ഫുട്ബോൾ മാമാങ്കത്തിന്റെ മരിക്കാത്ത ഓർമ്മകൾ
1982 മുതല്‍ ഇന്ത്യയില്‍ നെഹ്‌റു കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടന്നു വരുന്നുണ്ട്. യുഎസ്എസ്ആര്‍ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ റഷ്യ, പോളണ്ട്, ഹംഗറി, ചൈന എന്നീ രാജ്യങ്ങളാണ് പ്രധാനമായും ടൂര്‍ണമെന്റില്‍ ഇന്ത്യക്കൊപ്പം പങ്കെടുത്തിരുന്നത്.ടെലിവിഷന്‍ ലൈവ് ടെലികാസ്റ്റ് ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍ നെഹ്‌റുട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മത്സരങ്ങള്‍ മലയാളത്തില്‍ റേഡിയോയില്‍ ലൈവ് ആയി കമന്ററി നല്‍കിയിരുന്നു.
വൈദ്യുതിയും ശുദ്ധജല കണക്ഷനുകളും സോഷ്യല്‍ മീഡിയയും ക്രിക്കറ്റും, ടെന്നിസും ഒന്നും തന്നെയും ഇല്ലാതിരുന്ന ഒരു മലയാള ഭൂതകാലം…….. ടാറോ, കോണ്‍ക്രീറ്റൊ ചെയ്യാത്ത മണ്ണു പുതയുന്ന നാട്ടിടവഴികള്‍, തോടുകളും കായലുകളും ഇടകലര്‍ന്നതും ഫല വൃക്ഷങ്ങളാലും ഔഷധ ചെടികളാലും സമ്പന്നവുമായ, ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ പോലെ നന്മകള്‍ മാത്രം അളക്കുന്ന 1980 കളിലെ നാട്ടിന്‍പുറം.
ആ കാലഘട്ടത്തിലെ ബാല്യങ്ങള്‍ പ്രധാനമായും എബിസികളി, കോട്ടകളി, കുട്ടിയും കോലും, രാശികളി, തീപ്പെട്ടി പടംകളി എന്നീ വിനോദങ്ങളില്‍ ആണ് ഏര്‍പ്പെട്ടിരുന്നത്.

ആ കാലത്ത് ഒരു കായിക ഇനം എന്ന രീതിയില്‍ കുട്ടികളും തലമുതിർന്നവരും ഏര്‍പ്പെട്ടിരുന്ന പ്രധാന വിനോദം ഫുട്‌ബോള്‍കളി ആയിരുന്നു. എന്നാല്‍ ഭൂരിഭാഗം പേരുടെയും ഗാര്‍ഹിക സാമ്പത്തിക സ്ഥിതി പരിതാപകരമായിരുന്ന ആ കാലയളവില്‍, കളിക്കുന്നതിന് ഒരു ഫുട്‌ബോള്‍ വാങ്ങുന്നതിനുള്ള ചെറിയ തുക പോലും കണ്ടെത്താന്‍ കുട്ടികള്‍ക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഫുട്‌ബോള്‍ കമ്പക്കാരായ കുട്ടികള്‍ പന്തിനോട് സാമ്യമുള്ള ഗ്രാമീണ ഫലങ്ങള്‍ ബോളായി ഉപയോഗിച്ചു പോലും ഫുട്‌ബോള്‍ കളിക്കുമായിരുന്നു.
കളിക്കമ്പക്കാരില്‍ നിന്നും സ്വരൂപിക്കുന്ന ഓരോ ചെറിയ തുട്ടുകളും ചേര്‍ത്ത് ഉണ്ടാക്കുന്ന ചെറിയ തുക ഉപയോഗിച്ച് ഒരു ഫുട്‌ബോള്‍ വാങ്ങി വിശാലമായ ഗ്രാമീണ വെളിം പ്രദേശങ്ങളില്‍ കളിക്കുമ്പോള്‍ കുട്ടികള്‍ക്ക് കിട്ടിയിരുന്ന ഒരു സന്തോഷം അത് അനുഭവിച്ച ആ തലമുറക്കാര്‍ക്ക് മനസ്സിലാകും. ഗ്രാമീണ ഫുട്‌ബോളിലും ആ കാലങ്ങളില്‍ ഫൗളും തള്ളിവീഴ്ത്തലും ഒക്കെ ഇന്നത്തെ പോലെ ഉണ്ടായിരുന്നെങ്കിലും പരിക്കേറ്റ ആരും മരുന്നു വാങ്ങാന്‍ പോകാറില്ലായിരുന്നു. മുറിവില്‍ കളി സ്ഥലത്തു തന്നെയുള്ള കമ്മ്യൂണിസ്റ്റ് പച്ചയോ, ഓല മടലില്‍ നിന്ന് എടുക്കുന്ന പൊരിപ്പലോ മറ്റോ വച്ച് കെട്ടിയാല്‍ അത്ഭുതമെന്നു പറയട്ടെ മുറിവുകള്‍ ഉണങ്ങുമായിരുന്നു. കളിക്കിടെ ഉണ്ടാവുന്ന ഉളുക്കുകളും, നീര്‍ക്കെട്ടുകളും, ആ കാലങ്ങളില്‍ വിവിധയിനം പച്ചമരുന്നുകള്‍ കൊണ്ടുള്ള സ്വയം ചികിത്സയിലൂടെയാണ് മാറ്റിയിരുന്നത്.
1982 മുതല്‍ ഇന്ത്യയില്‍ നെഹ്‌റു കപ്പ് ടൂര്‍ണമെന്റ് നടന്നു വരുന്നുണ്ട്. യുഎസ്എസ്ആര്‍ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ റഷ്യ, പോളണ്ട്, ഹംഗറി, ചൈന എന്നീ രാജ്യങ്ങളാണ് പ്രധാനമായും ടൂര്‍ണമെന്റില്‍ ഇന്ത്യക്കൊപ്പം പങ്കെടുത്തിരുന്നത്.
ടെലിവിഷന്‍ ലൈവ് ടെലികാസ്റ്റ് ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍ നെഹ്‌റുട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മത്സരങ്ങള്‍ മലയാളത്തില്‍ റേഡിയോയില്‍ ലൈവ് ആയി കമന്ററി നല്‍കിയിരുന്നു. സത്യത്തില്‍ ലെജണ്ടറി ആയിട്ടുള്ളതും ഫുട്‌ബോള്‍ കളിയുടെ എല്ലാ അടവുകളും അറിയാവുന്നതുമായ അത്തരം ആളുകള്‍ അന്ന് റേഡിയോയിലൂടെ മലയാളത്തില്‍ നല്‍കിയിട്ടുള്ള ഫുട്‌ബോള്‍ കമന്ററികളാണ് അന്നത്തെ യുവതലമുറയെ ഫുട്‌ബോളിലേക്ക് ആകര്‍ഷിച്ച പ്രധാന ഘടകങ്ങളില്‍ ഒന്ന്. അത്രയ്ക്ക് മനോഹരമായും ആവേശം ഉയര്‍ത്തിയും ആണ് അവര്‍ ഫുട്‌ബോള്‍ മത്സരങ്ങളുടെ റണ്ണിങ് കമന്ററി പറഞ്ഞിരുന്നത്.

ഇന്നത്തേതുപോലെ ആധുനിക സൗകര്യങ്ങള്‍ ഉള്ള ഗ്രൗണ്ടുകള്‍ ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍, എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ മുളയും മറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച താല്‍ക്കാലിക ഗ്യാലറികളില്‍ ഇരുന്ന് പതിനായിരക്കണക്കിന് ആളുകളും റേഡിയോ കമന്ററിക്കായി കാതുകൂര്‍പ്പിച്ച് ലക്ഷക്കണക്കിന് മലയാളികളും ഫുട്‌ബോള്‍ മത്സരങ്ങള്‍ ആസ്വദിച്ചിരുന്നു.
യുഎസ്എസ്ആര്‍ ന്റെ ഇഗോര്‍ ബലനെവ്, റിനാറ്റ് ദസയെവ്, മിഖായേല്‍ ചെങ്കോ അലക്‌സി എന്നിവര്‍ ഫുട്‌ബോള്‍ പ്രേമികളായ മലയാളികളുടെ വീരാരാധനാ ലിസ്റ്റില്‍ ആദ്യം കയറിപ്പറ്റിയ യൂറോപ്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ ആയിരുന്നു .
ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയിരുന്ന വി പി സത്യന്‍, ഷറഫലി, സി.വി. പാപ്പച്ചന്‍, ഐ.എം. വിജയന്‍ തുടങ്ങിയ അക്കാലത്തെ ഇന്ത്യന്‍ ഫുട്‌ബോളിലെ മലയാളി അഭിമാന താരങ്ങളും നെഹ്‌റുട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി കളിച്ച് കാണികളുടെ പ്രശംസക്കും ആരാധനയ്ക്കും പാത്രമായിട്ടുണ്ട്. ആ കാലഘട്ടങ്ങളിലെ പ്രശസ്ത യൂറോപ്യന്‍ ടീമുകള്‍ ആയ യുഎസ്എസ്ആര്‍, ഹംഗറി, പോളണ്ട്, യുഗോസ്ലാവിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യ കളിക്കുമ്പോള്‍ വിജയിച്ചില്ലെങ്കിലും കൂടുതല്‍ ഗോള്‍ വഴങ്ങാതിരിക്കാനും ഒരു ഗോള്‍ എങ്കിലും മടക്കി അടിക്കുവാനും ഒരു സമനില എങ്കിലും പിടിക്കാന്‍ കഴിയണേ എന്നും മറ്റുമായിരുന്നു ഓരോ ഇന്ത്യക്കാരന്റെയും പ്രാര്‍ത്ഥന.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും സ്പാനിഷ് ലീഗും ഇന്ത്യന്‍ സോക്കര്‍ ലീഗും അരങ്ങുതകര്‍ക്കുന്ന ഈ കാലഘട്ടത്തില്‍ നിന്ന് പുറകോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ഗൃഹാതുരത്വം തുളുമ്പുന്ന മനോഹരമായ ഒരു ഓര്‍മ്മയാണെങ്കിലും വൈദ്യുതിയും ടെലിവിഷനും സോഷ്യല്‍ മീഡിയയും ഇല്ലാതിരുന്ന അക്കാലത്ത് ജീവിച്ചിരുന്നവര്‍ക്ക് വര്‍ഷങ്ങളുടെ ഇടവേളകളില്‍ മാത്രം വന്നുചേരുന്ന ഒരു സന്തോഷമായിരുന്നു നെഹ്‌റു ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവാരം ഉയര്‍ത്തുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയില്‍ഐഎസ്എല്‍ പോലുള്ള നിരവധി ടൂര്‍ണമെന്റുകളും, പരിശീലന പദ്ധതികളും നടപ്പാക്കിയിട്ടും യൂറോപ്യന്‍ ക്ലബ്ബുകളുടെ ലൈവ് മത്സരങ്ങള്‍ ടെലിവിഷനിലൂടെ ടെലികാസ്റ്റ് ചെയ്തിട്ടും ഇന്നും സങ്കടത്തോടെ പറയട്ടെ ഇന്ത്യന്‍ ഫുട്‌ബോള്‍ നിലവാരം പഴയതുപോലെ തുടരുന്നു. കല്‍ക്കത്തയിലും കേരളത്തിലും ഗോവയിലും വടക്ക് കിഴക്കൻസംസ്ഥാനങ്ങളിലും മാത്രം ആരാധകര്‍ ഉള്ള ഒരു ഇന്ത്യന്‍ കായികയിനമായാണ് ഇന്നും ഇന്ത്യയില്‍ ഫുട്‌ബോള്‍ അറിയപ്പെടുന്നത്.
ബാലനേവിനെയും, ദസായെവിനെയും, വി.പി. സത്യനെയും ആരാധിച്ചിരുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ ഇപ്പോള്‍ മെസ്സി, നെയ്മര്‍, ബൈജുങ് ബൂട്ടിയ എന്നിവരിലേക്ക് തലമുറ മാറ്റം നടത്തുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവാരത്തില്‍ ഒരു തലമുറ മാറ്റം അനിവാര്യമാണെന്നതാണ് യാഥാര്‍ത്ഥ്യം.






