സഹോദരന്റെ ഗാന്ധി വിമര്‍ശം

കേരള മാധ്യമഭാഷയുടെ വിമര്‍ശ ബോധത്തെ കരുപ്പിടിപ്പിച്ചത് സഹോദരനാണ്. യുക്തിവാദം മുതല്‍ നവബുദ്ധവാദം വരെ കേരളത്തില്‍ ജീവന്‍ കൊടുത്തു നയിച്ചതും അദ്ദേഹം തന്നെ. യുക്തിവാദിയും വേലക്കാരനുമടക്കമുള്ള ജേണലുകളും പ്രസിദ്ധീകരിച്ചത് ആദ്യം സഹോദരനാണ്. 1945 ല്‍ ലോകത്തു തന്നെ ആധുനിക കാലത്തെ ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനം യു. എന്നിന്റെ 1948 ലെ പ്രഖ്യാപനത്തിനും മൂന്നാണ്ടുമുമ്പ് കൊച്ചിയില്‍ നടത്തിയതും സഹോദരനാണെന്ന കാര്യം പോലും നമ്മുടെ പാഠപുസ്തകങ്ങളിലില്ല.

സഹോദരന്റെ ഗാന്ധിവിമര്‍ശം ഇന്ന് ഏറെ പ്രസക്തമായിരിക്കുന്നു. നവദേശീയവാദങ്ങളും സമഗ്രാധിപത്യങ്ങളും തിരികെ വരുമ്പോള്‍ പ്രത്യേകിച്ചും. സൂര്യനസ്തമിക്കാത്ത ആംഗലസാമ്രാജ്യസിംഹത്തിനെ കുഞ്ചിരോമത്തില്‍ പിടിച്ചുകുടഞ്ഞു മുട്ടുകുത്തിച്ച ഗാന്ധിജി പോലും ബ്രാഹ്മണ പൗരോഹിത്യത്തിന്റെ തീണ്ടലിനും തൊടീലിനും മുന്നില്‍ മുട്ടുമടക്കിയതിനെ അദ്ദേഹം ഗാന്ധിസന്ദേശത്തില്‍ നിശിതമായി വിമര്‍ശിച്ചു. ഗുരുശിഷ്യനെന്ന നിലയില്‍ കൊല്ലുന്ന ദൈവങ്ങളേ ചുമക്കാന്‍ തങ്ങള്‍ക്കാവില്ല എന്ന പ്രസ്താവമായിരുന്നു, താങ്കളുടെ കൃഷ്ണന്‍ പരമ്പരക്കൊലയാളിയല്ലേ എന്ന ചോദ്യം. ദലിതരുടെ രാഷ്ട്രീയ പ്രാതിനിധ്യത്തിനെതിരേ ഗാന്ധിജി മരണം വരെ നിരാഹാരം പ്രഖ്യാപിച്ചപ്പോള്‍ അതിനെ പൂനാപ്പട്ടിണി എന്നു വിമര്‍ശിച്ചെഴുതാന്‍ സഹോദരനേയുണ്ടായിരുന്നുള്ളു.

കേരള മാധ്യമഭാഷയുടെ വിമര്‍ശ ബോധത്തെ കരുപ്പിടിപ്പിച്ചത് സഹോദരനാണ്. യുക്തിവാദം മുതല്‍ നവബുദ്ധവാദം വരെ കേരളത്തില്‍ ജീവന്‍ കൊടുത്തു നയിച്ചതും അദ്ദേഹം തന്നെ. യുക്തിവാദിയും വേലക്കാരനുമടക്കമുള്ള ജേണലുകളും പ്രസിദ്ധീകരിച്ചത് ആദ്യം സഹോദരനാണ്. 1945 ല്‍ ലോകത്തു തന്നെ ആധുനിക കാലത്തെ ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനം യു. എന്നിന്റെ 1948 ലെ പ്രഖ്യാപനത്തിനും മൂന്നാണ്ടുമുമ്പ് കൊച്ചിയില്‍ നടത്തിയതും സഹോദരനാണെന്ന കാര്യം പോലും നമ്മുടെ പാഠപുസ്തകങ്ങളിലില്ല.
അയ്യപ്പനിസവും അംബേദ്കറിസവും ദ്രാവിഡ പ്രസ്ഥാനവും ഏറെ ബന്ധപ്പെട്ടിരിക്കുന്നു. സാമൂഹ്യ നീതിയേയും ജനായത്ത പ്രാതിനിധ്യത്തേയും ആധാരമാക്കുന്നതാണ് സഹോദരന്റെയും രാഷ്ട്രശില്പി അംബേദ്കറുടേയും രാഷ്ട്രീയ ചിന്തകള്‍. അംബേദ്കറിസവുമായുള്ള കാലിക സംവാദങ്ങള്‍ 1930 കളില്‍ തന്നെ തുടങ്ങിയത് സഹോദരനാണ്. നിരവധി എഡിറ്റോറിയലുകള്‍ അംബേദ്കറെ കുറിച്ചാണ്. മിശ്രവിവാഹ സംഘവും തൊഴിലാളി പ്രസ്ഥാനത്തിനായി വേലക്കാരന്‍ മാസികയും നടത്തിയത് അദ്ദേഹം തന്നെ. അദ്ദേഹത്തിന്റെ ദേശീയതാവിമര്‍ശവും ദ്രാവിഡ പ്രസ്ഥാനവുമായുള്ള ഒരു നൂറ്റാണ്ടു മുമ്പത്തെ സംവാദങ്ങളും ഇന്ന് വഴികാട്ടിയായിവരുന്നു. സഖാക്കളേയെന്ന സംബോധനപോലെ അംബേദ്കറെന്ന ശരണമന്ത്രത്തെ ഭാവിമന്ത്രമായി 1940കളില്‍ത്തന്നെ കേരളത്തിലവതരിപ്പിച്ചത് സഹോദരനാണ്. ഇതെല്ലാം നവദേശീയവിദ്യാഭ്യാസനയത്തിനു ബദലായി കേരളമവതരിപ്പിക്കുന്ന പുത്തന്‍ വിദ്യാഭ്യാസനയസമീപനരേഖകളിലുണ്ടായാലേ കേരളത്തിനു മുന്നോട്ടുപോകാനാവൂ. യഥാര്‍ഥ ഗുരുവചനങ്ങളും സഹോദരപാഠങ്ങളും മൂലൂരും കറുപ്പനുമെല്ലാം പള്ളിക്കൂടം മുതല്‍ കലാശാലവരെ പാഠപുസ്തകങ്ങളായാലേ സമഗ്രാധിപത്യകാലത്തെ അതിജീവിക്കാനാവൂ. ഹിന്ദുവിസത്തെ ലിക്വിഡേറ്റുചെയ്യുന്ന ഒരു ജാതിവിരുദ്ധ ജ്ഞാനബോധന ശാസ്ത്രവും പ്രയോഗവും വികസിക്കേണ്ടതുണ്ട്. സഹോദരനും അംബേദ്കര്‍ക്കും അതിനാധാരമാകാനാകും. നീതിയും ജനായത്തവും പുലര്‍ന്നാലേ രാജ്യവും കേരളവും രക്ഷപ്പെടൂ.

ജാതിമതദൈവങ്ങളല്ല ധര്‍മ്മമാണുവേണ്ടതെന്ന് ഗുരുവിനെപ്പോലും തിരുത്തിയ ശിഷ്യനായ സഹോദരനയ്യപ്പന്റെ നൈതികവിമര്‍ശ നര്‍മബോധവും മിതസാരഭാഷണവും ഗുരുവുമായി താരതമ്യമുണര്‍ത്തുന്നതാണ്. മരംപൊട്ടിമുളയ്ക്കുംപോലെയോ എന്നും വെടിവയ്ക്കും പറന്നുപോകരുതെന്നും സ്മൃതിശ്രുതികളിലെ ശൗചവും കാഷ്ഠവും പോലുളള ഗുരുവിന്റെ അസാധ്യസരസോക്തികളും വിമര്‍ശപരിഹാസങ്ങളും ഏറെ ചരിത്രഗഹനവും ചിന്തോദ്ദീപകവുമല്ലോ.
‘ചാത്തന്‍പുലയന്‍’ മന്ത്രിയായിരിക്കുന്നിടത്ത് നായന്മാര്‍ക്കു ജീവിക്കാനാവില്ലെന്നു മന്നം പരസ്യപ്രസംഗം നടത്തിയപ്പോള്‍ മന്നം പണ്ടൊരുപുലയനെ തന്‍ വീടിനുപിന്നാമ്പുറത്തുചോറുകൊടുത്തു എന്നുപറയുന്നതിന്റെ വാസ്തവം എല്ലാവര്‍ക്കുംബോധ്യമായല്ലോയെന്നും മി. മന്നം ഇതുമിതിലപ്പുറവും പറയുമെന്നതില്‍ തങ്ങള്‍ക്കു സംശയമില്ലെന്നുമായിരുന്നു സഹോദരനെഴുതിയത്. ഈഴവരെന്ന ഈഴത്തിന്റെ അഥവാ സംഘത്തിന്റെ സ്വന്തം ജനത ‘പന്നിപെറ്റുപെരുകിയ’ മന്ദബുദ്ധികളാണെന്നും അവരുടെ സഞ്ചാരസ്വാതന്ത്ര്യംപോലും ഇല്ലാതാക്കണമെന്നുമായിരുന്നു മന്നാചാര്യമണിപ്രവാളവിളംബരം.

കൊച്ചിയിലെ സഹോദരന്‍ തിരുവിതാംകൂറിലും തിരുവനന്തപുരത്തും വന്നു പലതും പറയുന്നുണ്ടെന്നും വന്നതുപോലെ തിരിച്ചുപോവില്ലെന്നും മന്നം പരസ്യമായ കൊലവിളിയും നടത്തി. പേട്ടയില്‍ ഒരു സുകുമാരന്‍ കിടന്നുകളിക്കുന്നുണ്ടെന്നും തങ്ങളുടെ സിരകളില്‍ വേലുത്തമ്പിയുടെ രക്തമാണെന്നുമുള്ള മന്നത്തിന്‍ കൊലവിളിക്ക് പത്രാധിപര്‍ സുകുമാരന്‍ കൊടുത്ത മറുപടി രക്തമല്ല വേലുദളവയുടെ മൂത്രമാണെന്ന മട്ടിലായിരുന്നു.
പഴവങ്ങാടി, ശാസ്തമംഗലം, മുതുകുളമടക്കമുള്ള വര്‍ണവെറിയന്‍പന്നിപ്പേറു പ്രസംഗങ്ങള്‍ നടത്തിയ സവര്‍ണജാഥാക്കമാന്ററായ മന്നംപിള്ളയെപോലുള്ളവര്‍ക്കു ചേരുന്ന മണിപ്രവാളികളായ മണിപ്പിള്ളമാരും സത്യഭാമമാരും തന്ത്രിമുഖ്യരും കേരളത്തില്‍ പെരുകുന്നു. മുഖ്യമന്ത്രിമാരും ദേവസ്വം മന്ത്രിമാരും കലാകാരര്‍പോലും അനുദിനം ജാതിത്തെറിയും ജാത്യാധിക്ഷേപവും തീണ്ടലും തൊടീലും അനുഭവിക്കേണ്ടിവരുന്നു. കേരളത്തില്‍ ഇത്തരം വംശീയവര്‍ണവെറിയന്‍മാര്‍ നവനവോത്ഥാനനായകന്മാരായി പൊതു അവധിയും ക്ഷേത്രപ്രതിഷ്ഠകളും കരസ്ഥമാക്കുന്നു. അമ്പലം വിഴുങ്ങികള്‍ പോറ്റിയും തന്ത്രിയും കരയോഗ മുരാരിമാരും കൂടി ജനങ്ങളെ നക്കിക്കൊല്ലുന്നു. പിച്ചച്ചട്ടിയല്‍ കയ്യിട്ടുവാരുന്നു. ഇലനക്കിനായന്റെ കിറിനക്കിനായന്‍ എന്ന ചൊല്ലുപോലും അന്വര്‍ത്ഥമാകുന്നു.
സഹോദരന്‍ ഇക്കാലത്തുപ്രഖ്യാപിച്ചത് സാമൂഹ്യസാമുദായിക പ്രാതിനിധ്യമാണ് തന്റെ രാഷ്ട്രീയ സുവിശേഷമെന്നായിരുന്നു. കാരണം അസമവും ശ്രേണീകൃതവുമായ ജാതിവര്‍ണ സമൂഹമായ കേരളത്തിലും ഇന്ത്യയിലും ജനായത്ത സംസ്‌കാരത്തിന്റെ അടിത്തറയായ സാമൂഹ്യപ്രാതിനിധ്യം ഉറപ്പാക്കാന്‍ സാമുദായിക സംവരണം മാത്രമേ വഴിയുള്ളൂ. ഓരോ സാമൂഹ്യവിഭാഗങ്ങളുടേയും ജനസംഖ്യയും ആനുപാതികമായ അധികാരപ്രാതിനിധ്യവും കണക്കാക്കി അവരുടെ പങ്കാളിത്ത പ്രാതിനിധ്യങ്ങളുറപ്പാക്കുകയും അമിതപ്രാതിനിധ്യവും കുത്തകയുമനുഭവിക്കുന്ന അധീശസമുദായങ്ങളുടെ പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി നിയന്ത്രിക്കുകയും വേണം. ഇല്ലെങ്കില്‍ 2018ല്‍ ശബരിമല തീണ്ടാരി ലഹളയുടെ പശ്ചാത്തലത്തില്‍ കേരളദേവസ്വം ബോര്‍ഡില്‍ നടന്നപോലെ 90ശതമാനം ഒറ്റജാതിഹിന്ദുക്കളായിരുന്നിടത്ത് പത്തുശതമാനംകൂടി അമിതപ്രാതിനിധ്യത്തിലിരിക്കുന്ന മുന്നാക്കരുടെ സാമ്പത്തിക ദൗര്‍ബല്യക്കണക്കു പറഞ്ഞ് 100 ശതമാനം കുത്തകയും പൂര്‍ത്തിയാക്കുന്ന അവസ്ഥവരും.

സാമുദായിക പ്രാതിനിധ്യത്തിനാണീ സംവരണമെന്നും അതില്‍ സാമ്പത്തികമൊരുഘടകമല്ലെന്നുമുള്ള പ്രാഥമികസത്യവും നീതിയുമാണിവിടെയെല്ലാം മറയ്ക്കപ്പെടുന്നത്. എല്ലാവരും കുബേരരായ സമുദായങ്ങള്‍ക്കും അധികാരത്തിലും ഭരണത്തിന്റെ വിവിധതലങ്ങളിലും പങ്കാളിത്തവുംപ്രാതിനിധ്യവും വേണമെന്ന അടിസ്ഥാന ജനായത്ത വസ്തുതപോലും ആവിയാക്കുകയാണീ മുന്നാക്കരുടെ സാമ്പത്തിക സംവരണമെന്ന തീവെട്ടിക്കൊള്ള. ദളവയുടെ ദളവാക്കുളമടക്കമുള്ള വെട്ടിക്കൊലകളുടെ കിരാതക്ഷുദ്രമായ ചെളിനിലത്തേക്കാണ് മലയാളികുലീനത കേരളത്തെ ചവിട്ടിത്താഴ്ത്തുന്നത്.
നീതിമാനും ദാനധര്‍മിയുമായ മാബലിയെ ചതിയിലൂടെ ചവിട്ടിത്താഴ്ത്തുന്ന, ദാനംകൊടുത്ത സുമതിതന്റെ ശീര്‍ഷം ചവിട്ടിയ ചതിയനായ വൈഷ്ണവാവതാരത്തിന്‍ ബ്രാഹ്മണവാമനാദര്‍ശം വെടിഞ്ഞിടേണമെന്നും മാബലിവാഴ്ച്ച വരുത്തിടേണമെന്നും സഹോദരന്‍ ഓണപ്പാട്ടിലെഴുതി. സഹോദരന്റേയും പാണാപള്ളിയുടേയും 1924ലെ വൈക്കംപോരാട്ടവേളയിലെ സംഘഗാനങ്ങളേയും മാര്‍ച്ചിങ്സോങ്ങുകളേയും അനുകരിച്ചു ബോധേശ്വരനും മറ്റും പതിറ്റാണ്ടുകള്‍ക്കുശേഷം ചമച്ച വൈഷ്ണവ സ്തുതികളും കോടാലിരാമപട്ടത്താനങ്ങളുമാണിന്ന് ഭാര്‍ഗവചരിതമായി 2018ലെ മുന്നാക്കരുടെ സാമ്പത്തിക സംവരണം പോലെ കേരളത്തിന്റെ ഔദ്യോഗികഗാനമാക്കിയിരിക്കുന്നത്. യൂണിയന്‍ ഭരണകൂടം റിപ്പബ്ലിക് പരേഡില്‍ ഗുരുവിനെ തള്ളി അവിടെ ശങ്കരനെവയ്ക്കണമെന്നും അന്ത്യശാസനംചെയ്തു.

ദേശീയത്തിന്റെ മര്‍ദ്ദനത്തേയും അധീശത്തത്തേയും കുറിച്ച് സഹോദരനേറെ എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. യഥാര്‍ഥ സ്വാതന്ത്ര്യസമരം ജാതിവര്‍ണാശ്രമവ്യവസ്ഥയില്‍ നിന്നുള്ള മോചനമാണെന്നദ്ദേഹം പറയുന്നു. അംബേദ്കറെ പോലെ പാശ്ചാത്യവും ഇന്ത്യനുമായ ആധുനികതയുടെ പ്രബുദ്ധധാരകളെ സഹോദരനും സ്വാംശീകരിച്ചു. അംബേദ്കറെക്കുറിച്ചും പെരിയോറുടെ ദ്രാവിഡപ്പോരാട്ടത്തെക്കുറിച്ചും നിരവധി എഡിറ്റോറിയലുകളെഴുതി പ്രസിദ്ധീകരിച്ചു. സര്‍വോദയം ജപിക്കുവോരും വിവേചനം പഴിക്കുവോരും ദേശീയംജയ് വിളിക്കുവോരും ഫലത്തില്‍ ജാതിവാദികളാണെന്ന് അംബേദ്കറെ ആദ്യമായി ലോക സാഹിത്യത്തില്‍ തന്നെ ഭാവിയിന്ത്യയുടെ ശരണമന്ത്രവും പുതുപുത്തരുമായി ആദരാഭിവാദ്യം ചെയ്യുന്ന ജാതിഭാരതമെന്ന കവിതയില്‍ സുവ്യക്തമാക്കി.
ആഭ്യന്തരജനായത്തവും സാമൂഹ്യപ്രാതിനിധ്യവുമില്ലാത്ത സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ പോലെ ജാതിക്കോളനികളും ബ്രാഹ്മണികക്കുത്തകയുമായി മാറിയ കോടതികള്‍ സ്മൃതിശ്രുതികളുദ്ധരിച്ചു വിധിക്കയും മനുസ്മൃതിയടക്കമുള്ള കിരാതഹൈന്ദവനിയമാവലികള്‍ ദില്ലീസര്‍വകലാശാലയിലടക്കം പാഠപുസ്തകമാക്കി മാറ്റുകയുംചെയ്യുന്ന സന്ദര്‍ഭത്തിലാണ് സഹോദരന്റെ സ്മൃതിശ്രുതിസമഗ്രാധിപത്യ വിമര്‍ശം നിര്‍ണായകമാകുന്നത്. ഗുരുവിന്റെ സ്മൃതിശ്രുതികളിലെ ശൗചകാഷ്ഠങ്ങളെക്കുറിച്ചുള്ള അപാരമായ ചരിത്രനര്‍മവും പാഠാന്തരമാകുന്നു. സ്മൃതിശ്രുതിപുരാണങ്ങള്‍ ബ്രാഹ്മണ്യത്തിന്റെ മീന്‍കാഫുകളാണെന്നും മനുവുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിറ്റ്ലര്‍ വെറും പാവമാണെന്നുമായിരുന്നു ജര്‍മന്‍ പത്രക്കാരനുമായി മട്ടാംചേരിയില്‍ നടത്തിയ സംഭാഷണം. ഭാരതീയ ഫാഷിസമായ ഹിന്ദുസംസ്‌കാര ദേശീയവാദവും ബൗദ്ധപാരമ്പര്യങ്ങളുള്ള ബഹുജനങ്ങളെ സംസ്‌കൃതീകരിച്ചും ഹൈന്ദവീകരിച്ചും നടത്തുന്ന ഹിന്ദുമതത്തിന്റെ വ്യാജമായ ഭൂരിപക്ഷവാദവും അതിനാധാരമായ സ്മൃതിശ്രുതി പുരാണകാവ്യേതിഹാസ ലാവണ്യസാഹിത്യാഭാസങ്ങളും എത്രമാത്രം മാനവരാശിക്കാപത്താണെന്നാണ് അംബേദ്കറെപ്പോലെ സഹോദരനും വിശദീകരിച്ചത്. സ്മൃതികള്‍ നോക്കി ഭരിക്കുന്ന ഹിന്ദുക്കളേയും രാമാദികളുടെ കാലത്തെ ശൂദ്രാദിയായ ശംബൂകന്മാരുടെ ഗതിയേക്കുറിച്ചുമുള്ള 1914ലെ ഗുരുവിന്റെ ”നമ്മുടെഗുരുക്കന്മാര്‍” എന്ന ബ്രിട്ടീഷുകാര്‍ പ്രതിനിധാനം ചെയ്യുന്ന പാശ്ചാത്യജ്ഞാനോദയാധുനികതയെക്കുറിച്ചുള്ള പ്രസ്താവവും ഇവിടെ സഹോദര നിലപാടിനാധാരമാകുന്നു.

ജീവകാരുണ്യപഞ്ചകത്തില്‍ 1913ല്‍ ഗുരുവെഴുതിയ ‘കൊല്ലുന്നവനില്ല ശരണ്യത’യെന്ന നൈതികസത്യം സുപ്രധാനമാണ്. മൃഗത്തിനു തുല്യനവനെന്നും ഗുരുവ്യക്തമായിവിധിച്ചു. 1925ല്‍ വൈക്കം പോരാട്ടവേളയില്‍ വര്‍ക്കലക്കുന്നുകയറിവന്നു ഗുരുവിനെ കണ്ടപ്പോളും ശാരദാമഠത്തിലെ തേന്‍മാവിനിലകള്‍ കാട്ടിഗുരു ‘മനുഷ്യാണാം മനുഷ്യത്തംജാതി’യെന്ന മാനവതത്വം വിശദീകരിച്ചു കൊടുത്തിട്ടും ഗാന്ധിക്കു തിരിഞ്ഞില്ല. 1930കളില്‍ ഗാന്ധിപൂനാപ്പട്ടിണിയും നടത്തി ഐഡിയല്‍ ഭാംഗിയും വര്‍ണാശ്രമധര്‍മവും എഴുതിയടിച്ചു വിറ്റു. സഹോദരന്‍ സംവാദത്തിലിടപെട്ടു ചോദിച്ചു ഹിംസയില്ലാത്ത ഹൈന്ദവപാഠങ്ങളേതെങ്കിലുമുണ്ടോയെന്നും താങ്കളുടെ കൃഷ്ണന്‍ പരമ്പരക്കൊലയാളിയും കൂടിയല്ലേയെന്നും. യങ്ങ് ഇന്ത്യയില്‍ 1924ല്‍ എഴുതിയ വൈക്കവുമായി ബന്ധപ്പെട്ട ലേഖനത്തിലാണ് ലോക
നൈതികതത്വ ചിന്തകനും ലോകാധ്യാപകനുമായ കേരളാധുനികതയുടെ വിധാതാവായ ഗുരുവിനെ തീയന്മാരുടെ ആത്മീയ നേതാവാക്കിച്ചുരുക്കി ജാതിയുപജാതി വിഭജനവ്യവഹാരം ഗാന്ധിതുടങ്ങിയത്. മനുഷ്യരെന്ന നിലയില്‍ പ്രവേശനം നിഷേധിക്കപ്പെടുന്നിടത്തെല്ലാം കടന്നുകയറി മൂടിവച്ച പാല്‍പ്പായസമെന്ന രാഷ്ട്രീയ പ്രാതിനിധ്യാവകാശമെടുത്തു കുടിക്കണം എന്ന പ്രവേശനപ്രാതിനിധ്യത്തിനുവേണ്ടിയുള്ള ഗുരുവിന്റെ 1924ലെ വൈക്കം സന്ദേശത്തിന്റെ പേരിലായിരുന്നു ഇത്. 1937ല്‍ വെങ്ങാനൂരുവന്നു മഹാത്മാ അയ്യങ്കാളിയെ അദ്ദേഹത്തിന്റെ അജണ്ടയല്ലാത്ത ക്ഷേത്രപ്രവേശനത്തിന്റെ പേരില്‍ അഭിനന്ദിച്ചുകൊണ്ട് ഗാന്ധി ‘പുലയരാജാ’ എന്നിതര ദലിതസോദരങ്ങളുടെ മുന്നില്‍ വെച്ചു വിളിച്ച് സാധുജന പരിപാലന സംഘത്തെ ചിതറിച്ചു.

ഗുരുവിന്റെ സോദരത്വേനയുള്ള അടിസ്ഥാനജനതയുമായി കലര്‍ന്നു ജീവിക്കുകയെന്ന മാനവീകരണവഴിയെ ജീവിതമാക്കിയത് സഹോദരനാണ്. സാഹോദര്യത്തിന്റെ മനുഷ്യരൂപമായിരുന്നു 1917ലെ ചെറായി പന്തിഭോജനത്തിലൂടെ പുലച്ചോവനായി മാറിയ കെ. അയ്യപ്പന്‍. വിശ്വസാഹോദര്യമാര്‍ന്ന മാനവികതയേയും അരുളാര്‍ന്ന മതേതരത്വത്തേയും അനുകമ്പയാര്‍ന്ന ജനായത്തത്തേയും പ്രതിനിധാനം ചെയ്യുന്ന കേരളാധുനികതയുടെ അറിവൊളിയായ മാനവരാശിയുടെ ജീവതാരകമായ ഗുരുവിനെ വീണ്ടെടുക്കാനും ബഹുജനഭാവികളിലേക്കായി സാഹോദര്യത്തിലൂടെ മുന്നോട്ടുകൊണ്ടുപോകാനും സഹോദരന്റേയും മൂലൂരിന്റേയും കറുപ്പന്റേയും രചനകളും പുത്തന്‍ കേരളബോധന സാംസ്‌കാരിക നയങ്ങളില്‍ വിപുലമായ പ്രാതിനിധ്യംനേടണം. അങ്ങനെമാത്രമേ നവദേശീയാഭ്യാസനയങ്ങളേയും ഭാരതീയസംഹിതകളേയും ഭരണഘടനാ അട്ടിമറികളേയും ഒളിഗാര്‍ക്കിയുടെ അമിതപ്രാതിനിധ്യ സമഗ്രാധിപത്യത്തേയും ചെറുക്കാനാവൂ.
(അവസാനിച്ചു)

Author

43 Views
Scroll to top
Close
Browse Categories