ഭേദചിന്തയില്ല

”അതെ. എന്റെ ശരീരത്തിലെ അവയവങ്ങള്‍. നിങ്ങളുടെ ശരീരത്തിലും ഇതുണ്ട്. ഇതൊന്നുമില്ലെങ്കില്‍ ശരീരത്തിന് ശരിയായ പ്രവര്‍ ത്തനമില്ല. ശരീരമാണ് നമ്മുടെ സമൂഹം എന്നു കരുതുക. ആ ശരീരത്തിലെ അവയവങ്ങളാണ് ഓരോ ജാതിയും ഗോത്രവും. ഓരോ അവയവത്തിനും ഓരോ ജോലി നിര്‍വ്വഹിക്കാനുണ്ട്. അതുപോലെ ഓരോ ജാതിയും ഓരോരോ ജോലി നിര്‍വ്വഹിക്കുന്നു. അപ്പോള്‍ സമുദായത്തില്‍ അഭിവൃദ്ധിയുണ്ടാകുന്നു. സുഖമുണ്ടാകുന്നു. ഏതെങ്കിലും ഒരവയവത്തെ മാറ്റിനിര്‍ത്താനോ വേണ്ടെന്നു വെക്കാനോ പറ്റുമോ?”

അഞ്ചുതെങ്ങില്‍ കുടിപ്പള്ളിക്കൂടത്തില്‍ നാണു ആശാനായി കുട്ടികളെ പഠിപ്പിച്ചുതുടങ്ങി. നാണു ആശാന്‍ പള്ളിക്കൂടത്തില്‍ വരാത്ത പറയക്കുട്ടികളെയും പുലയക്കുട്ടികളെയും അവരുടെ കുടിലുകളില്‍ ചെന്നു പഠിപ്പിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത പരന്നു. അതു ശരിയല്ലല്ലോ എന്ന ചിന്ത ചിലര്‍ക്കുണ്ടായി. സമ്മതിക്കില്ലെന്ന വാശിയിലാണ് വേറെ ചിലര്‍.
ചെമ്പഴന്തിയിലെ അനുഭവം മുന്നിലുണ്ട്. അത്തരത്തിലൊരു പിന്‍ മാറ്റം ഇവിടെയുണ്ടാവരുതെന്നു നിശ്ചയിച്ചു. ചകിരിത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും കര്‍ഷകര്‍ക്കുവേണ്ടി തൊഴിലെടുക്കുന്നവരും ഏറ്റവും മോശം സാഹചര്യങ്ങളിലാണ് ജീവിക്കുന്നത്. അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ദൃഢനിശ്ചയമെടുത്തു.
എല്ലാ എതിര്‍പ്പുകളെയും അവഗണിക്കാം. എങ്കിലും ജാതിഭേദത്തിന്റെ കാര്യം എങ്ങനെ പരിഹരിക്കാം. കുട്ടികളെയെങ്കിലും ഇക്കാര്യം ആദ്യം ബോധ്യപ്പെടുത്തണം. ആശാന്‍ തീരുമാനിച്ചു.
ഒരു ദിവസം നാണു ആശാന്‍ കുട്ടികള്‍ക്ക് പാഠം പറഞ്ഞുകൊടുക്കുകയായിരുന്നു. അപ്പോഴാണ് അയിത്തത്തെപ്പറ്റി ഒരു കുട്ടി സംശയം ചോദിച്ചത്.
അയിത്തം ഉണ്ടെന്നു വിശദീകരിക്കേണ്ടതില്ല. അതില്ലെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.
ആശാന്‍ ചൂണ്ടുവിരലുയര്‍ത്തി ചോദിച്ചു.
”ഇതെന്താണ്?”
”ഒരു വിരല്‍.”
ഒരു കുട്ടി പറഞ്ഞു. നാണു ആശാന്‍ വിരല്‍ തന്റെ നെഞ്ചിനു നേരെ പിടിച്ചു ചോദിച്ചു.
”ഇത് എന്തിനെയാണ് കാണിക്കുന്നത്?”
”ആശാന്റെ ദേഹത്തെ കാണിക്കുന്നു.”
ആശാന്‍ വിരല്‍ നെഞ്ചോടു ചേര്‍ത്തുവെച്ചു. എന്നിട്ട് ചോദിച്ചു.
”ഇതെന്താണ്?”
”നെഞ്ച്”
വിരല്‍കൊണ്ടു തല തൊട്ടു. അപ്പോള്‍ കുട്ടികള്‍ വിളിച്ചു പറഞ്ഞു.
”തല”
ആശാന്‍ വിരല്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റിക്കൊണ്ടിരുന്നു. അപ്പോള്‍ കുട്ടികള്‍ ഓരോ അവയവത്തിന്റെയും പേരുകള്‍ പറഞ്ഞു.
”കണ്ണ്”
”മൂക്ക്”
”ചെവി”
‘കഴുത്ത്”
”വയര്‍”
‘കൈ”
”കാല്‍”
ആശാന്‍ കുട്ടികളോടു ചോദിച്ചു.
”ഇതിനൊക്കെ പൊതുവായി ഒരു പേരുണ്ട്. അറിയാമോ?”
”ശരീരാവയവങ്ങള്‍”
കുട്ടികള്‍ പറഞ്ഞു.
”അതെ. എന്റെ ശരീരത്തിലെ അവയവങ്ങള്‍. നിങ്ങളുടെ ശരീരത്തിലും ഇതുണ്ട്. ഇതൊന്നുമില്ലെങ്കില്‍ ശരീരത്തിന് ശരിയായ പ്രവര്‍ത്തനമില്ല. ശരീരമാണ് നമ്മുടെ സമൂഹം എന്നു കരുതുക. ആ ശരീരത്തിലെ അവയവങ്ങളാണ് ഓരോ ജാതിയും ഗോത്രവും. ഓരോ അവയവത്തിനും ഓരോ ജോലി നിര്‍വ്വഹിക്കാനുണ്ട്. അതുപോലെ ഓരോ ജാതിയും ഓരോരോ ജോലി നിര്‍വ്വഹിക്കുന്നു. അപ്പോള്‍ സമുദായത്തില്‍ അഭിവൃദ്ധിയുണ്ടാകുന്നു. സുഖമുണ്ടാകുന്നു. ഏതെങ്കിലും ഒരവയവത്തെ മാറ്റിനിര്‍ത്താനോ വേണ്ടെന്നു വെക്കാനോ പറ്റുമോ?”
”ഇല്ല ഇല്ല.”
കുട്ടികള്‍ ഒന്നായി ഉത്തരം പറഞ്ഞു. നാണു ആശാന്‍ സന്തോഷത്തോടെ ജാതിചിന്തയെ വിശദീകരിച്ചു.
”നമുക്കിടയിലുള്ള ജാതിചിന്ത അര്‍ത്ഥമില്ലാത്തതാണ്. അവര്‍ ഓരോരോ തൊഴിലുകള്‍ ചെയ്യുന്നു. നമ്മുടെ ശരീരത്തിലെ ഏത് അവയവമാണ് നല്ലത് എന്ന് പറയാന്‍ കഴിയാത്തതുപോലെ ഏതു ജാതിയാണ് നല്ലത് എന്നും പറയാന്‍ കഴിയില്ല.”
”അതെന്താണ്?”
ജാതിയെപ്പറ്റിയുള്ള സംശയംതോന്നിയ ഒരു കുട്ടി ചോദിച്ചു.
”നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളെയും പ്രത്യേകം പേരു ചൊല്ലി വിളിക്കുന്നു. എന്നാല്‍ എല്ലാ അവയവങ്ങളിലും ഒരേ ചോരതന്നെയല്ലേ ഉള്ളത്?”
”അതെ, അതു ശരിയാണ്.”
കുട്ടികള്‍ ഉത്സാഹത്തോടെ മറുപടി പറഞ്ഞു. അതുകേട്ടപ്പോള്‍ ആശാന്‍ ചോദിച്ചു.
”എന്റെയും നിങ്ങളുടെയും ശരീരത്തിലും ചോരയാണുള്ളത്. ഒരേ നിറമുള്ള ചോര. അപ്പോള്‍ മനുഷ്യര്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസ മുണ്ടോ?”
”ഇല്ല”
കുട്ടികള്‍ വിളിച്ചുപറഞ്ഞു.
”ജാതി പറഞ്ഞ് ആരെയും മാറ്റിനിര്‍ത്തരുത് എന്ന കാര്യം മനസ്സിലായോ?”
ആശാന്‍ ചോദിച്ചു. ഒരു സത്യം തിരിച്ചറിഞ്ഞതുപോലെ കുട്ടികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
”മനസ്സിലായി.”
കുട്ടികള്‍ മനസ്സിലാക്കുന്ന കാര്യങ്ങള്‍ പോലും പ്രായമായവര്‍ക്ക് ബോധ്യമാകുന്നില്ല. നാണു ആശാന്‍ സ്വയം പറഞ്ഞു.

Authors

67 Views
Scroll to top
Close
Browse Categories