വിശാലമായ ഭൂമി

എഴുത്തുപള്ളിക്കൂടത്തിലെ ആശാന്‍ എന്നനിലയിലുള്ള ജീവിതം അവസാനിച്ചു. വീടുവിട്ടിറങ്ങി. ഒരിടത്തും സ്ഥിരമായി തങ്ങുകയില്ല. എങ്ങോട്ടാണ് പോകുന്നതെന്ന് ആര്‍ക്കും നിശ്ചയമില്ല.

ചാലയിലെ പുസ്തകക്കടയില്‍ വായിച്ചിരിക്കുന്നതു കാണാം. അലക്ഷ്യമായി ശംഖുംമുഖത്ത് നടക്കുകയാവും ചിലപ്പോള്‍. വേളിയില്‍ പാറയുടെ മുകളില്‍ കയറിയിരിക്കും. വിശപ്പു തോന്നുമ്പോള്‍ ഏതെങ്കിലും പരിചയക്കാരുടെ വീട്ടില്‍ ചെന്ന് ഭക്ഷണം കഴിക്കും.

അധികദിവസവും പോവുക കുളത്തൂരിന്നടുത്ത് വലിയ വീട്ടിലാണ്. അവിടെ നാണു ആശാനുള്ള ഭക്ഷണം കരുതിവെച്ചിട്ടുണ്ടാകും. എപ്പോഴാണ് വരികയെന്നൊരു നിശ്ചയവുമില്ല. രാത്രിയാകാം. പകലാകാം. സന്ധ്യയിലാവാം. എപ്പോള്‍ ചെന്നാലും ഭക്ഷണമുണ്ടാകും. വീട്ടി ന്റെ കോലായില്‍ ഇരുന്നുകൊണ്ട് അത് കഴിച്ച് വീണ്ടും യാത്രയാകും.
ആ വീട്ടിലെ വലിയമ്മ കടല വറുത്തുവെച്ചത് എടുത്തുകൊടുക്കും. അതും വാങ്ങി മുറ്റത്തുള്ള പാലമരച്ചുവട്ടിലിരുന്ന് അതു കൊറിച്ചുകൊണ്ടിരിക്കും. ആ അമ്മയ്ക്ക് സംസാരിക്കാന്‍ അവസരം കിട്ടുന്നത് അപ്പോഴാണ്.
വലിയമ്മ ചോദിക്കും.
”എങ്ങോട്ടാണ് മോനേ നീ പോകുന്നത്? എന്താണ് ചെയ്യുന്നത്?”
പതുക്കെ ചിരിച്ചുകൊണ്ട് മറുപടി പറയും.
”ഭൂമി വിശാലമല്ലേ അമ്മേ എവിടെയും കഴിയാമല്ലോ?”
ചോദ്യത്തിനുത്തരം പറഞ്ഞുകഴിഞ്ഞു. വലിയമ്മയുടെ സംശയം തീര്‍ന്നിട്ടില്ല. അടുത്ത ചോദ്യത്തിനായി മുഖമുയര്‍ത്തി നോക്കിയാല്‍ അവര്‍ കാണുക വിശാലഭൂമിയിലേക്ക് വീണ്ടും നടന്നുപോകുന്ന നാണുവിനെയാണ്. ഇനി എന്നാണാവോ വരിക? ആ വലിയമ്മയുടെ സംശയം ഉത്തരം കിട്ടാതെ ശേഷിക്കും.
യോഗാഭ്യാസത്തിന്റെ പ്രാഥമീക പാഠങ്ങള്‍ പുതുപ്പള്ളിയില്‍ വെച്ചു പഠിച്ചിട്ടുണ്ട്. അതു എവിടെയായിരുന്നാലും നിത്യവും ചെയ്യുന്നുണ്ട്. കുറേക്കൂടി പഠിക്കാന്‍ കഴിഞ്ഞില്ല. പഠിക്കണം. നിശ്ചയിച്ചു.
സ്വന്തം വഴി കണ്ടെത്തിക്കഴിഞ്ഞു. എല്ലാ വ്യക്തിബന്ധങ്ങളും അവസാനിപ്പിച്ചു. ഇനി തീവ്രമായ സാധനകളിലൂടെ ലക്ഷ്യത്തിലെത്തണം.
കുട്ടിക്കാലത്ത് നാണുസ്വാമിയെന്നു വിളിച്ചു പരിഹസിച്ചിരുന്നവര്‍ കാര്യം ഗൗരവമായെന്നു തിരിച്ചറിഞ്ഞു. സന്ന്യാസജീവിതത്തിന്റെ പ്രാരംഭദശയിലാണ് നാണു ആശാന്‍ എന്ന് അവര്‍ക്ക് മനസ്സിലായി.
ആരോടും പരിഭവമില്ല. ആരെപ്പറ്റിയും പരാതിയില്ല. കുടുംബജീവിതം വേണ്ടെന്നുവെച്ച് സന്ന്യാസമാര്‍ഗ്ഗത്തിലേക്ക് പോയ നാണു ആശാനെ എല്ലാവരും അല്പം ആദരവോടെയാണ് കണ്ടത്. മാടനാശാനും കുട്ടിയമ്മയും മകനെ സ്വന്തം വഴിക്ക് പോകാനനുവദിച്ചു. ഏറ്റവും ആശ്വാസകരമായ കാര്യം അതാണ്. വല്ലപ്പോഴും ചെമ്പഴന്തി വയല്‍വാരം വീട്ടിലെത്തുന്ന മകന്റെ ആവശ്യങ്ങള്‍ അറിഞ്ഞ്‌വേണ്ടതു ചെയ്തു. അവരുടെ മുന്നില്‍ പ്രിയപ്പെട്ട മകനായി കഴിഞ്ഞു.
നാണു ഇനി എങ്ങോട്ടും പോകാതിരുന്നെങ്കില്‍ എന്നു വീട്ടിലെല്ലാവരും ആഗ്രഹിക്കും. അത് വെളിപ്പെടുത്തുന്നവരോടും ഒരു കാര്യമേ പറയാനുള്ളു.
”ഭൂമി വളരെ വലുതാണ്. വിശാലമാണ്. എനിക്കായി ഒരിടം എവിടെയോ ഉണ്ട്. അതു കണ്ടെത്താനാണ് ഈ യാത്ര.”
ഏതോ മഹര്‍ഷിയുടെ വാക്കുകളാണ് ശാന്തസൗമ്യസ്വരത്തില്‍ തങ്ങള്‍ കേള്‍ക്കുന്നതെന്ന് തോന്നും. പിന്നെ എതിര്‍ത്തൊന്നും പറയാന്‍ കഴിയില്ല.
അടുത്തദിവസം നേരം പുലര്‍ന്നുകഴിഞ്ഞ് നോക്കുമ്പോള്‍ കിടന്ന പായയില്‍ ആരുമുണ്ടാവില്ല. വിശാലലോകത്തിലെ ഒരു സുദീര്‍ഘമായ പാതയിലൂടെ ഒരു സഞ്ചാരി ഏകനായി നടന്നുപോവുകയായിരിക്കും. അവര്‍ സമാധാനിക്കും.

Author

121 Views
Scroll to top
Close
Browse Categories