കണ്ണാക്ക്
ആളുകള്‍ ഉറക്കെ സംസാരിക്കുന്നതു കേട്ടാണ് ഉണര്‍ന്നത്. എന്തോ പ്രധാനപ്പെട്ട ഒരു സംഭവമുണ്ടായിരിക്കുന്നു. പലരും അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്.
എഴുന്നേറ്റ് അമ്മയുടെ അടുത്തേക്ക് നടന്നു. അപ്പോള്‍ ഒരു കാഴ്ച കണ്ടു. മുറിയുടെ നടുവില്‍ മുത്തശ്ശി വെളുത്ത മുണ്ട് പുതച്ചു കിടക്കുന്നു. പായയില്‍ ഒരുവശത്ത് ഒരാള്‍ക്ക് കൂടി കിടക്കാനുള്ള സ്ഥലമുണ്ട്. അവിടെ ചെന്നു കിടന്നാലോ?
ഒരുനിമിഷം ആലോചിച്ചു. പലപ്പോഴും അകത്തൊരു കോണില്‍ മുത്തശ്ശിയോടൊപ്പമാണ് കിടന്നുറങ്ങാറുള്ളത്. നേര്‍ത്ത കൈകൊണ്ട് ശരീരത്തോട് ചേര്‍ത്തുപിടിച്ച് സ്‌നേഹത്തോടെ പുരാണകഥകള്‍ പറഞ്ഞുതരും. തലമുടി വിരലുകള്‍ കൊണ്ട് മാടി ഒതുക്കിവെയ്ക്കും. ചിലപ്പോള്‍ ചില പാട്ടും പാടിത്തരാറുണ്ട്.
മുത്തശ്ശി അനങ്ങാതെ കിടക്കുകയാണ്. നല്ല ഉറക്കമായിരിക്കും. വേണ്ട വിളിച്ചുണര്‍ത്തേണ്ട. അമ്മയുടെ അടുത്തു ചെന്നു. അവിടെ അമ്മയും അമ്മായിയും മറ്റുള്ളവരും ദുഃഖത്തോടെ കണ്ണീരൊഴുക്കി കരയുന്നു.
ഇതെന്തുപറ്റി?
പുരുഷന്മാരും വലിയ ദുഃഖത്തിലാണെന്നു തോന്നി. തലയും താഴ്ത്തി ഓരോയിടത്ത് ഇരിക്കുന്നു. മകനെ കണ്ടപ്പോള്‍ കുട്ടിയമ്മ അടുത്തുപിടിച്ചു പറഞ്ഞു.
”മുത്തശ്ശിയുടെ അടുത്തുപോയി കിടക്കരുത്.”
ഉറങ്ങാനുള്ള സമയമായാല്‍ മുത്തശ്ശിയുടെ അടുത്തു കൊണ്ടുചെന്ന് കിടത്തുന്ന അമ്മയാണ് ഇപ്പോള്‍ മുത്തശ്ശിയുടെ അടുത്തു ചെന്നു കിടക്കരുതെന്ന് പറയുന്നത്. സംശയത്തോടെ അമ്മയുടെ മുഖത്തു നോക്കിനിന്നു.
”മുത്തശ്ശി മരിച്ചുപോയി മോനേ..”
പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടിയമ്മ പറഞ്ഞു.
ഓ അതാണു കാര്യം. മുത്തശ്ശി മരിച്ചു. മരണം അത്ര വലിയ കാര്യമാണെന്ന് തോന്നിയില്ല. പലരും വന്നു. മുറ്റത്തു നിന്നു. അകത്തു കയറി മുത്തശ്ശിയെ നോക്കി.
അകത്തിരുന്ന പെണ്ണുങ്ങളില്‍ ചിലര്‍ ഉറക്കെ കരഞ്ഞു. പുതുതായി വന്ന ആരൊക്കെയോ കരഞ്ഞുകൊണ്ട് അകത്തു കയറി മുത്തശ്ശിയുടെ അടുത്തിരുന്നു. മുത്തശ്ശിയെപ്പറ്റി ഓരോ നല്ല കാര്യങ്ങള്‍ പറഞ്ഞു ഉറക്കെ കരഞ്ഞു. ചിലര്‍ സങ്കടം സഹിക്കാനാവാതെ നെഞ്ചത്തടിച്ചു നിലവിളിച്ചു. വീട്ടുകാരും അതോടൊപ്പം ചേര്‍ന്നു. ആകെ സങ്കടക്കടലായി മാറി അവിടെ. എല്ലാം കണ്ടും കേട്ടും നാരായണന്റെ കണ്ണില്‍ വെള്ളം നിറഞ്ഞു. ദുഃഖം സഹിക്കാനാവാതെ ഒരു മൂലയില്‍ ചെന്നിരുന്നു. എല്ലാം കണ്ടു കേട്ടു.
മുത്തശ്ശിയുടെ ശവസംസ്‌കാരത്തിനുള്ള സമയമായി. അമ്മയും മറ്റുള്ളവരും സങ്കടം സഹിക്കാനാവാതെ ഓടിവന്നു മുത്തശ്ശിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. അതുകണ്ടപ്പോള്‍ പുരുഷന്മാരില്‍ ചിലരും കരഞ്ഞു.
മുത്തശ്ശിയോട് എല്ലാവര്‍ക്കും ഇത്രത്തോളം സ്‌നേഹമുണ്ടല്ലോ!
അത്രമാത്രം എല്ലാവരെയും സ്‌നേഹിച്ചിരുന്നു. അയലത്തെ സ്ത്രീകള്‍ കൂടിയും മുത്തശ്ശിയുടെ ദാനശീലത്തെയും നല്ല മനസ്സിനെയും പറ്റി പറഞ്ഞാണ് നിലവിളിച്ചു കരഞ്ഞത്.
എല്ലാവരെയും പിടിച്ചുമാറ്റിയും അകറ്റിനിര്‍ത്തിയും മുത്തശ്ശിയുടെ ശരീരം ചിലര്‍ ചേര്‍ന്ന് എടുത്തുകൊണ്ടുപോയി. കൊണ്ടുപോകരുത് മുത്തശ്ശിയെ എന്നു പറയാന്‍ തോന്നിയതാണ്. പക്ഷെ ആരു പറഞ്ഞിട്ടും കേള്‍ക്കാതെയാണ് അവര്‍ മുത്തശ്ശിയെ എടുത്തുകൊണ്ട് നടന്നത്.
വയല്‍വാരം വീടിന്റെ മുറ്റത്തും അകത്തുമുണ്ടായിരുന്നവര്‍ മുത്തശ്ശിയെയും എടുത്തു നടക്കുന്നവരുടെ പിറകെ പോയി. നാണു അതെല്ലാം കണ്ടു. എല്ലാവരും ദുഃഖത്തിലാണ്.
കുറേ സമയത്തിനുശേഷം പോയവരെല്ലാം തിരിച്ചുവന്നു. മുത്തശ്ശി മാത്രമില്ല. മരിച്ചവരെ മണ്ണില്‍ കുഴിച്ചിടും എന്നാണ് കേട്ടിട്ടുള്ളത്. എവിടെയെങ്കിലും കുഴിച്ചുമൂടിയിരിക്കും.
പാവം മുത്തശ്ശി. ഓര്‍ത്തപ്പോള്‍ കണ്ണുനിറഞ്ഞു. കരച്ചിലടക്കാന്‍ പാടുപെട്ടു.
തിരിച്ചുവന്നവരെല്ലാം കൂടിയിരുന്ന് വെറ്റില മുറുക്കാന്‍ തുടങ്ങി. അതിന്നിടയില്‍ ഓരോരോ നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും പറഞ്ഞു ചിരിച്ചു. ചിരി പൊട്ടിച്ചിരിയായി. വേറെ ചിലര്‍ മറ്റൊരിടത്തിരുന്ന് എന്തോ പറഞ്ഞു തര്‍ക്കിക്കുന്നു. ശബ്ദം ഉറക്കെയായി.
മുത്തശ്ശിയെ എല്ലാവരും മറന്നുവെന്നു തോന്നി. അകത്തിരുന്ന് നെഞ്ചത്തടിച്ചു കരഞ്ഞ പെണ്ണുങ്ങളൊക്കെ അവിടെ മാറിയിരുന്ന് ആഹാരം കഴിച്ച് ചിരിച്ച് യാത്രപറഞ്ഞ് ഇറങ്ങിപ്പോയി.
മുത്തശ്ശി മരിച്ചതില്‍ ആര്‍ക്കും ഒട്ടും ദുഃഖമില്ല. എല്ലാം വെറുതെയായിരുന്നു. നാരായണന്‍ ആരോടും ഒന്നും പറഞ്ഞില്ല. കാര്യങ്ങളെല്ലാം പഴയതുപോലെ തന്നെയായി.
പിറ്റെന്നു രാവിലെ മുത്തശ്ശിയില്ലാത്ത വീട്ടില്‍ എല്ലാവര്‍ക്കും സങ്കടമായിരിക്കും എന്നു കരുതിയാണ് ഉറക്കമെഴുന്നേറ്റു വന്നത്. ആര്‍ക്കും ഒരു സങ്കടവുമില്ല.
മുത്തശ്ശിയെ അത്രയധികം സ്‌നേഹിച്ചിരുന്നതിനാല്‍ അതു സഹിക്കാന്‍ കഴിഞ്ഞില്ല. നാരായണന്‍ എഴുന്നേറ്റു പുറത്തേക്ക് നടന്നു.
രാവിലെ നാരായണനെ വീട്ടില്‍ കാണാതെ കുട്ടിയമ്മയും മാടനാശാനും അന്വേഷിച്ചു. അവിടെയെങ്ങുമില്ല. എങ്ങോട്ടെങ്കിലും പോകുന്നത് ആരും കണ്ടിട്ടുമില്ല. എല്ലാവരും പലവഴിക്കു തിരച്ചിലായി. നാണു എങ്ങോട്ടു പോയെന്നറിയാതെ അമ്മ വിഷമിച്ചു.
അന്വേഷിച്ചുപോയവരില്‍ ചിലര്‍ നിരാശരായി തിരിച്ചുവന്നു. അപ്പോഴാണ് ഒരു കാട്ടില്‍ മുള്ളുചെത്താന്‍ പോയ ഒരു പുലയന്‍ വന്നത്. അവന്‍ പറഞ്ഞു
”കുട്ടി അടുത്തുള്ള ഒരു കുറ്റിക്കാട്ടില്‍ മുള്‍ക്കൂട്ടത്തിനുള്ളില്‍ ഇരിക്കുന്നത് കണ്ടു. വിളിച്ചിട്ടു വന്നില്ല.”
എല്ലാവരും കൂടി അങ്ങോട്ടോടിച്ചെന്നു. കാര്യം ശരിയാണ്. നാണു ഇലപ്പടര്‍പ്പുകള്‍ക്കിടയില്‍ തലയും താഴ്ത്തിയിരിക്കുന്നു. മുള്ള് ദേഹത്തുകൊള്ളാതെ അതിന്നകത്തു കടക്കുക പ്രയാസമാണ്.
എങ്ങനെ അതിന്നകത്തു കടന്നു എന്നാണ് പലരും ചിന്തിച്ചത്. മുള്‍ക്കൂടു വെട്ടിനീക്കി നാണുവിനെ പുറത്തു കൊണ്ടുവന്നു. മാടനാശാന്‍ മകനെ വാരിയെടുത്ത് വീട്ടിലേക്ക് നടന്നു.
മകനെ കണ്ടപ്പോള്‍ കുട്ടിയമ്മക്ക് ആശ്വാസമായി. മറ്റുള്ളവരുടെ മുഖത്തും സന്തോഷംനിറഞ്ഞു.
”എന്തിനാണ് നീ ആ മുള്‍ക്കാട്ടില്‍ തനിയെ പോയി ഇരുന്നത്?”
മാടനാശാന്‍ മകനോടു ചോദിച്ചു. മറുപടി എന്താണെന്നറിയാന്‍ എല്ലാവരും കാത്തുനിന്നു.
”മുത്തശ്ശി ഇന്നലെ മരിച്ചപ്പോള്‍ എല്ലാവരും വല്ലാതെ സങ്കടപ്പെട്ടു കരഞ്ഞു. പിന്നീട് ആര്‍ക്കും ദുഃഖമില്ല. എല്ലാവരും സന്തോഷത്തോടെ ചിരിച്ചു. പലതും പറഞ്ഞു രസിച്ചു. ആര്‍ക്കും മുത്തശ്ശിയെപ്പറ്റി ഒരു വിചാരവുമില്ല. സങ്കടവുമില്ല. അതാണ് ഞാന്‍ കാട്ടില്‍ പോയിരുന്നത്.”
ആറു വയസ്സേ ആയിട്ടുള്ളു. എങ്കിലും പറയുന്നത് വലിയ കാര്യമാണ്. മാടനാശാന്‍ മകന്റെ മുഖത്ത് നോക്കി പതുക്കെ പറഞ്ഞു.
”ജനിച്ചവര്‍ക്കെല്ലാം മരണമുണ്ട്. മരണത്തെപ്പറ്റി ഓര്‍ത്തിരുന്നാല്‍ ജീവിക്കാന്‍ പറ്റില്ല. അതിനാണ് മറവി തന്നിരിക്കുന്നത്.”
പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഇതുപോലുള്ള കാര്യങ്ങള്‍ ഗ്രഹിക്കാന്‍ മകന് കഴിയുമോ എന്നു സംശയിച്ചത്. എന്നാല്‍ എല്ലാം മനസ്സിലായി എന്ന ഭാവത്തില്‍ തിളങ്ങുന്ന കണ്ണുകളോടെ തലയാട്ടുന്ന മകനെയാണ് അച്ഛന്‍ കണ്ടത്.
9400432008