പാര്‍ലമെന്റിലെ സ്ത്രീ സംവരണം: പിന്നാക്ക സംവരണം അനിവാര്യം

സ്ത്രീ സംവരണത്തില്‍ പിന്നാക്ക സംവരണമില്ലെങ്കില്‍ രാജ്യത്ത് 85 ശതമാനം വരുന്ന പിന്നാക്ക ജനവിഭാഗത്തിലെ സ്ത്രീകള്‍ക്ക് പാര്‍ലമെന്റ് അംഗത്വം വെറും ഒരു സ്വപ്‌നമായി മാത്രം അവശേഷിക്കുമെന്ന കാര്യം ഇടതുപക്ഷ പാര്‍ട്ടികള്‍ എങ്കിലും മനസിലാക്കേണ്ടതാണ്. മറ്റു പല പാര്‍ട്ടികളെയും പോലെ സവര്‍ണ്ണ വിഭാഗത്തെ ഭയന്നു കൊണ്ട് തന്നെയായിരിക്കും അവർ ഈ പിന്നാക്ക വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുള്ളത്.

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇതുമായി ബന്ധപ്പെട്ട് മണ്ഡല പുനര്‍നിര്‍ണ്ണയത്തിനുള്ള ബില്ലും അംഗീകരിച്ചു. 2023 ലെ നാരീ ശക്തിവന്ദന്‍ അധിനിയമത്തിലാണ് (വനിതാസംവരണ നിയമം) ഭേദഗതി കൊണ്ടുവരുന്നത്. മണ്ഡല പുനര്‍നിര്‍ണ്ണയത്തിലൂടെ 50 ശതമാനം ലോക്‌സഭ-നിയമസഭാ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കും. ലോക്‌സഭാ സീറ്റുകള്‍ 543 ല്‍ നിന്ന് 816 ആകും. ഇതില്‍ 273 സീറ്റുകള്‍ വനിതകള്‍ക്കായി നീക്കിവയ്ക്കും.രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക സ്ത്രീകള്‍ക്ക് പുതിയ സ്ത്രീ സംവരണ ബില്ലിനകത്ത് സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കോണ്‍ഗ്രസും ജനതാ ദള്‍ അടക്കമുള്ള പാര്‍ട്ടികളും ഈ ആവശ്യം ഉന്നയിച്ച് രംഗത്തു വന്നിട്ടുണ്ട്.
പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം ചെയ്യണമെന്ന വാദത്തില്‍ അരനൂറ്റാണ്ടിന് പുറത്ത് പഴക്കമുണ്ട്. യു പി എ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സ്ത്രീകള്‍ക്ക് പാര്‍ലമെന്റില്‍ സംവരണം നല്‍കുമെന്ന വാഗ്ദാനം നൽകുകയും, ബില്‍ കൊണ്ട് വരികയും ചെയ്തു. രണ്ട് പതിറ്റാണ്ട് മുന്‍പ് വനിതാ സംവരണ ബില്‍ പാര്‍ലെന്റില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ ഈ നിയമത്തില്‍ പിന്നോക്ക സ്ത്രീ സംവരണം കൂടി ഏര്‍പ്പെടുത്തണമെന്ന ശക്തമായ അഭിപ്രായമാണ് മുലയംസിങും ലാലുപ്രസാദ് യാദവും ജനതാപരിവാര്‍ പാര്‍ട്ടികളാകെയും സ്വീകരിച്ചത്. സര്‍ക്കാര്‍ ഈ ഭിന്നാഭിപ്രായം അംഗീകരിക്കാന്‍ തയ്യാറായില്ല. എന്തായാലും അന്ന് പാര്‍ലമെന്റിലെ സ്ത്രീ സംവരണം നടപ്പിലായില്ല.

ഇന്ത്യാ മഹാരാജ്യത്തിലെ ജനസംഖ്യയില്‍ 85% വും ന്യൂനപക്ഷങ്ങളിലേതടക്കമുള്ള പി ന്നാക്ക ജനവിഭാഗങ്ങളാണെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാല്‍ സര്‍ക്കാര്‍ സര്‍വ്വീസിലും, ഉന്നത വിദ്യാഭ്യാസ മേഖലയിലും എന്തിന് പ്രബല രാഷ്ട്രീയ പാര്‍ട്ടികളിലെ ഭാരവാഹികളില്‍ പോലും 70% സീറ്റുകള്‍ 15% മാത്രം വരുന്ന മു ന്നാക്ക സവര്‍ണ്ണ വിഭാഗങ്ങള്‍ കയ്യടക്കി വച്ചിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതാ ജനപ്രതിനിധികളോടൊപ്പം

പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകളുടെ പ്രാതിനിധ്യം തുച്ഛമാണ്. ഒടുവില്‍ പാര്‍ലമെന്റില്‍ 33% വനിതാ സംവരണം മോദി സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. 33 ശതമാനമെങ്കിലും വനിതാ സംവരണം നല്‍കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹം തന്നെ. എന്നാല്‍ ഈ ബില്ലില്‍ പിന്നാക്ക സംവരണമില്ലെങ്കില്‍ ഈ സീറ്റുകളില്‍ മഹാഭൂരിപക്ഷവും സവര്‍ണ്ണ-മുന്നാക്ക വിഭാഗത്തിലെ സ്ത്രീകള്‍ക്ക് മാത്രമെ നേടാന്‍ കഴിയുകയുള്ളൂ. കേരളമടക്കമുള്ള വളരെ ചുരുക്കം സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇപ്പോഴും പിന്നാക്ക സ്ത്രീകള്‍ പ്രാഥമിക വിദ്യാഭ്യാസം പോലും നേടിയിട്ടുള്ളത്. രാഷ്ട്രീയ രംഗത്ത് ഇവര്‍ക്ക് യാതൊരു പ്രാതിനിധ്യവുമില്ല.. മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും പിന്നാക്ക സ്ത്രീകള്‍ പൊതുവെ പ്രാഥമിക വിദ്യാഭ്യാസം പോലും നേടാത്തവരും രാഷ്ട്രീയരംഗവുമായി ഒരു ബന്ധവുമില്ലാത്തവരുമാണ്.
നമ്മുടെ രാജ്യത്തെ ഇന്നത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ അതുകൊണ്ടുതന്നെ പിന്നാക്ക വിഭാഗ സ്ത്രീകള്‍ക്ക് പ്രത്യേക സംവരണമില്ലെങ്കില്‍ ഈ പിന്നാക്ക സ്ത്രീകളാകെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് പുറത്താകുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇവിടങ്ങളിലെല്ലാം വിദ്യാസമ്പന്നരും രാഷ്ട്രീയവുമായി വലിയ ബന്ധമുള്ളവരുമായ സവര്‍ണ്ണ – മുന്നാക്ക സ്ത്രീകള്‍ മാത്രമായിരിക്കും കടന്നു വരുന്നത്. കടുത്ത ജീവിത പ്രയാസങ്ങളിലും, ദാരിദ്ര്യത്തിലും മുങ്ങി കഴിയുന്ന രാജ്യത്തെ പിന്നാമ്പുറങ്ങളില്‍ കഴിയുന്നവരാണ് പിന്നാക്ക ജനവിഭാഗങ്ങളില്‍ മഹാഭൂരിപക്ഷവും. ഈ ജനവിഭാഗത്തിന്റെ ഉയര്‍ച്ച ഇന്നും ജലരേഖ മാത്രമാണ്. രാഷ്ട്രീയ രംഗത്ത് നിന്ന് പിന്നാക്ക സ്ത്രീകളില്‍ മഹാഭൂരിപക്ഷവും മാറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്. ഇക്കൂട്ടരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ പാര്‍ലമെന്റിലെ സ്ത്രീ സംവരണത്തില്‍ നിശ്ചിത ശതമാനം പിന്നാക്കസംവരണം ഏര്‍പ്പെടുത്തുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.
പിന്നാക്കക്കാര്‍ക്ക് സംവരണം എല്ലാ മേഖലയിലും നല്‍കണമെന്നുള്ളതു തന്നെയാണ് നമ്മുടെ ഭരണഘടനയുടെ സ്പിരിറ്റ്. കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച ബില്ലില്‍ പിന്നാക്ക – ദളിത് സംവരണം ഭരണഘടനാപരമായ അവകാശവുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ദളിത് സംവരണവും, പിന്നാക്ക സംവരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മുന്നാക്ക – സവര്‍ണ്ണ സ്വാധീനത്തിനു വഴങ്ങി കേരളമടക്കമുള്ള ചുരുക്കം സംസ്ഥാനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികളില്‍ പിന്നാക്ക സംവരണം ഇപ്പോഴും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളിലെ പിന്നാക്ക സമുദായ സംഘടനാ പ്രവര്‍ത്തനങ്ങളുടെ ദൗര്‍ബല്യവും, മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ പിന്നാക്ക ജനവിഭാഗത്തിനു വേണ്ടി ശബ്ദിക്കാത്തതുമാണ് ഈ ദുഃസ്ഥിതിക്ക് കാരണം. രാഷ്ട്രീയ പാര്‍ട്ടികള്‍ പലതും നമ്മുടെ സംസ്ഥാനത്തും സവര്‍ണ്ണ വിഭാഗത്തിന്റെ കൈപ്പിടിയിലാണ്. ഇടതുപക്ഷ പാര്‍ട്ടികള്‍ക്കു പോലും സ്വന്തം അടിത്തറയായ പിന്നാക്ക ജനവിഭാഗത്തിന്റെ വികാരം മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. സംസ്ഥാനത്തെ അനാചാരങ്ങളും, വര്‍ണ്ണവെറിയും, ജാതി വിവേചനവും എല്ലാം അവസാനിപ്പിച്ചെന്ന് അവകാശപ്പെടുന്ന കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ കണ്ണടച്ച് ഇരുട്ടാക്കാനാണ് ശ്രമിക്കുന്നത്.
പാര്‍ലമെന്റിലെ സ്ത്രീസംവരണം ധൃതി പിടിച്ച് നടത്തുന്നതിനെ പല പ്രതിപക്ഷ പാര്‍ട്ടികളും ചോദ്യം ചെയ്തിട്ടുണ്ട്. രാജ്യത്ത് തുടങ്ങിയിട്ടുള്ള ദേശീയ സെന്‍സസ് പൂര്‍ത്തിയാക്കിയതിനു ശേഷം അതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീ സംവരണ നിയമം പാസാക്കിയാല്‍ പോരെ എന്ന് ഇക്കൂട്ടര്‍ ചോദിക്കുന്നു. പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിന് യാതൊരു ന്യായീകരണമില്ലെന്ന് ഇക്കൂട്ടര്‍ വ്യക്തമാക്കി. എന്നാല്‍ സ്ത്രീ സംവരണത്തോടൊപ്പം പിന്നാക്ക സംവരണം കൂടി ഏര്‍പ്പെടുത്തണമെന്ന കാര്യം ഇടതുപക്ഷമടക്കമുള്ള പല പാര്‍ട്ടികളും മുന്നോട്ട് വച്ചിട്ടില്ല. തങ്ങളുടെ പാര്‍ട്ടികളുടെ അടിത്തറ പിന്നാക്ക ജനവിഭാഗങ്ങളാണെന്ന് ബോധ്യമുള്ള ചില പാര്‍ട്ടികള്‍ പോലും പാര്‍ലമെന്റിലെ സ്ത്രീ സംവരണത്തില്‍ പി ന്നാക്ക സംവരണം വേണമെന്ന് ആവശ്യപ്പെടാത്തത് വളരെ ഖേദകരമാണ്. സ്ത്രീ സംവരണത്തില്‍ പിന്നാക്ക സംവരണമില്ലെങ്കില്‍ രാജ്യത്ത് 85 ശതമാനം വരുന്ന പിന്നാക്ക ജനവിഭാഗത്തിലെ സ്ത്രീകള്‍ക്ക് പാര്‍ലമെന്റ് അംഗത്വം വെറും ഒരു സ്വപ്‌നമായി മാത്രം അവശേഷിക്കുമെന്ന കാര്യം ഇടതുപക്ഷ പാര്‍ട്ടികള്‍ എങ്കിലും മനസിലാക്കേണ്ടതാണ്. മറ്റു പല പാര്‍ട്ടികളെയും പോലെ സവര്‍ണ്ണ വിഭാഗത്തെ ഭയന്നു കൊണ്ട് തന്നെയായിരിക്കും ഇടതു പാര്‍ട്ടികള്‍ ഈ പിന്നാക്ക വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുള്ളത്.

രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ ഉള്‍പ്പെടുന്ന പിന്നാക്ക ജനവിഭാഗത്തിന്റെ മൗലികമായ ആവശ്യങ്ങള്‍ക്കു നേരെ മുഖം തിരിഞ്ഞ് നില്‍ക്കാന്‍ ജാതീയമായ വന്‍ അനീതിക്ക് പാത്രമായ പിന്നാക്ക ജനസമൂഹം ഇനിയും അനുവദിക്കാന്‍ പോകുന്നില്ല. സവര്‍ണ്ണ വിഭാഗത്തെ ഭയന്ന് പിന്നാക്ക ജനവിഭാഗത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ പിന്നാക്കക്കാരുടെ സംരക്ഷകരെന്ന് അഭിനയിക്കുന്ന ചില പ്രമുഖ പാര്‍ട്ടികളും ഇന്ന് രംഗത്തുണ്ട്. അതുകൊണ്ട് തന്നെയാണ് രാജ്യത്തെ സ്ത്രീകളില്‍ മഹാഭൂരിപക്ഷം വരുന്നപിന്നാക്ക സ്ത്രീകളെ അവഗണിക്കാന്‍ ഭരണകക്ഷിക്ക് ധൈര്യം കിട്ടുന്നത്.
പിന്നാക്ക സംവരണം കൂടി സ്ത്രീ സംവരണ ബില്ലില്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രഭരണകക്ഷി തയ്യാറായേ മതിയാകൂ. അതിനാവശ്യമായ യോജിച്ച ശക്തമായ പ്രക്ഷോഭ പ്രവര്‍ത്തനങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളുടെ എല്ലാ പ്രസ്ഥാനങ്ങളില്‍ നിന്നും രാജ്യത്തെ പിന്നാക്ക സ്ത്രീ സമൂഹം പ്രതീക്ഷിക്കുന്നത്.

(ലേഖകന്‍ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമാണ്.
ഫോണ്‍: 9847132428,[email protected])

Author

42 Views
Scroll to top
Close
Browse Categories