കിയ വസ്തുക്കളും ഈ പുരാവസ്തുശേഖരത്തില്‍ ഉള്‍പ്പെടുന്നു.

രണ്ടാം ഘട്ടത്തില്‍ വളയകിണറുകള്‍, ഓവുചാലുകള്‍, തമിഴ്-ബ്രാഹ്‌മി ലിപി രേഖപ്പെടുത്തിയ മണ്‍പാത്രാവശിഷ്ടങ്ങള്‍, നൂല്‍നൂല്പിന്നാവശ്യമായ തരം ഉപകരണങ്ങള്‍ (Spindle Whorls) എന്നിവ നാഗരികതയും സാക്ഷരതയും നിര്‍മ്മാണവൈദഗ്ദ്ധ്യവുമുള്ള ഒരു പരിഷ്‌കൃതജനത ഈ പ്രദേശത്തു ജീവിച്ചിരുന്നതിന്റെ തെളിവുകളായിരുന്നു.

രണ്ടാം നഗരവത്ക്കരണം – ദക്ഷിണേന്ത്യയിൽ
ഇവിടെ നിന്നു ആദ്യഘട്ടത്തിൽ ലഭിച്ച പുരാവസ്തുക്കളുടെ റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ് ഏകദേശം ബി.സി.ഇ. മൂന്നാം നൂറ്റാണ്ടാണു രേഖപ്പെടുത്തിയത്‌.. തമിഴ്‌നാട് സ്റ്റേറ്റ് ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റാണ് നാലാം ഘട്ടം മുതല്‍ക്കുള്ള ഉത്ഖനനം നടത്തിയത്. ഈ ഘട്ടത്തില്‍ ലഭിച്ച ചാര്‍ക്കോളിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് നാഗരികതയെ പിന്നെയും പുറകിലേക്ക് കൊണ്ടുപോയി. ഫ്‌ളോറിഡയിലെ ബീറ്റ അനലിറ്റിക്ക് ലാബ് റിപ്പോര്‍ട്ട് പ്രകാരം ബിസിഇ 580 ആയി കാലനിര്‍ണ്ണയം. അതായത് ബി.സി.ഇ. ആറാം നൂറ്റാണ്ട്. ഇന്ത്യയിൽ രണ്ടാം നഗരവത്ക്കരണം നടന്ന ഗംഗാസമതലത്തിന്റേതിനു സമാനമായി ഒരു നാഗരികസമൂഹം ദക്ഷിണേന്ത്യയിലെ വൈഗാനദീതടത്തില്‍ ജീവിച്ചിരുന്നുവെന്ന വിളംബരമായിരുന്നു ഇത്. കാര്‍ഷികവൃത്തികള്‍, വിവിധ വ്യവസായങ്ങൾ, വിദേശവാണിജ്യം എന്നിവ ഇവർക്കുണ്ടായിരുന്നു.

നെയ്ത്തു വ്യവസായം
നെയ്ത്തുജോലിക്കു പ്രാധാന്യം നല്‍കിയ സമൂഹമായിരുന്നു ഇവിടെ വസിച്ചത്. വസ്ത്രനിര്‍മ്മാണത്തിനുപയോഗിക്കുന്ന ചെറുതും വലുതുമായ ഉപകരണങ്ങള്‍ കീഴടിയില്‍നിന്നു കണ്ടെടുത്തു. രണ്ടാംഘട്ട ഉത്ഖനനത്തില്‍ (2016) തന്നെ നൂല്‍നിര്‍മ്മാണത്തിനുപയോഗിക്കുന്ന തക്ലി ലഭിച്ചിരുന്നു. പുരാതന സംസ്‌കാരങ്ങളില്‍ വസ്ത്രനിര്‍മ്മാണത്തിന്റെ പ്രാധാന്യം അറിയിക്കുന്നവയാണ് തക്ലികള്‍. ചെമ്പുകൊണ്ടും എല്ലുകൊണ്ടുമുള്ള സൂചികള്‍, നൂലുകളില്‍ നിറംപിടിപ്പിക്കുന്നതിനുള്ള ഉപകരണങ്ങള്‍ (dying wats) നെയ്ത്തുതറികള്‍, അസ്ഥികൊണ്ടുള്ള ബ്രഷുകള്‍, തറികളില്‍ തൂക്കിയിരുന്ന കറുത്ത കല്ലുകള്‍ തുടങ്ങിയവ നെയ്ത്തുവ്യവസായത്തിന്റെ തെളിവുകള്‍ നല്‍കുന്നു.

കളിമണ്‍ വ്യവസായം
കളിമണ്ണില്‍ തീര്‍ത്ത പാത്രങ്ങളും കളിക്കോപ്പുകളും നിര്‍മ്മിച്ചിരുന്നു. പ്രാദേശികമായി ലഭിച്ച കളിമണ്ണു കുഴച്ചാണ് ഇവ നിര്‍മ്മിച്ചിരുന്നതെന്ന് പാരീസിലെ പിസ സര്‍വ്വകലാശാലയ്ക്കയച്ച പാത്രക്കഷണങ്ങളുടെ പരിശോധന തെളിയിച്ചു.1100 ഡിഗ്രി സെല്‍ഷ്യസില്‍ കളിമണ്ണുപകരണങ്ങള്‍ ചൂടാക്കാന്‍ തക്ക ചൂളകളുടെ സാങ്കേതികവൈദഗ്ദ്ധ്യം അവര്‍ക്കറിയാമായിരുന്നു. ഇതിനായി ഇരുമ്പയിരും (Hematite) ചാര്‍ക്കോളും ഉപയോഗിച്ചു. പാത്രങ്ങള്‍ക്കു ചുവപ്പുനിറവും കറുപ്പും ചുവപ്പും നിറവും ലഭിയ്ക്കുന്നതിനു ഇതു കാരണമായി. ബിസിഇ ആറാം നൂറ്റാണ്ടുമുതല്‍ നാലു നൂറ്റാണ്ടുകള്‍ ഈ സാങ്കേതികരീതി സമൂഹം പ്രയോജനപ്പെടുത്തിയിരുന്നുവെന്ന് പിസ യൂണിവേഴ്‌സിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കാള, പശു, ആടുകള്‍ ഇവയുടെ അസ്ഥികള്‍, കണ്ടെത്തിയത് സ്ഥിരവാസക്കാരായ ജനങ്ങള്‍ കന്നുകാലി പരിപാലനം നടത്തിയിരുന്നതിന്റെ തെളിവാണ്. ഗാര്‍ഹികാവശ്യങ്ങളും കാര്‍ഷികവൃത്തിയും ലക്ഷ്യംവെച്ച് ധാന്യങ്ങള്‍ സൂക്ഷിച്ചിരുന്ന പാത്രങ്ങളും പുരാവസ്തുക്കളില്‍ ഉള്‍പ്പെടുന്നു.

വിദേശവാണിജ്യം
കരവഴിയും നദി-കടല്‍ മാര്‍ഗ്ഗങ്ങളിലൂടെയും ഒരു പ്രദേശത്തു നിര്‍മ്മിച്ച പലവിധ ചരക്കുകള്‍ മറ്റു ദേശങ്ങളിലേയ്ക്കു കയറ്റി അയച്ചിരുന്നു. വൈഗനദി കടലില്‍ ചേരുന്ന ഭാഗത്തു സ്ഥിതിചെയ്തിരുന്ന അലഗാന്‍കുളം തുറമുഖം ഇതിന്റെ കേന്ദ്രമായി തിരിച്ചറിഞ്ഞിരിക്കുന്നു. ഗ്ലാസ്, ശംഖു നിര്‍മ്മിതവളകള്‍, കൗതുകവസ്തുക്കള്‍, വിവിധയിനം മുത്തുകള്‍, വസ്ത്രങ്ങള്‍, കുരുമുളക്, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ വില്പന നടത്തിയിരുന്നു. ഗ്ലാസ്, ശിലാനിര്‍മ്മിത മുത്തുകള്‍ റോമിലേയ്ക്കയച്ചിരുന്നു. പകരം റോമില്‍ നിന്നു സ്വര്‍ണ്ണം, മദ്യം, സുഗന്ധദ്രവ്യങ്ങള്‍, കുതിരകള്‍ എന്നിവ ഇറക്കുമതി ചെയ്തു. ഈജിപ്ത്, റോം, തെക്കനേഷ്യന്‍ രാജ്യങ്ങള്‍, ശ്രീലങ്ക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയുമായി വ്യാപാരബന്ധം നിലനിന്നു.

വീടുനിര്‍മ്മാണം
ഇഷ്ടികകള്‍ ഉപയോഗിച്ചുള്ള കെട്ടിടനിര്‍മ്മാണരീതി നിലവിലിരുന്നു. തറയോടുകളും മേല്‍പുരയില്‍ പാകുന്ന വ്യത്യസ്തയിനം ഓടുകളും ലഭ്യമായിരുന്നു. വെല്ലൂര്‍ യൂണിവേഴ്‌സിറ്റിയുടെ പരിശോധനയില്‍ ഈ ഓടുകളില്‍ 80% സിലിക്കയും 7% കുമ്മായവും അടങ്ങിയിരിക്കുന്നതു തിരിച്ചറിഞ്ഞു. ദീര്‍ഘകാലം നശിക്കാതിരിക്കുന്നതിനു ഈ മിശ്രിതം കാരണമായി. മേല്‍പുരയില്‍ മരങ്ങളും ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്. മഴവെള്ളം ഒലിച്ചുപോകുന്നതിനുള്ള ചെറിയ ചാലുകള്‍ ഓടുകളില്‍ ഇട്ടതു കാണാനായി. വീടുകള്‍ക്കു സ്വന്തമായി കിണറുകളും കുളിമുറികളും നിര്‍മ്മിച്ചിരുന്നു.

കളിക്കോപ്പുകള്‍
വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രചാരത്തിലിരുന്ന കളികള്‍ക്കുപയോഗിച്ചിരുന്ന കളിക്കോപ്പുകളും ഉത്ഖനനത്തില്‍ ലഭിച്ചിരുന്നു. 2600 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൂത്, ചതുരംഗം കളികളും സ്ത്രീകള്‍ക്കിടയില്‍ ബിന്ദിയും പ്രചാരത്തിലിരുന്നു. പുരാവസ്തു അന്വേഷകരെ സംബന്ധിച്ചു ആഹ്ളാദവും ആശ്ചര്യവും നല്‍കിയ കണ്ടെത്തലുകളായിരുന്നു ഇവ.. തമിഴകജനതയ്ക്കാകട്ടെ അഭിമാനകരവും. സിന്ധു-ഗംഗാ നഗരസംസ്‌കാരത്തെക്കുറിച്ചു വാതോരാതെ അവകാശവാദമുന്നയിക്കെ, ദ്രാവിഡദേശങ്ങളില്‍ പരിഷ്‌ക്കാരമെന്തെന്നറിയാത്ത ഗോത്രസമുദായങ്ങള്‍ മാത്രമാണ് ജീവിച്ചിരുന്നതെന്ന ഉത്തരേന്ത്യൻ അവഗണനയ്ക്കിടെ, അങ്ങനെയല്ലെന്നതിന്റെ മൂര്‍ത്തമായ അടയാളങ്ങളാണ് കീഴടി നല്‍കിയത്. മുന്‍പുതന്നെ തമിഴ്‌നാട്ടിലെ പല ദേശങ്ങളിലായി, ഉത്ഖനനങ്ങളില്‍ ചില ലക്ഷണങ്ങള്‍ കിട്ടിയിരുന്നെങ്കിലും സ്ഥിരവാസികളും നാഗരികരുമായ ജനതയുടെ അവശേഷിപ്പുകള്‍ ആദ്യമായി കണ്ടെത്തുകയായിരുന്നു.
ഈ കണ്ടെത്തലുകള്‍ മാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റി. തമിഴ് മാധ്യമങ്ങള്‍ കീഴടി കണ്ടെത്തലുകള്‍ ആഘോഷിക്കുകയായിരുന്നു. ദ്രാവിഡജനതയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഹാരപ്പന്‍ സംസ്‌കാരവുമായുള്ള കീഴടി സംസ്‌കൃതിയുടെ താരതമ്യങ്ങള്‍ ഇതിനിടെ ഉന്നയിക്കപ്പെട്ടു. ഇന്ത്യ സ്വതന്ത്രമാകുന്നതിനു വളരെ മുന്‍പുതന്നെ ആദ്യകാല പുരാവസ്തു വിദഗ്ദ്ധരും ചരിത്രകാരന്മാരും പങ്കിട്ട ഒരാശയമായിരുന്നു ഇത്. ഈ ദിശയില്‍ കൂടുതല്‍ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.ഇന്ത്യയുടെ ലിഖിതചരിത്രം ദക്ഷിണേന്ത്യയിൽ നിന്നു തുടങ്ങേണ്ടി വരികയെന്നതാവും ഫലം.
999543 1033

Author

Scroll to top
Close
Browse Categories