ലോകകപ്പുകള്‍ ഇന്ത്യക്ക് സ്വന്തം
ട്വന്റി20 യുടെ ചരിത്രത്തില്‍ മൂന്ന് ലോക കപ്പുകള്‍ സ്വന്തമാക്കിയ ആദ്യത്തെ രാജ്യം , തുടരെയുള്ള രണ്ട് ലോകകപ്പുകള്‍ അടുപ്പിച്ച് നേടിയ രാജ്യം എന്ന റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്വന്തമാക്കി.

ഒന്നര ലക്ഷത്തോളം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ചേര്‍ന്ന് നീലക്കടലായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തെ സാക്ഷി നിര്‍ത്തി എതിര്‍ ടീമായ കീവീസിന്റെ ചിറകുകള്‍ അരിഞ്ഞു. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ട്വന്റി 20ലോകകപ്പ് കിരീടം സ്വന്തമാക്കി. ന്യൂസിലാന്‍ഡിനെ ഫൈനലില്‍ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം കപ്പ് ഉയര്‍ത്തിയത്. ഇതോടെ ട്വന്റി20 യുടെ ചരിത്രത്തില്‍ മൂന്ന് ലോക കപ്പുകള്‍ സ്വന്തമാക്കിയ ആദ്യത്തെ രാജ്യം , തുടരെയുള്ള രണ്ട് ലോകകപ്പുകള്‍ അടുപ്പിച്ച് നേടിയ രാജ്യം എന്ന റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്വന്തമാക്കി.

നാലു ഓവറില്‍ 15 റണ്‍സ് വിട്ടു നല്‍കി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ ക്രിക്കറ്റിലെ ബൗളിംഗ് ഇതിഹാസം ജസ്പ്രീത് ബുംറ ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് ആയി. സമ്മര്‍ദ്ദമേറിയ ഫൈനല്‍ മത്സരത്തില്‍ 46 പന്തുകളില്‍ 89 റണ്‍സ് നേടിയ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ വിജയ ശില്പിയായി. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ നിര്‍ണായകമായ അര്‍ദ്ധ സെഞ്ച്വറികള്‍ അടക്കം ഇന്ത്യക്കായി നിരവധി റണ്‍സുകള്‍ നേടി കിരീട വിജയത്തിലേക്ക് നയിച്ച സഞ്ജു സാംസണ്‍ ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
ഇനി സഞ്ജു നയിക്കട്ടെ

ജന്മനാടായ തിരുവനന്തപുരത്ത് അടക്കം നടന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ നല്ല പെര്‍ഫോമന്‍സ് കാണിക്കാന്‍ കഴിയാതിരുന്ന സഞ്ജു സാംസണ്‍ വളരെ നിരാശനായി ഗ്രൗണ്ടിന് പുറത്ത് ഡഗ് ഔട്ടില്‍ സഹതാരങ്ങള്‍ക്കൊപ്പം ഇരിക്കുന്ന നിരവധി ചിത്രങ്ങള്‍ ഈ സമയം നമ്മുടെ മനസ്സിലൂടെ മിന്നി മായുന്നുണ്ട്. ഒടുവില്‍ നിരാശ മാറ്റി ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ സഹായത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും ആയി ഫോണില്‍ വിളിച്ചതായും 25 മിനിറ്റോളം തുടര്‍ച്ചയായി സംസാരിച്ചതായും ഉള്ള സഞ്ജു സാംസന്റെ കാണികളോടുള്ള തുറന്നു പറച്ചില്‍ അദ്ദേഹം അനുഭവിച്ചിരുന്ന മാനസിക സമ്മര്‍ദ്ദത്തിന്റെ അളവ് അറിയാന്‍ കഴിയുന്നതാണ്. മലയാളിയായ സഞ്ജു ടീമംഗങ്ങള്‍ക്കിടയില്‍ ‘ചേട്ടന്‍’ എന്ന വിളി പേരിലാണ് അറിയപ്പെടുന്നത്. തന്നില്‍ മൂത്തവരെ ചേട്ടന്‍ എന്ന് അഭിസംബോധന ചെയ്യുന്ന സഞ്ജുവിന്റെ മലയാളി സ്വഭാവ സവിശേഷതയാണ് അദ്ദേഹത്തിന് ടീമംഗങ്ങള്‍ക്കിടയില്‍ ഈ പേര് ലഭിക്കാന്‍ ഇടയായിട്ടുള്ളത്.
ഫൈനല്‍ ദിനത്തിലെ മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം കയ്യില്‍ പിടിച്ച് കാമുകിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ആനന്ദ നൃത്തം ചവിട്ടുന്ന തന്റെ സഹടീമംഗങ്ങളെ നോക്കി തിരക്കൊഴിഞ്ഞ ഒരു മൂലയില്‍ ഇരിക്കുന്ന സഞ്ജുവിന്റെ ചിത്രം അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തെ അടയാളപ്പെടുത്തുന്നതാണ്. ഒരു മലയാളി എന്ന നിലയില്‍ എന്നും അഭിമാനിക്കാവുന്ന പ്രവൃത്തികളും ഗ്രാമീണത തുളുമ്പി നില്‍ക്കുന്ന സംസാരശൈലിയും ആണ് പ്രശസ്തിയുടെ അത്യുന്നതങ്ങളില്‍ നില്‍ക്കുന്ന ഈ സമയത്തും സഞ്ജു തുടര്‍ന്നുവരുന്നത്. ഡല്‍ഹി പോലീസ്, സേനാംഗങ്ങളായ കോണ്‍സ്റ്റബിള്‍മാര്‍ക്ക് നല്‍കുന്ന ക്വാര്‍ട്ടേഴ്സിന്റെ ഇടുങ്ങിയ ചുവരുകള്‍ക്കുള്ളിലും ബാല്‍ക്കണിയിലും പൊതുഇടങ്ങളിലും പന്ത് തട്ടിയിരുന്ന രണ്ട് മലയാളി ബാലന്മാര്‍. ആ രണ്ട് മക്കളെയും ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുന്ന ഫുട്ബോള്‍ കളിക്കാരനായ ദില്ലി പോലീസിലെ മലയാളിയായ സാംസണ്‍ എന്ന കോണ്‍സ്റ്റബിള്‍. കോണ്‍സ്റ്റബിള്‍ സാംസണ്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍ പ്രമോഷന്‍ ടെസ്റ്റുകള്‍ ഒരിക്കലും എഴുതിയിരുന്നില്ല. അതിനാല്‍ അദ്ദേഹം പ്രമോഷന്‍ ഇല്ലാതെ കോണ്‍സ്റ്റബിള്‍ ആയി തന്നെ സേനയില്‍ തുടര്‍ന്നു. അദ്ദേഹത്തെ അത്തരത്തില്‍ തുടരാന്‍ പ്രേരിപ്പിച്ചത്, ഒരു പ്രമോഷന്‍ ലഭിക്കുകയാണെങ്കില്‍ അഞ്ചോ ആറോ മാസത്തേക്ക് പ്രമോഷന്‍ കോഴ്സിനും മറ്റുമായി താമസസ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പോകേണ്ടി വരുമ്പോള്‍ ക്രിക്കറ്റ് പ്രാക്ടീസ് നടത്തിക്കൊണ്ടിരിക്കുന്ന തന്റെ രണ്ടുആണ്‍ മക്കള്‍ക്കും അത് തടസ്സം ഉണ്ടാകും എന്നത് കൊണ്ടാണ്. തന്റെ മക്കളെ സ്‌കൂട്ടറിലും സൈക്കിളിലുമാണ് കളി സ്ഥലങ്ങളിലേക്ക് പ്രാക്ടിസിനായി കൊണ്ടുപോയിരുന്നത്. സ്വന്തം പ്രമോഷനുകള്‍ കളഞ്ഞ് സഞ്ജുവിന്റെ അച്ഛന്‍ മക്കള്‍ക്കായി കൊണ്ട വെയിലും, ഒഴുക്കിയ വിയര്‍പ്പും വെറുതെയായില്ല. അദ്ദേഹത്തിന്റെ ഇളയ മകന്‍ സഞ്ജു സാംസണ്‍ ഇന്ന് ലോകം അറിയപ്പെടുന്ന ഒരു ക്രിക്കറ്റ് താരമായി മാറിയിരിക്കുന്നു.
മൂന്നര കോടിയോളം വരുന്ന കേരളീയരുടെ ആഗ്രഹങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഫലമുണ്ടായിരിക്കുന്നു. സഞ്ജു ഇന്ന് ഇന്ത്യന്‍ ട്വന്റി20 ക്രിക്കറ്റ് ടീമിലെ ഒഴിവാക്കാന്‍ ആകാത്ത ചാമ്പ്യന്‍ താരമായിരിക്കുന്നു. ഇനി നമുക്ക് മറ്റൊരു സ്വപ്നം കൂടി പൂവണിയാന്‍ ആയിട്ടുണ്ട്. 35 വയസ്സ് തികഞ്ഞ സൂര്യകുമാര്‍ യാദവിന് ശേഷം ഇന്ത്യന്‍ ടീമിനെ ആരായിരിക്കും നയിക്കുക, തീര്‍ച്ചയായും അത് അഭിഷേകോ, ഇഷാനോ, തിലകോ ആയിരിക്കില്ല. തന്റെ പത്തൊമ്പതാമത്തെ വയസ്സ് മുതല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്ന കഴിഞ്ഞ ആറ് ഏഴ് കൊല്ലമായി രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ പദവി അലങ്കരിക്കുന്ന സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിന്റെ അടുത്ത ക്യാപ്റ്റന്‍ ആകാന്‍ തീര്‍ത്തും അര്‍ഹനായ വ്യക്തിയാണ്. ക്രിക്കറ്റ് മൈതാനങ്ങളില്‍ പന്തുകള്‍ അടിച്ചു പറത്താനുള്ള കഴിവിനൊപ്പം വിനയാന്വിതമായ പെരുമാറ്റം കൊണ്ടും പക്വതയാര്‍ന്ന ഭാവ പ്രകടനങ്ങള്‍ കൊണ്ടും കേരളത്തിലെ എന്നല്ല ലോകമൊട്ടുക്കും ഉള്ള ഇന്ത്യന്‍ ആരാധകരുടെ ശ്രദ്ധാകേന്ദ്രമായി മാറിയ സഞ്ജു സാംസന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കപ്പിത്താന്‍ ചുമതല ഏറെ ഇണങ്ങും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മലയാളിയായ സഞ്ജു സാംസണ്‍ നയിക്കുന്ന കാലം ഒട്ടും വിദൂരമല്ല. കളിമികവും, പക്വതയും വിനയവും സഞ്ജുവിനെ ഏതൊരു ഇന്ത്യന്‍ ക്രിക്കറ്ററുടെയും സ്വപ്നമായ ആ സ്ഥാനത്തിന് അര്‍ഹനാക്കുന്നുണ്ട്. മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നയിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വരവിനായി നമുക്ക് കാത്തിരിക്കാം…..






