പൂത്തോട്ട കെ.പി.എം സ്‌കൂളിന് നൂറുമേനി

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സമ്പൂര്‍ണ്ണവിജയം നേടിയ പൂത്തോട്ട ക്ഷേത്രപ്രവേശന മെമ്മോറിയല്‍ (കെ.പി.എം.) ഹൈസ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും വിജയാഘോഷത്തില്‍.

തൃപ്പൂണിത്തുറ: നൂറുമേനി വിജയനേട്ടത്തില്‍ പൂത്തോട്ട ക്ഷേത്ര പ്രവേശന മെമ്മോറിയല്‍ (കെ.പി.എം.) ഹൈസ്‌കൂള്‍ .എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഇക്കുറിയും സുവര്‍ണനേട്ടമാണ് കൈവരിച്ചത്. പരീക്ഷ എഴുതിയ 346 വിദ്യാര്‍ത്ഥികള്‍ എല്ലാവരും ജയിച്ചു. 74 കുട്ടികള്‍ ഫുള്‍ എ പ്ലസ് നേടി. ശ്രീനാരായണഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ശ്രീവല്ലഭ ക്ഷേത്രത്തിന്റെ മുറ്റത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളിന്റെ മികച്ച നേട്ടം നാടിനാകെ ആഘോഷമായി. കഴിഞ്ഞ വര്‍ഷവും പരീക്ഷ എഴുതിയ 370 വിദ്യാര്‍ത്ഥികളും വിജയിച്ചിരുന്നു. 63 ഫുള്‍ എ പ്ലസും കരസ്ഥമാക്കി. എസ്.എന്‍.ഡി.പി യോഗം പൂത്തോട്ട ശാഖയുടെ കീഴിലാണ് സ്‌കൂള്‍. ശാഖാ പ്രസിഡന്റ് ഡി. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി കെ.കെ. അരുണ്‍കാന്ത്, മുന്‍ മാനേജർ ഇ.എന്‍.മണിയപ്പന്‍, വൈസ്‌പ്രസിഡന്റ് പി.ആര്‍. അനില, ഹെഡ് മാസ്റ്റര്‍ അനൂപ് സോമരാജന്‍, അദ്ധ്യാപകര്‍, പി.ടി.എ. ഭാരവാഹികള്‍ തുടങ്ങിയവരുടെ ആശ്രാന്ത പരിശ്രമമാണ് സ്‌കൂളിനെ നൂറു മേനി വിജയത്തിലേക്കെത്തിച്ചത്. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളുടെ സംഗമസ്ഥാനമായതിനാല്‍ മൂന്നു ജില്ലകളിലെയും വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. മത്സ്യതൊഴിലാളികളുടെയും കര്‍ഷക തൊഴിലാളികളുടെയും മക്കളായ തീര്‍ത്തും സാധാരണക്കാരായ കുട്ടികളാണ് ഇവരില്‍ ഭൂരിഭാഗവും.

കലാ, കായിക, ക്ലബ്ബ്തല പ്രവര്‍ത്തനങ്ങളിലും സ്‌കൂള്‍ സംസ്ഥാനത്ത് മുന്‍നിരയിലാണ്. അന്താരാഷ്ട്ര നിലവാരമുള്ള കളിസ്ഥലം സ്‌കൂളിന്റെ മേന്മയാണ്. എന്‍.സി.സി, ജെ.ആര്‍.സി., ലിറ്റില്‍ കൈറ്റ്, സ്‌കൗട്ട് ആന്റ് ഗൈഡ് തുടങ്ങിയവ സ്‌കൂളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഭാഷ, ശാസ്ത്ര, ഇതരക്ലബുകളും മികച്ച പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹികമായി ശ്രദ്ധ നേടി വരുന്നു.

Author

Scroll to top
Close
Browse Categories