എസ്.എൻ കോളേജ് മാനേജ്മെന്റിനെതിരായ വിധി സുപ്രീം കോടതി റദ്ദാക്കി

എസ്.എൻ കോളേജ് മാനേജ്മെന്റിനെതിരെയുള്ള കേരള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. 60 അദ്ധ്യാപകരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. അതേസമയം, അദ്ധ്യാപക നിയമനം ചോദ്യംചെയ്ത് കോടതിയെ സമീപിച്ച ഭിന്നശേഷിക്കാരിയായ ഉദ്യോഗാർത്ഥി അനുജയപാലിന് നിയമനം നൽകാൻ കോടതി നിർദേശിച്ചു. എസ്.എൻ ട്രസ്റ്റിന്റെ കീഴിലുള്ള എസ്.എൻ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ നിയമനത്തിന് ഭിന്നശേഷിക്കാർക്കുള്ള നാല് ശതമാനം സംവരണ ചട്ടം പാലിച്ചില്ലെന്നാരോപിച്ച് ഭിന്നശേഷിക്കാരിയായ അനു ജയപാൽ ഫയൽ ചെയ്ത റിട്ട് ഹർജിയെ തുടർന്ന് 2020ലെ നോട്ടിഫിക്കേഷൻ പ്രകാരമുള്ള എല്ലാ നിയമനങ്ങളും ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഈ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവെച്ചു. ഇതിനെതിരെ എസ്.എൻ കോളേജ് മാനേജർ വെള്ളാപ്പള്ളി നടേശനും നിയമനം റദ്ദാക്കപ്പെട്ട അദ്ധ്യാപകരും നൽകിയ പ്രത്യേകാനുമതി ഹർജികൾ അനുവദിച്ചു കൊണ്ട് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ആണ് വിധി പുറപ്പെടുവിച്ചത്. ഭിന്നശേഷിക്കാർക്കുള്ള സംവരണം നടപ്പാക്കിയില്ലെന്ന് ആരോപിച്ച് നിയമനം റദ്ദാക്കിയെങ്കിലും ഹർജിക്കാരിയായ അനു ജയപാലിന് നിയമനം നൽകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നില്ല. ഇതിനെതിരെ അനു ജയപാലനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 2021 ജനുവരി ഒന്ന് മുതൽ നിയമനം നൽകാനാണ് ഉത്തരവെങ്കിലും മുൻകാല പ്രാബല്യത്തോടെ ശമ്പളം ലഭിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഇവരുടെ നിയമനം 2020 ൽ നിയമിതരായ അസിസ്റ്റന്റ് പ്രൊഫസർമാരുടെ സീനിയോറിറ്റിയെ ബാധിക്കില്ലെന്നും ഭിന്നശേഷി സംവരണം പാലിച്ചുള്ള നോട്ടിഫിക്കേഷൻ പ്രകാരം മാനേജ്മെന്റിന് അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനം തുടരാമെന്നും കോടതി വ്യക്തമാക്കി.

എസ്.എൻ മാനേജ്മെന്റിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഗുരു കൃഷ്ണകുമാർ, അഭിഭാഷകരായ എ.എൻ രാജൻബാബു, റോയ് എബ്രഹാം എന്നിവർ ഹാജരായി. നിയമനം നഷ്ടപ്പെട്ട അദ്ധ്യാപകർക്ക് വേണ്ടി മുതിർന്ന അഭിഭാഷകരായ കെ.വി വിശ്വനാഥൻ, സിദ്ധാർത്ഥ് ദവെ അഭിഭാഷകരായ പി.എസ് സുധീർ, ആൻ മാത്യു എന്നിവരും അനു ജയപാലിന് വേണ്ടി മുതിർന്ന അഭിഭാഷകരായ വി.ചിദംബരേഷ്, പി.എൻ രവീന്ദ്രൻ എന്നിവരും ഹാജരായി.

Author

Scroll to top
Close
Browse Categories