ധര്‍മ്മം ശരണം ഗച്ഛാമി

എന്താണ് ബുദ്ധന്‍ പറയുന്ന ധര്‍മ്മം എന്നു ചോദിക്കുമ്പോള്‍ ഒരു ബുദ്ധഭിക്ഷു പറയുന്ന മനോഹരമായ ഉത്തരമുണ്ട്, ‘നമ്മുടെ ഹൃദയം ഏറ്റവും ഹൃദ്യതയോടു കൂടിയും ഒരു തരത്തിലുമുള്ള വിഭാഗീയതകളുമില്ലാതെയും മനുഷ്യനെന്നോ മനുഷ്യേതര ജീവികളെന്നോ വ്യത്യാസമില്ലാതെ സര്‍വപ്രപഞ്ചവും ഒന്നായി കണ്ടുകൊണ്ട്, ഏവരുടെയും സമാധാനത്തിനുവേണ്ടി ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമാണ് ധര്‍മ്മം.’

സ്വരൂപം, സ്വഭാവം, സ്വധര്‍മ്മം

നമ്മള്‍ എത്രയൊക്കെ പറഞ്ഞാലും അറിഞ്ഞാലും ഉണര്‍വിലും ശ്രദ്ധയിലും സമാധാനത്തിലുമായിരിക്കാന്‍ കഴിയുന്നില്ല എന്നതൊരു സത്യമാണ്. ബുദ്ധം എന്നു പറയുന്ന അവസ്ഥ, വെറുതെ എവിടെയെങ്കിലും ഇരുന്ന് ധ്യാനിക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും കിട്ടുന്നതല്ല. ആ അവസ്ഥയിലേക്ക് എത്തിച്ചേരണമെങ്കില്‍ ജീവിതത്തില്‍ ഒരു വ്യവസ്ഥ ഉണ്ടാകേണ്ടതുണ്ട്. എവിടെയാണോ വ്യവസ്ഥ ഉണ്ടാകുന്നത് അവിടെയാണ് സ്വസ്ഥത ഉണ്ടാവുക. ഈ വ്യവസ്ഥയ്ക്ക് പറയുന്ന മറ്റൊരു പേരാണ് ധര്‍മ്മം.
എന്താണ് ബുദ്ധന്‍ പറയുന്ന ധര്‍മ്മം എന്നു ചോദിക്കുമ്പോള്‍ ഒരു ബുദ്ധഭിക്ഷു പറയുന്ന മനോഹരമായ ഉത്തരമുണ്ട്, ‘നമ്മുടെ ഹൃദയം ഏറ്റവും ഹൃദ്യതയോടു കൂടിയും ഒരു തരത്തിലുമുള്ള വിഭാഗീയതകളുമില്ലാതെയും മനുഷ്യനെന്നോ മനുഷ്യേതര ജീവികളെന്നോ വ്യത്യാസമില്ലാതെ സര്‍വപ്രപഞ്ചവും ഒന്നായി കണ്ടുകൊണ്ട്, ഏവരുടെയും സമാധാനത്തിനുവേണ്ടി ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമാണ് ധര്‍മ്മം.’

അതു പറയുന്ന സമയത്ത് അവരുടെ കണ്ണിലും മുഖത്തും വിരിഞ്ഞു വരുന്ന ഒരു പ്രസാദാത്മകതയുണ്ട്. അത്രയും നിഷ്‌ക്കളങ്കമായി അത് മുഖത്ത് പ്രസരിക്കുന്നുണ്ടെങ്കില്‍ അതിന് പ്രധാന കാരണം ധാര്‍മ്മികമായ ഒരു ജീവിതം അവരുടെ ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലും അനുവര്‍ത്തിച്ചു പോരുന്നുണ്ട് എന്നതാണ്.
ബുദ്ധന്‍ തന്റെ ശിഷ്യന്മാരുടെ മുമ്പില്‍ പ്രഭാഷണത്തിനായി ഇരിക്കുകയാണ്. കൈയില്‍ ഒരു തൂവാലയുണ്ട്. ബുദ്ധന്‍ ആ തൂവാലയെടുത്ത് മെല്ലെ അഞ്ചു കെട്ടു കെട്ടി. വളരെ കൗതുകത്തോടു കൂടി അതു നോക്കിയിരിക്കുന്ന ശിഷ്യന്മാരോട് ബുദ്ധന്‍ ചോദിച്ചു: ഞാന്‍ ഈ തൂവാലയ്ക്ക് അഞ്ചു കെട്ടുകള്‍ കെട്ടിയിട്ടുണ്ട്, ഈ കെട്ടുകള്‍ കെട്ടുന്നതിന് മുമ്പുള്ള തൂവാലയും കെട്ടിയതിന് ശേഷമുള്ള തൂവാലയും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?
ഒരു ശിഷ്യന്‍ പറഞ്ഞു: ഒരര്‍ത്ഥത്തില്‍ യാതൊരു വ്യത്യാസവുമില്ല. കെട്ടുന്നതിനു മുമ്പ് ആ തൂവാല ഏതൊരു ധര്‍മ്മത്തോട് കൂടിയാണോ ഇരുന്നത്, ഏതൊരു ഗുണത്തോട് കൂടിയാണോ ഇരുന്നത്, അങ്ങനെ തന്നെയാണ് കെട്ടുകളിട്ടതിന് ശേഷവും. അതിന്റെ ധര്‍മ്മത്തിനോ ഗുണത്തിനോ യാതൊരു വ്യത്യാസവും സംഭവിച്ചിട്ടില്ല. ബാഹ്യദൃഷ്ടിയാല്‍ നോക്കുമ്പോള്‍ കുറച്ചു കെട്ടുകള്‍ വന്നുവെന്ന മാറ്റം കാണാമെങ്കിലും സൂക്ഷ്മദൃഷ്ടിയാല്‍ നോക്കുമ്പോള്‍ അതില്‍ യാതൊരു തരത്തിലുമുള്ള വ്യത്യാസവുമില്ല.
ബുദ്ധന്‍ പറഞ്ഞു: അങ്ങനെയാണ് മനുഷ്യമനസ്സ്. ഒരാള്‍ ബുദ്ധനായതിനുശേഷം എന്ത് എന്നു ചോദിച്ചാല്‍ രണ്ടും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഒരു സമയത്ത് താന്‍ അവബോധമാണ് എന്നറിയുന്നില്ല എന്നു മാത്രം. മറ്റേ സമയത്ത് താന്‍ അവബോധമാണ് എന്നറിയുന്നു. രണ്ടു സമയത്തും നമ്മള്‍ അവബോധമായാണ് ഇരിക്കുന്നത്. ഇന്ദ്രിയങ്ങളിലൂടെയും മനസ്സിലൂടെയും ബുദ്ധിയിലൂടെയും ലോകത്തെ അനുഭവിക്കുമ്പോള്‍ അത് പരംപൊരുളായും ബുദ്ധമായും നമ്മള്‍ അറിയുന്നില്ല. മനസ്സ്, ബുദ്ധി, ഇന്ദ്രിയങ്ങള്‍ എന്നു പറയുന്ന ഈ കെട്ടുകള്‍ നമ്മെ പരംപൊരുളില്‍ നിന്നും, സത്യത്തില്‍ നിന്നും അകറ്റിക്കൊണ്ടു പോകുന്ന ബന്ധനങ്ങളായിട്ടാണ് നമ്മള്‍ അനുഭവിക്കുന്നത്. സത്യത്തില്‍ ആ കെട്ടുകള്‍ ബുദ്ധം തന്നെയാണ്.

കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേക ജഗത്തുമോര്‍ക്കിലെല്ലാം
പരവെളിതന്നിലുയര്‍ന്ന ഭാനുമാന്‍ തന്‍
തിരുവുരുവാണു തിരഞ്ഞു തേറിടേണം

എന്ന് നാരായണഗുരു ആത്മോപദേശശതകത്തില്‍ പറയുന്ന സത്യം തന്നെയാണ് ബുദ്ധനും പറയുന്നത്. കെട്ടുകള്‍ കെട്ടാതെയിരിക്കുന്ന തൂവാലയുടെ അതേ ആവിഷ്‌ക്കാരം തന്നെയാണ്, ധര്‍മ്മം തന്നെയാണ് കെട്ടുകള്‍ കെട്ടിയാലും ആയിരിക്കുന്നത്. അത് നാം അറിയുന്നില്ല എന്നുമാത്രം. അതുകൊണ്ട് ഒരാള്‍ ബുദ്ധനായിത്തീരുമ്പോള്‍ അയാള്‍ക്ക് എന്തെങ്കിലും ഗുണപരമായ മാറ്റമൊന്നും സംഭവിക്കുന്നില്ല. എങ്ങനെയാണോ തൂവാല കെട്ടില്ലാതെ ഇരിക്കുമ്പോഴും കെട്ടോടുകൂടി ഇരിക്കുമ്പോഴും അത് തൂവാലതന്നെ ആയിരിക്കുന്നത് എന്നതുപോലെ, പഴയ അതേ ആള്‍ തന്നെയാണ് ബുദ്ധനായതിന് ശേഷവും ആയിരിക്കുന്നത്.
ബുദ്ധന്‍ വീണ്ടും ചോദിക്കുന്നുണ്ട്: ഈ കെട്ടുകള്‍ എങ്ങനെയാണ് ഒന്നഴിക്കുക, നിങ്ങള്‍ക്കത് പറഞ്ഞു തരാമോ?
ബുദ്ധന്റെ ഒരു ശിഷ്യന്‍ മറുപടി പറയുന്നത്, എങ്ങനെയാണോ നിങ്ങള്‍ ആ കെട്ടിട്ടത്, അതറിഞ്ഞാല്‍ മാത്രമേ അതിനെ അഴിക്കാന്‍ കഴിയൂ എന്നാണ്.
അതായത് പലതരത്തിലുള്ള കെട്ടുകളിട്ടു സ്വയം പൂട്ടിയിട്ട് ആ കെട്ടുകളെ പരംപൊരുളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതാണെന്ന് ഓരോരുത്തരും ധരിച്ചുവെച്ചിരിക്കുന്ന രീതിയെന്താണോ അതറിഞ്ഞതിനു ശേഷം
വേണം ആ അറിവില്ലായ്മയില്‍ നിന്ന് അറിവിലേക്ക് തിരിച്ചു നടക്കാന്‍. അറിഞ്ഞുവെച്ചതില്‍ നിന്ന് ഒരു അഴിച്ചുപണിയലാണ് നമുക്കാവശ്യം. നമ്മള്‍ മനസ്സിലാക്കിവെച്ചതില്‍ ഒരു തിരിച്ചറിവ് ഉണ്ടാവേണ്ടിയിരിക്കുന്നു.
തിരിച്ചറിവ് എന്ന വാക്കുതന്നെ തിരിഞ്ഞുനടപ്പിലൂടെ ഉണ്ടാവേണ്ട അറിവാണ്. നാം ദുഃഖിതരായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നാരായണഗുരു ജനനീനവരത്‌നമഞ്ജരിയിലെ ആദ്യത്തെ ശ്ലോകത്തില്‍ മനോഹരമായി വിവരിക്കുന്നുണ്ട്. നാരായണഗുരുവും ബുദ്ധനും അതുപോലെയുള്ള ഗുരുക്കന്മാരും ഒന്നും വേറെവേറെ ആയിരിക്കുന്നില്ല.

ഒന്നായ മാമതിയില്‍ നിന്നായിരം ത്രിപുടി
വന്നാശു തന്മതി മറ-
ന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടലാം കടലി-
ലൊന്നായി വീണു വലയും
എന്നാശയം ഗതി പെറും നാദഭൂമിയില-
മര്‍ന്നാവിരാഭ പടരും-
ചിന്നാഭിയില്‍ ത്രിപുടിയെന്നാണറുംപടി
കലര്‍ന്നാറിടുന്നു ജനനീ

അറിവില്‍ നിന്ന് അറിവില്ലായ്മയിലേക്ക് സഞ്ചരിച്ച വഴിയെ കുറിച്ചാണ് നാരായണഗുരു പറയുന്നത്. ആശയാണ് എല്ലാ ദുഃഖങ്ങള്‍ക്കും കാരണം എന്നുപറയുന്ന അതേ ദര്‍ശനത്തെ തന്നെയാണ് ഗുരു ജനനീനവരത്‌നമഞ്ജരിയിലൂടെ ആവിഷ്‌ക്കരിക്കുന്നത്.
ഒന്നായ അറിവില്‍ നിന്ന് അതായത് ഒരു കെട്ടുമില്ലാത്ത ആ തൂവാലയില്‍ നിന്ന് യാതൊരു തരത്തിലുമുള്ള ഭേദബുദ്ധിയുമില്ലാതെ സര്‍വവും ചൈതന്യമാണ്, ഏകാത്മകമാണ് എന്ന് നാം മനസ്സിലാക്കണം.

ഏകമായ ആ മഹിമാവില്‍ നിന്ന് ആയിരം തരത്തിലുള്ള കെട്ടുകള്‍ ഉണ്ടായി വന്ന്, ആയിരം തരത്തിലുള്ള ആവിഷ്‌ക്കാരങ്ങളുണ്ടായി. നാമരൂപാത്മകമായ ഈ പ്രപഞ്ചം നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്കും മനസ്സിനും ബുദ്ധിക്കും വെവ്വേറെ അനുഭവമാകുന്ന തരത്തില്‍ രൂപപ്പെട്ടു. ഈ രൂപപ്പെട്ടു വന്നതെല്ലാം തന്നില്‍ നിലനില്‍ക്കുന്ന ചൈതന്യത്തില്‍ നിന്നുതന്നെ സൃഷ്ടിക്കപ്പെട്ടതാണെന്നു തിരിച്ചറിയാതെ തന്നില്‍ നിന്നും അന്യമായിരിക്കുന്നതാണെന്ന് നാം തെറ്റിദ്ധരിച്ചു.
ഇതെല്ലാം വാരിപ്പുണര്‍ന്നു നില്‍ക്കുന്നിടത്താണ് തന്റെ സമാധാനം ഇരിക്കുന്നതെന്ന് തെറ്റിദ്ധരിച്ച്, ആര്‍ജ്ജിച്ചു കൂട്ടുന്നതിനുവേണ്ടി ഇന്ദ്രിയങ്ങളെയും മനസ്സിനെയും ബുദ്ധിയെയും നിരന്തരം വിഷയലോകങ്ങളില്‍ വ്യാപരിപ്പിക്കാന്‍ തുടങ്ങി. ആ ഒരു സഞ്ചാരം എവിടെ നിന്നുണ്ടായി എന്നു ചോദിച്ചാല്‍ പരമമായിരിക്കുന്ന ബുദ്ധിക്ക് മറവി സംഭവിച്ചത് കൊണ്ടാണെന്നാണുത്തരം. അല്ലായിരുന്നുവെങ്കില്‍, നമ്മുടെ ബോധത്തിന്റെ സമാധാനത്തെ നിലനിര്‍ത്താന്‍ ആവശ്യമായതിനെ മാത്രം തന്റെ ചുറ്റുപാടില്‍ നിന്ന് സ്വീകരിക്കുകയും ഏറ്റവും മിതമായി മാത്രം അത് ഉപയോഗിക്കുകയും ചെയ്‌തേനെ. പക്ഷേ, തന്നില്‍ നിന്ന് രൂപപ്പെട്ട് തനിക്കു ചുറ്റും ആവിഷ്‌കൃതമായിരിക്കുന്ന ആ ലോകത്തെ തന്നില്‍ നിന്ന് അന്യമായി കണ്ടപ്പോഴാണ് അതൊക്കെ സ്വന്തമാക്കാന്‍ തോന്നിയത്.
എന്തിനോടെങ്കിലും നമുക്ക് അദമ്യമായ ആകര്‍ഷണം തോന്നുന്നത് തന്നില്‍ നിന്ന് അത് അന്യമല്ലാതിരിക്കുന്നു എന്നതുകൊണ്ടാണെന്ന് അറിയാന്‍ കഴിയാതെ പോയി. പക്ഷേ, അത് തന്നില്‍ നിന്ന് അന്യമായിരിക്കുന്നതാണെന്ന് കരുതിയതുകൊണ്ടാണ് അത് സ്വന്തമാക്കണമെന്ന ദുരാഗ്രഹം അടിഞ്ഞു കൂടിയത്. ആ ദുരാഗ്രഹം നിമിത്തം വെകിളി പിടിച്ച് വിഷയലോകങ്ങളെ മുഴുവന്‍ സ്വന്തമാക്കാന്‍ മാത്രം നമ്മുടെ ഇന്ദ്രിയങ്ങളെയും മനസ്സിനെയും ബുദ്ധിയെയും ഉപയോഗിക്കാന്‍ തുടങ്ങി.
എത്ര കിട്ടിയാലും തൃപ്തി വരാതെ വീണ്ടും വീണ്ടും വാരിക്കൂട്ടണമെന്ന ആര്‍ത്തിയോടെ ജീവിക്കുന്ന മനുഷ്യമനസ്സ് എപ്പോഴും ആധിയിലും വ്യാധിയിലും ആയിരിക്കും. ദുഃഖമാകുന്ന കടലില്‍ വീണ് അത് ഉഴറിക്കൊണ്ടേയിരിക്കും. ഗതികിട്ടാതെ കടലില്‍ അലയുന്ന വഞ്ചിയെപ്പോലെ മനസ്സ് അലഞ്ഞുകൊണ്ടേയിരിക്കും.
നാം നമ്മുടെ ധര്‍മ്മത്തില്‍ നിന്ന് വ്യതിചലിച്ചു പോയി. ശരീരവും മനസ്സും ബുദ്ധിയും അതിന്റെ കൃത്യമായ ധാര്‍മ്മികതയില്‍ ആയിരിക്കുമ്പോഴാണ്, കൃത്യമായ വ്യവസ്ഥയില്‍ ആയിരിക്കുമ്പോഴാണ് അതിന് സ്വസ്ഥതയുണ്ടാവുക എന്നത് മറന്നു പോയി. ചിതറിയ ചിന്തകള്‍ക്ക് അടിമപ്പെട്ട്, വിഷയങ്ങളെ പ്രാപിക്കാന് വേണ്ടി സദാ ചിതറിത്തെറിച്ചുപോയ, ശിഥിലമായ ബോധത്തിന്റെ ഉടമകളായി നാം മാറി.
ഇനി എങ്ങനെയാണ് സ്വസ്ഥതയിലേക്കും സമാധാനത്തിലേക്കും നമ്മുടെ ജീവിതത്തെ കൊണ്ടു വരാന്‍ കഴിയുക. അതിന് ഒരു അഴിച്ചു പണിയല്‍ ആവശ്യമാണ്. നൂറ്റാണ്ടുകളായി മനുഷ്യര്‍, മനുഷ്യ സമൂഹത്തോട് ജീവിച്ചും പറഞ്ഞും പഠിപ്പിച്ചിട്ടുള്ള, ഉള്ളില്‍ ഉറഞ്ഞു പോയ അറിവ് ആര്‍ജ്ജിച്ചു കൂട്ടുന്നിടത്താണ് സമാധാനമിരിക്കുന്നതെന്നാണ്. എത്ര ആഴത്തില്‍ നാം അത് പറഞ്ഞുറപ്പിച്ചിട്ടുണ്ടോ അത്ര തന്നെ ആഴത്തില്‍ അതിനെ നാം തിരുത്തിക്കൊണ്ടിരിക്കേണ്ടതുണ്ട്. അതാണ് കെട്ടുകള്‍ എങ്ങനെ അഴിക്കും എന്ന് ചോദിക്കുമ്പോള്‍ ഓരോരുത്തരും ഏതു രീതിയിലാണോ അവരവരുടെ കെട്ടുകള്‍ ഉണ്ടാക്കി വെച്ചിട്ടുള്ളത്, അത് അറിഞ്ഞു വേണം ഓരോന്ന് അഴിച്ചു കൊണ്ടുവരാന്‍ എന്നു പറഞ്ഞത്.
നൂറ്റാണ്ടുകളായി നാം മനസ്സിലാക്കി വച്ചിട്ടുള്ള ജീവിതത്തിന്റെ ധര്‍മ്മത്തെ കുറിച്ചുള്ള അറിവുകളില്‍ കാര്യമായ തകരാറുണ്ട്.
ഋഷിമാര്‍ ധര്‍മ്മത്തെ കുറിച്ചു മൂന്നു കാര്യങ്ങള്‍ പറയാറുണ്ട്. സമാധനത്തോടെ ജീവിക്കണമെങ്കില്‍ അതാതിന്റെ ധര്‍മ്മത്തില്‍ ആയിരിക്കേണ്ടതുണ്ട്. പരധര്‍മ്മം സമാധാനം നല്‍കില്ല. സ്വധര്‍മ്മത്തില്‍ ആയിരിക്കുമ്പോള്‍ മാത്രമേ സ്വാസ്ഥ്യമുണ്ടാവുകയുള്ളൂ. പ്രാപഞ്ചികമായ ഒരു ധര്‍മ്മമുണ്ട്, സാമൂഹികമായ ഒരു ധര്‍മ്മമുണ്ട്, വ്യക്തിപരമായ ഒരു ധര്‍മ്മമുണ്ട്. ഈ മൂന്നു ധര്‍മ്മങ്ങളെയും ഉള്‍ക്കൊണ്ട് വ്യക്തിധര്‍മ്മം സാമൂഹികധര്‍മ്മവും പ്രാപഞ്ചികധര്‍മ്മവുമായി സമരസപ്പെട്ടു പോകാന്‍ കഴിയുന്നിടത്താണ് ഒരു വ്യക്തി സ്വതന്ത്രനാകുക, അല്ലെങ്കില്‍ സ്വസ്ഥതയുള്ളവനാകുക. ഈയൊരു ബോധത്തെ മുമ്പില്‍ വെച്ചു കൊണ്ടാണ് സ്വരൂപം, സ്വഭാവം, സ്വധര്‍മ്മം എന്നു പറയുന്ന മൂന്നു വാക്കുകള്‍ ഉപയോഗിച്ചത്.
എല്ലാവരുടെയും സ്വരൂപം ഒന്നാണ്. എല്ലാവരുടെയും ബോധത്തിന്റെ അസംസ്‌കൃതമായ ഘടകങ്ങള്‍ ഒന്നാണ്. മോഹമദമാത്സര്യങ്ങളും താല്‍പര്യങ്ങളും അറിവുകളും സഹജാവബോധവും എല്ലാം ഒരുപോലെയാണ് ഇരിക്കുന്നത്. നമ്മുടെ അബോധത്തെ പരിശോധിച്ചാല്‍ ഒരേപോലുള്ള വാസനകളാലും സംസ്‌കാരങ്ങളാലും തിങ്ങിവിങ്ങി നിറഞ്ഞിരിക്കുന്ന ഒരു ചിത്രശലഭത്തെ പോലെയാണ് അനുഭവിക്കാന്‍ കഴിയുക.
കടലിന്റെ അടിത്തട്ടുപോലെ. നമ്മള്‍ എല്ലാവരും ഒന്നായിരിക്കുന്നു, ഒരേയൊരു പൊരുളായിരിക്കുന്നു, ഒരേയൊരു അറിവായിരിക്കുന്നു എന്നതാണ് സത്യം. അതാണ് സ്വരൂപം. പക്ഷേ, ഈ സത്യത്തിന്റെ രണ്ടാമത്തെ ഒരു പാളിയുണ്ട്. നമ്മള്‍ ഓരോരുത്തരും വ്യത്യസ്ഥരായി ഇരിക്കുന്നു എന്നതാണത്. അതിനെയാണ് ഓരോ കെട്ടുകള്‍ എന്നു പറയുന്നത്. തൂവാല തന്നെയാണ് കെട്ടുകളെങ്കിലും, എല്ലാവരും തൂവാലയായിട്ടാണ് ഇരിക്കുന്നതെങ്കിലും, ഓരോരുത്തരും ഓരോ കെട്ടായിട്ടാണ് ഇരിക്കുന്നത്.
ഓരോരുത്തരിലേയും കെട്ട് ഓരോരുത്തരുടെയും സ്വഭാവമാണ്. സ്വഭാവം നാം ഉണ്ടാക്കിയതല്ല. നമ്മില്‍ ഉള്ളതാണ്. ശീലങ്ങളാണ് നമ്മള്‍ ഉണ്ടാക്കുന്നത്. സ്വഭാവത്തിന്റെ വികാസപരിണാമമാണ് പിന്നീട് ജീവിതമായി വരുന്നത്. ആ സ്വഭാവത്തില്‍ നിന്ന് മുക്തിയില്ല എന്നു നാം അറിയേണ്ടതുണ്ട്. സ്വരൂപമായ തൂവാല കെട്ടിയിട്ടിരിക്കുന്നത് സ്വഭാവമായ കെട്ടുകള്‍ കൊണ്ടാണ്. ആ കെട്ടുകള്‍ സ്വരൂപം തന്നെയാണെന്ന് അറിയണമെങ്കില്‍ ആ കെട്ടിനെ അഴിക്കേണ്ടതുണ്ട്. അഴിക്കുക എന്നു പറഞ്ഞാല്‍ കൃത്യമായി ഉപയോഗിക്കുക എന്നാണ് അര്‍ത്ഥം.
നമ്മുടെ മൊബൈല്‍ കൃത്യമായി പ്രവര്‍ത്തിക്കുമ്പോള്‍ മൊബൈലിന്റെ സാന്നിദ്ധ്യം അനുഭവിക്കാറില്ല. മൊബൈലിലൂടെ വരുന്ന ശബ്ദത്തെ മാത്രമാണ് അനുഭവിക്കുന്നത്. സംസാരിക്കുന്ന ആളുടെ സാന്നിദ്ധ്യവും നമ്മുടെ സാന്നിദ്ധ്യവും മാത്രമാണ് അവിടെ സജീവമായി നില്‍ക്കുക. അപ്പോള്‍ മൊബൈലിന്റെ അസാന്നിദ്ധ്യമാണ് അനുഭവിക്കുന്നത്. മൊബൈല്‍ അവിടെ ഒരു കെട്ടാണ്. ഏതൊരു വസ്തുവും ഒരു കെട്ടാണ്. ഒന്നായ മാമതിയില്‍ നിന്ന് ആയിരം ത്രിപുടി വന്നു എന്ന് നാരായണഗുരു പറയുന്നതുപോലെ.
നമ്മള്‍ നമ്മെ, നമ്മുടെ മനസ്സിനെ, ബുദ്ധിയെ, ചിന്തകളെ സ്വസ്ഥമായി അനുഭവിക്കുന്നില്ലെങ്കില്‍ അതിന്റെ കാരണം നാം നമ്മുടെ ഇന്ദ്രിയങ്ങളേയും മനസ്സിനെയും ബുദ്ധിയെയും കൃത്യമായ രീതിയില്‍ ഉപയോഗിക്കുന്നില്ല എന്നതാണ്. ഇന്ദ്രിയങ്ങളേയും മനസ്സിനെയും ബുദ്ധിയെയും എങ്ങനെയെങ്കിലും ഒഴിവാക്കുക എന്നല്ല ആഗ്രഹിക്കേണ്ടത്. ഈ കെട്ടുകള്‍ മുഴുവന്‍ ഇല്ലാതായി, തൂവാല മാത്രമായി മാറാനല്ല ആഗ്രഹിക്കേണ്ടത്. ശരീരമായിരിക്കുന്നതും ഇന്ദ്രിയങ്ങളായിരിക്കുന്നതും മനസ്സായിരിക്കുന്നതും ബുദ്ധിയായിരിക്കുന്നതും എല്ലാം തൂവാല തന്നെയാണ് എന്നറിഞ്ഞ് അനുഭവിക്കണമെങ്കില്‍, ആ കെട്ടിന്റെ അഭാവം നാം അനുഭവിക്കണമെങ്കില്‍, അത് കൃത്യമായി ഉപയോഗിക്കുകയാണ് വേണ്ടത്.
ഞാന്‍, എന്റെ എന്നു പറയുന്നതിന്റെ കല്ലിപ്പ് അഴിഞ്ഞു പോകുന്നതിനെയാണ് അറിവ് എന്നു പറയുന്നത്. അപ്പോള്‍ ഞാനിനെയും എന്റേതിനെയും തള്ളിമാറ്റിയിട്ടല്ല അറിവിനെ അറിയേണ്ടത്. അതാണ്
ധര്‍മ്മത്തെക്കുറിച്ച് പറയുമ്പോള്‍ നാം അടിസ്ഥാനപരമായി അറിയേണ്ട കാര്യം. എന്തില്‍ നിന്നെങ്കിലും അകന്നു നില്‍ക്കുന്നതോ എന്തിനെയെങ്കിലും വാരി പുണരുന്നതോ അല്ല ധര്‍മ്മം.
ബന്ധങ്ങളിള്‍ നിന്ന് മോക്ഷം ഉണ്ടാവണമെങ്കില്‍ ബന്ധങ്ങളെ വ്യവസ്ഥയോടെയും ആരോഗ്യപരമായും ഉപയോഗിക്കുകയാണ് വേണ്ടത്. ധാര്‍മ്മികത എന്തെന്ന് തിരിച്ചറിഞ്ഞ് കൃത്യമായി വ്യവഹരിക്കുകയാണ് വേണ്ടത്. സ്വരൂപം ഏകമായിരിക്കുമ്പോഴും തന്റെ വ്യക്തിത്വം സ്വഭാവത്തില്‍ ആയിരിക്കണമെന്നു പറയുന്ന ആ കെട്ട് തികച്ചും വേറെ വേറെ ആയിട്ടാണ് ഓരോരുത്തരിലുമിരിക്കുന്നത്. അതുകൊണ്ടാണ് ബുദ്ധനോട് ശിഷ്യന്‍ പറയുന്നത് കെട്ടുകള്‍ അഴിക്കണമെങ്കില്‍ നിങ്ങള്‍ എങ്ങനെയാണോ അത് രൂപപ്പെട്ടു വന്നിട്ടുള്ളത്, അത് തിരിച്ചറിഞ്ഞ് വേണം ഓരോരുത്തരും അതഴിച്ചെടുക്കാന്‍ എന്ന്.
എന്റെ പ്രകൃതത്തിന് അനുസൃതമായ രീതിയില്‍ എന്റെ സ്വധര്‍മ്മത്തില്‍ ഞാന്‍ വ്യാപരിച്ചാല്‍ മാത്രമേ ആ തൂവാലയുടെ സര്‍വതന്ത്ര സ്വതന്ത്രമായ ഒരവസ്ഥ എനിക്കനുഭവിക്കാന്‍ കഴിയുകയുള്ളൂ. അതിന്
സ്വഭാവത്തെ അടുത്ത് പരിചയിക്കണം. അപ്പോള്‍ ബുദ്ധന്‍ പറഞ്ഞതുപോലെയോ നാരായണഗുരു പറഞ്ഞതു പോലെയോ അല്ല നമ്മള്‍ ജീവിക്കേണ്ടത്. ആരൊക്കെ പറയുന്നുണ്ടോ അതൊക്കെ നമ്മള്‍ കേള്‍ക്കണം. പക്ഷേ, ജീവിതം നമ്മുടെ കെട്ടിന്റെ സ്വഭാവത്തിന് അനുസൃതമായിട്ടായിരിക്കണം. എങ്കിലേ സ്വസ്ഥത നമ്മില്‍ സജീവമാകുകയുള്ളൂ.

Author

161 Views
Scroll to top
Close
Browse Categories