സഹോദരന്‍ അയ്യപ്പന്‍: ജാതിക്കോട്ടകള്‍ക്ക് തീകൊളുത്തിയ വിപ്ലവകാരി

ജാതിരഹിതവും വര്‍ഗ രഹിതവുമായ ഒരു പുതു സമൂഹത്തെ സൃഷ്ടിക്കാന്‍ പരിശ്രമിച്ച നവോത്ഥാന നായകനാണ് സഹോദരന്‍ കെ. അയ്യപ്പന്‍. ഗുരുവിന്റെ മനുഷ്യ ദര്‍ശനത്തെ ശാസ്ത്രീയതയുടെയും യുക്തിചിന്തയുടെയും അടിസ്ഥാനത്തില്‍ വിപുലീകരിച്ച് രാഷ്ട്രീയ പ്രയോഗമാക്കുകയായിരുന്നു അയ്യപ്പന്‍. ഈഴവ സമുദായത്തില്‍ ജനിച്ച അദ്ദേഹം സമൂഹത്തില്‍ വ്യാപകമായി നിലനിന്ന അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണ്. ഗുരുവിന്റെ ചരിത്ര പ്രസിദ്ധമായ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’, ‘ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്’ എന്നീ ആപ്തവാക്യങ്ങള്‍ ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്ന് ഗുരുശിഷ്യനായി തുടര്‍ന്ന് കൊണ്ട് തന്നെ സഹോദരന്‍ മാറ്റിയെഴുതി. ത്യാഗനിര്‍ഭരവും ആദര്‍ശ സുരഭിലവുമായ പൊതു ജീവിതത്തിനുടമയായ അദ്ദേഹം ഓര്‍മ്മയായിട്ട് മാര്‍ച്ച് 6 ന് 58 വര്‍ഷമായി. 1889 ആഗസ്റ്റ് 22 ന് എറണാകുളം ജില്ലയിലെ ചെറായിയില്‍ കുമ്പളത്ത് പറമ്പില്‍ കൊച്ചാവുവൈദ്യരുടെയും ഉണ്ണൂലിയുടെയും മകനായി ജനിച്ച അയ്യപ്പന്റെ ഹൈസ്‌കൂള്‍ പഠനം പറവൂര്‍ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ പൂര്‍ത്തിയാക്കിയ കാലത്ത് തന്നെ ജാതി വ്യവസ്ഥയുടെ ഭീകരതയെക്കുറിച്ച് കൂടുതല്‍ ബോധവാനായിരുന്നു. താഴ്ന്ന ജാതിക്കാരായ വേലന്മാരെയും പുലയന്മാരെയും വീട്ടില്‍ കയറ്റാതെ അകറ്റി നിര്‍ത്തുന്നത് ആ കുരുന്ന് ഹൃദയത്തെ ആഴത്തില്‍ മഥിച്ചിരുന്നു. ഉന്നത പഠനത്തിനായി മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ചേര്‍ന്നെങ്കിലും സാമ്പത്തിക ക്ലേശവും അനാരോഗ്യവും മൂലം പഠനം തുടരാനായില്ല. കേരളത്തില്‍ പഠനം തുടര്‍ന്ന അയ്യപ്പനെ ശ്രീനാരായണ ഗുരുവിന്റെ പ്രഭാഷണങ്ങള്‍ ഹഠാദാകര്‍ഷിച്ചു. ഗുരുവിനെ നേരിട്ട് കണ്ടത് വഴിത്തിരിവായി. എസ്.എന്‍.ഡി.പി യോഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരം അനുഗ്രഹമായി. യോഗം സെക്രട്ടറി ആയിരുന്ന കുമാരനാശാനുമായുള്ള ബന്ധം സുദൃഡമായതും ഈ സമയത്താണ്.

മിശ്രഭോജനം
1917 കേരള ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് സഹോദരന്‍ അയ്യപ്പന്‍ നേതൃത്വം നല്‍കിയ മിശ്രഭോജനത്തിന്റെ പേരിലാണ്. കേരളത്തില്‍ അക്കാലത്ത് രൂഢമൂലമായിരുന്ന ജാതിക്കോട്ടകള്‍ക്ക് തീ കൊളുത്തിയ മിശ്രഭോജനം എന്ന കര്‍മ്മ പരിപാടിക്ക് വേദിയായത് 1917 മേയ് 29 ന് ചെറായിയിലെ പള്ളിപ്പുറം തുണ്ടിടപ്പറമ്പ് എന്ന സ്ഥലമായിരുന്നു. തീണ്ടല്‍, തൊടീല്‍, അയിത്തം തുടങ്ങിയ അനാചാരങ്ങളെക്കുറിച്ച് പ്രസംഗിച്ചതു കൊണ്ടു മാത്രം നാട്ടില്‍ ചലനം സൃഷ്ടിക്കാനാകില്ലെന്നും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെയേ എന്തെങ്കിലും മാറ്റം ഉണ്ടാകൂ എന്നുമുള്ള ഗുരുവിന്റെ ഉപദേശമാണ് പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അയ്യപ്പന് ഊര്‍ജ്ജമേകിയത്. 1917 മേയ് 29ന് (കൊല്ലവര്‍ഷം 1092 ഇടവം 16) റഷ്യന്‍ വിപ്ലവത്തിന് മുന്നേ ,ചെറായിയില്‍ അയ്യപ്പനും ഏതാനും ഈഴവ യുവാക്കളും രണ്ട് പുലയ സമുദായാംഗങ്ങളും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടാണ് ‘മിശ്രഭോജനം’ എന്ന വിപ്ലവകരമായ കര്‍മ്മ പരിപാടിക്ക് തുടക്കം കുറിച്ചത്. അന്നേ ദിവസം അവിടെ ഒരു സമ്മേളനം നടത്തിയ ശേഷം തയ്യാറാക്കിയ ഭക്ഷണം ഒരുമിച്ചിരുന്ന് കഴിച്ചു. മിശ്രഭോജനം നാട്ടിലെ സാമുദായിക ജീവിതത്തില്‍ പുതിയ ശക്തി വിശേഷങ്ങള്‍ക്ക് കാരണമായി. മഹത്തായ ഒരു സാമൂഹിക വിപ്ലവത്തിന് തിരി കൊളുത്തിയ മിശ്രഭോജനം കേരളക്കരയെ അക്ഷരാര്‍ത്ഥത്തില്‍ പ്രകമ്പനം കൊള്ളിച്ചു. എന്നാല്‍ നാട്ടിലെ ജനങ്ങളില്‍ ഇത് ചേരിതിരിവും സൃഷ്ടിച്ചു. യാഥാസ്ഥിതികരുടെ ക്രൂരവും സംഘടിതവുമായ എതിര്‍പ്പിനെ നേരിടേണ്ടി വന്നു. ‘പുലയന്‍ അയ്യപ്പന്‍’ എന്ന് ആക്ഷേപിച്ച് ജാതിക്കോമരങ്ങള്‍ ഉറഞ്ഞു തുള്ളിയെങ്കിലും ഈ വിശേഷണത്തെ അഭിമാനത്തോടെയാണ് അയ്യപ്പന്‍ സ്വീകരിച്ചത്. മിശ്രഭോജനത്തില്‍ പങ്കെടുത്തവരെ ചെറായിയിലെ ഈഴവരുടെ സംഘടനയായ വിജ്ഞാന വര്‍ദ്ധിനി സഭയില്‍ നിന്ന് പുറത്താക്കി. സഭാ നേതാക്കള്‍ അയ്യപ്പനെ നാട് കടത്തണമെന്ന ആവശ്യവുമായി മഹാരാജാവിനെ സമീപിച്ചു. എന്നാല്‍ തീണ്ടല്‍ മുതലായ വിഷയങ്ങളില്‍ അയ്യപ്പന്‍ നടത്തുന്ന പുരോഗമന പരമായ കാര്യങ്ങളെ പിന്തുണക്കാനാണ് നിവേദക സംഘത്തോട് പറഞ്ഞത്. തന്നെ ബോധിപ്പിക്കാനുള്ള കാര്യങ്ങള്‍ അയ്യപ്പന്‍ മുഖാന്തിരം അറിയിച്ചാല്‍ മതിയെന്നും മഹാരാജാവ് ഉത്തരവിട്ടു. ഇതിനിടെ ശ്രീനാരായണ ഗുരു മിശ്രഭോജനത്തിനെതിരെന്ന് വരുത്തി തീര്‍ക്കാനായി യാഥാസ്ഥിതികരുടെ ശ്രമം. കുപ്രചാരണം ശക്തിപ്പെട്ടതോടെ സംശയ നിവൃത്തിക്കായി അയ്യപ്പന്‍ ഗുരുവിനെ സന്ദര്‍ശിച്ചു. മിശ്രഭോജനത്തെ അനുകൂലിക്കുന്നുവെന്നും വലിയൊരു പ്രസ്ഥാനമായി വളരുമെന്നും പറഞ്ഞ ഗുരു ഒരു സന്ദേശം സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കുകയും ചെയ്തു. മനുഷ്യരുടെ മതം, വേഷം, ഭാഷ തുടങ്ങിയവ എങ്ങനെ ഇരുന്നാലും അവരുടെ ജാതി ഒന്നായതിനാല്‍ അന്യോന്യം വിവാഹവും പന്തിഭോജനവും നടത്താനും യാതൊരു ദോഷവും ഇല്ല എന്നായിരുന്നു സന്ദേശം. ആ മഹാ സന്ദേശം ചെറായിയിലും പരിസരത്തും വ്യാപകമായി പ്രചരിച്ചതോടെ യാഥാസ്ഥിതികരുടെ പത്തിതാണു. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ ഭരണി ആഘോഷം എന്നാല്‍ തെറിപ്പാട്ടും കോഴി വെട്ടുമായിരുന്നു. അതിനെതിരെ പ്രതികരിച്ച സഹോദരന്‍ അയ്യപ്പനെ യാഥാസ്ഥിതികര്‍ 1926 മാര്‍ച്ച് 8 ന് ക്ഷേത്ര നടയില്‍ വെച്ച് മര്‍ദിച്ചു.കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ സ്‌നേഹികളിലൊരാളായ സഹോദരന്‍അയ്യപ്പനെ ‘ആചാരസംരക്ഷകര്‍’ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിനു മുന്‍പില്‍ വെച്ചു മര്‍ദ്ദിച്ചതിന്റെ നൂറാം വാര്‍ഷികത്തില്‍ അതേ കൊടുങ്ങല്ലൂരിന്റെ മണ്ണില്‍ മാര്‍ച്ച് 8ന് സഹോദരന്‍ അനുസ്മരണംനടന്നു.

മിതവാദി കൃഷ്ണന്‍ വക്കീല്‍ അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പില്‍ 1926 മാര്‍ച്ച് 8 ഇങ്ങനെ രേഖപ്പെടുത്തി: ‘ജന്തുബലിക്കെതിരായി കൊടുങ്ങല്ലൂര്‍ ക്ഷേത്ര സന്നിധിയില്‍ വെച്ചു പ്രസംഗിച്ചതിന് ശ്രീമാന്‍മാര്‍ കോട്ടായി കുമാരനെയും അയ്യപ്പനെയും അടികലശല്‍ ചെയ്തു. ആ ദിവസം ഞാനും അവിടെ ഉണ്ടായിരുന്നു. മി.കുമാരനും മി. അയ്യപ്പനും എന്റെ കൂടെ പ്രചരണ വേലക്കായി വന്നവരായിരുന്നു.’ ‘പുലക്കൊട്ടിയെ കൊല്ലടാ’ എന്നാക്രോശിച്ചുകൊണ്ട് സഹോദരന്‍ അയ്യപ്പനെ സനാതനികള്‍ കൈയ്യേറ്റം ചെയ്തപ്പോള്‍ രക്ഷക്കെത്തിയത് അവിടെ കച്ചവടം ചെയ്തിരുന്ന മുസ്ലീം യുവാക്കളായിരുന്നു. ഹാജിസീതി മുഹമ്മദിന്റെ അനുയായികള്‍ അന്ന് സഹോദരനെ സംരക്ഷിച്ചു. നൂറു വര്‍ഷത്തിനിപ്പുറം സഹോദരനാണ് ശരി എന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്.
എസ്.എന്‍.ഡി.പി.യോഗത്തിന്റെ പതിമൂന്നാമത് വാര്‍ഷികയോഗത്തിന്റെ മൂന്നാമത് നിശ്ചയമായി ചേര്‍ത്തല പൂരത്തിനും കൊടുങ്ങല്ലൂര്‍ ഭരണിക്കും നടത്തിവരുന്ന ‘പൂരമ്പാട്ട്’ എന്ന തെറിപ്പാട്ടാചാരം നിര്‍ത്തലാക്കണമെന്ന് കൊച്ചി, തിരുവിതാംകൂര്‍ ഗവണ്‍മെന്റുകളോട് ആവശ്യപ്പെട്ടിരുന്നു എന്നത് ചരിത്രമാണ്. അടിച്ചവര്‍ മറക്കുന്നത് സ്വാഭാവികമാണ്. അടികൊണ്ടവര്‍ അതു മറന്നെന്നുവരില്ല.
കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ പടയണി പോലുള്ള അനാചാരങ്ങള്‍ നാട്ടിലെ പ്രമാണിമാരോട് പോരാടി അവസാനിപ്പിക്കാന്‍ എനിക്ക് പ്രചോദനമായതും ഊര്‍ജം പകര്‍ന്നതും സഹോദരന്‍ അയ്യപ്പന്റെ ശക്തമായ ഈ നിലപാടുകളാണ്. അനാചാരങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന് അന്ന് എനിക്ക് വലിയ വിലകൊടുക്കേണ്ടി വന്നു. എനിക്കെതിരെ ആസിഡ് ബള്‍ബേറ് മാത്രമല്ല വധശ്രമവുമുണ്ടായി. അന്നും ഇന്നും അനാചാരങ്ങള്‍ക്കെതിരെയുള്ള നിലപാടില്‍ ഞാന്‍ ഉറച്ചു നില്‍ക്കുകയാണ്.

അയ്യപ്പന്‍ ‘സഹോദര’നായി
മിശ്രവിവാഹവും മിശ്രഭോജനവും വഴി ജാതി നശീകരണം ലക്ഷ്യമിട്ട അയ്യപ്പന്‍ 1917 ല്‍ സഹോദര സംഘം സ്ഥാപിച്ചു. സഹോദര സംഘത്തിലൂടെ അയ്യപ്പന്‍ കേരളത്തില്‍ പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചതോടെയാണ് ‘സഹോദരന്‍’ അയ്യപ്പന്‍ എന്നറിയപ്പെട്ടത്. സംഘത്തിന്റെ ശാഖകള്‍ പലയിടത്തും സ്ഥാപിച്ച് മിശ്രഭോജനവും ജാതി വിരുദ്ധ പ്രസംഗങ്ങളും എല്ലായിടത്തും സംഘടിപ്പിക്കാനായി അയ്യപ്പന്‍ ഓടി നടന്നു. 1919 ല്‍ മട്ടാഞ്ചേരിയില്‍ നിന്ന് ‘സഹോദരന്‍’ പത്രവും പ്രസിദ്ധീകരണം തുടങ്ങി. കേരളത്തിലെ സാമൂഹിക ജീവിതത്തിലും ചിന്താമണ്ഡലത്തിലും പത്രം നല്‍കിയ സംഭാവന അമൂല്യമാണ്. തൊഴിലാളി പ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ച അയ്യപ്പനിലൂടെ റഷ്യന്‍ വിപ്ലവത്തെക്കുറിച്ചും മാര്‍ക്‌സ്, ലെനിന്‍ തുടങ്ങിയ നേതാക്കളെക്കുറിച്ചും കേരളത്തിലെ സാധാരണക്കാര്‍ ആദ്യം മനസിലാക്കുന്നത് അയ്യപ്പന്റെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമാണ്. 1928 ല്‍ ആരംഭിച്ച ‘യുക്തിവാദി’ മാസികയുടെ ആദ്യ പത്രാധിപരും അയ്യപ്പനായിരുന്നു. രാഷ്ട്രീയ രംഗത്തും മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച അയ്യപ്പന്‍ കൊച്ചി നിയമസഭയില്‍ ഏറെക്കാലം അംഗമായിരുന്നു. ആദ്യം ഡെപ്യൂട്ടി പ്രസിഡന്റായും കൊച്ചിയില്‍ ഉത്തരവാദിത്ത ഭരണം വന്ന ശേഷം ജനകീയ മന്ത്രി സഭയില്‍ അംഗമായും പ്രവര്‍ത്തിച്ചു. 1928 മുതല്‍ 1951 വരെ അയ്യപ്പന്‍ കൊച്ചിയിലും തിരു കൊച്ചിയിലും നിയമസഭാ സാമാജികനായി പ്രവര്‍ത്തിച്ചു. കൊച്ചിയുടെ വികസനത്തിന് ആധുനിക മുഖം നല്‍കിയത് അയ്യപ്പന്റെ ദീര്‍ഘവീക്ഷണവും ഭരണ പാടവവും ആയിരുന്നു.

മിശ്രഭോജനത്തിന്റെ കാലിക പ്രസക്തി
ജാതി വിവേചനം അവസാനിപ്പിക്കാന്‍ സഹോദരന്‍ അയ്യപ്പന്‍ വിഭാവനം ചെയ്ത മിശ്രഭോജനം നടന്ന് ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും മനുഷ്യ മനസുകള്‍ അസ്പര്‍ശ്യതയുടെ പിടിയില്‍ നിന്ന് ഇന്നും പൂര്‍ണമായും മുക്തമായിട്ടില്ല. ബാഹ്യമായ ചില നാട്യങ്ങള്‍ക്കപ്പുറം ആന്തരികമായി പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ സവര്‍ണ മനസുകള്‍ക്കായിട്ടില്ലെന്നതിന് ഉദാഹരണങ്ങള്‍ എത്രയെങ്കിലുമുണ്ട്. ജാതി വിവേചനത്തിനെതിരായി അയ്യപ്പന്‍ നേതൃത്വം നല്‍കിയ മിശ്രഭോജനത്തിന് ചരിത്ര പ്രാധാന്യം ഏറെയുണ്ടെങ്കിലും വര്‍ത്തമാന കാലത്ത് ക്ഷേത്രങ്ങളിലെ കഴകക്കാരനായി ഒരു ഈഴവനെ ഉള്‍ക്കൊള്ളാന്‍ പോലും കഴിയാത്ത ദുരവസ്ഥയാണ് നിലനില്‍ക്കുന്നത്. മിശ്രഭോജനവും മിശ്രവിവാഹവും ജാതി വ്യവസ്ഥയെ തകര്‍ക്കാനുള്ള പ്രതിവിധിയെന്ന് ഡോ.ബി.ആര്‍ അംബേദ്ക്കര്‍ പറഞ്ഞെങ്കിലും രണ്ടു കാര്യങ്ങളിലും ഇന്നും കാര്യമായ പുരോഗമന ചിന്ത ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. മാനവിക ബോധത്തിന് വിരുദ്ധമായ അസ്പര്‍ശ്യത ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നു. രാഷ്ട്രീയ, ഭരണ രംഗങ്ങളിലും ഈഴവരാദി പിന്നാക്ക വിഭാഗങ്ങള്‍ ഇന്നും വിവേചനവും അസ് പര്‍ശ്യതയും നേരിടുന്നു. പട്ടികജാതി,പട്ടിക വിഭാഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സംവരണ മണ്ഡലങ്ങള്‍ക്കപ്പുറം ജനറല്‍ സീറ്റ് അപ്രാപ്യമാണ്. സ്ഥാനാര്‍ത്ഥി പിന്നാക്ക വിഭാഗക്കാരനെങ്കില്‍ മുന്നാക്കവിഭാഗങ്ങള്‍ വോട്ട് നല്‍കാന്‍ പോലും വിമുഖത കാട്ടുന്ന കാലമാണിത്. ജാതി ചിന്തകള്‍ ഇന്നും രൂഢമൂലമായി സമൂഹത്തില്‍ നില നില്‍ക്കുന്നു. പഴയ ആചാരങ്ങളും രീതികളും മടങ്ങിയെത്തുന്നു. സമൂഹത്തില്‍ അയിത്തവും അസ് പര്‍ശ്യതയും നിലനില്‍ക്കുവോളം മിശ്രഭോജനത്തിന്റെ പ്രസക്തിയും ചോദ്യ നിഴലിലാകും.

Author

131 Views
Scroll to top
Close
Browse Categories