റീലിൽ നിന്നും വായനയിലേക്ക് അതിർത്തിയിലെ സിംഘബാദ് അവസാന റെയിൽവേ സ്റ്റേഷൻ

കാലദേശങ്ങൾ കടന്ന് നിമിഷങ്ങൾക്കകം ദൃശ്യങ്ങൾ ലോകം മുഴുവൻ പ്രയാണം നടത്തുന്ന കാലം. സമൂഹമാധ്യമങ്ങളിൽ നിറയുന്ന കാഴ്ചകളുടെ കുത്തൊഴുക്കിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന വിലപിടിപ്പുള്ള വിവരങ്ങൾ ഏതാനും നിമിഷങ്ങൾ കൊണ്ട് വായിച്ചു കടന്നുപോകാം.

ഇന്ത്യയിലെ അവസാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് സിംഘബാദ്. മറ്റു പല സ്റ്റേഷനുകളും അങ്ങനെ അവസാനത്തേതായി ഉണ്ട്. അവയിൽ നിന്ന് വ്യത്യസ്തമാണ് സിംഘബാദ്. ഈ സ്റ്റേഷനിൽ ഒരു പാസഞ്ചർ വണ്ടിയും നിർത്തുന്നില്ല. ഒരു ട്രെയിനുകളും ഇവിടെനിന്ന് പുറപ്പെടുന്നില്ല;ഇവിടെ യാത്ര അവസാനിപ്പിക്കുന്നുമില്ല. കൊൽക്കത്തയിൽ നിന്നും ധാക്കയിലേക്ക് പോകാനുള്ള വഴിയിലാണ് സിംഘബാദ് റെയിൽവേ സ്റ്റേഷൻ. ഡാർജിലിംഗ് കുന്നുകളുടെ മനോഹാരിതയും പേറി ഏറെക്കുറെ വന്യമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു സ്ഥലത്ത് ഒറ്റപ്പെട്ട് നിൽക്കുന്ന വിജനമായ നീണ്ട പ്ളാറ്റ് ഫോമുകൾ ഉള്ള ഒരു റെയിൽവേ സ്റ്റേഷനാണ് സിംഘബാദ്. ഇന്ത്യയുടെയും ബംഗ്ലാദേശിൻ്റെയും അതിർത്തിയായി സിംഘബാദ് സ്റ്റേഷൻ നിലകൊള്ളുന്നു. 1971 ൽ ബംഗ്ലാദേശ് രൂപം കൊണ്ട ശേഷമാണ് സ്റ്റേഷന് ഈ അവസ്ഥ ഉണ്ടായത്. അതിനു മുൻപ് ഇത് നിരവധി ട്രെയിനുകൾ കടന്നുപോകുന്ന ഒരു സ്റ്റേഷൻ ആയിരുന്നു. തീവണ്ടികൾക്ക് ഇവിടെ ചുവപ്പു സിഗ്നൽ ഉണ്ടായിരുന്നു. കയറാനും ഇറങ്ങാനും കുറച്ച് യാത്രക്കാർ അന്നുണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ചതാണ് ഈ റെയിൽവേ സ്റ്റേഷൻ. അന്ന് ഇതുവഴി ഒരുപാട് ട്രെയിനുകൾ കടന്നു പോയിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ധാക്കയിലേക്ക് ഗാന്ധിജിയും നേതാജിയും ഇതുവഴി കടന്നുപോയിട്ടുണ്ടത്രേ. എന്നാൽ ഇന്ന് ഒരു പാസഞ്ചർ ട്രെയിനുകളും വരുകയോ നിർത്തുകയോ ചെയ്യാത്ത സ്റ്റേഷനായി സിംഘബാദ് തുടരുന്നു. കുറച്ച് റെയിൽവേ ജീവനക്കാരും വല്ലപ്പോഴും വന്നെത്തുന്ന ഗുഡ്സ് ട്രെയിനുകളും മാത്രമാണ് ഈ സ്റ്റേഷനിൽ ഉള്ളത്.

വാറൻ ബഫറ്റും ബിൽ ഗേറ്റ്സും

ഫോക്കസ് വരുന്ന തലമുറയ്ക്ക് പ്രചോദനം
ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ പെടുന്ന രണ്ടുപേരാണ് ബിൽ ഗേറ്റ്സും മാനേജ്മെൻറ് വിദഗ് ദനായ വാറൻ ബഫറ്റും. രണ്ടു വ്യത്യസ്ത സന്ദർഭങ്ങളിൽ, വ്യത്യസ്ത വേദികളിൽ ഒരു പത്രപ്രവർത്തകൻ അവരോട് നിങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ ഏറ്റവും പ്രാധാന്യം കൽപ്പിക്കുന്ന വാക്ക് ഏതാണ് എന്ന് ചോദിച്ചു. അവർ രണ്ടാളും പറഞ്ഞ വാക്ക് ഫോക്കസ് (Focus) എന്നായിരുന്നു. അതായത് ശ്രദ്ധ കേന്ദ്രീകരിച്ചു പോകുക എന്നർത്ഥം.
എന്താവാം അവർ രണ്ടും ഒരേ വാക്കു തന്നെ പറയാൻ കാരണം? രണ്ടാളും ജീവിതത്തിലും ബിസിനസിലും വിജയിച്ചവരാണ്. രണ്ടുപേരും ഒരേ വാക്ക് തന്നെ അവരുടെ ജീവിതത്തെ മുന്നോട്ടു നയിച്ച വാക്കായി തെരഞ്ഞെടുത്തു പറയുന്നത്? പിന്നാലെ വരുന്ന തലമുറയ്ക്ക് ഒരു പ്രചോദനമാണ് ഫോക്കസ് എന്ന വാക്ക്. ഒരു ലക്ഷ്യം തീരുമാനിക്കുകയും അതിലേക്ക് എത്താൻ വേണ്ടി ജീവിതത്തെ ഫോക്കസ് ചെയ്തു പോവുകയും ചെയ്യുക എന്നതാവാം അവർ നൽകിയ സന്ദേശം. അത്രയും പ്രചോദനാത്മകമായ ഒരു പദമാണ് ഫോക്കസ് എന്ന് തിരിച്ചറിയുക.

ജയൻ

ജയൻ നവംബറിന്റെ നഷ്ടം
മലയാളത്തിന് വളരെ പ്രിയപ്പെട്ട നടനായിരുന്നു ജയൻ. 1980 നവംബർ 16ന് അദ്ദേഹം സിനിമാ ചിത്രീകരണത്തിനിടെ ഒരു അപകടത്തിൽ മരിച്ചു.”യുവരക്തത്തിൻ്റെ ഹര”മായി അറിയപ്പെട്ട ജയൻ്റെ നിര്യാണം സിനിമാ പ്രേമികളെ കുറേക്കാലത്തേക്ക് വല്ലാതെ വിഷമിപ്പിച്ചു. മരണത്തെ തുടർന്ന് അദ്ദേഹം അഭിനയിച്ച പഴയ സിനിമകൾ റീ-റിലീസ് ചെയ്ത് വലിയ കളക്ഷൻ നേടുകയും ചെയ്തു. ഇന്നും പഴയ തലമുറയ്ക്ക് ജയനെ നഷ്ടപ്പെട്ട ദുഃഖത്തിൽ നിന്ന് പുറത്തു വരാൻ കഴിഞ്ഞിട്ടില്ല. ചെറിയ വേഷങ്ങൾ ചെയ്തു സ്വന്തം പ്രയത്നത്താൽ ഉയർന്നുവന്നു നായകനായ നടനായിരുന്നു അദ്ദേഹം. മുൻ സൈനികോദ്യോഗസ്ഥൻ. ഡ്യൂപ്പില്ലാതെ ചെയ്ത സാഹസപ്രവർത്തികൾ അദ്ദേഹത്തിന് ‘ആക്ഷൻ ഹീറോ’ പദവി സമ്മാനിച്ചു. പെട്ടെന്ന് തന്നെ വലിയ ഉയർച്ച അദ്ദേഹത്തിൻ്റെ കരിയറിന് ലഭിച്ചു. എന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന നിരവധി ഗാനരംഗങ്ങളിൽ അഭിനയിച്ച് അദ്ദേഹം മലയാള സിനിമാലോകത്തിന് നിത്യഹരിതാഭ സമ്മാനിച്ചു. ഏതു തലമുറയും ഇഷ്ടപ്പെടുന്ന ഒരു ഗാംഭീര്യം അദ്ദേഹത്തിന് സ്വന്തമാണ്. ജയനെ ഓർക്കാതെ നവംബറിന് കടന്നു പോകാൻ കഴിയില്ല.

ജിം കോർബറ്റ്

കടുവയെ പിടിച്ച കിടുവ
വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടന്നതാണ്‌. ഇപ്പോഴത്തെ ഉത്തരാഘണ്ട്‌ സംസ്ഥാനത്തിലെ ഗഡ്‌വാള്‍ – കുമയൂൺ‍ മേഖലയിലെ വന പ്രദേശത്തോട്‌ ചേര്‍ന്നു നില്‍ക്കുന്ന ഗ്രാമം. ഒരു കടുവയുണ്ടാക്കുന്ന പ്രശ്നങ്ങൾ കാരണം നാട്ടുകാര്‍ ആകെ ഭയന്നും വിറച്ചും ജീവിക്കുകയാണ്‌.
ആദ്യമാദ്യം അത്‌ നാട്ടുകാരുടെ ആടുകളെയും പശുക്കളെയും കൊന്നുതിന്നു. പിന്നെ മനുഷ്യരെയും കൊന്നു തുടങ്ങി. നരഭോജി കടുവയെ കൊല്ലാന്‍ നാട്ടുകാരും സര്‍ക്കാരും പദ്ധതികള്‍ മെനഞ്ഞു. ഒന്നും ഫലിച്ചില്ല. നാട്ടുകാരുടെ പരിദേവനം കൂടിക്കൂടി വന്നു. ഒരുനാള്‍ വിദേശിയായ ഒരു വേട്ടക്കാരനെ വരുത്തി. ആള്‍ കടുവയെ വെടിവെക്കുന്നതില്‍ വിരുതന്‍. ഏറെനാളത്തെ തിരച്ചിലിൻ്റെ ഫലമായി
നരഭോജിയെ കാലപുരിക്കയച്ചു. കുമയൂൺ മേഖലയിലേക്ക് അന്ന് വേട്ടക്കാരനായി വന്നത് പ്രശസ്തനായ ‘ജിം കോർബറ്റാ’യിരുന്നു. ആ അനുഭവം പിന്നീട് അദ്ദേഹം പുസ്തകം ആക്കിയിട്ടുണ്ട്. “കുമയൂണിലെ കടുവകൾ” എന്ന പേരിൽ. സര്‍ക്കാരിന്‌ തലവേദന ഒഴിഞ്ഞു. നാട്ടുകാര്‍ ഭയപ്പാടില്ലാതെ ജീവിച്ചു. കാലം കടന്നു പോയി.

കുറച്ചു വർഷങ്ങൾക്ക് ശേഷം തങ്ങളുടെ വിളവുകളെല്ലാം രാത്രികാലങ്ങളില്‍ നശിപ്പിക്കപ്പെടുന്നുവെന്ന സത്യം കര്‍ഷകര്‍ കണ്ടറിഞ്ഞു. വിളഞ്ഞ ഗോതമ്പുവയലുകള്‍ കാലിയായിക്കൊണ്ടിരിക്കുന്നു. രാത്രിയില്‍ കര്‍ഷകര്‍ ഉറക്കമൊഴിഞ്ഞ്‌ കാത്തിരുന്നു. കണ്ട കാഴ്ച ഇതായിരുന്നു. ‘നീല്‍ ഗായ്‌’ കള്‍ കൂട്ടത്തോടെ വയലുകളില്‍ മേഞ്ഞുനടക്കുന്നു!
ഇത്രയും നീല്‍ ഗായ്‌കളോ?ഇവയൊക്കെ എവിടന്നു വന്നു?! അവർ പരസ്പരം ചോദിച്ചു.
‘ മാനിന്റെ വര്‍ഗ്ഗത്തില്‍ പെട്ടവയാണ്‌ അവ.
കൊല്ലാനും പറ്റില്ല! നീല്‍ ഗായ്‌ക്കളുടെ എണ്ണം പെരുകിപ്പെരുകി വന്നു. വിളവുകള്‍ നശിച്ചു. അന്നം മുട്ടി. ജീവിതം മുട്ടി. കര്‍ഷകരുടെ കടം പെരുകി. കാരണം തിരഞ്ഞു. ഉത്തരം കിട്ടി. ഇപ്പോൾ കടുവയില്ല. എന്തുചെയ്യും?
നാട്ടുകാര്‍ വീണ്ടും സംഘടിച്ചു. സര്‍ക്കാരിലേക്ക്‌ നിവേദനം ചെന്നു. വിദഗ്‌ദ്ധാഭിപ്രായം വന്നു.
കുമയൂണ്‍ മേഖലയില്‍ കടുവയെ എവിടെനിന്നെങ്കിലും കൊണ്ടുവരണം. അങ്ങനെ വീണ്ടും എവിടെനിന്നോ രണ്ട് കടുവകളെ കൊണ്ടുവരേണ്ടിവന്നു.
പാഠം. ഓരോ വിഷയത്തിലും പെട്ടെന്ന് കണ്ടെത്തുന്ന ലളിത പരിഹാരങ്ങൾ നമ്മെ ദീർഘകാല പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കും.

പാട്ട് നന്നാവാൻ സ്നേഹമന്ത്രം
“പുതുതായി പാട്ടുപാടാൻ വന്ന ഗായിക പ്രശസ്ത ഗായികയോട് ചോദിച്ചു “പാട്ടു നന്നാവാനെന്താണ് ചെയ്യേണ്ടത്?” അവരുടെ മറുപടി ഇങ്ങനെയായിരുന്നു. “എല്ലാറ്റിനേയും നന്നായി സ്നേഹിച്ചാൽമതി”. വലിയ എഴുത്തുകാരും പ്രാസംഗികരും കവികളും ഋഷികളുമെല്ലാം ഈ രഹസ്യത്തെ അറിഞ്ഞ് പിൻതുടർന്നവരാണ്.

Author

186 Views
Scroll to top
Close
Browse Categories