ഗുരുവിന്റെ വാക്കും കർമ്മവുംവർത്തമാന സാമൂഹ്യാവസ്ഥയിൽ
നവോത്ഥാനശില്പി എന്ന നിലയിൽ ഗുരുവിനു കേരളീയജനത നൽകുന്ന അനിഷേധ്യസ്ഥാനം ഈ ലേഖനങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നു. വർത്തമാനസാമൂഹ്യാവസ്ഥയിൽ നാരായണഗുരുവിന്റെ വാക്കും കർമ്മവും എന്തുകൊണ്ടു പ്രസക്തമായിരിക്കുന്നുവെന്നു ഈ ലേഖനങ്ങളിലൂടെ കടന്നുപോകുമ്പോൾ മനസ്സിലാകും.

“നാരായണഗുരു – മാനവികത, തുല്യത, സാഹോദര്യം “. ഗുരുവിനെക്കുറിച്ചു പ്രൗഢഗംഭീരമായ ലേഖനങ്ങളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. എഡിറ്റർ: ഡോ.എൻ.ആർ.ഗ്രാമ പ്രകാശ്. ഗുരുവിനു ശേഷം കേരളം ജന്മം നൽകിയ ആധ്യാത്മികാചാര്യന്മാരും സാമൂഹ്യ പരിഷ്ക്കർത്താക്കളും രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും ചരിത്രകാരന്മാരും ഈ സമാഹാരത്തിൽ അണിനിരക്കുന്നു.
ഗുരുവിനെ അറിയുക എന്ന ഒന്നാം ഭാഗം ഗുരുവിന്റെ ദാർശനിക ഭാവം പരിചയപ്പെടുത്തുന്ന ലേഖനങ്ങളാണ്. സശരീരനായിരിക്കെ ഗുരുവിന്റെ സന്യസ്ഥ ശിഷ്യരും ഗൃഹസ്ഥ ശിഷ്യരുമായിരുന്ന നടരാജഗുരു (ഡോ. പല്പുവിന്റെ മകൻ) ജോൺ ധർമ്മതീർത്ഥർ ( ശ്രീനാരായണ ധർമ്മസംഘം പ്രഥമ സെക്രട്ടറി) സഹോദരൻ അയ്യപ്പൻ, നാരായണ ഗുരുകുലത്തിലെ ശ്രേഷ്ഠ സന്യാസിമാരായ നിത്യ ചൈതന്യയതി, മുനി നാരായണ പ്രസാദ്, ശ്രീനാരായണ ധർമ്മസംഘത്തിന്റെ പ്രസിഡന്റായി ദീർഘകാലമിരുന്ന സ്വാമി ശാശ്വതീകാനന്ദ ,യുക്തിവാദി പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന എം സി.ജോസഫ്, ധർമ്മസംഘത്തിന്റെ ഇപ്പോഴത്തെ സെക്രട്ടറി സ്വാമി ശുഭംഗാനന്ദ എന്നിവരുടെ ലേഖനങ്ങൾ ഒന്നാം ഭാഗത്തു നൽകിയിരിക്കുന്നു.മലയാളത്തിലെ പ്രമുഖ എഴുത്തുകാരും ഗുരുവിന്റെ ധൈഷണിക ഭാവം ആഴത്തിൽ അറിഞ്ഞവരുമായ എൻ.വി.കൃഷ്ണവാരിയർ, സുകുമാർ അഴീക്കോട് ,എം.കെ.സാനു, ഡോ.ടി.ഭാസ്ക്കരൻ, സി.രാധാകൃഷ്ണൻ, കെ.പി.അപ്പൻ, സുനിൽ പി ഇളയിടം എന്നിവരുടെ ലേഖനങ്ങൾ ഈ ഭാഗത്തുണ്ട്.
നവോത്ഥാന കേരളത്തിന്റെ അധിനായകനും ആധുനിക കേരളത്തിന്റെ വഴികാട്ടിയുമായി നാരായണ ഗുരുവിനെ സ്ഥാനപ്പെടുത്തുന്ന ലേഖനങ്ങളാണ് രണ്ടാം ഭാഗത്തു നൽകിയിട്ടുള്ളത്. കേരളം കണ്ട വലിയ സാമൂഹ്യ പരിഷ്കർത്താവ് വി.ടി.ഭട്ടതിരിപ്പാട് എഴുതിയ ‘യുഗപുരുഷൻ ‘ എന്ന ലേഖനത്തോടെ ഈ ഭാഗം തുടങ്ങുന്നു. ഗുരു മുന്നോട്ടു വെച്ച മാനവികത, തുല്യത, സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ, പുതിയ ഭാവത്തിലും രൂപത്തിലും ആവിഷ്ക്കരിച്ച് ആധുനിക കേരളത്തെ കെട്ടിപ്പെടുത്തവരുടെ നിരയാണ് തുടർന്നെഴുതുന്നത്.
1947-48 കാലത്തെഴുതിയ ‘ കേരളം മലയാളികളുടെ മാതൃഭൂമി ‘എന്ന ചരിത്ര ഗ്രന്ഥത്തിൽ ഇ എം എസ് ഗുരുവിനെ വിലയിരുത്തിയിരുന്നു. പിന്നീടു ഗുരുവിനെക്കുറിച്ചു നിരവധി പ്രഭാഷണങ്ങളും ലേഖനങ്ങളും ഇ എം എസിൻ്റേതായി നമുക്കു ലഭിച്ചു.. അവയിലൊന്നാണ് ഇവിടെ നൽകുന്നത് .
ഇടതുപക്ഷ ആശയം സ്വാംശീകരിച്ചവരും ഭരണകർത്താക്കൾ (സി.അച്ചുതമേനോൻ, പി.കെ.ഗോപാലകൃഷ്ണൻ, ഡോ.തോമസ് ഐസക്, എം.ബി.രാജേഷ് ) ചിന്തകന്മാർ (കെ.ദാമോദരൻ, പി.ഗോവിന്ദപിള്ള, ബി.രാജീവൻ, വൈക്കം ചന്ദ്രശേഖരൻ നായർ, കെ.ഇ.എൻ,കെ.കെ. കൊച്ച്) ചരിത്രകാരന്മാർ (കെ.ദാമോദരൻ, ഡോ.രാജൻ ഗുരുക്കൾ) എന്നീ നിലകളിൽ അംഗീകരിക്കപ്പെട്ടവരുമായ പ്രതിഭാശാലികളുടെ എഴുത്തുകളും പഠന പ്രബന്ധങ്ങളുമാണ് തുടർന്നു നൽകിയിട്ടുള്ളത്. നവോത്ഥാനശില്പി എന്ന നിലയിൽ ഗുരുവിനു കേരളീയജനത നൽകുന്ന അനിഷേധ്യസ്ഥാനം ഈ ലേഖനങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നു. വർത്തമാനസാമൂഹ്യാവസ്ഥയിൽ നാരായണഗുരുവിന്റെ വാക്കും കർമ്മവും എന്തുകൊണ്ടു പ്രസക്തമായിരിക്കുന്നുവെന്നു ഈ ലേഖനങ്ങളിലൂടെ കടന്നുപോകുമ്പോൾ മനസ്സിലാകും. സമൂഹത്തിന്റെ പശ്ചാത്ഗമനത്തിനു കോപ്പുകൂട്ടുന്നവരെ പ്രതിരോധിക്കാനുള്ള അതിശക്തമായ ആയുധമാണ് ഈ സമാഹാരം. മതനിരപേക്ഷതയും സാഹോദര്യവും സമത്വവും ജീവശ്വാസമായി സ്വീകരിച്ചവർ വീടുകളിലും വായനശാലകളിലും സൂക്ഷിക്കുകയും നിത്യപാരായണത്തിനു ഉപയോഗിക്കുകയും ചെയ്യേണ്ടവയാണ് ഈ ലേഖനങ്ങൾ.






