എഴുതേണ്ടിയിരുന്നില്ലാത്ത പുസ്തകങ്ങൾ
നമ്മുടെ എഴുത്തുകാരെ ചുറ്റിപ്പറ്റി നിൽക്കുന്നത് കൃത്രിമ ന്യൂറൽ വലയങ്ങളാണ്. ഇവിടെ പ്രസാധകർക്ക് വേണ്ടി കമ്പ്യൂട്ടേഷൻ ചെയ്യപ്പെട്ട തലച്ചോറുകളുമായിട്ടാണ് എഴുത്തുകാർ ചലിക്കുന്നതും സമ്പർക്കപ്പെടുന്നതും. പ്രസാധകർക്ക് വേണ്ടി സെറ്റൗട്ട് ചെയ്യപ്പെട്ട നിരവധി സ്വയം പര്യാപ്ത ഭാഗങ്ങൾ നമ്മുടെ എഴുത്തുകാരുടെ തലച്ചോറിൽ വാസമുറപ്പിക്കപ്പെട്ടു കഴിഞ്ഞു
മലയാളിയുടെ പുസ്തകസംസ്കാരം ഈടു നിൽക്കുന്ന മുൻവിധികളാൽ പൂട്ടപ്പെട്ടിരിക്കുകയാണ്. ജനപ്രിയത എന്ന രോഗം എഴുത്തുകാരന്റെ സമാധാന ശബ്ദത്തെ ഇടറിച്ചെടുക്കാൻ കൂട്ടുനിൽക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ജനപ്രിയ എഴുത്തുകാരുടെ നീണ്ട വിരലുകൾ ഭാഷയുടെ സകല പരിശുദ്ധികളിലും മലിനത വളർത്തുകയാണ്. ശാന്തതയുടെ മാലാഖ നിറഞ്ഞുനിൽക്കുന്ന മുഖമുള്ളപ്പോഴും ജനപ്രിയതയുടെ നിർബന്ധം കൊണ്ട് മനംമാറ്റം സംഭവിക്കുന്നവരാണ് നമ്മുടെ ഒട്ടുമിക്ക എഴുത്തുകാരും. ഭാഷയുടെ കൃപാവരങ്ങൾ കിട്ടാത്ത ശിരസ്സുകൾക്ക് മേൽ ബൗദ്ധികതയുടെ ദുന്ദുഭികൾ മുഴങ്ങുകയില്ല. തത്വബോധത്തിന്റെ ഇടിമിന്നലുകൾ ഹൃദയാകാശത്ത് വെളിപ്പെടാത്തിടത്തോളം ഓരോ കൃതിയും ബൗദ്ധികതയുടെ അംശമായി ജനിക്കാൻ വിസമ്മതിക്കും. അപ്പോൾ ക്രിയയുടെ ഔന്നത്യങ്ങളിൽ വിരക്തി സംജാതമാകും. കലയിലെ വിരക്തി എന്നത് അയഥാർത്ഥ ജ്ഞാനമാണ്. സാഹിത്യ പ്രപഞ്ചം എന്ന മഹാനാടകത്തിന്റെ എല്ലാ അണിയറ വിശേഷങ്ങളും മനസ്സിലാക്കിക്കൊണ്ട് ജനപ്രിയതയിൽ അഭിരമിക്കുന്ന ചിലർ എഴുതേണ്ടിയിരുന്നില്ലാത്ത ഒന്നിലധികം കൃതികളുടെ കർത്താക്കളാണ്. ജനപ്രിയതയെ തടുക്കാൻ കഴിയാത്തവരുടെ ലീലാ വിനോദങ്ങളായിട്ടേ ബെന്യാമിന്റെയും കെ ആർ മീരയുടെയും ചില കൃതികളെ നമുക്ക് തൊടാനാകൂ. അകക്കണ്ണിലൂടെ മാത്രം ദർശിക്കാവുന്ന വെളിച്ചത്തിന്റെ സമുച്ചയങ്ങൾ ഒന്നുമല്ലല്ലോ ഇവരുടെ കൃതികൾ. ഉണർന്നിരിക്കുന്ന ബുദ്ധിയെക്കാൾ എപ്പോഴും വിടർന്നുകൊണ്ടിരിക്കുന്ന സങ്കല്പമാണ് ഇവരുടെ മനസ്സുകളുടെ പ്രത്യേകത. ഓർമ്മയുടെ ഞരമ്പും മോഹമഞ്ഞയും എഴുതിയ ഒരു എഴുത്തുകാരി ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന നോവൽ എഴുതരുതായിരുന്നു.” മഞ്ഞവെയിൽ മരണങ്ങൾ” എഴുതിയ ബെന്യാമിൻ “മൾബറി : എന്നോട് നിന്റെ സോർബയെ കുറിച്ച് പറയൂ” പോലൊരു നോവൽ എഴുതരുതായിരുന്നു. സാഹിത്യത്തിലെ ജനപ്രിയത ഒച്ചപ്പാട്ടുകാരുടെ സംഘങ്ങളെ ഉത്പാദിപ്പിക്കും. അവർ അതിന്റെ ഭാഗമാകും. പക്ഷേ ജൂഡി ബ്ലൂമെ (Judy Blume) നെ പോലെയുള്ള എഴുത്തുകാരികൾ എഴുതേണ്ടിയിരുന്നില്ലയെന്ന് സ്വയം സന്ദേഹിക്കുന്ന എഴുത്തുകാരിയാണ്. അവരുടെ കരുത്തുറ്റ ഒരു പ്രസ്താവന ഇങ്ങനെയാണ് – it is not just the books under fire now that worry me. It is the the book that will never be written. ജൂഡി ഇങ്ങനെ പ്രസ്താവിച്ചപ്പോൾ സ്ലേവോജ് സിസേക്ക് പുതിയ തലച്ചോർ – കമ്പ്യൂട്ടർ സമ്പർക്ക മുഖത്തെ മുൻനിർത്തി താൻ എഴുതിയ ഒരു കൃതിയെക്കുറിച്ച് സന്ദേഹപ്പെടുകയുണ്ടായി – അത് “Pandemic ! covid19 Shakes the world” എന്ന കൃതിയായിരുന്നു. The Famished Road എഴുതിയ ബെൻ ഓക്രിയും ” The last gift of the master artists” എഴുതേണ്ടിയിരുന്നില്ലാത്ത കൃതിയാണെന്ന് ആത്മവിലാപം നടത്തിയിട്ടുണ്ട്. നമ്മുടെ എഴുത്തുകാരുടെ ന്യൂറോ ഇമേജിങ്ങിൽ പ്രസാധകന് ഒരു പുസ്തകം കൊടുക്കുക എന്ന തലച്ചോർ അനാട്ടമി മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. നമ്മുടെ എഴുത്തുകാർ പ്രസാധകർക്ക് വേണ്ടി നിർമ്മിക്കപ്പെട്ട വമ്പൻ മസ്തിഷ്ക സമാന്തര ജീവികൾ മാത്രമാണ്.

എഴുതേണ്ടിയിരുന്നില്ലാത്ത
ഫിക്ഷനുകൾ !
നമ്മുടെ എഴുത്തുകാരെ ചുറ്റിപ്പറ്റി നിൽക്കുന്നത് കൃത്രിമ ന്യൂറൽ വലയങ്ങളാണ്. ഇവിടെ പ്രസാധകർക്ക് വേണ്ടി കമ്പ്യൂട്ടേഷൻ ചെയ്യപ്പെട്ട തലച്ചോറുകളുമായിട്ടാണ് എഴുത്തുകാർ ചലിക്കുന്നതും സമ്പർക്കപ്പെടുന്നതും. പ്രസാധകർക്ക് വേണ്ടി സെറ്റൗട്ട് ചെയ്യപ്പെട്ട നിരവധി സ്വയം പര്യാപ്ത ഭാഗങ്ങൾ നമ്മുടെ എഴുത്തുകാരുടെ തലച്ചോറിൽ വാസമുറപ്പിക്കപ്പെട്ടു കഴിഞ്ഞു. മലയാളം എന്ന ചെറിയ ഭാഷയുടെ കോശോപരിതലത്തിൽ പ്രസാധകർക്ക് ഇഷ്ടപ്പെട്ട പ്രമേയ പ്രോട്ടീനുകളെ ഇണക്കിവെച്ചാണ് ഈ തന്ത്രശാലികൾ ജനപ്രിയ കൃതി എന്ന കർമ്മം നിർവഹിക്കുന്നത്. സെർബിയൻ സാഹിത്യത്തിൽ ജനപ്രിയത ജീവചരിത്ര സാഹിത്യത്തിനായിരുന്നു. നെമൈൻജാ സ്റ്റെഫാനും ക്യാം ബ്ലാക്കും ആ വഴിയിൽ സാഹിത്യ നിർമ്മിതി നടത്തിയവരാണ്. ഈ ജനപ്രിയതയെ തച്ചുടച്ചത് ഈവോ ആൻട്രീച്ച് ആണ്.’ ഡ്രീനാ നദിയിലെ പാലം’ എന്ന നോവൽ എഴുതിക്കൊണ്ടാണ് ജീവചരിത്ര സാഹിത്യം എന്ന ജനപ്രിയതയെ ഈവോ പൊളിച്ചത്. ദേശീയതയുടെയും സോഷ്യലിസത്തിന്റെയും തീപിടിച്ച ആശയങ്ങളെയും വംശീയ പ്രശ്നങ്ങളെയുമാണ് ഈവോ പ്രമേയമാക്കിയത്. സെർബിയൻ സാഹിത്യത്തിലെ വലിയ അത്ഭുതമായിരുന്നു ഈവോയുടെ ഈ എൻഡവർ. അദ്ദേഹം പക്ഷേ പ്രസാധകർക്ക് വേണ്ടിയുള്ള എഴുത്തുമെഷീനായി മാറിയില്ല. ഇവിടെ ജനപ്രിയത ഒരു ടിഷ്യു ആയി വളർന്നതുകൊണ്ടുതന്നെ ബൗദ്ധിക പ്രതിച്ഛായാചിത്രങ്ങളുടെ ഖണ്ഡീകരണം വേഗത്തിലാവുകയും പ്ലെയിൻ എഴുത്ത് എന്ന പെറ്റബൈറ്റ് രീതി വിസ്തൃതമാവുകയും ചെയ്യുന്നു. ഇവിടെ എഴുത്തുകാരന്റെ മനസ്സ് പ്രസാധകന്റെ ഇഷ്ടങ്ങൾ തുളുമ്പി നിൽക്കുന്ന ലീലാവിനോദിനിയായി മാറുന്നു. ഇവിടുത്തെ എഴുത്തുകാരന്റെ ന്യൂറോബയോളജി ഏതുവിധമാണ് ചെരിച്ചിടപ്പെട്ടിരിക്കുന്നത് എന്ന് നോക്കാൻ ഭാവനയുടെ കോക്റ്റയിലിൽ പണിതെടുത്ത ഒരു കൃതിയെ പരിചയപ്പെടുത്താം. അമലിന്റെ “കൽഹണൻ” ( ഞാൻ /നീ ആരാണ്) എന്ന നോവൽ സ്വത്വപ്രതിസന്ധിയെന്ന ആത്മപീഠയെയാണ് ആവിഷ്കരിക്കുന്നത്. ഇതിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് ഗോപിക്കുട്ടൻ എന്നാണ്. അയാളിലെ അപരസ്വത്വമാണ് കൽഹണൻ. ഈ അപരസ്വത്വം അയാളുടെ ജീവിതത്തിൽ ദുരന്ത സംക്രമണത്തിലേക്ക് വഴിതിരിക്കുന്നതിന്റെ ജീവചരിത്ര പരമ്പരകളാണ് നോവലിനെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്.കൽഹണന്റെ മേൽവിലാസത്തെ അപഹാസ്യതയോടെയാണ് പോസ്റ്റ് വുമൺ ശർമിള കാണുന്നത്. അയൽവാസിയായ വാസു മാഷ് ‘കാർട്ടൂണിഷ്ടേ’ എന്ന് വിളിച്ചാണ് ആക്ഷേപിക്കുന്നത്. ഗോപിക്കുട്ടൻ ജോലി നോക്കുന്ന പെട്രോൾ പമ്പിലെ സഹപ്രവർത്തകരുടെ ആക്ഷേപം ഈവിധം സംഭവിക്കുന്ന നാട്ടരങ്ങുകൾ സ്വത്വം എന്ന ആത്മനിഷ്ഠ പ്രവിശ്യയുടെ ആഗോളപ്രശ്നമുഖത്തേക്ക് എത്തിക്കുന്നുണ്ട്. പുതിയ ആധുനികതയുടെ കാലത്തിലെ ഏറ്റവും നവമായ ആന്ത്രോപോളജി അവതരിപ്പിക്കാൻ കൽഹണനിലൂടെ വിജയിക്കുന്ന അമൽ എഴുതേണ്ടിയിരുന്നില്ലാത്ത ഒരു ഫിക്ഷനാണ് വ്യസനസമുച്ചയം.

എഴുതേണ്ടിയിരുന്നില്ലാത്ത
കവിതകൾ
മലയാളത്തിലെ യുവകവിയുടെ പ്രായം 60 + ആണ്. തല നരച്ചവരെ നാം ബഹുമാനിക്കുന്നത് അവരുടെ മനസ്സ് കൂടി വെളുത്തു കാണും എന്ന ബോധ്യത്താലാണ്. കവിതയുടെ കലയിൽ ശരീരം മുൻപേ ജനിച്ചതുകൊണ്ട് ജ്ഞാനത്തിന്റെ പ്രായം കൂടണമെന്നില്ല. അത്തരം ചില കവികൾ എഴുതേണ്ടിയിരുന്നില്ലാത്ത പുസ്തകങ്ങളുടെ നിർമ്മാതാക്കളാണ്. അവരുടെ കവിതകൾ ശിശുക്കളുടെ കൊച്ചുവർത്തമാനങ്ങളാണ്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘മറക്കാമോ’ എന്ന കാവ്യപുസ്തകത്തിലെ പല കവിതകളും വാർദ്ധക്യം പിടിച്ച വചനാലങ്കാരങ്ങളുടെ പ്രദർശനനഗരിയാണ്. ഇതിൽ വിലാസവതികളായ വാക്കുകൾ ലയലീനതയോടെ നൃത്തം വയ്ക്കുന്നില്ല. കവിതയിൽ ശരീരവൃദ്ധന്മാർ പെരുകുമ്പോൾ ആ ഒഴുക്കിലേക്ക് കൂട്ടത്തോടെ പലായനം ചെയ്യുന്ന കവികളിൽ ഒരാളായി ബാലചന്ദ്രൻ ചുള്ളിക്കാട് മാറുന്നു. സാഹചര്യങ്ങളുടെ ഉന്നത മർദ്ദത്താലാണ് ചില കവിതകൾ എഴുതപ്പെട്ടിട്ടുള്ളത്.

കോടതി : ആധാർ കാർഡ് ഇല്ലേ ?
പ്രതി : നിരാധാരനാണ്.
കോടതി : പേര് ?
പ്രതി : ഇന്ത്യൻ
കോടതി : വേറെ പേരില്ലേ?
പ്രതി : ഇല്ല
കോടതി : പിതാവിന്റെ പേര് ?
പ്രതി: മഹാത്മാഗാന്ധി
- ഇന്ത്യൻ /ചുള്ളിക്കാട് (മറക്കാമോ !)
ഇതേ പുസ്തകത്തിലെ ‘ചെണ്ട’ ‘ശൂന്യം’ ‘പൊടി’ ‘പ്രഭാതം’ തുടങ്ങിയ കവിതകൾ വായിക്കുമ്പോഴാണ് സത്യചന്ദ്രൻ പൊയിൽകാവിന്റെ നിർവചന കവിതയായ ‘കവി’ എന്ന രണ്ടു വരികൾ വീണ്ടും മനസ്സിന്റെ കതക് തള്ളിത്തുറക്കുന്നത്. വാക്ക് മനോമോഹിനിയായ ഹരിത പ്രകൃതിയുടെ തന്ത്രവേലയാണെന്നൊക്കെ നാം പറയാറില്ലേ.വികാരം നിറഞ്ഞ അത്തരം ഒരു പ്രകോപനമാണ് സത്യചന്ദ്രന്റെ വരികൾ.
ഒന്നിനും കൊള്ളാത്തവൻ കവി
ഒന്നിലും കൊള്ളാത്തവൻ കവി.
- കവി /സത്യചന്ദ്രൻ പൊയിൽക്കാവ്
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ മാത്രമല്ല മറ്റു പല കവികളുടെയും ചില കൃതികൾ ഒന്നിനും കൊള്ളാത്തതും മറ്റുചിലത് ഒന്നിലും കൊള്ളാത്തവയും ആണ്. കാല്പനികത സൃഷ്ടിച്ചെടുത്ത ഹൃദയം എന്ന സങ്കല്പം എല്ലാ നേരവും നേരാകാൻ സാധ്യതയില്ലാത്തതിനാൽ എഴുതേണ്ടതില്ലാത്തതായവയെ വിട്ടുകളയുക പ്രധാനമാണ്.


ഈയാഴ്ചയിലെ
പുസ്തകം
ശബ്ദകല
ആവിഷ്കാരവും അനുഭവവും/
പ്രൊഫസർ അലിയാർ (ഒലിവ് )
മലയാള സാഹിത്യത്തിലെ യുവനിര എഴുത്തുകാരായ ജേക്കബ് എബ്രഹാമിന്റെ ഒരു നോവലാണ് ‘അ മുതൽ അം വരെ പോകുന്ന തീവണ്ടി’. ശബ്ദം എന്ന ട്യൂണിംഗ് ഫോർക്ക് ഉപയോഗിച്ച് ജേക്കബ് നടത്തുന്ന ഒരു പരീക്ഷണമാണിത്. ശബ്ദം എന്ന ഊർജ്ജരൂപത്തിന് പുതിയ വ്യംഗ്യാർത്ഥങ്ങൾ തീർക്കുന്ന ഒരു നോവലാണിത്. ഒരുപക്ഷേ സിനിമ എന്ന വലിയ സ്ക്രീൻ സ്പേസിനെ ശബ്ദത്തിന്റെ കല ഉപയോഗിച്ച് ഒരാൾ ഇക്കാലമത്രയും നടത്തിയെടുത്ത അർത്ഥനിർമ്മിതിയുടെ അനുഭവാഖ്യാനമാണ് ശബ്ദകല എന്ന പുസ്തകം.. ശബ്ദാഭിനയമെന്ന ഉത്തരവാദിത്തപ്പെട്ട കലയുടെ സാങ്കേതികതയെയും അതിന്റെ സൗന്ദര്യാത്മകമായ ഇടത്തെയും കുറിച്ചുള്ള മലയാളത്തിലെ ആധികാരികമായ ഒരു കൃതിയായി ഇത് മാറുകയാണ്. മുന്നൂറിലേറെ സിനിമകൾക്കാണ് അലിയാർ ശബ്ദാഭിനയം നടത്തിയിട്ടുള്ളത്. ഈ പുസ്തകത്തിന്റെ അനുബന്ധത്തിൽ ഐ ഷണ്മുഖദാസ് നടത്തിയ ഒരു അഭിമുഖമുണ്ട്.അതിൽ അദ്ദേഹം ഉന്നയിക്കുന്ന ഒരു ചോദ്യവും അതിന്റെ ഉത്തരവും ഉദ്ധരിക്കാം:
? ഒരു നടനു വേണ്ടി ഡബ്ബ് ചെയ്യുമ്പോൾ അതിൽ അഭിനയം ഉണ്ടല്ലോ.എന്നാൽ കമന്ററി കൊടുക്കുമ്പോൾ മറ്റൊരു രീതിയിലാണല്ലോ ?
= ഡബ്ബിങ് എന്നു പറയുന്നത് നിശ്ചയമായും വാചികാഭിനയം തന്നെയാണ്. രണ്ടു കാരണങ്ങൾ കൊണ്ടാണ് ഒരു കഥാപാത്രത്തിന് ഡബ്ബ് ചെയ്യാൻ ഒരു ഡബ്ബിങ് ആർട്ടിസ്റ്റിനെ വിളിക്കുന്നത്.
ഒന്ന് :- അഭിനയിച്ച ആളിന്റെ അഭിനയം നന്ന്. രൂപപരമായും ആ കഥാപാത്രത്തിന് അനുയോജ്യമാണ്.
രണ്ട് :- പക്ഷേ സംഭാഷണം ഉരുവിടുമ്പോൾ അയാൾ അസമർത്ഥനോ അനുചിതനോ ആണ്. കമന്ററിയുടെ ഡബ്ബിങ് പോലും ഒരുതരത്തിൽ പറഞ്ഞാൽ ഒരു വിവരണപാഠസാഹിത്യമാണെന്നാണ് അലിയാർ സ്ഥാപിക്കുന്നത്. ഈ പുസ്തകം ശബ്ദകലയിലെ അനുഭവങ്ങളുടെ കൂടി പുസ്തകമാണ്. പാമ്പുകളെ ഭയമുള്ള അലിയാർ ‘ഉരഗപർവ്വം’ എന്ന ഡോക്യുമെന്ററിക്ക് ഏതുവിധമാണ് ഡബ്ബ് ചെയ്തതെന്ന് പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
പാമ്പുകളെ നോക്കാൻ ഭയമുള്ള അലിയാർ സ്ക്രീനിൽ നോക്കാതെ സ്ക്രിപ്റ്റ് എഴുതിയ പേപ്പർ മറച്ചുപിടിച്ച് ഡബ്ബ് ചെയ്തു. ദൂരദർശനിൽ നിരവധി പ്രാവശ്യം സംപ്രേഷണം ചെയ്ത ഉരഗപർവ്വത്തിന്റെ അനുഭവമടക്കം പങ്കുവെക്കുന്ന ഈ കൃതി ശബ്ദാഭിനയത്തെപ്പറ്റിയുള്ള ഏറ്റവും ഹൃദ്യമായ കൃതിയാണ്.

ഈയാഴ്ചയിലെ
ഇലസ്ട്രേഷൻ
തങ്ങളുടെ കാമനകൾക്ക് ഒരു പെൺനോട്ടം സൃഷ്ടിക്കാൻ വേണ്ടി തന്നെ വ്യഗ്രതപ്പെടുന്ന കലാകാരികളുണ്ടിവിടെ. ചില സാമൂഹിക ശീലങ്ങളെ എതിർക്കാൻ ശരീരത്തിലെ കാമനകളെ തുറന്നു വെയ്ക്കുന്ന ചില ഇമേജറികളെ ചിത്രകാരികൾ സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. അടിമജീവിതചരിത്രത്തിന്റെ ഇരുട്ടിൽ കിടക്കാൻ ഇഷ്ടപ്പെടാത്ത പുതിയ കലാകാരി വൈകാരികതകളുടെ ചലനസ്വാതന്ത്ര്യപരിധികളെ മറികടന്ന് മുന്നോട്ടു പോകാൻ ആഞ്ഞുപറക്കുന്നതിനെയും ആഞ്ഞു ചവിട്ടുന്നതിനെയും പക്ഷെ രചിക്കപ്പെടേണ്ടുന്ന കലയായിത്തന്നെ ഉൾക്കൊള്ളേണ്ടതുണ്ട്. ഒരു ഇടത്തരം മുസ്ലിം കുടുംബത്തിൽ നിന്നും വരുന്ന ചിത്രകാരിയാണ് എൻ.ഷസ്നാ മജീദ് ( Shasna majeed.N)ഷസ്ന തന്റെ രചനയെ ശീർഷകപ്പെടുത്തിയിരിക്കുന്നത് ‘The meat’ എന്നാണ്. ചിത്രത്തിൽ നാം കാണുന്നത് ഒരു അമ്മ തന്റെ കുഞ്ഞിനെ കൈകളിൽ വച്ച് താലോലിക്കുന്നതാണ്. സഹകാരിയായ ഒരു സ്ത്രീ അല്പം കുനിഞ്ഞു നിന്ന് ഈ താലോലിക്കലിന്റെ ഭാഗമാകുന്നുണ്ട്. തൊട്ടു പുറകിൽ ഒരു തുണ്ട് ഇറച്ചിക്കഷണം തൂക്കിയിട്ടിട്ടുണ്ട്.തൊട്ടിപ്പുറത്ത് വെട്ടിയെ ഇറച്ചിക്കഷ്ണങ്ങൾ പല പാക്കറ്റുകളിലായി നിരത്തി വച്ചിട്ടുണ്ട്. തൊട്ടടുത്ത കസേരയിലിരുന്ന് ഒരു പൂച്ച അതിലേയ്ക്ക് മിഴികൾ കൂർപ്പിക്കുന്നു. ഇതിനോടടുത്ത് മറ്റൊരു വിരുന്നു മേശയിൽ മൂന്നു പാത്രങ്ങളിലായി പാകം ചെയ്ത ഇറച്ചിയും വച്ചിട്ടുണ്ട്. മാംസം എന്ന സത്തയുടെ ചെയിൻ ഓഫ് എക്സ്പ്രഷൻ ആയിട്ടാണ് ഈ ചിത്രം പ്രത്യക്ഷമാകുന്നത്. ഒരു കുഞ്ഞിനെ അമ്മ തൂക്കിയെടുക്കുന്നു. പക്ഷെ ആ മാംസം ഭദ്രമായി സൂക്ഷിക്കപ്പെടുന്നു. പശു മാംസം തൂക്കി വിറ്റ് കാശാക്കാനുള്ള ഒരു ചരക്കാണ്. അതിനെ ആദ്യം തൂക്കിയിടുന്നു. പിന്നീട് തൂക്കി വിൽക്കുന്നു. അവിടെ മറ്റൊരാൾ അത് പാകം ചെയ്തു വയ്ക്കുന്നു. ചിത്രം കണ്ടാൽത്തന്നെ അതിൽ കാണുന്ന എല്ലാറ്റിനേയും സ്പർശിച്ചതായും ഭക്ഷിച്ചതായും അനുഭവപ്പെടുത്തുന്ന സങ്കേതബദ്ധമായ ഒരു ചിത്രഭാഷയാണ് ഷസ്നാ മജീദ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. പെൺചിത്രകലയുടെ ബോൺഡേജ് ഫാന്റസികളെയാണ് ഷസ്ന അട്ടിമറിക്കുന്നത്.
ഈയാഴ്ചയിലെ
അഫോറിസം
രക്തത്തിൽ
ചിറക് മുക്കാത്ത
എഴുത്തുകാരന്റെ
അസഹനീയമായ
കയ്പ്പുകളാണ്
എഴുതേണ്ടിയിരുന്നില്ലാത്ത
പുസ്തകങ്ങൾ!






