ചിരിയിലലിഞ്ഞ സലിം കുമാർ
ചിരിയലകളിലേറി ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും മണ്ണിൽ കാലുറപ്പിച്ച് ഇന്നലെകളെ നിരന്തരം ഓർത്തുകൊണ്ടിരുന്ന പച്ച മനുഷ്യനായിരുന്നു സലിംകുമാർ. പറയാനുള്ളതൊന്നും ബാക്കി വയ്ക്കാതെയാണ് സലിം കുമാർ യാത്രയായത്. വാനിൽ തെളിയുന്ന താരങ്ങൾക്ക് സമാനമായി മാറുന്ന സിനിമാ താരങ്ങൾ പലപ്പോഴും രാഷ്ട്രീയ – സാമൂഹിക വിമർശനങ്ങളിൽ നിന്ന് അകന്നു നിൽക്കുമ്പോഴും അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തനായിരുന്നു സലിം കുമാർ.

ഓർത്തോർത്ത് ചിരിക്കാനുള്ള അനേകം കഥാപാത്രങ്ങൾ മാത്രമല്ല, ഇടനെഞ്ച് വിങ്ങുന്ന ഓർമകളിലേക്ക് നമ്മെ കൈപിടിച്ച് കൂട്ടുന്ന ഒട്ടേറെ അഭിനയ മുഹൂർത്തങ്ങളും മനസിന്റെ അഭ്രപാളിയിൽ അവശേഷിപ്പിച്ചാണ് സലിംകുമാർ വിടവാങ്ങിയത്. മായാവിയിലെ കണ്ണൻ സ്രാങ്കും പുലിവാൽ കല്യാണത്തിലെ മണവാളനും മീശമാധവനിലെ ലുക്കില്ലാത്ത വക്കീലും എന്നു വേണ്ട പുതുകാല ട്രോളുകളെ പോലും ചിരിയുടെ നടവഴികളിലേക്കാനായിക്കുന്ന ഒട്ടേറെ ഹാസ്യ വേഷങ്ങൾ കൈരളിയ്ക്ക് സമ്മാനിച്ച സലിം കുമാർ തന്നെയാണ്, ആദാമിന്റെ മകൻ അബുവായും അച്ഛനുറങ്ങാത്ത വീട്ടിലെ സ്വയമുരുകി തീരുന്ന പിതാവായും ഗ്രാമഫോണിലെ തബല ഭാസ്ക്കരനായും നമുക്ക് മുന്നിലെത്തിയത്. മികച്ച ഹാസ്യ നടൻ എന്ന അവാർഡ് ഏറ്റുവാങ്ങിയ കൈയാൽ തന്നെ ദേശീയ തലത്തിലെ മികച്ച നടനായും സംസ്ഥാനത്തെ രണ്ടാമത്തെ നടനായും അവാർഡുകൾ സ്വന്തമാക്കി, ഈ മൂന്നു പുരസ്കാരങ്ങളും ഏറ്റുവാങ്ങുന്ന കേരളത്തിലെ ആദ്യ വ്യക്തിയെന്ന നിലയിലും റെക്കോർഡിട്ടാണ് സലിം കുമാർ ഉയരങ്ങളിലേക്ക് പടർന്നത്.

കഷ്ടതകളുടെ
ബാല്യ കൗമാരങ്ങൾ
കഷ്ടതകളുടെ ബാല്യ കൗമാരങ്ങൾ സമ്മാനിച്ച പ്രതിസന്ധിയുടെ തീച്ചൂളയിൽ നിന്നാണ് സലിംകുമാർ, നാട്ടു കൂട്ടങ്ങളെ നിർത്താതെ ചിരിപ്പിക്കാൻപോന്ന കലാകാരനായി വളർന്നത്. ചിരിപ്പിക്കലാണ് ഏറ്റവും പ്രയത്നമെന്നതിനാൽ തന്നെ മറ്റ് വേഷങ്ങളെല്ലാം അനായാസേന എടുത്തണിഞ്ഞ് സലിം കുമാർ വളരെ വേഗത്തിൽ തന്നെ ഇരുത്തം വന്ന കലാകാരനായി മലയാള സിനിമയുടെ പൂമുഖത്ത് കസാരയിട്ട് ഇരുപ്പുറപ്പിച്ചു. അപ്പോഴും മറ്റ് താരങ്ങളെ പോലെ സലിം കുമാർ, വേരുകളെ പാടെ മറന്നില്ല. പൊക്കാളി കൃഷിയിറക്കിയ ചേറു പാടത്തിൽ വേരു പടർത്തി, ഉറച്ച രാഷ്ട്രീയ നിലപാടുകൾ വ്യക്തതയോടെ പറഞ്ഞ്, പാർശ്വവത്ക്കരിക്കാൻ വെമ്പുന്ന വരേണ്യ നിലപാടുകൾക്കെതിരേ ശബ്ദമുയർത്തി തന്നെ സലിം കുമാർ അവസാന നിമിഷം വരെ കലഹിച്ചു; ചേർത്തു നിർത്തേണ്ടതിനെയെല്ലാം പുണർന്ന് സ്നേഹമതിലായി സ്വയംമാറി സംരക്ഷണം തീർത്തു. സലിം കുമാർ അരങ്ങൊഴിഞ്ഞതോടെ അനുഭവഭേദ്യമാകുന്ന വേദനാജനകമായ നിശബ്ദത, അദ്ദേഹം എത്രമേൽ അനിവാര്യമായിരുന്നുവെന്നതിനെ കൂടിയാണ് അടയാളപ്പെടുത്തുന്നത്.
തെങ്കാശി പട്ടണത്തിലൂടെയാണ് സലിം കുമാർ പ്രേക്ഷക മനസുകളിലേക്ക് ചിരിനൂലിലൂടെ കെട്ടിയിറങ്ങി സ്ഥിര പ്രതിഷ്ഠ നേടിയത്. പിന്നീടിങ്ങോട്ടുള്ള ഹാസ്യ പ്രധാന മലയാള സിനിമയുടെ ചരിത്രം സലിം കുമാറിന്റേത് കൂടിയാണ്. കുഞ്ഞുനാളിലെ ഉള്ളിലൂറി കൂടിയ ആഗ്രഹത്തിന് വർണ്ണ ചിറക് മുളച്ചുളള കുതിപ്പായിരുന്നു സലിം കുമാറിന് തെങ്കാശിപ്പട്ടണത്തിന്റെ വിജയം. നിർവ്വചിക്കപ്പെട്ട താര സങ്കൽപങ്ങളുടെ ഏഴയലത്ത് പോലും എത്തിപ്പെടാൻ യോഗ്യതയില്ലാത്ത തരത്തിൽ, കറുത്തു മെലിഞ്ഞ് കവിളൊട്ടിയ ബാലന്റെ സിനിമാഭിനയ മോഹത്തിന് നേരെ പെറ്റമ്മ പോലും കണ്ണടച്ചത് സ്വാഭാവികം.
കുഞ്ഞു നാളിൽ മനസകത്ത് കത്തിച്ചു വെച്ച ആഗ്രഹതിരി വളരും തോറും പ്രോജ്ജ്വലമാക്കി, അവസാനം തലമുറകളിലേക്ക് പടർന്ന ചിരിതെളിച്ചമാക്കി മാറ്റാൻ സലിം കുമാർ സഹിച്ച ത്യാഗനിർഭര ജീവിതമാണ് കാലത്തിന്റെ പാഠപുസ്തകം.
മിമിക്രിയെ
ചേർത്ത് നിർത്തി
നിരീക്ഷണ പാടവത്തിലൂടെ സ്വായത്തമാക്കിയ അനുകരണ കലയുടെ സാധ്യതയും സ്വാധീനവും ഉപയോഗപ്പെടുത്തി, വലിയൊരാഗ്രഹമായിരുന്ന മഹാരാജാസിലെ പഠനമെന്ന കടമ്പ, മാർക്ക് കുറഞ്ഞിട്ടും സാധിച്ചെടുത്ത സലിം കുമാർ ദേശീയ അവാർഡ് കൈയേന്തിയിട്ടും മിമിക്രിയെ കൈവിട്ടില്ല. മിമിക്രിക്കാരെ മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്താൻ ‘ജാഗ്രത ‘ പാലിച്ചു പോന്ന താരജാഡയുടെ അയിത്ത നിലപാടറിഞ്ഞു വളർന്നതിലാകണം, സലിം കുമാർ എപ്പോഴും അനുകരണ കലയെ ചേർത്ത് നിർത്തി. തനിക്ക് ലഭിച്ച ദേശീയ അവാർഡ്, മിമിക്രി കലാകാരൻമാരെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തിയ മതിൽക്കെട്ട് പൊളിച്ചു മാറ്റാൻ പര്യാപ്തമായതാണെന്ന്, അവാർഡ് പ്രഖ്യാപനത്തിനൊപ്പം തന്നെ സലിം കുമാറും പ്രഖ്യാപിച്ചു.

2011 മെയ് 22 നായിരുന്നു, ‘ആദാമിന്റെ മകൻ അബു’വെന്ന നവാഗത സംവിധായക സിനിമയിലെ നായക വേഷത്തിലൂടെ സലിം കുമാറിനെ തേടി ദേശീയ അവാർഡ് പ്രഖ്യാപനമെത്തിയത്. ഹാസ്യ നടൻമാർ ചിരിപ്പിക്കാൻ മാത്രം പിറന്നവരാണെന്ന പൊതു ചിന്തയ്ക്ക് നേരെ വിരൽ ചൂണ്ടിയാണ് അന്ന്, ആ മതിൽ താൻ പൊളിച്ചു മാറ്റിയെന്ന ആത്മവിശ്വാസത്തിലൂന്നിയ പ്രഖ്യാപനം സലിം കുമാർ നടത്തിയത്. ഇതോടെ ചിരി പടർത്തിയ അഭിനയമുഖങ്ങളിലെല്ലാം തങ്ങൾ രണ്ടാംകിടക്കാരല്ലെന്നും മികച്ച നടൻമാരായി അംഗീകരിക്കപ്പെടാൻ കെൽപ്പുളളവരാണെന്നുമുളള ആർജവം നിഴലിച്ചു. പലരും മികച്ച വേഷങ്ങൾ കൈനീട്ടി വാങ്ങി സഹൃദയ അംഗീകാരത്തിന്റെ കൈയടികൾ ഏറ്റുവാങ്ങി. സലിം കുമാർ പൊളിച്ചുമാറ്റിയ മതിലിന്റെ വിടവിലൂടെ പടർന്ന്, സുരാജ് വെഞ്ഞാറമൂടും ഇന്ദ്രൻസും അടക്കമുള്ളവർ മികച്ച നടൻമാർക്കുളള അവാർഡുകൾ ഏറ്റുവാങ്ങി.
കല്യാണ പിറ്റേന്ന് ക്ഷണം
പ്രീഡിഗ്രി കാലത്താണ് സലിം കുമാറിൽ പ്രണയം മൊട്ടിട്ടത്. ട്യൂഷൻ ക്ലാസിൽ കണ്ടുമുട്ടിയ സുനിതയോടുള്ള സൗഹൃദം വളരെ വേഗം പ്രണയത്തിലേക്ക് വഴിമാറി. ഉറച്ച നിലപാട് ജീവിതത്തിലുടനീളം പിന്തുടർന്ന സലിംകുമാർ, പ്രണയിച്ച പെണ്ണിന് തന്നെ മിന്ന് ചാർത്തി. 1996 സെപ്തംബർ 14നായിരുന്നു വിവാഹം. മിമിക്രി വിട്ടൊരു കളിയുമില്ലാത്ത സലിം കുമാറിന്റെ കല്യാണ തലേന്നും വീട്ടിൽ ഗാനമേള -മിമിക്രി സംഘങ്ങൾ പുതു നമ്പറുകളുമായി തകർത്താടി. അതുവരെ നാലാളറിയുന്ന നടനായി മാറിയിട്ടില്ലാത്ത സലിം കുമാറിനെ തേടി പ്രൊഡക്ഷൻ കൺട്രോളർ ഭാര്യാവീട്ടിലെത്തിയത് കല്യാണ പിറ്റേന്ന്. ‘ ഇഷ്ടമാണ് നൂറു വട്ടമെന്ന സിനിമയുടെ സെറ്റിലേക്ക് ക്ഷണിക്കാനും ഡേറ്റ് ഉറപ്പിക്കാനുമായിരുന്നു ആ വരവ്. അതിൽ തുടങ്ങി തെങ്കാശി പട്ടണത്തിലൂടെ അർമാദിച്ച് പൊട്ടിച്ചിരിയുടെ മാലപടക്കം പൊട്ടിച്ച് സലിം കുമാർ പ്രേക്ഷക മനസിൽ ചിരപ്രതിഷ്ഠ നേടിയത് ചരിത്രം.

അമ്മയായിരുന്നു എല്ലാം
താനില്ലാതായാലും അമ്മയുടെ പേര് നിലനിൽക്കണമെന്ന് ആഗ്രഹിക്കുവോളം സലിം കുമാറിന് അമ്മയായിരുന്നു എല്ലാം. സിനിമാ നടനാകണമെന്ന അടങ്ങാത്ത ആഗ്രഹം ബാലമനസിൽ തിരതല്ലി ആർത്തപ്പോഴും അമ്മയോട് തന്നെയാണ് ആദ്യം പങ്കുവെച്ചത്. ഏത് ആംഗിളിൽ കാമറ വെച്ചാലും സൗന്ദര്യശിൽപ്പം പോലെ അഭ്രപാളിയിൽ ആരാധനാ പാത്രങ്ങളായി മാറിയ പ്രേംനസീറിനേയും മമ്മൂട്ടിയേയും റഹ്‌മാനേയുമൊക്കെ കണ്ട് പരിചയിച്ച് സിനിമാ സങ്കൽപ്പം മനസിൽ കുറിച്ചിട്ട അമ്മ തന്നെ ദയനീയമായി നോക്കിയ ആ കാലത്തെ കുറിച്ച് സലിം കുമാർ പൊട്ടിച്ചിരിയോടെ ഓർത്തെടുക്കാറുണ്ട്. കഷ്ടപ്പാടുകൾക്കിടയിലും വളർത്തി വലുതാക്കിയ അമ്മ കഴിഞ്ഞേ സലിം കുമാറിന് മറ്റെന്തും ഉണ്ടായിരുന്നുള്ളൂ. ”കൂവ പറമ്പിൽ കൗസല്യാ ഗംഗാധരൻ മെമ്മോറിയൽ സ്റ്റേജ് ” ഉണ്ട്, സലിം കുമാറിന്റെ സ്വന്തം നാടായ വടക്കൻ പറവൂരിലെ കളരിക്കൽ ക്ഷേത്രത്തിൽ. തനിക്ക് ശേഷവും അമ്മയുടെ നാമം നിലനിൽക്കണമെന്ന ആഗ്രഹത്തിൽ സലിം കുമാർ പണികഴിപ്പിച്ച കെട്ടിടമാണിത്.

സങ്കടക്കടലും
ചിരിയുടെ വേലിയേറ്റവും
നിലയ്ക്കാതെ കടന്നെത്തിയ കഥാപാത്രമെന്ന പോലെയെത്തിയ മഞ്ഞപിത്തം കരളിന്റെ പാതി കവർന്നെടുത്തതിൽ പിന്നെ നഷ്ടമായത് അഭിനയതികവിന്റെ വർഷങ്ങളാണ്. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടും രോഗപീഡ സലിം കുമാറിനെ അലട്ടി. പ്രേക്ഷകർക്ക് ചിരിച്ചു മറിയാനായി പിറക്കേണ്ടിയിരുന്ന ഒട്ടേറെ കഥാപാത്രങ്ങൾ ഇത്തരത്തിൽ നഷ്ടമായെങ്കിലും, തലമുറകൾക്ക് ചിരിയുടെ വിരുന്നൂട്ടാൻ മതിയാവോളം അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് സലിം കുമാർ യാത്രയായത്. ചിരിയൊഴിഞ്ഞ നേരമില്ലായിരുന്നു സലിം കുമാറിന്റെ ജീവിതത്തിൽ. ഒരു കണ്ണിൽ സങ്കടക്കടലും മറുകണ്ണിൽ ചിരിയുടെ വേലിയേറ്റവും അലയടിക്കവേ, രണ്ടാമത്തെ കണ്ണിലൂടെ ജീവിതത്തെ നോക്കി കാണാനാണ് തനിക്കിഷ്ടമെന്നായിരുന്നു സലിം കുമാർ ഇതിന് നൽകിയ വിശദീകരണവും. സങ്കടപ്പെട്ടിരുന്നിട്ട് എന്ത് കാര്യമെന്ന് ചോദിക്കുമായിരുന്ന സലിം കുമാർ, ചിരിച്ചാലുളള ഗുണഗണങ്ങൾ വിവരിക്കുകയും ചെയ്യുമായിരുന്നു. പ്രേക്ഷകർ ഏറ്റു ചിരിച്ച സലിം കുമാറിന്റെ അഭിനയ തികവിന് പിന്നിൽ, അനുഭവങ്ങളുടെ തീച്ചൂളയിൽ വെന്തുരുകിയ ഇന്നലെകളുടെ സഹനമായിരുന്നുവെന്നത് അധികമാരും തിരിച്ചറിയാതെ പോയ ജീവിത സത്യവുമാണ്.
ചിരിവേഷങ്ങൾ പലതു കടന്നാണ് സലിം കുമാർ തബല ഭാസ്ക്കരനും അബുവുമൊക്കെയായി അഭിനയ കലയുടെ കൊടുമുടി കയറിയത്. അടൂർ ഭാസിയും ശങ്കരാടിയും എസ്.പി.പിള്ളയും ബഹദൂറും തുടങ്ങി ഇന്നസെന്റും പപ്പുവും ജഗതിയും മാളയും നീണ്ട് ഇന്നിന്റെ ഹാസ്യ നിമിഷങ്ങളിലേക്ക് പടരുന്ന പേരുകൾക്കിടയിൽ ചിരപ്രതിഷ്ഠ നേടിയപ്പോഴും ഇത്തരം ഗൗരവ വേഷങ്ങളിലേക്ക് സലിം കുമാർ നടത്തിയ അനായാസ പരകായപ്രവേശം, ആ അതുല്യ പ്രതിഭയുടെ ആഴമാണ് വ്യക്തമാക്കുന്നത്.

തിരിച്ചറിഞ്ഞത് കമൽ
ചാണകക്കുഴിയിൽ വീണും പഴത്തൊലിയിൽ ചവിട്ടി തെന്നി മറിഞ്ഞും ചീമുട്ടയേറ് ഏറ്റുവാങ്ങിയും ചിരിയ്ക്കുള്ള നമ്പറുകൾ കണ്ടെത്തി കുതിക്കുമ്പോൾ തന്നെയാണ് സംവിധായകൻ കമൽ സലിം കുമാറിനെ ഗ്രാമഫോൺ എന്ന സിനിമയിലേക്ക്, തബല ഭാസ്ക്കരന്റെ റോൾ ചെയ്യാനായി വിളിക്കുന്നത്. തന്നെ കൊണ്ട് കൂട്ടിയാൽ കൂടുമോയെന്ന ആശങ്കയിൽ കമലിന് പിടികൊടുക്കാതെ മുങ്ങി നടന്ന അക്കാലം സലിം കുമാർ ഓർത്തെടുക്കാറുണ്ട്. സലിം പൊങ്ങുംവരെ കമൽ ക്ഷമയോടെ കാത്തിരുന്നാണ് നാളുകൾ നീണ്ട് ഗ്രാമഫോണിന്റെ ഷൂട്ട് തുടങ്ങിയത്. അഭിനയിച്ചതിലേറെയും വഷളത്തരങ്ങളായി സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് സഞ്ചരിക്കുമ്പോഴും ഇത്തരമൊരു കഥാപാത്രത്തെ ഏറ്റെടുക്കാനുളള ത്രാണി തനിക്കുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നും തന്നിൽ അഭിനയത്തിന്റെ സ്പാർക്ക് ഉണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് കമൽ ആയി രുന്നെന്നും സലിംകുമാർ പറയാറുണ്ടായിരുന്നു. പിന്നീട് കമലിന്റെ തന്നെ പെരുമഴക്കാലത്തിലും സലിം അഭിനയ മുഹൂർത്തങ്ങളുടെ തീവ്രതയോടെ കഥാപാത്രത്തെ അഭ്രപാളിയിൽ അനശ്വരമാക്കി. ലാൽ ജോസിന്റെ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിൽ സലിം കുമാർ വേഷമിട്ട സാമുവൽ, ഇന്നും കണ്ണീർ നനവോടെയാണ് പ്രേക്ഷക മനസിൽ തെളിയുന്നത്. മീശ മാധവനിലൂടെ ലുക്കില്ലാത്ത വക്കീൽ എന്ന കഥാപാത്രം സലിം കുമാറിനായി ഒരുക്കിയതും ഇതേ ലാൽജോസാണ്.

അച്ഛനുറങ്ങാത്ത വീട് ആ വർഷത്തെ മികച്ച രണ്ടാമത്തെ സിനിമയും സലിം കുമാർ രണ്ടാമത്തെ നടനുമായി. സലിംകുമാറിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ കഥാപാത്രമാണ് സാമുവൽ. 2013 ൽ അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച ഹാസ്യനടനുളള സംസ്ഥാന പുരസ്കാരവും സലിം കുമാറിനെ തേടിയെത്തി. അഭിയനപാടവത്തെ ഹാസ്യമെന്നും ഗൗരവമെന്നും വേർതിരിച്ച് മാർക്കിട്ട് അവാർഡ് നൽകുന്നതിലെ പരിഹാസ്യതയും നീതി നിഷേധവും വേദിയിൽ തുറന്നടിച്ച സലിം കുമാർ, ആ ഒരു പുരസ്ക്കാരം നിർത്തലാക്കുന്നതിനായും ഇടപെട്ടു. കറുത്ത ജൂതൻ എന്ന സിനിമയ്ക്ക് കഥയെഴുതി 2016ലെ മികച്ച കഥാകൃത്തിനുളള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി. 2013 ൽ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും നേടിയിട്ടുണ്ട്.






