വ്യവഹാരസമ്പന്നമായ ഭൂതകാലം; വർത്തമാനകാലവും
പല കാരണങ്ങളാലും വെള്ളാപ്പള്ളി നടേശന്റെ പതനം ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. ശുദ്ധമായ അസൂയ മുതല്‍ കഠിനമായ ചിത്തഭ്രമം വരെ പല കാരണങ്ങളുണ്ട്. ഇവരെല്ലാവരും ഒറ്റക്കെട്ടായി ഇതാ വെള്ളാപ്പള്ളി നടേശന് വലിയൊരു പരാജയമുണ്ടായി പതനം സംഭവിച്ചിരിക്കുന്നു, അദ്ദേഹത്തെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് കോടതി നീക്കം ചെയ്തിരിക്കുന്നുവെന്നു പറഞ്ഞ് ആര്‍പ്പുവിളിക്കുകയും പടക്കം പൊട്ടിക്കുകയും സമൂഹമാധ്യമങ്ങളില്‍ ആഘോഷ പ്രകടനം നടത്തുകയും ചെയ്തു. ആഹ്ലാദിക്കുന്നവര്ക്കുമറിയാം ഇന്നല്ലെങ്കില്‍ നാളെ സ്റ്റേ ഉണ്ടാകുമെന്ന്. പക്ഷേ ആഹ്ലാദിച്ചവര്‍ അതിരുകടന്ന് ആഹ്ലാദിച്ചു. കാരണം പിറ്റേദിവസം ആഹ്ലാദിക്കാന്‍ പറ്റുമോയെന്ന് അറിയില്ലല്ലോ. അതുകൊണ്ട് കിട്ടിയ ഒരു നിമിഷത്തില്‍ ആഹ്ലാദം പൊടിപൊടിച്ചു. സ്വപ്നരാജ്യത്തില്‍ എന്തിന് അര്‍ദ്ധരാജ്യം? ഒരു മിനിറ്റെങ്കില് ഒരു മിനിറ്റ് ഒന്നു സന്തോഷിക്കാമല്ലോ.

ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ‘വ്യവഹാരയോഗം’ വളരെ സുപ്രസിദ്ധമോ കുപ്രസിദ്ധമോ ആണ്. മഹാനായ ആര്. ശങ്കറിന് വിലക്ക് കല്പിച്ചതും അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിട്ടതും ഇതുപോലൊരു ‘വ്യവഹാര’മാണെന്നത് പ്രസിദ്ധമാണ്. അന്ന് എസ്.എന്‍. ട്രസ്റ്റിന്റെ നേതൃത്വം കയ്യടക്കാനാഗ്രഹിച്ച ചില തല്പര കക്ഷികള്‍ മറ്റ് ചില ‘ശിഖണ്ഡി’ കളെ മുന്‍നിര്‍ത്തി വ്യവഹാരം നടത്തി. ഒരു ഘട്ടത്തില്‍ ഒളിയമ്പേറ്റ് ആര്. ശങ്കര്‍ നിലം പതിച്ചു. അങ്ങനെ സമുദായത്തിന് എക്കാലത്തേയും തലയെടുപ്പുള്ള വലിയ നേതാവിനെ നഷ്ടമായി. പില്ക്കാലത്തും വ്യവഹാരങ്ങള്‍ക്ക് യാതൊരു ശമനവുമുണ്ടായില്ല. ഇടക്കാലത്ത് എസ്.എന്‍. ട്രസ്റ്റിന്റെ ഭരണസമിതി തന്നെ പിരിച്ചുവിടപ്പെട്ടു. അവിടെ റിസീവര്‍ ഭരണം വന്നു. പിന്നെയാണ് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി വന്നത്. എസ്.എന്‍.ഡി.പി യോഗത്തിലും ഈയൊരു അവസ്ഥ ഉണ്ടായിരുന്നു. വളരെക്കാലത്തെ കോടതി വ്യവഹാരം മൂലം ഒരു സമയത്ത് പ്രവര്‍ത്തനം തന്നെ നിലച്ചു കിടന്നു. തഴവ കേശവന് ഒരു സമാന്തര സംഘടന തന്നെയുണ്ടാക്കിയെന്നതാണ് ചരിത്രം.
ഇങ്ങനെ വ്യവഹാര സമ്പന്നമായ ഒരു ഭൂതകാലം മാത്രമല്ല ഒരു വര്‍ത്തമാനകാലവും യോഗത്തിനുണ്ട്. എസ്.എന്‍.ഡി.പി യോഗത്തിന് മാത്രമല്ല ധര്മ്മസംഘത്തിനും എത്രയോ വലിയ വ്യവഹാരങ്ങളുണ്ടായി. ശാശ്വതികാനന്ദ സ്വാമി, കൈവല്യാനന്ദ സ്വാമി, പ്രകാശാനന്ദസ്വാമി, ഋതംബരാനന്ദസ്വാമി എന്നിവരൊക്കെ ഈ വ്യവഹാര നാടകത്തിലെ പ്രധാനകഥാപാത്രങ്ങളും അഭിനേതാക്കളുമായി പ്രവര്‍ത്തിച്ചവരാണ്.
യോഗത്തിലായാലും ട്രസ്റ്റിലായാലും ധര്മ്മസംഘത്തിലായാലും വ്യവഹാരങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായിട്ടില്ല. ഇനി കുറവു ഉണ്ടാകാനും സാദ്ധ്യതയില്ല. ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളി നടേശന് എതിരായിട്ടു വന്ന വ്യവഹാരങ്ങളെ മനസ്സിലാക്കേണ്ടത്. വെള്ളാപ്പള്ളി നടേശന് യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി വന്നപ്പോഴും ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വന്നപ്പോഴും കേസുകള്‍ക്ക് ഒരു ലോപവും ഉണ്ടായിട്ടില്ല.
പിന്തുണ ഇല്ലാത്തവര്‍ക്ക്
ശരണം കോടതി
ഭൂരിപക്ഷ പിന്തുണ കിട്ടാത്ത ആളുകള്‍ക്ക് ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം കോടതി വ്യവഹാരത്തിന് പോകുകയാണ്. തോറ്റവരുടെ അഭയകേന്ദ്രമാണ് കോടതി. അത് എന്തുകാര്യത്തിന് വേണ്ടിയുമാകാം. ഒരു കാര്യവുമില്ലാതെയാകാം.
മറ്റം ഫിനാന്‍സ് മുതല്‍ മൈക്രോഫിനാന്‍സ് വരെ യുള്ള വ്യവഹാരമായാലും അതുമല്ല ശാശ്വതികാനന്ദ സ്വാമിയുടെ മുങ്ങിമരണവുമായി ബന്ധപ്പെട്ട പൊതു താല്പര്യ വ്യവഹാരമാണെങ്കിലും. വ്യവഹാര കുതുകികളായ കുറെ ആളുകളുണ്ട്, അവരെ മുന്‍നിര്‍ത്തി സ്വാര്‍ത്ഥ താല്പര്യം നേടാന്‍ ശ്രമിക്കുന്ന മറ്റു ചില തല്പരകക്ഷികളും മൂലധനശക്തികളും വേറെ. ഇവരെല്ലാം ചേര്‍ന്നാണ് ഏതുകാലത്തും ശ്രീനാരായണപ്രസ്ഥാനങ്ങളെ വ്യവഹാര കുടുക്കിലാക്കുന്നത്.
കമ്പനി നിയമത്തിലെ ആശയക്കുഴപ്പം
1903 ൽ എസ് എൻ ഡി പി യോഗം ആരംഭിച്ചപ്പോൾ ഉണ്ടായിരുന്ന കമ്പനി നിയമത്തിലെ വ്യവസ്ഥകളും കേരളത്തിലെ നോണ്‍ട്രേഡിംഗ് കമ്പനികളെ സംബന്ധിച്ച നിയമവും തമ്മില്‍ ചില ആശയക്കുഴപ്പങ്ങളുണ്ട്. ഏതിന്റെ കീഴിലാണ് രജിസ്ട്രേഷന്. ഏതിന്റെ കീഴിലാണ് രജിസ്ട്രേഷന് തുടരുന്നത്. ഏത് പ്രകാരമുള്ള രജിസ്ട്രേഷനാണ് ഇവിടെ കൊടുക്കേണ്ടത്, അതിനോടനുബന്ധമായി ഹാജരാക്കേണ്ട രേഖകള്‍ എന്തൊക്കെയാണ്? എസ്.എന്‍.ഡി.പി യോഗത്തിന് മാത്രമല്ല ഇങ്ങനെയുള്ള നിയമങ്ങളുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ ആശയക്കുഴപ്പമുണ്ട്.
1921-ാമാണ്ടില്‍ തിരുവിതാംകൂര്‍ കമ്പനി നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ട ആലുവ യു.സി. കോളേജിനെ കുറിച്ചു വരെ ഇങ്ങനെയുള്ള തര്‍ക്കമുണ്ട്. സംശയമുണ്ട്. കോളേജല്ലേ. നടത്തുന്ന ആളുകള്‍ക്ക് കമ്പനീസ് ആക്ടിനെക്കുറിച്ചൊന്നും വലിയ ധാരണയുണ്ടാവില്ല. ഇടക്കാലത്ത് കോളേജിലെ മാനേജരോട് വിരോധമുള്ള ചില ആളുകള്‍ അദ്ദേഹത്തെ നീക്കം ചെയ്യാന്‍ മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോള്‍, കമ്പനീസ് ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് കോളേജ് പ്രവര്‍ത്തിക്കുന്നതെന്നും കോളേജിന്റെ ഭരണം ഏറ്റെടുക്കണമെന്നും പറഞ്ഞ് കോടതിയെ സമീപിച്ചു. കേസ് കേട്ട ന്യായാധിപന് കുറച്ചുകൂടി വിവേകം ഉണ്ടായിരുന്നത് കൊണ്ട് കടുത്ത നടപടികളിലേക്ക് പോയില്ല. യു.സി. കോളേജ് ഇപ്പോഴും കുഴപ്പമില്ലാതെ പ്രവര്‍ത്തിക്കുന്നു.
എസ്.എന്‍.ഡി.പി യോഗത്തില്‍ സംഭവിച്ചതു എന്‍.എസ്.എസ് ഉള്‍പ്പെടെ കമ്പനീസ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ഏതു സ്ഥാപനത്തിലും സംഭവിക്കാം.
വോട്ടവകാശത്തിന്റെ പേരിലും
കമ്പനീസ് ആക്ട് പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കുക എന്ന് പറഞ്ഞുള്ള വ്യവഹാരങ്ങള്‍ തുടങ്ങിയിട്ട് കുറെക്കാലമായി. എസ്.എന്‍.ഡി.പി യോഗത്തിലെ എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശം കൊടുക്കണമെന്നതാണ് ഒരു ആവശ്യം. അങ്ങനെയെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന രീതിയില്‍ വേണം യോഗം ജനറല്‍ സെക്രട്ടറിയേയും മറ്റ് ഭാരവാഹികളേയും തിരഞ്ഞെടുക്കാന്‍. പ്രാതിനിധ്യ ജനാധിപത്യത്തിന്റെ സ്ഥാനത്ത് ഓരോ മെമ്പര്‍ക്കും വോട്ടവകാശം വന്നാല്‍ എല്ലാ ആളുകളും തിരിച്ചറിയല്‍ കാര്‍ഡുമായി വന്ന് നാടിന്റെ നാനാഭാഗത്തും കേരളത്തിന് അകത്തും പുറത്തും പോളിംഗ് സ്റ്റേഷനുകള്‍ ഏര്‍പ്പെടുത്തി വോട്ട് ചെയ്യേണ്ടി വരും. പണച്ചെലവ് ഭയങ്കരമായിരിക്കും. മനുഷ്യാദ്ധ്വാനം വളരെ കൂടുതലും. ഇതേ തുടര്‍ന്ന് മൊത്തത്തിലുണ്ടാകുന്ന അന്തരീക്ഷവും യോഗം പോലുള്ള സംഘടനകള്‍ക്ക് അഭികാമ്യമായിരിക്കില്ല.

അസൂയക്കാരുടെ
അതിര് കടന്ന ന്യായങ്ങള്‍
ഇതുപോലെ അതിരുകടന്ന ന്യായങ്ങളുമായി ഓരോരുത്തര് കോടതിയെ സമീപിക്കുന്നുണ്ട്. അതിനവര്‍ക്ക് സ്വാതന്ത്ര്യവുമുണ്ട്. നമ്മുടെ രാജ്യത്ത് ജനാധിപത്യമുണ്ട്. ഇന്നയാള്‍ക്ക് എതിരായി കേസ് കൊടുക്കരുതെന്ന് പറഞ്ഞ് ആരേയും വിലക്കാന്‍ പറ്റില്ല. ഫലമുള്ള വൃക്ഷത്തിലേ കല്ലെറിയൂ എന്നൊരു സമാധാനം മാത്രമേ ബാക്കിയുള്ളൂ. മാത്രമല്ല, മുന്‍കാല നേതാക്കളില്‍ ആര്‍ക്കും യോഗത്തിലോ, ട്രസ്റ്റിലോ രണ്ടിലും കൂടി ഒരുമിച്ചോ ഇത്രയും കാലം ഒരു സമയം തുടരാന്‍ കഴിഞ്ഞിട്ടില്ല. സ്വാഭാവികമായും അസൂയക്കാരുടെയും വിരോധികളുടെയും കുബുദ്ധികളുടെയും എണ്ണം കൂടും. ഇവിടേയും സംഭവിച്ചത് അതുതന്നെയാണ്. അങ്ങനെയിരിക്കുമ്പോഴാണ് മാര്‍ച്ച് 12-ാം തീയതി നീലാകാശത്തു നിന്ന് വെള്ളിടി പോലെ ഒരു വിധി വരുന്നത്. വരവ് ചെലവ് കണക്കുകള്‍ യഥാസമയം ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തി എന്ന കാരണം പറഞ്ഞ് യോഗം ഡയറക്ടര്‍ ബോര്‍ഡിലെ പ്രധാനപ്പെട്ട ആളുകളെ , ഡയറക്ടര്‍മാരെ നിഷ്കാസനം ചെയ്തു.
ഇതിന്റെ സാങ്കേതിക സ്വഭാവം കാണേണ്ടതുണ്ട്. കണക്കുകള്‍ ഇല്ലെന്നതല്ല, യഥാസമയത്ത് ഹാജരാക്കിയില്ലെന്നതാണ്. അത് എന്തുകൊണ്ട് ഹാജരാക്കിയില്ലെന്നതിന് വേറെ കാരണമുണ്ട്. വളരെക്കാലമായി കോടതി വ്യവഹാരത്തില്‍പ്പെട്ട് ഒറിജിനല്‍ രേഖകള്‍ ഹൈക്കോടതിയുടെ തന്നെ പരിഗണനയില്‍ കിടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഡയറക്ടര്‍മാരുടെ ഡിന് നമ്പര്‍ കിട്ടിയിരുന്നില്ല എന്ന പല ന്യായങ്ങളും യോഗം ഭാരവാഹികള്‍ക്കും പറയാനുണ്ട്.
ആര്‍പ്പുവിളികളും ആഘോഷങ്ങളും
ഇതൊന്നും സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന കാര്യമല്ല. സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം വെള്ളാപ്പള്ളി നടേശനെ മാറ്റി എന്ന് കാണുമ്പോള്‍ തന്നെ അവിടെ എന്തോ കൊള്ളയോ കവര്‍ച്ചയോ നടത്തിയെന്ന തോന്നലാണ് ഉണ്ടാകുന്നത്. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ആളുകള്‍ ക്ക് അറിയാന്‍ അവസരം കിട്ടിയില്ല. പല കാരണങ്ങളാലും വെള്ളാപ്പള്ളി നടേശന്റെ പതനം ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. ശുദ്ധമായ അസൂയ മുതല്‍ കഠിനമായ ചിത്തഭ്രമം വരെ പല കാരണങ്ങളുണ്ട്. ഇവരെല്ലാവരും ഒറ്റക്കെട്ടായി ഇതാ വെള്ളാപ്പള്ളി നടേശന് വലിയൊരു പരാജയമുണ്ടായി പതനം സംഭവിച്ചിരിക്കുന്നു, അദ്ദേഹത്തെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് കോടതി നീക്കം ചെയ്തിരിക്കുന്നുവെന്നു പറഞ്ഞ് ആര്‍പ്പുവിളിക്കുകയും പടക്കം പൊട്ടിക്കുകയും സമൂഹമാധ്യമങ്ങളില്‍ ആഘോഷ പ്രകടനം നടത്തുകയും ചെയ്തു. എല്ലാവര്ക്കും അറിയാം ഇതൊരു സിംഗിള്‍ ജഡ്ജിയുടെ ഉത്തരവാണ്. ഇതിന്റെ പുറത്ത് ഡിവിഷന്‍ബെഞ്ചില്‍ തന്നെ അപ്പീല്‍ കൊടുക്കാന്‍ വകുപ്പുണ്ട്. അതുകഴിഞ്ഞാല്‍ സുപ്രീംകോടതിയുണ്ട് എന്നൊക്കെ. ആഹ്ലാദിക്കുന്നവര്ക്കുമറിയാം ഇന്നല്ലെങ്കില്‍ നാളെ സ്റ്റേ ഉണ്ടാകുമെന്ന്. പക്ഷേ ആഹ്ലാദിച്ചവര്‍ അതിരുകടന്ന് ആഹ്ലാദിച്ചു. കാരണം പിറ്റേദിവസം ആഹ്ലാദിക്കാന്‍ പറ്റുമോയെന്ന് അറിയില്ലല്ലോ. അതുകൊണ്ട് കിട്ടിയ ഒരു നിമിഷത്തില്‍ ആഹ്ലാദം പൊടിപൊടിച്ചു. സ്വപ്നരാജ്യത്തില്‍ എന്തിന് അര്‍ദ്ധരാജ്യം? ഒരു മിനിറ്റെങ്കില് ഒരു മിനിറ്റ് ഒന്നു സന്തോഷിക്കാമല്ലോ. വെള്ളാപ്പള്ളി നടേശന്റെ വാദങ്ങളൊക്കെ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു. വേനലവധി കഴിഞ്ഞ് കോടതി തുറന്നതിന് ശേഷം ജൂണില്‍ വിശദമായ വാദം കേള്‍ക്കുകയും അന്തിമമായ വിധി കല്പിക്കുകയും ചെയ്യും.
വരവ്, ചെലവ് കണക്കുകള്‍ സമയത്തിന് കൊടുക്കാന്‍ പറ്റാതെ പോയത് കേവലം ഒരു വീഴ്ചയാണോ, അതോ വലിയ ഉപേക്ഷയുണ്ടായോ എന്നൊക്കെയുള്ള കാര്യങ്ങള്‍ അപ്പോള്‍ പരിഗണിക്കും. മാത്രമല്ല ഡിന് നമ്പര്‍ അടക്കമുള്ള കാര്യങ്ങളിലും തീരുമാനമുണ്ടാകും. അസ്സല് രേഖകളെല്ലാം കോടതികളുടെ പരിഗണനയിലായിരുന്നതുകൊണ്ടാണ് സമയത്തിന് ഹാജരാക്കാന്‍ കഴിയാതെ പോയത് എന്ന കാരണവും ആ സമയത്ത് പരിഗണിക്കും. ന്യായമായ തീര്‍പ്പുണ്ടാകുമെന്ന് നമുക്ക് വിചാരിക്കാം.
തലവേദന മാറ്റാന്‍
തല വെട്ടിക്കളയണോ?
വരവ് ചെലവ് കണക്കുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല എന്ന ഒരു വീഴ്ച ഉണ്ട് എന്ന് സമ്മതിച്ചാല്‍ പോലും അതിലേക്ക് നയിച്ച കാരണങ്ങള്‍ കോടതിക്ക് ബോധ്യപ്പെടുകയോ ബോധ്യപ്പെടാതിരിക്കുകയോ ചെയ്താല്‍ പോലും ഇത്രയും കൊല്ലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തില്‍ പെട്ടെന്നൊരു ദിവസം ഭാരവാഹികളെ അവിടെ നിന്ന് നീക്കിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം വലുതായിരിക്കും. അത് യോഗത്തിന്റെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കും. അതുമായി ബന്ധപ്പെട്ട മറ്റുസ്ഥാപനങ്ങളുമുണ്ട്. എസ്.എന്‍.ഡി.പി യോഗം വെറുമൊരു സംഘടന അല്ലല്ലോ. അനുബന്ധമായി നിരവധി സ്ഥാപനങ്ങളുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം. ആ സ്ഥാപനങ്ങളുടെയൊക്കെ പ്രവര്‍ത്തനം ഒറ്റയടിക്ക് അവതാളത്തിലാക്കുന്ന തീരുമാനമാണ് ഉണ്ടായത്. കോടതിവിധി കല്പ്പിക്കുമ്പോള് പൊതുവേ, ഈ കേസിലല്ല, മറ്റ് ഏത് കേസിലാണെങ്കിലും പാലിക്കേണ്ട ഒരു മിനിമം ജാഗ്രതയുണ്ട്. ഈ വിധി കൊണ്ട് എന്ത് പോരായ്മയാണ് നമ്മള് പരിഹരിക്കാന്‍ ശ്രമിക്കുന്നത്. കണക്ക് ഹാജരാക്കാത്തത് പോരായ്മ തന്നെ എന്നാല്‍ അതിനേക്കാള്‍ വലിയൊരു അപകടമാണ് ഈവിധി കൊണ്ട് ഉണ്ടാകാന്‍ പോകുന്നത്. യോഗത്തിന്റെ ഭരണസമിതി തന്നെ ഇല്ലാതാകുകയാണ്. തലവേദനയുടെ ചികിത്സക്ക് തല വെട്ടിക്കളയുന്നത് പോലെ ഭരണസമിതിയെ നീക്കം ചെയ്യല്‍ ഏറ്റവും അവസാനത്തെ ഘട്ടമാണ്. സഹകരണ ബാങ്കിലെ ഭരണസമിതിയെ പിരിച്ചുവിടുന്നത് പോലെ, പിന്നെ ആള്‍ക്കാര്‍ക്ക് വായ്പ കിട്ടാന്‍ വകയില്ലാത്ത അവസ്ഥ വരും.
വിധി ക്ഷണികം, സന്തോഷവും
വിധി ക്ഷണികമാണ്. സന്തോഷവും ക്ഷണികമെന്നറിയാമെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ ആഘോഷപരിപാടികള്‍ നടത്തിയ ആളുകള്‍, സത്യത്തില്‍ സമുദായത്തിന്റെ ശ്രേയസിന് വേണ്ടിയോ, ഐശ്വര്യത്തിന് വേണ്ടിയോ ഒന്നുമല്ല അത് നടത്തിയത്. വെള്ളാപ്പള്ളി നടേശന് എന്ന വ്യക്തിക്ക് 89 വയസ് പ്രായമുള്ള സമയത്ത് ഇതുപോലൊരു തിരിച്ചടി ഉണ്ടായല്ലോ എന്ന് കരുതി ആഹ്ലാദിച്ചതാണ്. ചിലരൊക്കെ പറഞ്ഞു ”ഈ വിധി ഇന്നല്ലെങ്കില്‍ നാളെ സ്റ്റേ ചെയ്യപ്പെട്ടേക്കാം. എന്നാല്‍ പോലും ഞങ്ങള്‍ ഇപ്പോള്‍ സന്തോഷിക്കുകയാണ്” അതില്‍ നിന്നുതന്നെ അവരുടെ മനോഭാവം വളരെ വ്യക്തം.

സന്യാസിയുടെ പാഴായ വേലകള്‍
എനിക്ക് ഏറ്റവും കൗതുകകരമായി തോന്നിയത് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് നടത്തിയ അഭിപ്രായപ്രകടനമാണ്. സ്വാമി സച്ചിദാനന്ദ ഈ വിധിയെ സര്‍വാത്മനാ സ്വാഗതം ചെയ്തുവെന്ന് മാത്രമല്ല യോഗം ജനറല്‍ സെക്രട്ടറിയെ കുറിച്ച് ഒട്ടും അഭിനന്ദനപരമല്ലാത്ത പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. പരാമര്‍ശങ്ങള്‍ നടത്തിയത് സി.കെ. വിദ്യാസാഗറോ, ഗോകുലം ഗോപാലനോ ആണെങ്കില്‍ മനസ്സിലാക്കാം. അല്ലെങ്കില്‍ ഈഴവ ബ്രാഹ്മണരായിട്ടുള്ള ചില നേതാക്കന്മാരുണ്ട്. വരേണ്യവിഭാഗത്തിന് ഓശാന പാടുന്ന ആളുകള്‍. അവരാണെങ്കിലും മനസ്സിലാക്കാം.
”ചിത്ത മാം വലിയ വൈരി കീഴമര്‍ന്നത്തല്‍ തീര്‍ന്ന യതി’
ആയിട്ടുള്ള നമ്മുടെ സ്വാമി ഇങ്ങനെ ലൗകികമായ കാര്യങ്ങളെ കുറിച്ച് ഇതുപോലൊരു അഭിപ്രായപ്രകടനം നടത്തിയത് കേട്ടപ്പോള്‍ കൗതുകം തോന്നി. മാത്രമല്ല സ്വാമിയുടെ സമീപകാലത്തെ പ്രവൃത്തികളൊക്കെ ,പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നത് പോലെയുള്ള ജോലികള്‍ ഏറ്റെടുത്തുവെന്നത് രസകരമാണ്. സ്വാമിയുടെ ശുപാര്‍ശപ്രകാരം മുല്ലപ്പള്ളി രാമചന്ദ്രനോ, കെ. സുധാകരനോ, അടൂര്‍ പ്രകാശിനോ സ്ഥാനാര്‍ത്ഥിത്വം കിട്ടിയെങ്കില്‍ പിന്നെയും കൊള്ളാമായിരുന്നു. അതും ഉണ്ടായില്ല. ഇങ്ങനെ സ്ഥാനത്തും അസ്ഥാനത്തും ഇടപെടുകയും അഭിപ്രായപ്രകടനം നടത്തുകയും ചെയ്ത് അപഹാസ്യമാകുന്ന നിലയിലേക്ക് ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് എത്തിയെന്നതാണ് വിചിത്രമായ കാര്യം. ഇത് സ്വാമി സച്ചിദാനന്ദയുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് ധര്‍മ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി തിരുത്തി പറയുകയും ചെയ്യുന്ന അവസ്ഥയെ കലികാലം എന്നല്ലാതെ എന്താണ് പറയുക.






