ദിവ്യനായ സന്ന്യാസി

അനന്തവിശാലമായ കടല്‍. നീണ്ടുകിടക്കുന്ന കടല്‍ത്തീരം. പ്രകൃതിയുടെ ദാനം. ആരോടും ചോദിക്കാതെ ആര്‍ക്കും പ്രവേശിക്കാവുന്ന ഇടം.
ആത്മീയാന്വേഷണത്തിന്റെ നാളുകളില്‍ പകലത്തെ സഞ്ചാരങ്ങള്‍ കഴിഞ്ഞാല്‍ ഉറങ്ങാന്‍ കടല്‍ത്തീരത്തെത്തും. അവിടെ മുക്കുവരുടെ മത്സ്യബന്ധനത്തിനുള്ള വള്ളങ്ങളിലോ പൊങ്ങുതടികളിലോ കയറിക്കിടക്കും.

ആകാശം നോക്കിയാലറിയാം ഈ പ്രപഞ്ചത്തിന്റെ നിഗൂഢരഹസ്യങ്ങള്‍ എത്രത്തോളമാണെന്ന്. കടല്‍ത്തിരകള്‍ പുഞ്ചിരിപോലെ തോന്നും. കടലാഴങ്ങള്‍ മനസ്സുപോലെയാണ്. എന്തൊക്കെയാണ് അതിന്നകത്ത് സൂക്ഷിക്കപ്പെടുന്നത്.
അറിയാനുള്ളത് അറിഞ്ഞതിനെക്കാള്‍ ഏറെയാണെന്ന് തോന്നുമ്പോഴാണ് അന്വേഷണത്തിന്റെ വഴിയില്‍ സഞ്ചരിക്കുന്നത്. അതു മനസ്സിലാവാത്തവര്‍ നാണു ആശാന്‍ അലഞ്ഞുനടക്കുകയാണെന്ന് കരുതി. യോഗാഭ്യാസവും ചികിത്സയും സംശയങ്ങള്‍ക്ക് യുക്തമായ ഉത്തരവും ഏതു പ്രശ്‌നത്തിനുമുള്ള പരിഹാരനിര്‍ദ്ദേശവും ഉള്ള ആ യുവാവിനെ സന്ന്യാസി എന്നു വിളിക്കാന്‍ മനസ്സില്‍ നന്മയുള്ളവര്‍ തയ്യാറായി.\

ചിലര്‍ യുവസന്ന്യാസിയെ ആദരിച്ചു. വേറെ ചിലര്‍ സംശയിച്ചു. എന്നാല്‍ ആരോടും മമതയോ വിരോധമോ ഇല്ലാതെ എല്ലാവര്‍ക്കുമിടയില്‍ യോഗിയെപ്പോലെ ജീവിച്ചു.
മത്സ്യബന്ധനത്തിനുപോകുന്നവരുടെ ചാളത്തടികളില്‍ കിടന്നുറങ്ങുന്ന ദിവസങ്ങളില്‍ മുക്കുവര്‍ വരുന്നതിനുമുമ്പെ എഴുന്നേറ്റു കടപ്പുറത്തുകൂടി നടക്കും. നന്നെ പുലര്‍ച്ചെയാണ് അവര്‍ വരിക. അവരുടെ ഒപ്പംകൂടി വള്ളവും വലയും കടലിലിറക്കാന്‍ സഹായിക്കും.
സ്വാമികളുടെ സഹായത്തോടെ വള്ളമിറക്കി കടലില്‍ പോയവര്‍ക്ക് നല്ലതുപോലെ മത്സ്യം കിട്ടുന്നു എന്നൊരു വാര്‍ത്ത കടപ്പുറത്തു പരന്നു.
നാണു സന്ന്യാസി വള്ളമോ വലയോ തൊട്ടാല്‍മതി. അന്നു നല്ല കോളായിരിക്കും എന്ന് കരുതിയവര്‍ സ്വാമിക്കു ദിവ്യശക്തിയുണ്ടെന്നു പ്രചരിപ്പിച്ചു. കടപ്പുറത്തുകൂടിയുള്ള സ്വതന്ത്രസഞ്ചാരവും ചാളത്തടികളിലെ ഉറക്കവും ആളുകള്‍ ശ്രദ്ധിക്കുന്നു എന്നറിഞ്ഞപ്പോള്‍ അവിടെ നില്‍ക്കുക പ്രയാസമായിത്തോന്നി. വീണ്ടും ദീര്‍ഘസഞ്ചാരം.
എവിടെയും മനുഷ്യര്‍ക്കൊപ്പം കഴിയാനാണ് ഇഷ്ടപ്പെട്ടത്. അവരുടെ തൊഴിലുകള്‍ എങ്ങനെയെന്നു അടുത്തുനിന്നും കണ്ടു. അതറിഞ്ഞു. അതിന്റെ പ്രയാസങ്ങള്‍ മനസ്സിലാക്കി. വരുമാനമെന്തെന്നും ജീവിതമെങ്ങനെയെന്നും ബോധ്യമായി.

ആചാരങ്ങളും വിശ്വാസങ്ങളും ആരാധനാരീതികളും കണ്ടുംകേട്ടും അറിഞ്ഞപ്പോഴാണ് മാറ്റങ്ങള്‍ വേണമെന്നു നിശ്ചയിച്ചത്.
എങ്ങനെ? അതിനുള്ള ഉത്തരം തേടിയുള്ള യാത്രയിലാണ് യുവസന്ന്യാസി. പക്ഷെ ആ ലക്ഷ്യം തേടിയുള്ള യാത്ര ക്ലേശകരമാണ് എങ്കിലും അതു തുടരുകതന്നെ വേണം.
നാണു സ്വാമികള്‍ തീരുമാനിച്ചു. യാത്രതുടര്‍ന്നു.

Author

26 Views
Scroll to top
Close
Browse Categories