ആദ്യത്തെ എന്‍ജിനീയറിംഗ് കോളേജ്

ഒരു പഠനശാഖ എന്ന നിലയില്‍ ലോകത്ത് എന്‍ജിനീയറിംഗ് വരുന്നത് 1707ലാണ്. അതിനു മുമ്പ് സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുന്നുണ്ടെങ്കിലും ഔപചാരിക എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിന് ആരും ശ്രമിച്ചിരുന്നില്ല. ഹാബ്സ്ബര്‍ഗ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രാഗില്‍, 1707 ജനുവരി 18-ന് ജോസഫ് ഒന്നാമന് ചക്രവര്‍ത്തി ‘എസ്റ്റേറ്റ്സ് എന്‍ജിനീയറിംഗ് സ്കൂള്‍’ സ്ഥാപിച്ചു. ഇപ്പോള്‍ ചെക്ക് ടെക്നിക്കല്‍ യൂണിവേഴ്സിറ്റി (CTU) എന്നറിയപ്പെടുന്നു ഈ സ്ഥാപനം. കോട്ടകള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ദ്ധനായ ക്രിസ്റ്റ്യന്‍ ജോസഫ് വില്ലന്ബെര്ഗില് നിന്നാണ് ഈ ആശയം ഉടലെടുത്തത്. 1705-ല്‍, സൈനിക കോട്ടകളും സിവില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട എന്‍ജിനീയറിംഗ് സാങ്കേതിക വിദ്യകളില്‍ ഒരു ചെറിയ സംഘം വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനുള്ള അനുവാദത്തിനായി അദ്ദേഹം ചക്രവര്‍ത്തിയോട് അപേക്ഷിച്ചു. അക്കാലത്ത് യൂറോപ്പില്‍ നിരന്തരം യുദ്ധങ്ങള്‍ ഉണ്ടാവുക പതിവായിരുന്നു. യുദ്ധത്തില്‍ വിജയിക്കണമെങ്കില്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ മികച്ചതായിരിക്കണം. അതോടൊപ്പം സാങ്കേതികവിദ്യയും അറിഞ്ഞിരിക്കണം. ഇത് ബോധ്യപ്പെട്ട അന്നത്തെ ഭരണാധികാരി അത്തരത്തിലുള്ള പരിശീലനസ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു.

300 വര്‍ഷം മുമ്പ് എന്താവും
പഠിപ്പിച്ചിരുന്നത് ?
ഇന്നത്തെ പോലെ വൈവിധ്യമാര്‍ന്ന എന്‍ജിനീയറിംഗ് ബ്രാഞ്ചുകള്‍ അന്ന് ഉണ്ടായിരുന്നില്ല. സിവില്‍ എന്‍ജിനീയറിങ്ങിന് ആയിരുന്നു പ്രാധാന്യം. സര്‍വ്വേ, മാപ്പ് തയ്യാറാക്കല്‍, ഡ്രെയിനേജ് സംവിധാനം ഒരുക്കല്‍, റോഡുകളും പാലങ്ങളും നിര്‍മ്മിക്കല്‍ എന്നിവ ആയിരുന്നു അന്ന് പ്രധാനമായി പഠിപ്പിച്ചിരുന്നത്. പിന്നെപ്പിന്നെ കൂടുതല്‍ ശാഖകള്‍ എന്‍ജിനീയറിങ്ങിന് വേണ്ടിവന്നു. അങ്ങനെ മെക്കാനിക്കല്‍ പോലെയുള്ള ശാഖകള്‍ വികസിപ്പിച്ചു. വ്യവസായ വിപ്ലവം കൂടുതല്‍ എന്‍ജിനീയറിംഗ് ശാഖകള്‍ തുടങ്ങാനുള്ള പ്രേരണ നല്കി അതോടൊപ്പം മിലിട്ടറിയ്ക്കും കൂടുതല്‍ ആവശ്യങ്ങള്‍ ഉണ്ടായി വന്നു.
ഇന്ത്യയിലെ ആദ്യത്തെ എന്‍ജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനം 1847ല്‍ ഉത്തര്‍പ്രദേശില്‍ (ഇന്ന് ഉത്തരാഖണ്ഡ്) റൂര്‍ക്കി എന്ന സ്ഥലത്ത് ആരംഭിച്ചു. സിവില്‍ എഞ്ചിനീയറിങ്ങിലായിരുന്നു ആദ്യത്തെ കോഴ്സ് തുടങ്ങിയത്. 1854 ല്‍ അത് ‘തോംസണ്‍ കോളേജ് ഓഫ് സിവില്‍ എന്‍ജിനീയറിങ്’ എന്ന പേരിലായി മാറി. സ്വാതന്ത്ര്യം ലഭിച്ചശേഷം സ്ഥാപനത്തിന് യൂണിവേഴ്സിറ്റിയുടെ പദവി കിട്ടി. 2001 ല്‍ ഈ സ്ഥാപനത്തിന് ”ഐഐടി” പദവി നല്കി കേന്ദ്ര സര്‍ക്കാര്‍ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചു. ആധുനികകാലത്ത് ശാസ്ത്രവും സാങ്കേതികവിദ്യയും വളര്‍ന്നു വന്നതോടുകൂടി എത്രയെത്ര കോഴ്സുകളാണ് എന്‍ജിനീയറിംഗ് മേഖലയിലുള്ളത്. അതുകൊണ്ടുതന്നെ സാധ്യതകള്‍ ഏറെയാണ്. എന്‍ജിനീയറിംഗ് ഡിഗ്രികള്‍ മാറ്റിസ്ഥാപിക്കാന്‍ AI-ക്ക് കഴിയുമോ? എന്നത് പുതിയ കാലത്തെ ചോദ്യമാണ്.

ക്യാമറ കണ്ടുപിടിച്ചത്
ആര്? എന്ന് ?
ക്യാമറ കണ്ടുപിടിച്ചത് ഒരു വലിയ ചരിത്ര സംഭവമാണ്. ക്യാമറകള്‍ നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. അവ ഓര്‍മ്മകള്‍ പകര്‍ത്താനും, ജീവിത മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തി സൂക്ഷിക്കാനും, ദൈനംദിന നിമിഷങ്ങള്‍ പങ്കിടാനും നമ്മെ സഹായിക്കുന്നു. 300 വര്‍ഷം മുന്‍പുള്ള ഫോട്ടോ എന്നും മറ്റും ഇന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില ചിത്രങ്ങള്‍ കാണുമ്പോള്‍ ഇതിന്റെ പിന്നാമ്പുറത്തെക്കുറിച്ച് ഒന്ന് അന്വേഷിച്ചാലോ എന്ന് തോന്നും. അത് ആവശ്യവുമാണ്.
ഫ്രഞ്ച് സയന്റിസ്റ്റായ ജോസഫ് നിസെഫോര്‍ നീപ്സിയാണ് ആദ്യത്തെ ക്യാമറ നിര്‍മ്മിച്ചതിന്റെ ബഹുമതി വഹിക്കുന്നത്. ജോസഫ് നിസെഫോര്‍ നീപ്സ് ഒരു ദീര്‍ഘവീക്ഷണമുള്ള വ്യക്തിയായിരുന്നു. 1816 മുതല്‍, ദൃശ്യങ്ങള്‍ ശാശ്വതമാക്കുന്നതിനുള്ള വഴികള്‍ അദ്ദേഹം പരീക്ഷിച്ചു തുടങ്ങി. ഹീലിയോഗ്രാഫി (‘സൂര്യന്റെ എഴുത്ത്’ എന്നര്‍ത്ഥം) എന്ന അദ്ദേഹത്തിന്റെ ആശയ പ്രകാരം എടുത്ത ചിത്രം ആധുനിക ഫോട്ടോഗ്രാഫിക്ക് അടിത്തറയിട്ടു. 1826-ല്‍, ലോകത്തിലെ ആദ്യ ഫോട്ടോ ‘വ്യൂ ഫ്രം ദി വിന്‍ഡോ അറ്റ് ലെ ഗ്രാസ്’ പകര്‍ത്താന്‍ അദ്ദേഹം ഒരു ക്യാമറ ഉപയോഗിച്ചു എന്നാണ് രേഖകള്‍ പറയുന്നത്.
പിന്നീട്, നീപ്സിന്റെ പങ്കാളിയായ ലൂയിസ് ഡാഗുറെ ഈ പ്രക്രിയ മെച്ചപ്പെടുത്തുകയും 1839-ല്‍ പുതിയ ഒരു വിദ്യ അവതരിപ്പിക്കുകയും ചെയ്തു. ഈ രീതിക്ക് കുറഞ്ഞ സമയം മാത്രമേ ആവശ്യമുള്ളൂ, ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ആദ്യത്തെ ഫോട്ടോഗ്രാഫിക് രൂപമായി മാറി. പിന്നെ മാറ്റങ്ങള്‍ ഓരോ കാലത്തും വന്നുകൊണ്ടേയിരുന്നു.
ആധുനിക ക്യാമറകളും സിനിമാറ്റോഗ്രാഫിയും ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയും കൊണ്ട് മാത്രം ആ യാത്ര അവസാനിച്ചില്ല. ഇന്ന്, ക്യാമറകള്‍ AI കൂടി സംയോജിപ്പിച്ച് ദൃശ്യ നിലവാരം മെച്ചപ്പെടുത്തുന്നതിനും, ദൃശ്യങ്ങള്‍ തിരിച്ചറിയുന്നതിനും, കൃത്രിമചിത്രങ്ങള് സൃഷ്ടിക്കുന്നതിനും കഴിയുന്ന തരത്തിലായിട്ടുണ്ട്. സ്മാര്‍ട്ട്ഫോണുകള്‍ മുതല്‍ ആധുനിക ഡിജിറ്റല്‍ ഉപകരണങ്ങള്‍ വരെ, ഫോട്ടോഗ്രാഫിയെ അതിശയകരമായ രീതിയില്‍ പുനര്‍നിര്‍വ്വചിക്കുന്നു.

റസ്ക് വന്ന വഴി
സാധാരണക്കാരന്റെ എക്കാലത്തെയും ഭക്ഷണമായ റസ്ക് എവിടെ നിന്നു വന്നു എന്ന ഒരു ചോദ്യമുണ്ട്. ഇന്ത്യയില്‍ ഉത്ഭവിച്ചതല്ല. ആഹാരം ഉണക്കി ഭാവിയിലേക്ക് സൂക്ഷിക്കുക എന്ന ആശയം പുരാതന കാലം മുതലുള്ളതാണ്. ബ്രെഡ് കേടാകാതിരിക്കാനുള്ള ഒരു മാര്‍ഗം കൂടിയാണ് വാസ്തവത്തില്‍ റസ്ക് ഉണ്ടാകാന്‍ കാരണം.’റസ്ക്’ എന്ന വാക്ക് ലാറ്റിന്‍ പദമായ’റൂസ്കോ’യില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്. ‘രണ്ടുതവണ ചുട്ടത്’ എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. യൂറോപ്പിലെ നാവികരും പട്ടാളക്കാരും കടല്‍ യാത്രകളിലും സൈനിക നീക്കങ്ങള്‍ നടത്തുമ്പോഴും റസ്ക് ഭക്ഷണമായി കൊണ്ടുനടന്നിരുന്നു. അതിന്റെ ആധുനിക രൂപം പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്പില്‍ പരിണമിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. വിദേശികള്‍ ഇന്ത്യയില്‍ വന്നപ്പോള്‍, അവര്‍ ചായയ്ക്കൊപ്പം റസ്ക് കൂടി കൊണ്ടുവന്നു, ഇന്ത്യയിലെത്തിയതോടെ, റസ്ക് പ്രാദേശിക ചേര്ച്ചകളുമായി പെട്ടെന്ന് പൊരുത്തപ്പെട്ടു. ഏലം നെയ്യ് തുടങ്ങിയ വകഭേദങ്ങള്‍ കൂടിച്ചേര്‍ന്ന് റസ്ക് കൂടുതല്‍ ആകര്‍ഷകമായി. ബേക്കര്‍മാര്‍ ബാക്കിയുള്ള ബ്രെഡ് എടുത്ത് മുറിച്ച് ഉണക്കി സ്വര്‍ണ്ണനിറമാകുന്നതുവരെ ചുട്ടെടുക്കാന്‍ തുടങ്ങി. ബ്രഡ് കേടാകുന്നത് ഒഴിവാക്കുന്നതിനുള്ള സമര്‍ത്ഥമായ ഒരു മാര്‍ഗം. കൂടിയായിരുന്നു ഇത്. വേഗത്തില്‍ ഇന്ത്യന്‍ ജനതയ്ക്ക് റസ്ക് കൂടുതല്‍ ഇഷ്ടപ്പെട്ടു. കറുമുറാ ചവയ്ക്കാന്‍ കഴിയുന്ന, ഭാരം കുറഞ്ഞ, വിലക്കുറവുള്ള വളരെ വേഗത്തില്‍ പൊട്ടാതെ ചൂടുള്ള ചായയ്ക്കൊപ്പം കഴിക്കാന്‍ കഴിയുന്ന ഈ ഭക്ഷണം വേഗം ജനപ്രിയമായി. എന്നും കാലത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം നിലനില്ക്കാന് ബ്രെഡിന് കഴിയുന്നു എന്നതാണ് അതിന്റെ ജനപ്രിയതയ്ക്ക് കാരണം.

എന്താണ് വിജയം?
എല്ലാം മറന്നു പൊട്ടിച്ചിരിക്കുക; ബുദ്ധിമാന്മാരുടെ ആദരവും കുട്ടികളുടെ സ്നേഹവും നേടുക; നല്ല വിമര്‍ശകരുടെ അംഗീകാരം നേടുകയും വഞ്ചകരെ ഒഴിവാക്കി നിര്‍ത്തുകയും ചെയ്യുക; എല്ലാറ്റിലും സൗന്ദര്യം കണ്ടെത്തുക; മറ്റുള്ളവരില്‍ നന്മ കണ്ടെത്തുക; ലോകത്തെ ഒരു ചെറിയ അളവില്‍ മെച്ചപ്പെടുത്താന്‍ അവനവന് കഴിയുന്നത് ചെയ്യുക, ഒരു കുട്ടിയിലൂടെയോ, ഒരു പൂന്തോട്ടത്തിലൂടെയോ, ഒരു സാമൂഹിക മാറ്റത്തിലൂടെയോ ആകാമത്. നിങ്ങള്‍ ജീവിച്ചിരുന്നതിനാല്‍ ഒരു ജീവിതം എളുപ്പമായെന്ന് അറിയുക. ഇതാണ് വിജയിക്കുക കൊണ്ട് അര്‍ത്ഥമാക്കുന്നത്!
~ റാല്‍ഫ് വാല്‍ഡോ എമേഴ്സണ്‍ (അമേരിക്കന്‍ എഴുത്തുകാരന് ,ചിന്തകന്‍)
9745226161




