ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. പറയാന്‍ ഒരുപാട് കാര്യങ്ങള്‍.
യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിനടേശന് തങ്കരാജന് ഇന്നും ഒരു വിസ്മയമാണ് ‘സംഘടനയ്ക്ക് വേണ്ടി ഇത്രയും മെനക്കെട്ട മറ്റൊരു ജനറല്സെക്രട്ടറിയില്ല. രാവും പകലും അദ്ദേഹത്തിന്റെ മനസില്‍ സംഘടനയാണ്. പല ദിവസങ്ങളിലും പാതിരാത്രികളില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വിളിച്ചിട്ടുണ്ട്.’ ”ഫയലുകളില്‍ അദ്ദേഹം വെറുതെ ഒപ്പിടില്ല. ഏതു ഫയലായാലും പഠിച്ചിട്ടേ ഒപ്പിടു. സംശയം ഉണ്ടെങ്കില്‍ ചോദിച്ച് വ്യക്തത വരുത്തും” – തങ്കരാജൻ ചൂണ്ടിക്കാണിക്കുന്നു. പറയാനുള്ളത് ആരോടായാലും തുറന്ന് പറയും. എന്നോടും പറഞ്ഞിട്ടുണ്ട്. ഒന്നും മനസ്സില്‍ വെച്ചേക്കില്ല. മനസ്സില്‍ വെച്ച് പെരുമാറുകയുമില്ല. ”വെള്ളാപ്പള്ളി നടേശനോടുള്ള എതിര്‍പ്പിന് കാരണം സംഘടനാപരമല്ല. അദ്ദേഹം വളരുന്നതിലെ അസൂയ മാത്രം” തങ്കരാജൻ ഉറപ്പിച്ച് പറയുന്നു.
യോഗത്തിന്റെ വാര്‍ഷിക യോഗങ്ങളും ബോര്‍ഡ് യോഗങ്ങളും വാഗ്വാദങ്ങളും വിമര്‍ശനങ്ങളും കൊണ്ട് കലുഷിതമായിരുന്ന ഒരു കാലഘട്ടം തങ്കരാജന്റെ ഓര്‍മ്മയിലുണ്ട് ഇപ്പോള്‍ ശാന്തതയുടേയും ഏകകണ്ഠേനയുള്ള തീരുമാനങ്ങളുടെയും കാലഘട്ടമാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും- തങ്കരാജൻ പറയുന്നു
ഞാന്‍ എസ്.എന്‍.ഡി.പി യോഗം ഓഫീസില്‍ ജീവനക്കാരനായിട്ട് 50 വര്‍ഷമാകുന്നു. 1975 ല്‍ മീറ്റര്‍ കമ്പനിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ അക്കൗണ്ടന്റ് സെക്ഷനില്‍ ജോലി ചെയ്യുകയായിരുന്നു. അപ്പോള്‍ യോഗം ഓഫീസില്‍ അക്കൗണ്ടിന്റെ ഒഴിവ് ഉണ്ടെന്ന് അറിഞ്ഞു. അയല്‍വാസിയായ മുരളീധരന് വക്കീലാണ് അന്ന് യോഗം വൈസ്പ്രസിഡന്റ്. അദ്ദേഹത്തോട് അന്വേഷിച്ചപ്പോള്‍ യോഗം ഓഫീസിലേക്ക് വരാന്‍ പറഞ്ഞു. ഇന്‍ഡസ്ട്രീസ് ഓഫീസറായി വിരമിച്ച എം.കെ.നാരായണനാണ് അന്ന് യോഗത്തിന്റെ ദേവസ്വം സെക്രട്ടറി. ഓഫീസിലെത്തിയപ്പോള്‍ നാരായണന്‍സര്‍ അവിടെ ഉണ്ട്. അക്കൗണ്ടിംഗ് കാര്യങ്ങളൊക്കെ അറിയാമോയെന്ന് അദ്ദേഹം ചോദിച്ചു. എന്നിട്ട് അന്നത്തെ ജനറല്‍ സെക്രട്ടറി പ്രൊഫ. പി.എസ്. വേലായുധനെ കാണാന്‍ പറഞ്ഞു. അദ്ദേഹത്തെ കണ്ടപ്പോള്‍ നാരായണന് സാറിനെ ഒന്നുകൂടി കാണാന്‍ പറഞ്ഞു. തൊട്ടടുത്ത ദിവസം നാരായണന് സാറിനെ യോഗം ഓഫീസില്‍ പോയി കണ്ടു. എന്തായാലും വന്നില്ലേ ഇവിടെ കുറേ കണക്കുകള്‍ പെന്‍ഡിംഗ് ഉണ്ടെന്നും അതൊരു പേപ്പറില്‍ എഴുതാമോയെന്നും ചോദിച്ചു. മൂന്ന് മണിക്കൂര്‍ കൊണ്ട് എല്ലാം എഴുതി നല്കി. അടുത്ത ദിവസം യോഗം ഓഫീസില്‍ വിളിച്ച് നാളെ മുതല്‍ ജോലിയില്‍ പ്രവേശിക്കാന്‍ പറഞ്ഞു. 329 രൂപയായിരുന്നു ശമ്പളം. എല്‍.ഡി. ക്ലര്‍ക്ക് തസ്തികയിലായിരുന്നു നിയമനം. അത് അന്നത്തെ സര്‍ക്കാര്‍ ശമ്പളമാണ്. ആത്മാര്‍ത്ഥമായി ജോലി ചെയ്തു. കണക്കുകളിലൊന്നും തെറ്റ് സംഭവിച്ചില്ല. പഴയ ആളുകള്‍ പലരും പോയപ്പോള്‍ ഹെഡ് ക്ലര്‍ക്കായി. ഓഫീസിലിരുന്ന് ചെയ്താലും ജോലി തീരില്ല. വീട്ടിലെത്തിയാലും രാത്രി 9മണിവരെ കണക്കെഴുതും ഇതിനെ ചൊല്ലി ഭാര്യ എപ്പോഴും കണക്കെഴുത്താണെന്ന് പറഞ്ഞ് പതിവായി വഴക്കിടുമായിരുന്നു. 2010ല്‍ സൂപ്രണ്ടായി വിരമിച്ചു. വിരമിച്ചതിന്റെ തൊട്ടടുത്ത ദിവസം ഞാന്‍ ഓഫീസില്‍ വന്നില്ല. അന്ന് ജനറല്‍ സെക്രട്ടറി ഫോണില്‍ വിളിച്ചു. എന്താ താന്‍ ഓഫീസില്‍ വരാഞ്ഞതെന്ന് ചോദിച്ചു. വിരമിച്ചു അതുകൊണ്ട് വന്നില്ലെന്ന് മറുപടി പറഞ്ഞു. അപ്പോള്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു താന്‍ അടുത്ത ദിവസം മുതല്‍ ഓഫീസില്‍ വരണം. തൊട്ടടുത്ത കൗണ്‍സില്‍ യോഗത്തില്‍ യോഗം ഓഫീസില്‍ അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്ന പുതിയ തസ്തിക സൃഷ്ടിച്ചു എന്നെ നിയമിച്ചു. അതേ തസ്തികയില്‍ ഇപ്പോഴും തുടരുന്നു.2025 മാര്‍ച്ച് 17 ന് ചേര്‍ന്ന ബോര്‍ഡ് യോഗം തങ്കരാജിനെ ഉപഹാരം നല്കി ആദരിച്ചു.
സംഘര്‍ഷഭരിതമായ ഓര്‍മ്മകള്‍ പലതും തങ്കരാജന്റെ മനസില്‍ ഇന്നും മായാതെ കിടപ്പുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യോഗം തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ തലേദിവസം എതിര്‍വിഭാഗം വോട്ടര്‍പട്ടിക അന്ന് വേണമെന്ന് ആവശ്യപ്പെട്ട് ഓഫീസിലെത്തി. തിരഞ്ഞെടുപ്പ് നടത്തിപ്പിനെതിരായ കേസില്‍ കോടതിയില്‍ ഹാജരാക്കാനായിരുന്നു. പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് തരാനാവില്ലെന്ന് ഞാന്‍ പറഞ്ഞു. പട്ടിക കിട്ടാതെ പോകില്ലെന്ന് അവര്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറിയെ വിളിച്ചപ്പോള്‍ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പറഞ്ഞു. അവര്‍ മണിക്കൂറുകളോളം കുത്തിയിരുന്നു. രാത്രിയായി പൊലീസെത്തി, ഒടുവില്‍ അവര്‍ നിരാശരായി മടങ്ങി.
യോഗം കേന്ദ്ര ഓഫീസില്‍ അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടാന്‍ തങ്കരാജിന് കഴിയില്ല.ഓഫീസിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തങ്കരാജന്റെ സംഭാവനകള്‍ ഏറെ.ഈ പ്രത്യേകതകളൊക്കെ ആവ്യക്തിത്വത്തെ തിളക്കമുള്ളതാക്കുന്നു.
ജി. തങ്കരാജന്റെ ഭാര്യ ശോഭ.മകന് ജിതേഷ് നീരാവില്‍ എസ്.എന്‍.ഡി.പി യോഗം എച്ച് .എസ്. എസില്‍ ഓഫീസ് അസിസ്റ്റന്റാണ്. മകൾ അഡ്വ.ജിദ്യ
നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി
ഡെപ്യൂട്ടി ജനറല്‍ മാനേജരാണ്.






