ശ്രീനാരായണഗുരുവിന്റെ ന ഇതി ന ഇതി…

അദൃശ്യമായ നിശ്ചലസത്തയാണ് ദൈവം. അഴിവില്ലാത്ത ആ ബോധം തന്നെയാണ് മനുഷ്യനും. എല്ലാ രൂപങ്ങളിലും കാഴ്ചകളിലും അറിവുകളിലും കണികകളിലും സൂക്ഷ്മധൂളിയില്‍പോലും നിറഞ്ഞിരിക്കുന്നത് അതാണ്. അതിനെ പ്രത്യേകം അറിയേണ്ടതില്ല. സന്ദേഹങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും അതിലിടമില്ല. സകല അറിവുകളുടെയും വിളനിലമായ, നിസ്പന്ദമായ ആ അറിവിനെയാണ് ഗുരു നമുക്കായി ഉണര്‍ത്തിച്ചു തന്നത്.

ഭാരതത്തിന്റെ സത്യധര്‍മ്മാദികള്‍ക്ക് ഇരുള്‍മൂടിയ കാലഘട്ടത്തില്‍ നിത്യരക്ഷയുടെ പ്രഭാവലയം സൃഷ്ടിച്ച് മഹത്വവല്‍ക്കരിച്ച ആത്മജ്ഞാനിയായ ശ്രീനാരായണ ഗുരു ഈ പുതുകാലത്തിലും നമ്മുടെ മൂന്നില്‍ സചേതനനായി ഉയര്‍ന്നു നില്ക്കുന്നു. ആ തഥാഗതനെ ശ്രീനാരായണനെന്നും ധര്‍മ്മമൂര്‍ത്തിയെന്നും ദീനാവനപരായണന്നെന്നുമൊക്കെ ഉരുവിട്ട് കാലമനസ്സ് നിത്യപ്രാര്‍ത്ഥനയുടെ പ്രകാശമാക്കുന്നു.

‘ഒന്നെന്നായെണ്ണിയെണ്ണിത്തൊ
ട്ടെണ്ണും പൊരുളടങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം’ (ദൈവദശകം)

ഓരോ മാത്രയിലും അനശ്വരമായതിനെ ധ്യാനിച്ച്, അതിലമര്‍ന്ന് ഗുരു എന്ന പരംപൊരുളില്‍ അസ്പന്ദമാകാന്‍ നാം ഇന്നും വിമുഖത കാട്ടുന്നു. ബോധസത്തയുടെ സര്‍വാധിഷ്ഠിതമായ ചിത്പ്രകാശത്തിലാകാം ഗുരു ‘ദൈവദശകം’ ചമച്ചത്.
സര്‍വ്വതിനു സാക്ഷിമാത്രനായിരിക്കുന്നത് ഏതൊന്നാണോ, അതുമായി ഏകീഭവിക്കുവാന്‍, കാണായ ദൃശ്യങ്ങളെ ഓരോന്നായി എണ്ണിയെണ്ണി ഒഴിവാക്കിയാലേ സാധ്യമാകൂവത്രേ. ഒരു ശ്രേഷ്ഠസന്യാസിവര്യന്റെ ആത്മോപനിഷത്താണ് ‘ദൈവദശക’മെന്ന് ബോധ്യപ്പെടാന്‍ ഈ നാലുവരികള്‍ മാത്രം മതിയാകും. ഈ ദാര്‍ശനിക കവിതയിലെ ഓരോ ശബ്ദവും ആ ചിത്പ്രകാശത്തിന്റേതാണല്ലോ.
പ്രപഞ്ചഘടകങ്ങളെയെല്ലാം ഏതൊരു സത്തയാണോ കൂട്ടിയിണക്കി നിലനിര്‍ത്തുന്നത്, അതുതന്നെയാണ് മനുഷ്യനെയും ചേര്‍ത്തു പിടിക്കുന്നത്. സൂര്യചന്ദ്രനക്ഷത്രാദികളുടെ പ്രകാശം പോലും നമ്മുടെ ഹൃദയചേതന തന്നെയാണ്. ജലവും കാറ്റും ജീവജാലങ്ങളുമെല്ലാം അതുതന്നെയാണ്.
അദൃശ്യമായ നിശ്ചലസത്തയാണ് ദൈവം. അഴിവില്ലാത്ത ആ ബോധം തന്നെയാണ് മനുഷ്യനും. എല്ലാ രൂപങ്ങളിലും കാഴ്ചകളിലും അറിവുകളിലും കണികകളിലും സൂക്ഷ്മധൂളിയില്‍പോലും നിറഞ്ഞിരിക്കുന്നത് അതാണ്. അതിനെ പ്രത്യേകം അറിയേണ്ടതില്ല. സന്ദേഹങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും അതിലിടമില്ല. സകല അറിവുകളുടെയും വിളനിലമായ, നിസ്പന്ദമായ ആ അറിവിനെയാണ് ഗുരു നമുക്കായി ഉണര്‍ത്തിച്ചു തന്നത്.
ഒന്നെന്നും രണ്ടെന്നും തുടങ്ങി എണ്ണുന്നതെല്ലാം കേവലം മനസ്സിന്റെ തലമാണ്. ആ ശബ്ദത്തില്‍ എന്തൊക്കെയോ ഉണ്ടെന്ന് നിനച്ചാണ് നമ്മുടെ എണ്ണിക്കൂട്ടലുകള്‍. ഈ പ്രക്രിയ എപ്പോള്‍ ഒഴിവാക്കുന്നുവോ, അപ്പോള്‍ എണ്ണിയ ആള്‍ മാത്രമേയുള്ളൂ. ഉപാധികളും ആശയങ്ങളുമില്ലാതെ അനുഭവിക്കുന്നതാണ് യഥാര്‍ത്ഥ മൗനാവസ്ഥ. അത് ഉണ്മയാണ്. ആ ലയാവസ്ഥയില്‍ എണ്ണുന്ന ആളില്ല. അവിടെ യാതൊന്നുമേയില്ല. ആ ഒന്നുമില്ലായ്മയുടെ മാധുര്യത്തിലേക്കാണ് നാം ഉയരേണ്ടത്.
‘എണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍….’ എന്ന ഗുരുവിന്റെ കല്പന, ബൃഹദാരണ്യകോപനിഷത്തിലെ ‘ഇതല്ല ഇതല്ല’ (ന ഇതി ന ഇതി) എന്ന പ്രക്രിയ തന്നെയല്ലേ. ഓരോ നിമിഷവും ഇതല്ല, ഇതല്ല… എന്ന് നിരീക്ഷിച്ച് ഒഴിവാക്കുമ്പോള്‍ വെളിപ്പെടുന്നത് പരമസത്യമായ ദൃക്കാണ്. അതാണ് ‘തത്’. അതാകട്ടെ, അതോ ഇതോ അല്ല. ഇവ രണ്ടും ഒഴിഞ്ഞ സൂക്ഷ്മമായ ഇടമാണത്. ‘ഇതല്ല’ എന്ന് എല്ലാറ്റിനെയും ഒഴിവാക്കുമ്പോള്‍ യാതൊന്നു ശേഷിക്കുമോ, അതാണ് പരമസത്യം. ഇത്, അത് എന്നൊക്കെ അറിയാന്‍ കഴിയുന്നത് പരിമിതമായതിനെയാണല്ലോ.
എല്ലാ അറിവുകളും ഒഴിവാകുമ്പോള്‍, ശേഷിക്കുന്നത് അന്യമായതല്ല. അത് അനന്യമായ സ്വരൂപമാണ്. ഈ സ്വരൂപസ്ഥിതിയെ തിരിച്ചറിയുന്നതിന് മറ്റൊന്നിന്റെ ആവശ്യമേയില്ല. അറിയാതിരിക്കുന്നതിനുള്ള കാരണം, ജീവാഹന്തയാണ്. അത് സര്‍വദൃശ്യങ്ങളെയും മറയ്ക്കുന്നു. ഇത് ഉറപ്പിക്കുന്നവര്‍ക്ക് മാത്രമേ ‘അതി’നെ അറിയാനാകൂ. അതെന്നും ഇതെന്നും അറിയാനാകുന്നതേതോ, അതാണ് ദൃശ്യമില്ലാത്ത ദൃക്ക്. ‘എണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളൊടുങ്ങിയാലെന്ന് ഗുരു വിവക്ഷിച്ചത് ‘ന ഇതി ന ഇതി’ എന്ന ഉപനിഷദ് ദര്‍ശനം തന്നെയാണത്. ഇതല്ല, ഇതല്ല… എന്ന് നിരീക്ഷിച്ച് സര്‍വതും ഒഴിവാകുമ്പോള്‍, തെളിയുന്ന ഇടമേതോ, അതിനെയാണ് ‘ത്വം ഹി ബ്രഹ്മഃ’ എന്ന് ഉപനിഷത്ത് വിവക്ഷിച്ചത്.
അങ്ങനെ തെളിയുന്ന ദൃക്ക് ഉള്ളില്‍ അസ്പന്ദമാകണമത്രെ! അതാണ് ആത്മാനുഭൂതി. ആത്മനിര്‍വൃതിയും അതുതന്നെയാണ്. നിര്‍ലേപത്തിന്‍ സുഗന്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്നതും ആ ഉണ്മ തന്നെയാണ്. ഇവിടെയാണ് ‘ദൈവദശകം’ കാലാതീതപ്രാര്‍ത്ഥനയാകുന്നത്. ഉപനിഷത്തിന്റെയും വേദാന്തത്തിന്റെയും സാരസമ്പൂര്‍ണതയാണ് ‘ദൈവദശകം’, തോന്നലുകളെ, കേവലം ആശയങ്ങളെ സൂക്ഷ്മമായി വീക്ഷിച്ച്, അവയെ ‘ന ഇതി ന ഇതി’ പ്രക്രിയയിലൂടെ ഒഴിവാക്കി ഉള്ളം നിഷ്പന്ദമാക്കി, പരിപൂര്‍ണസച്ചിദാനന്ദനിലയെ പ്രാപിക്കാനുള്ള ഗുരുവിന്റെ കാരുണ്യമാണ് ഈ കൃതി. അനേകം തിരകള്‍ കടലിലടങ്ങുന്നതുപോലെ, ശബ്ദങ്ങളൊടുങ്ങി നിശബ്ദത പടരുന്നതുപോലെ എല്ലാ ഭേദങ്ങളും വേര്‍തിരിവുകളും ഒടുങ്ങി പരിപൂര്‍ണ സച്ചിദാനന്ദാവസ്ഥയെ പ്രാപിക്കണം.
അവിടെ ജാതി, മത, വര്‍ഗ, വര്‍ണ, ദേശ, കുല, ഭാഷ നീ, ഞാന്‍, അവര്‍, ഞങ്ങള്‍, പണ്ഡിതന്‍, പാമരന്‍ എന്നീ ഭേദബുദ്ധികളില്ല. ഭാവനാവിലാസങ്ങളില്ല, മുന്‍വിധികളില്ല. ആ അറിവാണ് യഥാര്‍ത്ഥ കാഴ്ച. നിശ്ചലസത്തയില്‍ അമരുന്ന ഇടമാണത്. ചലനരഹിതമായ ആ ഉണ്മയില്‍, നിശ്ചലാവസ്ഥയില്‍ ഒരാളുടെ സാത്മീകരണം സംഭവിക്കുന്നു. കാല, ദേശങ്ങളില്ലാത്ത ലയാവസ്ഥയാണത്.
‘രൂപങ്ങളൊന്നും നിത്യമല്ലെന്നും അറിവാകുന്ന നിത്യപ്രകാശം മാത്രമേ എവിയെയും സത്യമായുള്ളൂ’വെന്നും ഗുരു ‘ഗദ്യപ്രാര്‍ത്ഥന’യില്‍ പറയുന്നുണ്ടല്ലോ. ഭൗതികവും ആന്തരികവുമായ അപൂര്‍ണതകളില്‍ വീണ് ദിക്കറിയാതെ ഉഴലുന്ന മനുഷ്യനുള്ള ജീവാമൃതധാരയാണ് ഈ ‘ദൈവദശതക’ത്തിന്റെ അനന്യതയും മാധുര്യവും.
സ്ഥൂല-സൂക്ഷ്മ കാരണശരീരത്തെയും മനോബുദ്ധ്യാദികളെയും അഹംബോധത്തെയും നീക്കിയാല്‍ അവശേഷിക്കുന്നത് ഏതൊന്നാണോ, അതിനെ സാക്ഷാത്കരിക്കുന്നതാണല്ലോ ‘ന ഇതി ന ഇതി’യും ‘ഒന്നൊന്നായിതൊട്ടെണ്ണലും’. ആത്മാവിനെ അറിയാന്‍ തയ്യാറായ ഏതൊരു മുമുക്ഷുവിനും ഈ മാര്‍ഗങ്ങളിലൂടെ ആ നില സൂര്യതുല്യം കൈവരിക്കാനാകും എന്ന് സാക്ഷ്യപ്പെടുത്തിയ എത്രയോ പുണ്യാത്മാക്കളുടെ നാടാണിത്.
ബഹുരൂപികളായി കാണപ്പെടുന്നതിലൊക്കെയും മാറ്റമില്ലാത്ത സത്തയെ തൊട്ടുകാണിച്ച മഹാഗുരുവാണ് ശ്രീനാരായണന്‍. മൗനമുദ്രിത പ്രജ്ഞാധന്യതയുടെ പ്രകാശധാരയില്‍ ഏതുകാലത്തെയും അജ്ഞലീബദ്ധമാക്കിയ ഗുരുവര്യന്‍. മനുഷ്യന് തൊടാനാകാതെ ഉയര്‍ന്നു പറന്ന വേദാന്തപ്പൊരുളിനെ ‘ദൈവം’ എന്ന നാമത്തില്‍ സ്വാംശീകരിച്ച സന്യാസിവര്യന്‍. കാലത്തിന്റെയും ചരിത്രത്തിന്റെയും പ്രക്ഷുബ്ധമായ വേലിയേറ്റങ്ങളെ ശാന്തമാക്കിയ നാവികനും ‘അനുകമ്പാദശക’ത്തില്‍ കരുണയുടെ നേരലകള്‍ സൃഷ്ടിച്ച അദ്വൈതവാദിയും…
ശ്രീരാമകൃഷ്ണദേവനെക്കുറിച്ച് എഴുതിയ സന്ദര്‍ഭത്തില്‍, ‘മഹാഗുരുവായ ശ്രീനാരായണന്‍’ എന്ന് റൊമെയ്ന്‍ റോളണ്ട് ഗുരുവിനെ അടയാളപ്പെടുത്തുന്നുണ്ട്. ഗുരുദര്‍ശനങ്ങളിലുടനീളം, ശ്രീശങ്കരന്റെ ചിന്താമാധുര്യമുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അദ്വൈതിയും കര്‍മ്മയോഗിയും മഹാകവിയും സന്യാസിയും സാമൂഹ്യപരിഷ്‌കര്‍ത്താവും ഒരാളില്‍ സമന്വയിച്ച മഹനീയ പ്രഭാവമാണ് ശ്രീനാരായണഗുരു. അദ്ദേഹത്തിന്റെ തപസ്സും വപുസ്സും ദര്‍ശനവും ഭാഷാഗരിമയും മൊഴിയരുളുകളുമൊക്കെ സാക്ഷാല്‍ ഗുരുസാന്നിധ്യത്തിന്റേതെന്നതിന് തെളിവാണല്ലോ റോളണ്ടിന്റെ വാക്കുകള്‍. ഗുരുവിന്റെ ഏത് മൊഴികളിലൂടെ കടന്നുപോയാലും, സാമൂഹികാസമത്വവും അപരബോധവും ദൈവാനുഭൂതിയും ഏകത്വഭാവവും ദര്‍ശിക്കാനാകും.
ഈ ദൃശ്യ-അദൃശ്യ പ്രപഞ്ചഘടകങ്ങളാകെ നിറഞ്ഞു വിളങ്ങുന്ന പരമാത്മചേതനയോടുള്ള ഗുരുവിന്റെ പ്രാര്‍ത്ഥനയാണല്ലോ ‘ദൈവദശകം’. ഭാരതീയ ദര്‍ശനത്തോട് ഇഴുകിയൊഴുകുന്ന ഒരു പ്രാര്‍ത്ഥനാസംസ്‌കാരത്തെ സ്ഫുടം ചെയ്ത കൃതി. ‘കാത്തുകൊള്ളുക, കൈവിടാതിങ്ങു ഞങ്ങളെ…’ എന്ന് നാരായണഗുരുവിനല്ലാതെ മറ്റാര്‍ക്കാണ് ദൈവത്തോട് പ്രാര്‍ത്ഥിക്കാനാകുക…! ഭൗതികലോകം ചേര്‍ത്തുവച്ചിട്ടുള്ള സമസ്തത്തിലും ലീനമായ ബ്രഹ്മം തന്നെയാണ് ഗുരു. ആ കൃപാവരസന്നിധിയില്‍ ‘ന ഇതി’യും ‘തൊട്ടെണ്ണലും’ ഒരേ ഗരിമയോടെ ഉള്ളടങ്ങുന്നു.
‘ദര്‍ശനമാല’യില്‍ നിന്നും വൈഡൂര്യമുത്ത് പോലെ കാലനഭസ്സില്‍ വീണ ഒരു വാക്കുണ്ട് ”ഏകമേവദ്വിതീയം’.
പരസ്പരം കലഹിച്ചും പഴിപറഞ്ഞും നാശത്തിലേക്ക് വെമ്പല്‍ പൂണ്ട മനുഷ്യരെ ‘ഏകലോകം’ എന്ന മഹാദര്‍ശനത്തിന്റെ തീര്‍ത്ഥസ്ഥലിയില്‍ ചേര്‍ത്തുനിര്‍ത്തുകയായിരുന്നു ഗുരു.
പലപ്പോഴായി കാലബോധവും സ്വത്വബോധവും കൈമോശം വന്നതിന്റെ കുഴമറിച്ചിലുകളിലൂടെയാണല്ലോ മനുഷ്യരുടെ സഞ്ചാരം. അതിനുള്ള മോചനസ്തവങ്ങളാണ് ഗുരുമൊഴികള്‍. അത് അനുഭൂതിദായകമായ കുളിര്‍ത്തെന്നലായി ഭക്തമനസുകളില്‍ വീശിക്കൊണ്ടിരിക്കുന്നു. ആത്മബോധം എന്നത് അദൃശ്യാവസ്ഥയാണ്. അതിനെ ദൃശ്യഭാഷയിലേക്ക് പരാവര്‍ത്തനം ചെയ്ത് മനുഷ്യര്‍ക്കാകമാനം പകര്‍ന്നുകാട്ടുകയായിരുന്നു ആ തപോനിഷ്ഠന്‍. അദ്ദേഹത്തിന്റെ വ്രതനിഷ്ഠയായിരുന്നു അത്. ‘ഉഗ്രവ്രതന്‍’ എന്ന് മഹാകവി കുമാരനാശാന്‍ ഗുരുവിനെ വിശേഷിപ്പിച്ചിട്ടുണ്ടല്ലോ.
വ്യാവഹാരിക ജീവിതത്തില്‍ അനുകമ്പയാണ് അദ്വൈതിയുടെ നിജസ്വഭാവമെന്ന് ‘ജീവകാരുണ്യപഞ്ചക’ത്തിലും ‘അനുകമ്പാദശക’ത്തിലും ഗുരു അരുളുന്നുണ്ടല്ലോ. പൂര്‍ണവിമുക്തി നേടി ബ്രഹ്മജ്ഞാനിയായ പരിത്യാഗി എന്ന് ‘മുനിചര്യാപഞ്ചക’വും പറയുന്നു. ജാതി-മത-കുല-ദേശ മുദ്രകളില്ലാതെ മനുഷ്യനെയൊന്നൊകെ ചേര്‍ത്തു പിടിച്ചതാണ് ശ്രീനാരായണഗുരുവിന്റെ ഓറയുടെ തെളിച്ചം. പരംപൊരുളായ ആത്മാവ് അനന്തതയാണെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹം. ഗുരുവിന്റെ ഓരോ ചലനത്തിലുമുണ്ടായിരുന്നു ആ ബ്രഹ്മസ്പര്‍ശം. ഭേദങ്ങള്‍ തൊടാത്ത ഏകത്വത്തിന്റെ മധുരോദാരത….

‘അറിവിലുമേറിയറിഞ്ഞിടുന്നവന്‍ ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും’
എന്ന് ‘ആത്മോപദേശശതകം’ പാടുന്നുണ്ട്.

അദ്വൈതവേദാന്തത്തിന് തുല്യനായ ഒരു അദ്വൈതഗുരു ഇന്നും കാലത്തിന് അകത്തും പുറത്തും ഉജ്വലിക്കുന്നുണ്ട്. അനന്തതയിലേക്ക് നീട്ടിയിരിക്കുന്ന യോഗനയനങ്ങളും ഈശ്വരചൈതന്യം തുളുമ്പുന്ന മുഖതേജസ്സും ആ ചിത് പ്രകാശത്തിന്റേതാണ്. അദ്വൈതഭാവത്തിന്റെ മൂര്‍ത്തീരൂപമാണ് ഗുരു. കൊച്ചുനാണുവില്‍ നിന്നും ‘ഒന്നൊന്നായിതൊട്ടെണ്ണും പൊരുളൊടുങ്ങിയ നാരായണഗുരുവായി ആവീര്‍ഭവിക്കുകയായിരുന്നല്ലോ.

അനിലാല്‍
9447342167

Author

60 Views
Scroll to top
Close
Browse Categories