മൈത്രി നഗറിലെ മകള്‍
താന്‍ ചെല്ലുമ്പോള്‍ ആ വീട്ടില്‍ വേദ അല്ലാതെ അവളെ വിളിച്ചിറക്കി കൊണ്ടുപോയ മോഹനന്‍ ഉണ്ടാവില്ലെന്ന് ഭാസ്‌കര മേനോന് ഉറപ്പുണ്ടായിരുന്നു. പ്രവൃത്തി ദിവസമായതിനാല്‍ മോഹനന്‍ ജോലിക്ക് പോയിരിക്കും. മോഹനനെ കാണരുതെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതും.
വേദയെ കാണാന്‍ പോകുന്ന വിവരം അവളുടെ അമ്മയെ അറിയിക്കാതെയാണ്ഭാസ്‌കര മേനോന്‍ വീട്ടില്‍ നിന്നിറങ്ങിയത്.
കാറിലല്ലാതെ അദ്ദേഹം സഞ്ചരിക്കാറില്ല. ഇന്ന് മന:പൂര്‍വ്വം കാര്‍ ഒഴിവാക്കി. ചേരി പ്രദേശമാണ്. വാഹനങ്ങള്‍ക്ക് പോകാനുള്ള വഴി കഷ്ടിയായിരിക്കും.
മൈത്രി നഗര്‍ പട്ടണത്തിന്റെ അതിര്‍ത്തിയിലാണ്. വേദഅവിടെയുണ്ടെന്ന് അറിഞ്ഞതു മുതല്‍ അവളെ കാണാന്‍ ഭാസ്‌കര മേനോന്റെ ഉള്ള് പിടയ്ക്കുകയായിരുന്നു. എന്തൊക്കെ സംഭവിച്ചാലും മേലില്‍ മകളെ കാണില്ലെന്ന തന്റെ വാശിക്ക് അയവുവന്നതെങ്ങനെയെന്ന് അദ്ദേഹം സ്വയം അത്ഭുതപ്പെട്ടു.

വേദയുടെ അമ്മയ്ക്ക് അവളോട് ഉണ്ടായിരുന്നതിനെക്കാള്‍ കൂടിയ സ്‌നേഹവും വാത്സല്യവും ആയിരുന്നു അച്ഛനായ ഭാസ്‌കര മേനോന് അവളോട്. കുട്ടിക്കാലത്ത് വേദയ്ക്ക് കുറുമ്പ് വളരെ കൂടുതലായിരുന്നു. അതിന് അവളുടെ അമ്മ അവളെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അവളെ ഒട്ടുമെ നോവിക്കാതെ അമിതമായ സ്‌നേഹവാത്സല്യങ്ങളോടെയാണ് അദ്ദേഹമവളെ വളര്‍ത്തിക്കൊണ്ടു വന്നത്.
പഴയ കാര്യങ്ങള്‍ ഓര്‍മ്മിച്ച് മനസ്സ് വിങ്ങിപ്പൊട്ടിയ ഒരു ദിവസം തനിക്ക് മകളെ കാണാന്‍ കലശലായ ആഗ്രഹം തോന്നുന്നതായി ഭാസ്‌കര മേനോന്‍ ഭാര്യയോട് പറഞ്ഞു. കത്തികൊണ്ട് ഹൃദയത്തില്‍ കുത്തിയാല്‍ പോലും ചോര തെറിക്കാത്ത സ്വഭാവമുള്ള ഭാര്യ കലിതുള്ളിക്കൊണ്ട് പറഞ്ഞത് ഭാസ്‌കര മേനോന്‍ ഓര്‍ത്തുപോയി:
‘അച്ഛനമ്മമാരെ ധിക്കരിച്ച് കുടുംബത്തിന് പേരുദോഷമുണ്ടാക്കി ഇറങ്ങി പോയ അവളെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്. പുകഞ്ഞ കൊള്ളി പുറത്ത്.’ നല്ല വിദ്യാഭ്യാസവും ഉയര്‍ന്ന ഉദ്യോഗവും ഉള്ള ഒരാളെക്കൊണ്ട് മകളെ വിവാഹം കഴിപ്പിക്കണമെന്നായിരുന്നു ഭാസ്‌കര മേനോന്‍ ആഗ്രഹിച്ചത്. അദ്ദേഹത്തിന്റെ ആ വലിയ സ്വപ്‌നമാണ് മകള്‍ തകര്‍ത്ത് തരിപ്പണമാക്കിയത്.
ബസ്സിറങ്ങി മൈത്രി നഗര്‍ എന്നെഴുതിയ ചൂണ്ടു പലകയില്‍ നോക്കി ഭാസ്‌കര മേനോന്‍ ആലോചിച്ചുകൊണ്ട് നിന്നു.
തകരപ്പാളികളും ചാക്കുകളും കൊണ്ട് മറച്ച പാര്‍പ്പിടങ്ങള്‍ തിങ്ങിനിറഞ്ഞ മൈത്രി നഗറിലേക്ക് ഭാസ്‌കര മേനോന്‍ നടന്നു. ശരിയായ മേല്‍വിലാസം ഉണ്ടായാല്‍കൂടി ഉദ്ദേശിച്ച വീട് കണ്ടുപിടിക്കാന്‍ പ്രയാസപ്പെടും. ചെളിയും കുണ്ടും നിറഞ്ഞ വഴികള്‍. വേരുകള്‍ പോലെ അവ പലയിടത്തേക്കും പടര്‍ന്നു കിടന്നു.
ഒരു ഇടുക്കു വഴിയില്‍ സഞ്ചാരം തടസ്സപ്പെടുത്തിക്കൊണ്ട് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഒരുകൂട്ടം കുട്ടികളുടെ അടുത്തേക്ക് ചെന്ന് ഭാസ്‌കര മേനോന്‍ ചോദിച്ചു:
‘മക്കളേ, നിങ്ങളുടെ വല്ല്യേച്ചിയാകാന്‍ പ്രായമുള്ള ഒരു വേദ ഇവിടെ താമസിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ആ ചേച്ചിയുടെ വീടറിയാമോ?’
‘കറുത്ത് പല്ലുന്തി പൊക്കം കുറഞ്ഞ ഒരു ചേച്ചിയാണോ?’ ഊര്‍ന്നു പോകാന്‍ തുടങ്ങിയ അയഞ്ഞ ട്രൗസര്‍ വലിച്ചുകയറ്റി ഒരു ചെറുക്കന്‍ മുന്നോട്ട് വന്ന് ചോദിച്ചു.
‘അല്ല.’ ഭാസ്‌കര മേനോന്‍ പറഞ്ഞു: ‘നീണ്ട മുടിയുള്ള, വെളുത്ത് നല്ല ഉയരമുള്ള ഒരു ചേച്ചി.’
‘മൈത്രി നഗറിലന്ന്യാ?’ ചെറുക്കന്‍ ഉറപ്പുവരുത്താനായി ചോദിച്ചു.
അവന്‍ കുറച്ചൊന്ന് ആലോചിച്ച ശേഷം അപ്പുറത്തെ വീട്ടിലെ ഒരു
സ്ത്രീയെ സഹായത്തിന് വിളിച്ചുകൊണ്ടു വന്നു.
‘എന്താ, എന്താ?’ സ്ത്രീ തിരക്കി.
ഭാസ്‌കര മേനോന്‍ കാര്യം പറഞ്ഞു.
‘നിങ്ങളാരാ? പലിശപ്പണം പിരിക്കാന്‍ വന്നതാണോ?’
ഭാസ്‌കര മേനോന്റെ വേഷവും കഴുത്തിലെ ചൂടിപോലുള്ള സ്വര്‍ണ്ണമാലയും കണ്ടപ്പോള്‍ ആ സ്ത്രീ സംശയിച്ചതാണ്.
താന്‍ വേദയുടെ അച്ഛനാണെന്ന് പറയാന്‍ അഭിമാനബോധം അനുവദിക്കാതെ ഭാസ്‌കര മേനോന്‍ നിന്ന് പരുങ്ങി.
‘ഒരു വേദ ഇവിടൊരിടത്ത് താമസിക്കുന്നുണ്ട്. കാമുകനോടൊപ്പം ഒളിച്ചോടി വന്നതാന്നാ കേട്ടത്. സാറന്വേഷിക്കുന്നത് അവളെയാണെങ്കില്‍ അവള്‍, ദാ ആ കാണുന്ന വീടിന്റെ പിറകിലാ. എടാ, നീ ഈ സാറിന് ആ വീട് കാണിച്ച് കൊടുക്ക്.’ സ്ത്രീ ചെറുക്കനോട് പറഞ്ഞു.
പുച്ഛവും പരിഹാസവും കലര്‍ന്നിരുന്നു അവരുടെ വാക്കുകളില്‍. ചാട്ടവാര്‍കൊണ്ട് അടി കിട്ടിയതുപോലെ ഭാസ്‌കര മേനോന്‍ പുളഞ്ഞു. എന്തോ ഓര്‍മ്മിച്ചിട്ടെന്ന പോലെ സ്ത്രീ കൂട്ടിച്ചേര്‍ത്തു: ‘ഇപ്പൊ അവളവിടെ ഉണ്ടാവ്വോ ആവോ? അവള്‍ ഒന്നുരണ്ട് വലിയ വീടുകളില്‍ പാത്രം കഴുകാനും അടിച്ചുവാരാനും പോകുന്നുണ്ട്. അത് കഴിഞ്ഞ് വന്നിട്ടുണ്ടാവ്വോ എന്തോ?’
ഒന്നും മിണ്ടാനാകാതെ മുഖം കുനിച്ചുകൊണ്ട് അയാള്‍ ചെറുക്കന്റെ പിന്നാലെ നടന്നു.
‘ഈ വീടാ.’
ചെറുക്കന്‍, കഷ്ടിച്ച് വീടെന്ന് പറയാവുന്ന ഒരു പാര്‍പ്പിടം ചൂണ്ടിക്കാട്ടി.
ഭാസ്‌കര മേനോന്‍ സംശയത്തോടെയാണ് വാതിലിന്റെ ദുര്‍ബ്ബലമായ പാളികളില്‍ തട്ടിയത്.
അച്ഛനെ മുന്നില്‍ കണ്ട് വേദ അമ്പരന്നു നില്‍ക്കുമ്പോള്‍, മകളുടെ കോലം കണ്ട് അച്ഛന് ഉള്ള് കലങ്ങി.
തിരിച്ചറിയാന്‍തന്നെ പ്രയാസം തോന്നുന്നവണ്ണം വേദ ക്ഷീണിച്ചിരുന്നു. മുഖത്തെ ശോണിമയും പ്രസന്നതയും പൊയ്‌പ്പോയിരുന്നു. കൈകള്‍ ജീവനില്ലാത്തപോലെ അയഞ്ഞ് തൂങ്ങിക്കിടന്നു. വേദ ഗര്‍ഭിണിയായിരുന്നു.
തന്നെ തേടി അച്ഛന്‍ വരുമെന്ന് വേദ സ്വപ്‌നത്തില്‍ പോലും വിചാരിച്ചതല്ല. അച്ഛനോടുണ്ടായിരുന്ന സ്‌നേഹവും ബഹുമാനവും പൊടുന്നനെ അവളില്‍ തിരിച്ചെത്തി.
‘അച്ഛന്‍ ഇവിടെ എങ്ങനെ…?’ അവള്‍ക്ക് ചോദ്യം മുഴുവനാക്കാനായില്ല.
‘എങ്ങനെയെല്ലാമോ തേടിപ്പിടിച്ച് വന്നു. അച്ഛനെ ധിക്കരിച്ച് നീ സാഹസം കാണിച്ചു. പക്ഷേ, അച്ഛന് നിന്നോടുള്ള സ്‌നേഹത്തിന് ഒട്ടും കുറവുണ്ടായിട്ടില്ല മോളേ.’
അവള്‍ക്ക് അതു കേട്ടപ്പോള്‍ കരച്ചില്‍ വന്നു.
‘അച്ഛന്‍ ഇരിക്കൂ.’
ഉണ്ടായിരുന്ന ഒരേയൊരു കസേര പൊടി തട്ടി അവള്‍ മുന്നിലേക്ക് ഇട്ടുകൊടുത്തു. കുറെ തവണ കൈമറിഞ്ഞ് വന്നതെന്ന് തോന്നിച്ച ആ കസേര അദ്ദേഹം ഇരുന്നുകഴിഞ്ഞപ്പോള്‍ ചെറുതായി ഒന്ന് ആടി.
ഭാസ്‌കര മേനോന്‍ മുറിയുടെ മുക്കിലും മൂലയിലും കണ്ണോടിച്ചുകൊണ്ടിരുന്നു. ആ ഇടുങ്ങിയ ഒറ്റ മുറിയില്‍ വീട്ടു സാധനങ്ങള്‍ മുഴുവന്‍ ഉള്‍ക്കൊള്ളിക്കാന്‍ അസാധാരണമായ സാമര്‍ത്ഥ്യം തന്നെ വേണമെന്ന് തോന്നിക്കുമായിരുന്നു.
തറയുടെ ഒരു മൂലയ്ക്ക് മണ്ണെണ്ണ സ്റ്റൗവ്വും ഏതാനും അലുമിനിയ പാത്രങ്ങളും ഒതുക്കി വച്ചിരുന്നു. ഒരു സ്റ്റാന്‍ഡില്‍ കുറെ തവികളും സ്പൂണുകളും. ഒരു ഇരുമ്പു കട്ടില്‍ ഒരു ഭാഗത്ത് മടക്കി വച്ചിരിക്കുന്നു. അതിനടുത്ത് ചുരുട്ടിയ ഒരു പുല്പായ. ദാരിദ്ര്യത്തിന്റെ ബാക്കിപത്രം മാതിരി മുഷിഞ്ഞ വസ്ത്രങ്ങള്‍ അയയില്‍ നിന്ന് തൂങ്ങിക്കിടന്നു.
അച്ഛന്‍ അതെല്ലാം നോക്കി നെടുവീര്‍പ്പിടുന്നതു കണ്ടപ്പോള്‍ വേദ പറഞ്ഞു:
‘മോഹനേട്ടന്‍ ഇവിടെ അടുത്തൊരിടത്ത് ഫ്ലാറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. പണി മുഴുവന്‍ തീര്‍ന്നിട്ടില്ല. രണ്ടുമൂന്ന് മാസം കൂടി കഴിയും പൊസഷന്‍ കിട്ടാന്‍.’
പ്രതാപിയായ അച്ഛന്റെ ഒരേയൊരു മകളായി ഒരു വലിയ വീട്ടില്‍ വളര്‍ന്നവള്‍. അവിടെ അവള്‍ക്ക് മാത്രമായി വിശാലമായ ഒരു മുറിയുണ്ടായിരുന്നു. അവളുടെ കൂട്ടുകാരികള്‍ നടന്നും ബസ്സിലും കോളേജില്‍ പോയപ്പോള്‍ അവളുടെ പോക്കും വരവും എന്നും കാറിലായിരുന്നു.
‘മോഹനന്‍ എപ്പഴാ വര്വാ?’
‘സാധാരണ ഏഴിന് മുമ്പെത്തും. ഓവര്‍ടൈമുണ്ടെങ്കില്‍ കുറച്ച് വൈകും.’
അവള്‍ ഒരു മൊന്ത കഴുകി എടുത്തിട്ട് പറഞ്ഞു:
‘അച്ഛന്‍ ഇരിക്കൂ. ഞാന്‍ പോയി പാല് വാങ്ങി വരാം.’
‘വേണ്ട. എനിക്ക് കടുംകാപ്പി മതി.’ ഭാസ്‌കര മേനോന്‍ പറഞ്ഞു.
പാല് വാങ്ങാനുള്ള ചില്ലറപോലും അവളുടെ കൈയിലുണ്ടാവില്ലെന്ന് അദ്ദേഹം ഊഹിച്ചു.
അവള്‍ കടുംകാപ്പിയിട്ട് അച്ഛന്റെ നേര്‍ക്ക് നീട്ടി.
മോഹനനുമായി തലേന്ന് ഉണ്ടായ മല്‍പ്പിടുത്തത്തില്‍ അവളുടെ കൈ എന്തിലോ തട്ടി മുറിഞ്ഞിരുന്നു. അച്ഛന്‍ അത് കാണാതിരിക്കാന്‍ അവള്‍ കൈത്തണ്ട പെട്ടെന്ന് സാരികൊണ്ട് മറച്ചു. കൈത്തണ്ടയെ അലങ്കരിച്ചിരുന്ന സ്വര്‍ണ്ണവളകളുടെ നഷ്ടം അച്ഛന്‍ അറിയരുതെന്ന ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു ഒപ്പം. എന്നാല്‍, കഴുത്ത് നഗ്‌നമാണെന്ന കാര്യം വേദ മറന്നുപോയി. അച്ഛന്റെ നോട്ടം കഴുത്തില്‍ പതിയുന്നതു കണ്ടപ്പോള്‍ വേദ പൊടുന്നനെ കഴുത്ത് സാരികൊണ്ട് മറയ്ക്കാന്‍ ശ്രമിച്ചു. ആഭരണങ്ങളെക്കുറിച്ച് അച്ഛന്‍ എന്തെങ്കിലും ചോദിക്കാന്‍ അവസരം കൊടുക്കാതെ അവള്‍ പറഞ്ഞു:
‘കള്ളന്മാരെ പേടിച്ച് കഴുത്തിലെ ചെയിന്‍ കൊണ്ടുപോയി മോഹനേട്ടന്‍ ലോക്കറില്‍ വച്ചിരിക്ക്വാ.’
ഭാസ്‌കര മേനോന്‍ പ്രതികരിക്കാതെ മുഖം താഴ്ത്തി ഇരുന്നു.
‘മോഹനന്‍ എപ്പൊ വരുംന്നാ പറഞ്ഞത്?’ അച്ഛന്‍ ചോദിച്ചു.
‘ഏഴിനു മുമ്പെത്തും അച്ഛാ. ജോലി അഞ്ചരവരെയെ ഉള്ളു. കുറെ സമയം ബസ്സിലിരിക്കണം.’
ഭാസ്‌കര മേനോന്‍ കസേരയിലിരുന്ന് അറിയാതെ കുറച്ചു സമയം മയങ്ങിപ്പോയി.
ചാരിവച്ച മടക്കുകട്ടിലിനടുത്ത് മൂലയിലിരുന്ന ഒഴിഞ്ഞ കുപ്പി യാദൃച്ഛികമായാണ് വേദ കണ്ടത്. അവളുടെ മനസ്സൊന്നു പിടഞ്ഞു. ഈശ്വരാ, കുപ്പി അച്ഛന്റെ കണ്ണില്‍ പെട്ടിരിക്കുമോ?
എന്നും രാവിലെ മുറി വെടിപ്പാക്കുമ്പോള്‍ അങ്ങനത്തെ ഓരോ കുപ്പി അവള്‍ പുറത്തേക്ക് വലിച്ചെറിയാറുണ്ട്. ഒരിക്കല്‍ വെറുതെയെങ്കിലും കുപ്പിയെടുത്ത് മണത്തതും ഓക്കാനം വന്നതും വേദ ഓര്‍ത്തു.
കുപ്പിയിലെ ദ്രാവകം പകുതിയോളം അകത്താക്കിയാണ് മോഹനേട്ടന്‍ പതിവായി എത്താറുള്ളത്. ഇന്നെങ്കിലും കുടിച്ചിട്ട് വരാതിരുന്നെങ്കിലെന്ന് വേദ ആശിച്ചു. അച്ഛന്‍ അറിഞ്ഞാല്‍ എന്തു മോശമാണ്.
ആ കുപ്പി അവിടെ ഇരിക്കുന്നതോര്‍ക്കാതെ പോയതില്‍ വേദ തന്നെത്തന്നെ പഴിച്ചു. അലാറം കീ മുറുക്കി വച്ചിട്ടും മണിയടിക്കാതിരുന്ന ടൈംപീസിന്റെ മാതിരി തന്റെ ഓര്‍മ്മശക്തിക്ക് പറ്റിയ പിശക്.
അച്ഛന്‍ കാണുന്നില്ലെന്ന് ഉറപ്പിച്ച് വേദ ആ കുപ്പി ജനല്‍ പോലത്തെ ദ്വാരത്തിലൂടെ തന്ത്രപൂര്‍വ്വം പുറത്തേക്കിട്ടു.
ഭാസ്‌കര മേനോന്‍ പോകാന്‍ ധൃതികൂട്ടി. അദ്ദേഹം കസേരയില്‍ നിന്ന് എണീറ്റു.
‘മോഹനേട്ടന്‍ വന്നിട്ട്….’ അവള്‍ നിര്‍ബ്ബന്ധിച്ചു.
‘സമയമില്ല. എനിക്കുടനെ പോകണം.’
ഭാസ്‌കര മേനോന്‍ ജുബ്ബയുടെ കീശയില്‍ നിന്ന് ഒരു പൊതിയെടുത്തു. മകളുടെ നേരെ പൊതി നീട്ടിക്കൊണ്ട് പറഞ്ഞു:
‘ഇതില്‍ കുറച്ച് കാശുണ്ട്. നിനക്ക് പണത്തിന് ബുദ്ധിമുട്ടുണ്ടെന്നറിയാം.’
അച്ഛന്റെ കൈയില്‍ നിന്ന് ആ പൊതി വാങ്ങാതെ അവള്‍ പറഞ്ഞു:
‘അതിന് എനിക്കിവിടെ ബുദ്ധിമുട്ടുകളൊന്നും ഇല്ല അച്ഛാ.’
അച്ഛന്‍ നടന്നു മറയുന്നത് വേദ നോക്കി നിന്നു. ഗര്‍ഭാലസ്യത്താല്‍ അവളുടെ വീര്‍ത്തുതടിച്ച കണ്‍പോളകള്‍ക്കിടയില്‍ അപ്പോള്‍ വെള്ളം നിറഞ്ഞു വന്നു.
9975855108






