ശ്രീനാരായണഗുരു മഹാനിഘണ്ടു

ശ്രീനാരായണ ധര്‍മ്മസംഘം:

1907 ല്‍ ഗുരു ജന്മദിന സന്ദേശമായി ഇപ്രകാരം പ്രസ്താവിച്ചിരുന്നു : വാസനയുള്ള യുവാക്കന്മാരെ തെരഞ്ഞെടുത്തു ബ്രഹ്‌മചാരികളായി സ്വീകരിച്ചു പഠിപ്പിച്ചു അവരില്‍ പഠിപ്പും യോഗ്യതയുമുള്ളവര്‍ക്കു സന്യാസം നല്‍കി പരോപകാരാര്‍ത്ഥം പ്രയത്‌നിക്കുവാന്‍ വിട്ടയയ്ക്കുകയും ചെയ്യുക. ഈ ആശയം വളരെക്കാലം ഗുരുവില്‍ നിലനിന്നു. അത് അവസാനരൂപമെടുത്തത് 1928 ലാണെന്നു മാത്രം. അതൊരു മഹാപ്രസ്ഥാനമായി മാറിയിരിക്കുന്നു. ശിവഗിരിയാണ് ആസ്ഥാനം.

ധര്‍മ്മസംഘത്തിന്റെ രൂപീകരണത്തിനായി ഗുരുമഠങ്ങളില്‍ നിന്നുള്ള ശിഷ്യന്മാരെല്ലാം 1928 ജനുവരി 9 ന് തൃശൂര്‍ ആശ്രമത്തില്‍ (കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വരക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്നു) എത്തിച്ചേര്‍ന്നു. ജാതിഭേദം കൂടാതെ ഒരു സംഘടനയെന്ന ആശയമാണ് ധര്‍മ്മസംഘം രൂപീകരണത്തിനു പിന്നിലെ ആശയം. ജാതിഭേദം മതദ്വേഷം എന്ന ആശയം ശിഷ്യസമൂഹത്തില്‍ പ്രാബല്യത്തില്‍ വരുത്താന്‍ കഴിഞ്ഞു. കേരളത്തിലെ മിക്ക ജാതിയില്‍പ്പെട്ടവരും ഗുരുവിന്റെ ശിഷ്യസംഘത്തിലുണ്ടായിരുന്നു. പ്രഥമശിഷ്യന്‍ ശിവലിംഗദാസസ്വാമികള്‍ നായര്‍ സമുദായാംഗമായിരുന്നു. സന്യാസിയാകാന്‍ വേണ്ട യോഗ്യത ത്യാഗവും പരോപകാരവുമാണെന്നു ഗുരു പ്രവൃത്തിയിലൂടെ കാണിച്ചുതന്നു. ഏണസ്റ്റ് കെര്‍ക്ക് എന്ന ഇംഗ്ലീഷ്‌കാരന്‍ സന്യാസസംഘത്തില്‍ ചേര്‍ന്നപ്പോള്‍ സ്വന്തം പേരും വസ്ത്രധാരണവും സന്യാസിവേഷമെന്നു കരുതി ഉപയോഗിക്കുന്നതിനു അനുവാദം കൊടുത്തു.

പരോപകാരികളും ത്യാഗശീലരുമായ സന്യാസികളുടെ സംഘമാണ് ഗുരുവിന്റെ മനസ്സിലുണ്ടായിരുന്നത്. വേഷത്തിലല്ല പ്രവൃത്തിയിലാണ് സന്യാസം സഫലീകരിക്കേണ്ടത് എന്നു ഗുരു സദാ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. അവിടെവെച്ചു നടന്ന സംഭാഷണങ്ങള്‍ക്കിടെ സ്വാര്‍ത്ഥത വെടിഞ്ഞു പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവൃത്തി ചെയ്യുന്നവര്‍ സന്യാസിമാരെന്നു ഗുരു നിര്‍വചിച്ചു. ഇത്തരം സന്യാസിമാരുടെ സംഘം രൂപപ്പെടുത്താന്‍ ആവശ്യമായ നിയമനിര്‍മ്മാണത്തിനു സി. കൃഷ്ണന്‍ വക്കീല്‍, അയ്യാക്കുട്ടി ജഡ്ജി, കൊറ്റിയത്തു രാമുണ്ണി എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. ആയിടെയാണ് ഗുരുവിന്റെ ശിഷ്യസംഘത്തിലേക്ക് സി. പരമേശ്വരമേനോന്‍ എന്ന തൃശൂര്‍ സ്വദേശിയായ വക്കീലെത്തുന്നത്. സന്യാസസംഘം രൂപീകരണത്തിന്റെ നിയമനടപടികള്‍, അദ്ദേഹം ഏറ്റെടുത്തു. കൂര്‍ക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിലെ ആശ്രമത്തിലെത്തിയ ശിഷ്യന്മാര്‍ പലവിധ ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനത്തിലെത്തി. 1928 ജനുവരി 10ന് ധര്‍മ്മസംഘം നിയമാവലിയില്‍ ബോധാനന്ദസ്വാമികള്‍ മുതല്‍ 11 പേര്‍ ഒപ്പുവച്ചു. .
സംഘത്തിന്റെ ഉദ്ദേശ്യങ്ങള്‍

  1. ഒരു ജാതി ഒരു മതം ഒരു ദൈവം എന്നുള്ള തത്ത്വത്തെ ആദര്‍ശമായി വഴികാണിച്ചു ജാതിഭേദവും മതദ്വേഷവും ഇല്ലാതെ ജനങ്ങളുടെ ഇടയില്‍ സാഹോദര്യം വര്‍ദ്ധിപ്പിക്കുക.
  2. ജനങ്ങളുടെ ആദ്ധ്യാത്മികവും വിദ്യാഭ്യാസ സംബന്ധവും സാമുദായികവും സാമ്പത്തികവുമായ അഭിവൃദ്ധിക്കും പൊതുക്ഷേമത്തിനും പരിശ്രമിക്കുക.
  3. പ്രവര്‍ത്തകരെ പൊതുക്ഷേമത്തിന് ശേഖരിച്ച് ലോകോപകാരാര്‍ത്ഥം യത്‌നിക്കുവാന്‍ ശീലിപ്പിക്കുക.
  4. സംഘം വക പ്രവര്‍ത്തികള്‍ക്കാവശ്യമായ അംഗീകാരങ്ങളും അവകാശങ്ങളും സ്വത്തുക്കളും സമ്പാദിക്കുകയും വിനിയോഗിക്കുകയും സ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യുകയും മറ്റു വിധത്തില്‍ പെരുമാറുകയും ചെയ്യുക.
  5. സംഘത്തിന്റെ ഉദ്ദേശ്യങ്ങള്‍ സാധിക്കുന്നതിന് ആവശ്യമായ എല്ലാ പ്രവൃത്തികളും ചെയ്യുക.

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് :

ശ്രീനാരായണസന്ദേശങ്ങള്‍, ബ്രഹ്‌മവിദ്യ എന്നിങ്ങനെ തത്വങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച ശ്രീനാരായണധര്‍മ്മസംഘം പിന്നീട് 1959ലെ കേരള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ട്രസ്റ്റ് ആയി രൂപംമാറി. ഇതിന്റെ ആസ്ഥാനം ശിവഗിരിയാണ്. ട്രസ്റ്റിന്റെ ഭരണഘടന 1959 മാര്‍ച്ചില്‍ ഹൈക്കോടതി അംഗീകരിച്ചതിന്‍ പ്രകാരമാണ്. ഇതു മുതല്‍ ധര്‍മ്മസംഘം പബ്ലിക് ട്രസ്റ്റ് ആയി. ട്രസ്റ്റിലെ അംഗങ്ങളാണ് ഭരണം നിര്‍വ്വഹിക്കുന്നതിന് പരമാവധി 11 അംഗങ്ങളുള്ള ബോര്‍ഡിനെ തെരഞ്ഞെടുക്കുന്നത്. കാലാവധി 4 വര്‍ഷം.

ശ്രീനാരായണധര്‍മ്മ പരിപാലനയോഗം :

(എസ് എന്‍ ഡി പി )ശ്രീനാരായണഗുരുവിന്റെ ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാനും പ്രാവര്‍ത്തികമാക്കാനും ലക്ഷ്യം വെച്ച് രൂപീകരിച്ചതാണ് എസ് എന്‍ ഡി പി യോഗം. ഗുരുവിന്റെ തപസ്യജീവിതം ലോകസേവക്കായി മാറുന്ന ഘട്ടത്തിലാണ് യോഗം രൂപംകൊള്ളുന്നതെന്ന് ആശാന്‍ വ്യക്തമാക്കുന്നു. ശ്രീനാരായണ ഗുരുവിനുവേണ്ടി കുമാരനാശാന്‍ തയ്യാറാക്കി അയച്ച ക്ഷണക്കത്തനുസരിച്ച് കേരളത്തിന്റെ നാനാഭാഗത്തു നിന്നുള്ള ഈഴവപ്രമാണികള്‍ 1902 ഡിസംബറില്‍ തിരുവനന്തപുരത്ത് കുന്നുകുഴിയിലുള്ള കമലാലയം ബംഗ്ലാവില്‍ ഒത്തുചേര്‍ന്നു. ഒപ്പം അരുവിപ്പുറം യോഗത്തിലെ അംഗങ്ങളും ചേര്‍ന്നു. അന്നത്തെ തീരുമാനമാണ് 1903ലെ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം രൂപീകരണത്തിലെത്തിയത്. തുടര്‍ന്ന് 1903 മാര്‍ച്ച് 28ന് കമ്പനി നിയമപ്രകാരം എസ്.എന്‍.ഡി.പി. യോഗം രജിസ്റ്റര്‍ ചെയ്തു. യോഗം നിയമാവലിയുടെ 17-ാം വകുപ്പുപ്രകാരം ശ്രീനാരായണ ഗുരുസ്വാമികള്‍ ആജീവനാന്ത സ്ഥിരാദ്ധ്യക്ഷനാണ്. യോഗം നിയമാവലി 5-ാം വകുപ്പു പ്രകാരം ശ്രീനാരായണദര്‍ശനത്തില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും ജാതിമതഭേദമന്യേ അംഗത്വം ലഭിക്കുമെന്നു വ്യവസ്ഥപ്പെടുത്തുന്നു. അരുവിപ്പുറം ക്ഷേത്രത്തിലും അനുബന്ധക്ഷേത്രങ്ങളിലും ആധ്യാത്മിക കാര്യങ്ങളും ഉത്സവാദികളും ഭംഗിയായി നിറവേറ്റുക, ഈഴവസമുദായത്തിന്റെ വൈദികവും ലൗകികവുമായ വിദ്യാഭ്യാസം, കൃഷി, കച്ചവടം, വ്യവസായം എന്നിവയുടെ അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കുക, ക്ഷേത്രം സന്യാസിമഠം, പള്ളിക്കൂടം, സഹായധനം എന്നിവ ഇതിലേക്കായി ഏര്‍പ്പെടുത്തുക എന്നിവയായിരുന്നു ആദ്യകാല പ്രഖ്യാപിത ലക്ഷ്യങ്ങള്‍. 1079 മകരം 30, കുംഭം 1 തീയ്യതികളില്‍ യോഗത്തിന്റെ പ്രഥമവാര്‍ഷിക പൊതുയോഗം അരുവിപ്പുറം ക്ഷേത്രം വക ഹാളില്‍ നടന്നു. ആദ്യ ദിവസം പൊതുസമ്മേളനവും രണ്ടാം ദിവസം വനിത സമ്മേളനവും നടന്നു.
(വാവൂട്ടുയോഗം, അരുവിപ്പുറം യോഗം കാണുക)

Author

123 Views
Scroll to top
Close
Browse Categories