ധ്യാനമനനങ്ങള്‍ക്കൊരിടം

മരുത്വാമല കയറി മുകളിലെത്തി. അടിവാരത്തുനിന്നും കണ്ട രൂപഭാവങ്ങളല്ല അതിനുള്ളതെന്നു മനസ്സിലായി. വനത്തിന്റെ സ്വഭാവത്തില്‍ പകലും രാത്രിയും വ്യത്യാസമുണ്ട്.

വന്‍മരങ്ങള്‍ ആകാശം ലക്ഷ്യമാക്കി വളരുന്നു. പൂത്തും കായ്ച്ചും നില്‍ക്കുന്ന ഇടത്തരം വൃക്ഷങ്ങള്‍ക്കിടയില്‍ കുറ്റിച്ചെടികള്‍. എങ്ങും പടര്‍ന്നുകയറി ചുറ്റിപ്പിണഞ്ഞ് നിഗൂഢത സൂക്ഷിക്കുന്ന വള്ളിക്കെട്ടുകള്‍. പച്ചിലപ്പടര്‍പ്പുകളാല്‍ ഭൂമിയെ പൊതിഞ്ഞുസൂക്ഷിക്കുന്ന പ്രകൃതി. കാറ്റിന്റെ നിശ്വാസവും കിളികൂജനങ്ങളും കാടിന്റെ നിത്യനിശ്ശബ്ദതയില്‍ ലയിച്ചുചേരുന്നു.
താപസഭൂമിപോലെ പരിശുദ്ധമായ പരിസരം തേടിനടന്നു ഏകാന്ത സങ്കേതത്തിലെത്തിയിരിക്കുന്നു. പിള്ളത്തടം ഗുഹ കണ്ടപ്പോള്‍ നാണുസ്വാമിക്കു തോന്നി. സുരക്ഷയ്ക്കായി കയറിക്കിടക്കാനൊരിടം. മഴയും വെയിലും മഞ്ഞും കൊള്ളാതെ കഴിയാം.
ഭൂമി മുഴുവന്‍ തനിക്കു കീഴെയാണെന്ന ഭാവത്തിലാണ് മരുത്വാമല ഉയര്‍ന്നുനില്‍ക്കുന്നത്. അവിടെനിന്നു നോക്കിയപ്പോള്‍ വിശ്വവിശാലത എത്ര മനോഹരമാണ് എന്നറിഞ്ഞു. അത്രത്തോളം മനസ്സ് വലുതാവണം. പരിമിത വീക്ഷണവും സങ്കല്പങ്ങളും ആവശ്യങ്ങളും വിട്ടൊഴിഞ്ഞുപോയി.
തപസ്സിനു പറ്റിയ സ്ഥലം. പുരാണേതിഹാസങ്ങളിലെ കഥകളില്‍ തപസ്സനുഷ്ഠിച്ച് വരംനേടിയവരെപ്പറ്റിയുള്ള കഥകളുണ്ട്. ഏതു ദേവനാണ് പ്രത്യക്ഷനായി വരംനല്‍കുക? എന്തു വരമാണ് ചോദിക്കേണ്ടത്?
വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി തീവ്രതപസ്സനുഷ്ഠിച്ച് ലോകത്തിനു ഭീഷണിയായി മാറിയ അസുരന്മാരുടെ കഥകളുണ്ട്. വരലബ്ധിയിലൂടെ ശക്തരായിമാറിയവര്‍ക്ക് സ്വാര്‍ത്ഥചിന്തകളേയുണ്ടായിരുന്നുള്ളു.
ത്യാഗത്തിന്റെ അവതാരമായിരുന്ന സിദ്ധാര്‍ത്ഥരാജകുമാരന്റെ ഏകാന്തവാസത്തിന്റെയും പൂര്‍ണ്ണ പരിണാമത്തിന്റെയും കഥകള്‍ മനസ്സിലുണ്ട്. വീടും നാടും ഉപേക്ഷിച്ചിറങ്ങിയ രാജകുമാരനെപ്പോലെ തന്നെ താനും. കുടുംബം, ബന്ധുമിത്രാദികള്‍, ജീവിതത്തിലേക്ക് കടന്നുവരാന്‍ കാത്തുനിന്ന കന്യക. എല്ലാവരെയും ഉപേക്ഷിച്ചു.
മരുത്വാമലയിലെ ദിവ്യസങ്കേതത്തിലെത്തിയപ്പോള്‍ ശരീരത്തില്‍ നിന്നും വസ്ത്രങ്ങള്‍ എന്നതുപോലെ മനസ്സില്‍നിന്നും വ്യക്തിപരമായ എല്ലാ താല്പര്യങ്ങളും മോഹങ്ങളും അഴിഞ്ഞ് ഊര്‍ന്നിറങ്ങി മലയടിവാരത്തിലേക്ക് കറുത്ത അരുവിപോലെ ഒഴുകി മണ്ണില്‍ ലയിച്ചമര്‍ന്നു.
തെളിഞ്ഞ മനസ്സില്‍ ദിവ്യാനുഭൂതി നിറഞ്ഞു. പ്രകൃതിയും പുരുഷനും ഭേദമില്ലാത്ത അവസ്ഥ പ്രകൃതിയുടെ അംശമായി മാറിയതുപോലെ തോന്നി.ഇഴഞ്ഞെത്തിയ സന്ധ്യയ്‌ക്കൊപ്പം ഇരുളും കൂട്ടുചേര്‍ന്നുവന്നു. കാടിന്റെ കാഴ്ചകള്‍ ഇരുട്ട് കണ്ണില്‍നിന്നും മറച്ചുപിടിച്ചു. എന്നാല്‍ ഇരതേടിയിറങ്ങിയ മൃഗങ്ങളുടെ മുരള്‍ച്ചയും ഓട്ടവും ചാട്ടവും കീഴ്‌പ്പെട്ടതിന്റെ വിലാപങ്ങളും ചുറ്റും ഉയര്‍ന്നുകേട്ടു.
ഭക്ഷണമൊന്നും കഴിച്ചില്ല. ഉപവാസത്തിന്റെ രാത്രിയാവട്ടെ. സമാധാനിച്ചു. പിള്ളത്തടം ഗുഹയില്‍ കിടക്കാം. നേരത്തെ പറിച്ചുവെച്ച പുല്ലെടുത്ത് ഗുഹയ്ക്കകത്തെ മണ്ണില്‍ വിരിച്ചു. അതിലിരുന്നു യോഗാസനങ്ങള്‍ ചെയ്തു. പതിവുമുടക്കിയില്ല. ധ്യാനത്തിനു ശേഷം അവിടെത്തന്നെ നീണ്ടുനിവര്‍ന്നു കിടന്നു.
ഉറക്കംവന്നു കണ്ണുകളെ ചേര്‍ത്തടച്ചു. ഗുഹാമുഖത്ത് നേര്‍ത്ത മുരള്‍ച്ചയും കരിയിലകള്‍ അമര്‍ന്നുപൊടിയുന്നതിന്റെ ശബ്ദവും കേട്ടു. കണ്ണുതുറന്നു ചെരിഞ്ഞുകിടന്നു ഗുഹാമുഖത്തേക്ക് നോക്കി.
നിറഞ്ഞ നിലാവ് ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ ഭൂമിയിലേക്ക് ഒഴുകുന്ന പ്രകാശബിന്ദുക്കള്‍. നേര്‍ത്ത മഞ്ഞലകള്‍ തിരശ്ശീലയായി കാണപ്പെടുന്നു. ആ ഗുഹാമുഖത്ത് ഒരു പുലി വന്നുനില്‍ക്കുന്നു.
അതിന്റെ ആവാസസ്ഥാനമാവാം ഇത്. എന്തുചെയ്യും? എഴുന്നേറ്റ് മാറാനിടമില്ല. രാത്രിയില്‍ ഇരപിടിച്ച് വയറുനിറച്ചു വന്നിരിക്കുകയാണ്. ഇവിടെ വിശന്ന് ഒട്ടിയവയറുമായിക്കിടക്കുന്ന മനുഷ്യന്‍ എന്തുചെയ്യും. എങ്ങോട്ടും പോവാനാവില്ല.
നാണുസ്വാമി യോഗനിലയില്‍ ശവാസനത്തില്‍ ഗുഹയ്ക്കകത്തു നീണ്ടു നിവര്‍ന്നു കിടന്നു.
പുലി പരിസര നിരീക്ഷണം നടത്തി പിന്നെ ഗുഹയ്ക്കകത്തു കിടക്കുന്ന ആളെ സൗമ്യമായി ദയാപൂര്‍വ്വം നോക്കി. പുലി ഗുഹയ്ക്കകത്തേക്കു കടന്നു പതിഞ്ഞ കാല്‍വെപ്പുകളോടെ മുന്നോട്ടുനടന്നു.
എല്ലാം അറിയുന്നുണ്ടായിരുന്നു. ഇണങ്ങിയ ഒരു പൂച്ചയെപ്പോലെ പുലി ഗുഹയ്ക്കകത്ത് കയറി ഒതുങ്ങി മാറിക്കിടന്നു.
അഹിംസ വ്രതമായി സ്വീകരിച്ച ഒരാളെ എന്തിനു ഭയപ്പെടണം. അന്നു രാത്രി യോഗിയായ നാണുസ്വാമിയും പുലിയും പിള്ളത്തടം ഗുഹയില്‍ സുഖമായുറങ്ങി.
കാലത്ത് പുലി എഴുന്നേറ്റ് തലയും താഴ്ത്തി ഗുഹയില്‍നിന്നും പുറത്തിറങ്ങിപ്പോകുന്നതു കണ്ടു. അപ്പോള്‍ പതഞ്ജലിയോഗസൂത്രത്തിലെ ഒരു ശ്ലോകം ഓര്‍മ്മയിലെത്തി.
”അഹിംസാ പ്രതിഷ്ഠായാം തത് സന്നിധൗ വൈരത്യാഗഃ” അഹിംസയില്‍ നിഷ്ഠവന്ന ഒരാളുടെ സന്നിധിയില്‍ വൈരം-ശത്രുത-ഇല്ലാതാകും.
പതഞ്ജലി മഹര്‍ഷിയുടെ അമൃതമൊഴികള്‍ അനുഭവമായി മാറിയിരിക്കുന്നു. യുവയോഗി മനസ്സുകൊണ്ട് ആചാര്യപ്രണാമംചെയ്തു.
പുലി ഗുഹവിട്ടിറങ്ങിപ്പോയതേയുള്ളു. അപ്പോഴുണ്ട് ഒരു പുതിയ അവകാശി കടന്നുവരുന്നു. ഒരു പാമ്പ്. അപ്രതീക്ഷിതമായി തന്റെ വാസസ്ഥാനത്ത് ഒരു മനുഷ്യനെ കണ്ട് പാമ്പ് നിന്നു. തലയുയര്‍ത്തിനോക്കി. താനാരാണെന്നു കാണിക്കാനെന്നതുപോലെ പത്തി വിരിച്ചു മുന്നോട്ടാഞ്ഞു. എന്നാല്‍ പെട്ടെന്നു തന്നെ പത്തി താഴ്ത്തി ഇഴഞ്ഞ് അതിന്റെ പൊത്തില്‍ കയറിപ്പോയി.
അന്നുമുതല്‍ പിള്ളത്തടത്തില്‍ യുവയോഗിയും പുലിയും പാമ്പും സുഹൃത്തുക്കളായി കഴിഞ്ഞു. മരുത്വാമലയില്‍നിന്നും ധ്യാനമനനങ്ങളുടെ തപസ്സു കഴിഞ്ഞ് ഇറങ്ങിവരുന്നതുവരെ പിള്ളത്തടം ഗുഹയില്‍ പരസ്പരം അറിഞ്ഞും സ്‌നേഹിച്ചും മാനിച്ചും അവര്‍ ഒരുമിച്ച് ജീവിച്ചു.
ആരും ആരെയും ഭയന്നില്ല. അല്ലെങ്കില്‍ ഭയമെന്തെന്ന് ആരും അറിഞ്ഞില്ല.

Author

Scroll to top
Close
Browse Categories