ജയിക്കുക മഹാഭാഗാ

കല്ലിലും ശിവനെക്കണ്ടു,
കണ്ടു കണ്ണാടിയിൽ സ്വയം
കാഴ്ചയല്ല,തിലുൾക്കാഴ്ച
കാണുവാൻ കാട്ടിയാവഴി

തിമിരം മാറ്റുവാൻ കണ്ണിൽ
ശല്യക്രിയ നടത്തണം
ജ്ഞാനമാർജ്ജിക്ക,വിജ്ഞാനം
കാഴ്ചനേരാക്കി മാറ്റിടും

സമാധിസ്ഥഗുരോ,ഗീരി-
ന്നർത്ഥമിന്നുമറിഞ്ഞിടാ-
തെന്നും ചൊല്ലി നടന്നീടു-
‘ന്നപരന്നു സുഖ’ത്തിനായ്

മതമേതാകിലും തീർച്ച,-
യതിൽ ജാതികലക്കിടും
മദം പൊട്ടിയ രാഷ്ട്രീയ
മതേതര മഹോന്നതർ

ഇവരോടിന്നാരു ചൊല്ലും
‘ജനനീ നവമഞ്ജരി’
ഇവരാരിൽ നിന്നു കേൾക്കു-
‘മുപദേശ’ത്തിന്റെ നൂറുകൾ

ഇവരെയാര് കേൾപ്പിക്കും
‘കാളീനാടക’ വൈഭവം
ഇവർക്കായെന്നാരുപാടും
പാട്ടു’കുണ്ഡലിനി’പ്പൊരുൾ

‘നാവികൻ നീ ഭവാബ്ധി’ക്കെ-
ന്നങ്ങു പാടിച്ച കീർത്തനം
ആഴമേറും കയത്തിൽ വീ-
ണാർത്തരായ് കേണിടുന്നിവർ

ജയിക്കുക മഹാഭാഗാ
ജ്ഞാന വൈരാഗ്യ സാധകാ
ജനിക്കുക തെളിച്ചീടാൻ
ജ്ഞാനാനന്ദം ജഗത്തിതിൽ

9446530279

Author

184 Views
Scroll to top
Close
Browse Categories