അയ്യാസ്വാമിയും നാണുസ്വാമിയും

യോഗാഭ്യാസം ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണംചെയ്യുന്നതാണ് എന്ന് എല്ലാവരും പറയുന്നു. എന്നാല്‍ നാണു ആശാന്‍ അത് മനസ്സിന്റെ കാര്യമാണെന്നു കരുതുന്നു. ശരീരം വേണ്ടതുതന്നെ എന്നാല്‍ ആരോഗ്യവും നല്ല കരുത്തുമുള്ള ഒരാള്‍ക്ക് ചീത്ത മനസ്സുണ്ടായാല്‍ എന്തു ഗുണം?
ആരോഗ്യമില്ലാത്ത ദുര്‍ബ്ബലനായ ഒരു ശരീരമുള്ളവന് നല്ല മനസ്സുണ്ടായാലും ഫലമൊന്നുമില്ല. ഉദ്ദേശിച്ച കാര്യങ്ങളൊന്നും നിറവേറുകയില്ല.
അയ്യാസ്വാമികള്‍ യോഗാഭ്യാസം പഠിക്കാനെത്തുന്നവരെപ്പറ്റിയുള്ള എല്ലാ കാര്യങ്ങളും ചോദിച്ചറിയും. യോഗാഭ്യാസ പരിശീലനസമയത്ത് അയ്യാസ്വാമികള്‍ ഗൗരവക്കാരനാണ്. എന്നാല്‍ പിന്നീടുള്ള പെരുമാറ്റം ചങ്ങാതിയോടെന്നതുപോലെയായിരിക്കും.
തിരുവനന്തപുരത്ത് രാജഭരണകാര്യങ്ങളില്‍ ഉത്തരവാദിത്വമുള്ള ഒരുദ്യോഗസ്ഥനാണ് അയ്യാസ്വാമികള്‍. അതുകൊണ്ട് ജനങ്ങള്‍ക്കെല്ലാം ഏറെ ബഹുമാനവുമുണ്ട്. എന്നും അയ്യാസ്വാമികള്‍ എല്ലാവരോടും വളരെ സ്‌നേഹത്തോടെയാണ് പെരുമാറുക.

ചില ദിവസങ്ങളില്‍ ശിഷ്യനായ നാണുവിനെയും കൂട്ടി അയ്യാസ്വാമികള്‍ നടക്കാനിറങ്ങും. എവിടേക്കാണ് പോകുന്നതെന്നു പറയില്ല. എന്തിനാണ് പോകുന്നതെന്നും വെളിപ്പെടുത്തുകയില്ല. ശിഷ്യന്‍ ഒന്നും ചോദിക്കുകയുമില്ല.
അനുസരണം, ക്ഷമ, ഏതു പ്രസിസന്ധിയും നേരിടാനുള്ള മന: സാന്നിദ്ധ്യം എന്നിവ നാണുവില്‍നിന്നു പഠിക്കണം എന്നാണ് അയ്യാസ്വാമി മറ്റുള്ളവരോട് പറയുക. ശിഷ്യനായും സുഹൃത്തായും സഹചാരിയായും അയ്യാസ്വാമി നാണുവിനെ കൂടെ കൊണ്ടുനടന്നു.
ചില ദിവസങ്ങള്‍ അയ്യാസ്വാമി നാണുവിനെ വിളിച്ചുകൊണ്ട് മലയിലോ കടല്‍ക്കരയിലോ ചെല്ലും. രണ്ടുപേരും അവിടെ ഇരിക്കും. എത്ര സമയം എന്നൊരു കണക്കില്ല. ചിലപ്പോള്‍ പരസ്പരം ഒന്നും പറയില്ല. എന്നാല്‍ അയ്യാസ്വാമി മൗനമായി തന്നോട് സംസാരിക്കുകയാണെന്ന് നാണുവിന് തോന്നും. നാണു ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കുകയാണെന്ന് അയ്യാസ്വാമിയും കരുതും.
രാത്രിയും പകലും ചിലപ്പോള്‍ ഒരിടത്തുതന്നെയായിരിക്കും. ചിലപ്പോള്‍ അയ്യാസ്വാമി നാണുവിനോട് പറയും
”ഞാനൊരിടത്തേക്ക് പോവുകയാണ്. തിരിച്ചുവരുന്നതുവരെ ഇവിടെത്തന്നെയുണ്ടാവണം.”
സമയം പാതിരാത്രി കഴിഞ്ഞിരിക്കുന്നു. അയ്യാസ്വാമികള്‍ ഇപ്പോഴെങ്ങോട്ടാണ് പോകുന്നത്. നാണുസ്വാമി ചോദിക്കും.
”ഈ രാത്രിയില്‍ തനിച്ചെങ്ങോട്ടാണ് ഗുരുസ്വാമി പോകുന്നത്?”
ഉത്തരം പറയാതെ അയ്യാസ്വാമി ഇരുട്ടില്‍ ഇറങ്ങി അതില്‍ ലയിക്കും.
നേരം പുലരുന്നതുവരെ ഗുരുസ്വാമി വരുന്നതും കാത്ത് നാണുസ്വാമി ഒരുപോള കണ്ണടക്കാതെ കാത്തിരിക്കും. പ്രഭാതമായി. അയ്യാസ്വാമി വന്നില്ല. ഉച്ച കഴിഞ്ഞു വൈകുന്നേരമായി. എന്നാല്‍ അയ്യാസ്വാമി അന്നു രാത്രിയും പിറ്റെന്നു പകലും വന്നില്ല. എന്നാല്‍ യോഗ ഗുരു വരുന്നതുവരെ നാണു അതേ സ്ഥലത്തുതന്നെ ഭക്ഷണം കഴിക്കാതെ, ഉറങ്ങാതെ കാത്തിരുന്നു.
ഗുരു വരുമ്പോള്‍ തിന്നുവാന്‍ എന്തെങ്കിലും കരുതിയിട്ടുണ്ടാവും. അയ്യാസ്വാമിയുടെ കാര്യങ്ങളില്‍ നാണുസ്വാമിക്ക് നല്ല ശ്രദ്ധയുണ്ട്. അതുപോലെതന്നെ നാണുസ്വാമിയുടെ ലക്ഷ്യങ്ങളും കര്‍മ്മങ്ങളും അയ്യാസ്വാമി മാറിനിന്നു നിരീക്ഷിച്ചു. അയ്യാസ്വാമിയുടെ ഓരോ പരീക്ഷണങ്ങളിലും നാണുസ്വാമി ജയിച്ചു.
”ത്യാഗവും ക്ഷമയും തപസ്സിന്റെ ഭാഗമാണ്. ഈ തപസ്സ് ഭാവിയില്‍ ഗുണകരമായിത്തീരും.”
അയ്യാസ്വാമി ശിഷ്യനെ ഹൃദയത്തില്‍ ചേര്‍ത്ത് അനുഗ്രഹിച്ചു.

Author

109 Views
Scroll to top
Close
Browse Categories