യുദ്ധം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍

പശ്ചിമേഷ്യയില്‍ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആരംഭിച്ച യുദ്ധത്തിന്റെ പ്രതിഫലനങ്ങള്‍ നമ്മുടെ വീടുകളിലേക്കും എത്തി ത്തുടങ്ങി. യുദ്ധം വരുത്തിവച്ച പെട്രോ ളിയം പ്രതിസന്ധി ലോകത്തെ ആകെ ഉലയ്ക്കുകയാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വില ദിനമെന്നോണം ലോകമാകെ ഉയരുന്നു. ദൗര്‍ലഭ്യവുമുണ്ട്. യുദ്ധം തുടര്‍ന്നാല്‍ ഈ പ്രശ്‌നം രൂക്ഷമാകും. കൊവിഡുകാലത്തേതുപോലുള്ള നിയന്ത്രണങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ലമെന്റിലെ മുന്നറിയിപ്പ് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ലോകത്തെ ക്രൂഡ് ഓയില്‍ ഉത്പാദനത്തിന്റെയും പ്രകൃതി വാതകത്തിന്റെയും 20 ശതമാനത്തോളം കടന്നുപോകുന്ന ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ ഉപരോധമാണ് പെട്രോളിയം പ്രതിസന്ധിയുടെ കാരണം. ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മൂസില്‍ സുഹൃദ് രാജ്യമായ ഇന്ത്യയ്ക്ക് ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും അത് വേണ്ടത്ര ഗുണം ചെയ്യുന്നില്ല. ആഗോള സാമ്പത്തികരംഗം ഗുരുതര പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഓഹരി വിപണികള്‍ കൂപ്പുകുത്തി, വ്യവസായ – വാണിജ്യ മേഖലകള്‍ ദിനമെന്നോണം തളരുന്നു. ഭക്ഷ്യ സുരക്ഷയെയും ആരോഗ്യസംവിധാനങ്ങളെയും ബാധിക്കുന്ന രീതിയില്‍, ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിധം സംഘര്‍ഷം വളരുകയാണ്. അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ആരംഭിച്ച യുദ്ധം ഒരു മാസം പിന്നിട്ടപ്പോള്‍ കാണുന്ന കാഴ്ചകള്‍ തീര്‍ത്തും ആശങ്കപ്പെടുത്തുന്നതാണ്.
യുദ്ധം മൂലം പാചകവാതക ക്ഷാമ ഭീഷണി ഇന്ത്യയെ ഗ്രസിച്ചിട്ടുണ്ട്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പാചകവാതകം കിട്ടുന്നുണ്ടെങ്കിലും യുദ്ധം തുടര്‍ന്നാല്‍ നിയന്ത്രണങ്ങള്‍ പ്രതീക്ഷിക്കണം. അടുക്കളയിലേക്കും പ്രതിസന്ധി നീങ്ങിയാല്‍ ഇപ്പോഴുള്ള സ്വസ്ഥത നഷ്ടമാകും. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ ലഭ്യതക്കുറവ് സംസ്ഥാനത്തെ ഹോട്ടല്‍ മേഖലയുടെ നട്ടെല്ലൊടിച്ചുകഴിഞ്ഞു. പകുതിയിലേറെ ഹോട്ടലുകളും പൂട്ടി. പൂട്ടാത്തവ വിഭവങ്ങള്‍ വെട്ടിക്കുറച്ചാണ് മുന്നോട്ടു പോകുന്നത്. ലക്ഷക്കണക്കിനാളുകളുടെ ഉപജീവനമാര്‍ഗമാണ് പ്രശ്‌നത്തിലായത്. അതിലുപരി നഗരങ്ങളില്‍ ജോലി ചെയ്യാനും പഠിക്കാനും മറ്റുമെത്തുന്നവര്‍ താമസിക്കുന്ന ആയിരക്കണക്കിന് ഹോസ്റ്റലുകളിലെ അടുക്കളകളും പൂട്ടിയതോടെയുള്ള കഷ്ടപ്പാടുകള്‍ വിവരണാതീതമാണ്. ഹോട്ടല്‍ ഭക്ഷണവിലയിലുണ്ടായ വര്‍ദ്ധനവ് താങ്ങാനാകാതെ പലരും വീടുകളിലേക്ക് മടങ്ങുന്നുമുണ്ട്.
മറ്റ് രാജ്യങ്ങളില്‍ പെട്രോളിനും ഡീസലിനും കാര്യമായ വില വര്‍ദ്ധനവുണ്ടായപ്പോഴും ലഭ്യത കുറഞ്ഞപ്പോഴും ഇന്ത്യയെ കാര്യമായി ബാധിക്കാത്തതിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ തന്ത്രപരമായ നീക്കങ്ങളാണ്. ഇറാനും അമേരിക്കയും ഇസ്രയേലും ഒരേപോലെ സൗഹൃദരാജ്യമായി കണക്കാക്കുന്നത് ഒരുപക്ഷേ ഇന്ത്യയെ മാത്രമാവാനേ സാദ്ധ്യതയുള്ളൂ. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യയില്‍ ക്ഷാമം അനുഭവപ്പെടുന്നത്. ഇറക്കുമതിയിലെ അധിക ചെലവ് ഇന്ധന വിലയില്‍ പ്രതിഫലിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കുറച്ച് പെട്രോള്‍, ഡീസല്‍ ചില്ലറ വില്പന വില പഴയതുപോലെ നിലനിറുത്തുകയായിരുന്നു. അതേസമയം സ്വകാര്യ പമ്പുകളില്‍ അഞ്ചു രൂപവരെ വര്‍ദ്ധിക്കുകയും ചെയ്തു.

യൂറിയയുടെ ദൗര്‍ലഭ്യം വളം ഉത്പാദനത്തെ ബാധിക്കുന്നുണ്ട്. ഇത് കാര്‍ഷിക മേഖലയ്ക്ക് സൃഷ്ടിക്കാന്‍ പോകുന്ന പ്രതിസന്ധി വരുംമാസങ്ങളില്‍ അറിയാനിരിക്കുന്നതേയുള്ളൂ. ലോകത്തിന്റെ ഫാര്‍മസിയായാണ് ഇന്ത്യയെ കണക്കാക്കുന്നത്. അലോപ്പതി മരുന്ന് ഉത്പാദനത്തില്‍ വന്‍ശക്തിയാണ് നാം. മരുന്നിന് വേണ്ട അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം ഫാര്‍മ കമ്പനികളെയും ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മരുന്ന് ഉത്പാദനം കുറയുകയോ തടസപ്പെടുകയോ ചെയ്താല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ഏറെയാണ്. സമുദ്രങ്ങളിലൂടെയുള്ള ചരക്കുനീക്കമാണ് ലോകത്തെ ചലിപ്പിക്കുന്നത് തന്നെ. പശ്ചിമേഷ്യന്‍ യുദ്ധം ആഗോളതലത്തില്‍ ചരക്കുഗതാഗതത്തെ ബാധിക്കുന്നത് തുടര്‍ന്നാല്‍ നാം വിചാരിക്കുന്നത് പോലെയാവില്ല കാര്യങ്ങളുടെ പോക്ക്.
അമേരിക്കയും ഇസ്രായേലും ആക്രമണം രൂക്ഷമാക്കുമ്പോള്‍ ഇറാന്‍ തിരിച്ചടിക്കുന്നത് മലയാളികള്‍ അനവധിയുള്ള ഗള്‍ഫ് രാജ്യങ്ങളെയാണ്. ഇത് കേരളത്തില്‍ ഉയര്‍ത്തുന്ന ആശങ്കയും ചെറുതല്ല. ഒരു കോടിയോളം ഇന്ത്യന്‍ പ്രവാസികള്‍ ഈ മേഖലയിലുണ്ട്. അതില്‍ പകുതിയും മലയാളികളാണ്. സ്വാഭാവികമായും ഈ യുദ്ധം സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ എല്ലാ പ്രശ്‌നങ്ങളും കേരളത്തിലും പ്രതിഫലിക്കും. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ വെട്ടിക്കുറച്ചതും റദ്ദാക്കുന്നതും പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. അതിനിടെയാണ് യാത്രചെലവിലുണ്ടായ വര്‍ദ്ധനവും. വിമാനക്കമ്പനികള്‍ ഒരു തത്വദീക്ഷയുമില്ലാതെയാണ് ഈ അവസരം മുതലെടുക്കുന്നത്. ഗള്‍ഫില്‍ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ പോലും നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ വലയുകയാണ്. കുവൈറ്റില്‍ മാത്രം ഒരു മാസത്തിനിടെ മരിച്ച കേരളത്തിലെയും തമിഴ്‌നാട്ടിലെയും 20 പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഒരുമിച്ച് നെടുമ്പാശേരിയില്‍ എത്തിച്ചത്. നാട്ടിലുള്‍പ്പടെ പഠിക്കുന്ന പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസവും താളംതെറ്റി തുടങ്ങിയിട്ടുണ്ട്.
സാമ്പത്തിക മേഖലയുടെ മാന്ദ്യം ജനജീവിതത്തെ മൊത്തമായി തളര്‍ത്തുന്നുണ്ടെന്നത് വസ്തുതയാണ്. ഈ തിരഞ്ഞെടുപ്പ്കാലത്ത് പോലും അക്കാര്യം നമുക്ക് ദൃശ്യമാകുന്നു. അതിനിടെയാണ് സംസ്ഥാനത്തെ ആരോഗ്യ മേഖലയെ ആകെ ഭയപ്പെടുത്തുന്ന നഴ്‌സുമാരുടെ സമരവും. സമരത്തിന്റെ ന്യായാന്യായങ്ങളിലേക്ക് കടക്കുന്നില്ല. യുദ്ധം സൃഷ്ടിക്കുന്ന വൈഷമ്യങ്ങള്‍ക്കിടയില്‍ സംസ്ഥാനത്തെ ആരോഗ്യരംഗത്തെ ദുര്‍ബലമാക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടല്‍ നടത്തേണ്ടതുണ്ട്.

ചെറിയൊരു രാജ്യമായ യുക്രൈനെതിരെ ആഗോള ശക്തിയായ റഷ്യതുടങ്ങിവച്ച യുദ്ധം നാലു വര്‍ഷമായിട്ടും എങ്ങുമെത്തിയിട്ടില്ല. മറ്റു രാജ്യങ്ങളെ അത് കാര്യമായി ബാധിച്ചില്ലെന്നു മാത്രം. പക്ഷേ ഒരു മാസം കൊണ്ട് പശ്ചിമേഷ്യന്‍ സംഘര്‍ഷം ലോകത്തെയാകെ തളര്‍ത്തിയെന്നത് അവഗണിക്കാനാവുന്നതല്ല. വലിയ രാജ്യവും സൈനിക ശക്തിയും കടുംപിടുത്തക്കാരുമായ ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന പോരാട്ടം എങ്ങിനെയൊക്കെ വന്നു ഭവിക്കുമെന്ന് പ്രവചിക്കാനാവില്ല. ആണവ ശക്തികളുമാണ് മൂന്ന് രാജ്യങ്ങളും. ഇറാന് എത്രനാള്‍ പിടിച്ചുനില്‍ക്കാനാകുമെന്നത് മാത്രമാണ് കാണാനുള്ളത്. അതിനിടെ അവര്‍ എന്തൊക്കെ ചെയ്തു കൂട്ടുമെന്നും അതിനെ ഡൊണാള്‍ഡ് ട്രംപും ബെഞ്ചമിന്‍ നെതന്യാഹുവും എങ്ങനെ കൈകാര്യം ചെയ്യുമെന്നതും കണ്ടു തന്നെ അറിയണം.
യുദ്ധം വരുത്തിവെച്ച ഇന്ധന പ്രതിസന്ധിയുടെയും മറ്റ് വെല്ലുവിളികളുടെയും ഗൗരവം മനസിലാക്കി പാചകവാതക, പെട്രോള്‍ – ഡീസല്‍ ഉപയോഗം പരമാവധി കുറയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ബദല്‍ മാര്‍ഗങ്ങള്‍ തേടണം. കരുതലോടെ, ശ്രദ്ധയോടെ, കൈയടക്കത്തോടെ, ഒത്തൊരുമയോടെ ജീവിക്കേണ്ട സമയമാണിത്…

Author

74 Views
Scroll to top
Close
Browse Categories