നന്മയുടെ യാത്ര
രാവിലെ ആഫീസില്‍ പോകുവാന്‍ ബാഗും എടുത്തുകൊണ്ട് ഷീബ തിണ്ണയിലേക്കിറങ്ങി. ചാരുകസേരയില്‍ ഇരുന്നു പത്രം വായിക്കുന്ന അച്ഛന്റെ അടുത്തേക്കു അവള്‍ ചെന്നു.
”ഞാന്‍ പോയിട്ടു വരാം അച്ഛാ” അവള്‍ പറഞ്ഞു. പത്രത്തില്‍ നിന്നും കണ്ണുകള്‍ പിന്‍വലിച്ച് അയാള്‍അവളെ നോക്കി. കണ്ണട എടുക്കുന്നതിനിടയില്‍ അയാള്‍ ചോദിച്ചു. ”നീ ഇന്നു നേരത്തെ വരുമോ?”

ആ ചോദ്യം കേട്ടു ഷീബ അതിശയത്തോടെ അച്ഛനെ നോക്കി. ഒരിക്കലും അച്ഛന്‍ ഞാന്‍ പോകുന്ന നേരത്തു ഇങ്ങനെ ചോദിച്ചിട്ടില്ല. ഇന്നു എന്താ ഇത്ര പ്രത്യേകിച്ച് ഒരു ചോദ്യം. അവള്‍ ആലോചിച്ചു.
”അച്ഛനു വിശേഷിച്ച് എന്തെങ്കിലും വാങ്ങി കൊണ്ടു വരണോ”
”ഒന്നും വേണ്ട മോളെ, എനിക്കു വേണ്ടതെല്ലാം നീ വാങ്ങിച്ചു തരുന്നുണ്ടല്ലോ?” അയാളുടെ വിളറിയ കണ്ണുകള്‍ ചെറുതായി നനഞ്ഞു.
അയാള്‍ക്കു ശ്വാസം മുട്ടുന്നതായി തോന്നി. സംസാരിക്കാന്‍ ബുദ്ധിമുട്ടായി. അവള്‍ അയാളുടെ നെഞ്ചു തടവി കൊടുത്തു.
”ആവശ്യമില്ലാത്തതൊന്നും ചിന്തിക്കരുത് എന്നു എത്രപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ആരു കേള്‍ക്കാന്‍” അവള്‍ പിറുപിറുത്തു.
”പറയുവാന്‍ എന്തു എളുപ്പം. എനിക്കു നിന്റെ കാര്യം ഓര്‍ത്തിട്ടാ കൂടുതല്‍ വിഷമം. നിന്നെ ആരുടെയെങ്കിലും കൂടെ കല്യാണം കഴിച്ചു കൊടുക്കണ്ടെ” അയാളുടെ മങ്ങിയ മുഖത്തു വേദന പടര്‍ന്നിരുന്നു.
”നീ പോയില്ലെ?” ശബ്ദം കേട്ടു ഷീബ തിരിഞ്ഞു നോക്കി. അമ്മ കട്ടന്‍ കാപ്പിയുമായി നില്‍ക്കുന്നു.
”ഇല്ലമ്മേ, ഞാന്‍ പോകാന്‍ ഇറങ്ങിയതാ അച്ഛനു എന്തോ വിഷമം പോലെ”
”അതു മിക്കവാറും ഉള്ളതല്ലേ. ഈ ചൂടു കട്ടന്‍ കാപ്പി കുടിക്കുമ്പോള്‍ എല്ലാം മാറും” അവര്‍ കാപ്പി ഗ്ലാസ് അടുത്തു കിടന്ന മേശമേല്‍ വെച്ചു.
”നീ പൊയ്‌ക്കോ. ഇനി താമസിച്ചാല്‍ ബസ്സ് കിട്ടാന്‍ വൈകും. വേഗം പോ” അമ്മിണിഅമ്മ പറഞ്ഞു.
”നേരാ മോളെ, എനിക്കു കുഴപ്പമൊന്നുമില്ല. മോളു പൊയ്‌ക്കോ” ഷീബ അച്ഛനെ ഒന്നുകൂടി നോക്കിയിട്ടു മുറ്റത്തേക്കിറങ്ങി. അവളെ തന്നെ അയാള്‍ നോക്കിയിരുന്നു. കണ്ണില്‍ നിന്നും ഊറി വന്ന കണ്ണുനീര്‍ അയാള്‍ തുടച്ചു.
”നിങ്ങള്‍ എന്തിനാ മനുഷ്യാ കരയുന്നത്. ഇവിടെ ആരെങ്കിലും ചത്തോ” അമ്മിണി അമ്മ ദേഷ്യപ്പെട്ടു.
അന്നു വളരെ വൈകിയാണ് ഷീബ ആഫീസില്‍ എത്തിയത്. മിനര്‍വ ട്രേഡിംങ് കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിലാണ് അവള്‍ ജോലി ചെയ്യുന്നത്. നല്ല തിരക്കുള്ള ദിവസമായിരുന്നു അന്ന്. സ്വര്‍ണ്ണപണയം, ചിട്ടി, റിയല്‍ എസ്റ്റേറ്റ്, കെട്ടിടനിര്‍മ്മാണം, മറ്റു കരാര്‍ പണികള്‍ തുടങ്ങിയവയാണ് ആ കമ്പനിയുടെ ബിസിനസ്സ്.
എം.ഡി. വര്‍ക്കിച്ചന്‍ അവളെ ക്യാബിനിലേക്കു വിളിപ്പിച്ചു. ”ഷീബ പലപ്രാവശ്യമായി ലേറ്റായി ആണ് വരുന്നത്. ഇങ്ങനെ വന്നാല്‍ എനിക്കു നിങ്ങളെ പിരിച്ചു വിടേണ്ടി വരും”
അവള്‍ മറുപടി ഒന്നും പറയാതെ നിന്നു.
ഈ ജോലി പോയാല്‍… എല്ലാം കഷ്ടത്തിലാകും. ഹാര്‍ട്ട് പേഷ്യന്റായ അച്ഛന്‍. പ്രായമായ അമ്മ, ഇളയ അനുജത്തി. എല്ലാം അവളുടെ മനസ്സിലൂടെ ഒരു നിമിഷം കടന്നു പോയി.
”അച്ഛനു സുഖമില്ലെന്നു പറഞ്ഞാലോ”
അങ്ങനെ പറഞ്ഞിട്ടു പ്രയോജനം ഒന്നുമില്ല. വര്‍ക്കിച്ചന്‍ വിശ്വസിക്കുകയില്ല. പിന്നെ എന്തു പറയും. ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്.
അല്പ നേരത്തിനു ശേഷം വര്‍ക്കിച്ചന്‍ പറഞ്ഞു.
”താമസിച്ചതിനു എന്തെങ്കിലും കാരണം പറയുവാന്‍ കാണും. അതു നിങ്ങളുടെ വ്യക്തിപരമായ പ്രശ്‌നം. അതൊന്നും എനിക്കു കേള്‍ക്കണ്ട”
അവളുടെ കണ്ണുകള്‍ തുളുമ്പി. കണ്ണീര്‍ചാലുകള്‍ മുഖത്തേക്കു ഒലിച്ചിറങ്ങി. അച്ഛന്റെ മുഖം അവളുടെ മനസ്സിലേക്കു തെളിഞ്ഞു വന്നു. താമസിച്ചു വന്നതിനു ഈ വഴക്ക്. ഇനിയും അല്പനേരം നേരത്തെ പോകണമെന്നു പറഞ്ഞാല്‍ എന്തായിരിക്കും മറുപടി. അതോടെ ഈ ജോലി പോകും.
”ഷീബ പൊയ്‌ക്കോ. പോയി ജോലി ചെയ്യ്” ജോസ്‌മോന്‍ ആണു പറഞ്ഞത്. വര്‍ക്കിച്ചന്റെ മകന്‍. പാവങ്ങളോടു അലിവുള്ള ഒരു ചെറുപ്പക്കാരനാണ് ജോസ്‌മോന്‍. നല്ല പെരുമാറ്റം.
അവള്‍ ആഫീസിന്റെ ഉള്ളിലേക്കു കയറി. മേശമേല്‍ ഒരുപാടു ഫയലുകള്‍ കുന്നുകൂടി കിടക്കുന്നു. ഫയലുകള്‍ എടുത്തു അവള്‍ ജോലി തുടങ്ങി. മറ്റു ജോലിക്കാര്‍ എല്ലാം തിരക്കിട്ട പണിയിലാണ്.
പ്യൂണ്‍ വാസു ഷീബയുടെ അടുത്തേക്കു വന്നു. ”ഷീബ മാഡത്തിനെ ജോസ്‌മോന്‍ വിളിക്കുന്നു” അയാള്‍ പറഞ്ഞു. ക്യാബിനുള്ളില്‍ ജോസ്‌മോനും വര്‍ക്കിച്ചനും ഇരിക്കുന്നു. അവരുടെ മുഖം വല്ലാണ്ടിരിക്കുന്നു.
”സോറി ഷീബ വേദനിപ്പിക്കേണ്ടിവന്നതില്‍ ദുഃഖമുണ്ട്” വര്‍ക്കിച്ചനാണ് പറഞ്ഞത്.
”സാര്‍ ഞാന്‍ ഇനി ഒരിക്കലും താമസിച്ചു വരില്ല. എന്നെ പിരിച്ചുവിടല്ലേ”.
”അതൊന്നും സാരമില്ല. ഷീബ വേഗം വീട്ടിലേക്ക് ചെല്ല്. അച്ഛനു എന്തോ സുഖമില്ല. നമ്മുടെ കാറില്‍ കൊണ്ടാക്കും.. വേഗം പൊയ്‌ക്കോ”
വീട്ടില്‍ ധാരാളം ആളുകള്‍ കൂടി നില്‍ക്കുന്നു. അകത്ത് മുറിയിലെ കട്ടിലില്‍ അച്ഛന്‍ ചലനമറ്റു കിടക്കുന്നു. അമ്മയും അനുജത്തിയും വാവിട്ടു കരയുന്നു. പൊട്ടിക്കരഞ്ഞു കൊണ്ട് അവള്‍ ആ കട്ടിലിലേക്കു വീണു.
മരണം അറിഞ്ഞു ആളുകള്‍ വരുകയും പോകുകയും ചെയ്യുന്നു. പലരും തിരക്കുള്ളവര്‍ ആണ്. ചിലര്‍ തിരക്ക് അഭിനയിക്കുന്നു.
സംസ്‌കാര ചടങ്ങുകള്‍ തുടങ്ങാന്‍ കര്‍മ്മിയും പരികര്‍മ്മിയും എത്തിച്ചേര്‍ന്നിട്ടുണ്ട്. അവര്‍ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
ഒരു പോലീസ് ജീപ്പ്, ആ വീടിന്റെ മുമ്പില്‍ വന്നു നിന്നു. പുറകില്‍ ഒരു ആംബുലന്‍സും. ഒന്നും മനസ്സിലാകാതെ ആളുകള്‍ അന്തംവിട്ടു നില്‍ക്കുന്നു. എസ്.ഐ.യും മൂന്നു പോലീസുകാരും ജീപ്പില്‍ നിന്നിറങ്ങി. ആളുകളുടെ ഇടയിലൂടെ അവര്‍ മുന്നോട്ടു നടന്നു. തലയില്‍ നിന്നും തൊപ്പി ഊരി മൃതശരീരത്തെ ഒരു നിമിഷം വണങ്ങി.
വര്‍ക്കിച്ചനും ജോസ്‌മോനും പഞ്ചായത്തു മെംബര്‍ ദേവരാജനും എസ്.ഐ.യുടെ അടുത്തേക്കു ചെന്നു.
”എന്താ സാറെ പ്രശ്‌നം?” പഞ്ചായത്തു മെമ്പര്‍ ചോദിച്ചു.
”ആ ആംബുലന്‍സ് മെഡിക്കല്‍ കോളേജില്‍ നിന്നും വന്നതാണ്. അതിന്റെ പുറകിലത്തെ കാറില്‍ ഡോക്ടറും ഉണ്ട്”. എസ്.ഐ. പറഞ്ഞു. അദ്ദേഹം പോലീസുകാരെ വിട്ട് ഡോക്ടറെ വിളിപ്പിച്ചു.
ഡോക്ടര്‍ ഒരു ഫയല്‍ എടുത്തു തുറന്നു.
”ഇതു കണ്ടോ മരിച്ചു കഴിഞ്ഞാല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കുവാന്‍ ഈ മൃതശരീരം തരാമെന്നു പവിത്രന്‍ എഴുതി തന്ന സമ്മതപത്രമാണ്. ഒരിക്കല്‍ മെഡിക്കല്‍ ചെക്കപ്പിനു വന്നപ്പോള്‍ ആരുടേയും പ്രേരണ ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരം എഴുതി തന്ന സമ്മതപത്രം. ഭാര്യ അമ്മിണി, മക്കള്‍ ഷീബ, ഷിനി. ഇതുതന്നെയല്ലേ അവരുടെ പേര്. ഈ വിവരം അറിയാവുന്ന ആരോ മെഡിക്കല്‍ കോളേജിലേക്കു വിളിച്ചു പറഞ്ഞിട്ടാണ് ഞങ്ങള്‍ വന്നത്”. ഡോക്ടര്‍ ബാഹുലേയന്‍ പറഞ്ഞു.
വിശ്വസിക്കാനാവാതെ പലരും പരസ്പരം നോക്കി. പഞ്ചായത്തു മെമ്പര്‍ ഡോക്ടറെയും കൂട്ടി അമ്മിണിഅമ്മയുടെ അടുത്തു ചെന്നു കാര്യങ്ങള്‍ വിശദീകരിച്ചു.
”ഇങ്ങനെ ഒരുകാര്യം എന്നോടു പറഞ്ഞിട്ടില്ല. ഈ ശരീരം കീറി മുറിക്കുവാന്‍ ഞങ്ങള്‍ സമ്മതിക്കുകയില്ല.” അമ്മിണിഅമ്മ തേങ്ങിക്കരഞ്ഞു.
”നിയമപ്രകാരം ഈ ബോഡി ഞങ്ങള്‍ക്കു കൊണ്ടുപോകാം. ഒരു ബലപ്രയോഗത്തിനൊന്നും ഞങ്ങള്‍ ഇല്ല. വീട്ടുകാര്‍ക്കു എതിര്‍പ്പുണ്ടെങ്കില്‍ വേണ്ട. ഒരു മാനുഷിക പരിഗണന വെച്ചു ഞങ്ങള്‍ തിരിച്ചു പോകുകയാണ്”. ഡോക്ടര്‍ പറഞ്ഞു.
ഡോക്ടറും പോലീസുകാരും പുറത്തേക്കു നീങ്ങി.
”നില്‍ക്ക്”. ആ ശബ്ദം കേട്ടു എല്ലാവരും തിരിഞ്ഞു നോക്കി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഷീബ നില്‍ക്കുന്നു. അവള്‍ കണ്ണുകള്‍ അമര്‍ത്തി തുടച്ചു. മുഖത്തെ സങ്കടങ്ങള്‍ തുടച്ചെടുത്തു എവിടെയോ കളഞ്ഞു.
”അച്ഛന്റെ ആഗ്രഹപ്രകാരം മെഡിക്കല്‍ കോളേജിനു ഈ മൃതശരീരം വിട്ടുതരുവാന്‍ സമ്മതമാണ്. കുറച്ചു നാളുകള്‍ക്കു മുമ്പ് ഈ വിവരം അച്ഛന്‍ എന്നോടു പറഞ്ഞിട്ടുണ്ട്. ഞാന്‍ ആണ് മെഡിക്കല്‍ കോളേജിലേക്കു വിളിച്ചു പറഞ്ഞത്”
പവിത്രന്‍ ഒരു ചുമട്ടു തൊഴിലാളിയായിരുന്നു. ജാതിയോ മതമോ നോക്കാതെ ആര്‍ക്കും എന്താവശ്യം ഉണ്ടെങ്കിലും തന്നാല്‍ കഴിയുംവിധം സഹായിക്കുന്ന ആളായിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ജോലിക്കിടെ ഒരു നെഞ്ചുവേദന വന്നു തളര്‍ന്നുവീണു. വിദഗ്ദ്ധപരിശോധനയില്‍ ഹാര്‍ട്ടില്‍ ബ്ലോക്കുണ്ടെന്നു അറിയുന്നത്. ഓപ്പറേഷനു ശേഷം ജോലിക്കു ഒന്നും പോയിട്ടില്ല.
”ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഒക്കെ നടത്തിക്കോളൂ” ഡോക്ടര്‍ പറഞ്ഞു.
ചടങ്ങുകള്‍ ആരംഭിച്ചു.
കര്‍മ്മി എല്ലാവരോടുമായി പറഞ്ഞു.
”നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമാണ്. അദ്ദേഹത്തിന്റെ ആഗ്രഹം ഇതുതന്നെയെങ്കില്‍ നമ്മള്‍ അതു നടത്തി കൊടുക്കുവാന്‍ ബാദ്ധ്യതപ്പെട്ടവരാണ്. ജനിച്ചവര്‍ എല്ലാം മരിക്കും എന്നുള്ളതു ഉറപ്പുള്ള കാര്യമാണ്. എന്നാല്‍ ജനിച്ചവര്‍ എല്ലാം എത്രനാള്‍ ജീവിച്ചിരിക്കുമെന്നു ഉറപ്പില്ല.
അനുവദിക്കപ്പെട്ടിരിക്കുന്ന ആയുസ്സിനപ്പുറത്തേക്കു ആര്‍ക്കും ജീവിക്കാനാകില്ല. ആ ജീവിതത്തില്‍ ഒരാളുടെയെങ്കിലും സന്തോഷത്തിനു കാരണമാവുമെങ്കില്‍ അതല്ലേ ഏറ്റവും വലിയ സംതൃപ്തി.
കര്‍മ്മി പ്രാര്‍ത്ഥന ചൊല്ലി തുടങ്ങി. അതു പലരും ഏറ്റു ചൊല്ലി. പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. പലരും വിതുമ്പല്‍ അടക്കാന്‍ പാടുപെടുന്നു.
”ദൈവമേ നിന്റെ സായൂജ്യം
പരേതാത്മാവിനേകണേ.
ദൈവമേ ഭക്തവത്സലാ…”
പരേതാത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ടുള്ള പ്രാര്‍ത്ഥന അവസാനിച്ചു. കൈയില്‍ പിടിച്ചിരുന്ന പുഷ്പങ്ങള്‍ എല്ലാവരും മൃതശരീരത്തിലേക്കു സമര്‍പ്പിച്ചു.
ആശുപത്രി ജീവനക്കാര്‍ സ്ട്രച്ചറുമായി വന്നു. പവിത്രന്റെ മൃതശരീരം എടുത്തു. അമ്മിണിഅമ്മയും, ഷീബയും, അനുജത്തിയും മറ്റു ബന്ധുക്കളും കൂട്ടക്കരച്ചിലായി.
ആംബുലന്‍സ് പവിത്രന്റെ മൃതശരീരവുമായി റോഡിലേക്കിറങ്ങി. തടിച്ചുകൂടിയ ജനങ്ങളും ബന്ധുമിത്രാദികളും പവിത്രനു അന്ത്യയാത്ര ചൊല്ലി.
ആളുകള്‍ പിരിഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുമ്പോഴും കത്തി തീര്‍ന്ന ഒരു പകലിന്റെ വേദന അവിടെ നിറഞ്ഞു നിന്നു.
8848321453






