സാമൂഹ്യ സത്യം ഇനിയും തുറന്നു പറയും

കൊല്ലം: എത്ര ആക്രമിച്ചാലും മലപ്പുറത്തെ സാമൂഹ്യ സത്യം ഇനിയും തുറന്നു പറയുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കുണ്ടറ, ചാത്തന്നൂര്‍, കുന്നത്തൂര്‍ യൂണിയനുകളുടെ നേതൃത്വത്തില്‍ കുണ്ടറയില്‍ സംഘടിപ്പിച്ച ശാഖാ നേതൃസംഗമത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരു ഓപ്പണ്‍യൂണിവേഴ്‌സിറ്റി കൊല്ലത്ത് ആരംഭിച്ചപ്പോള്‍ ഗുരുവിന്റെ ചിത്രം പോലും കാണാത്ത ഇസ്ലാംമതവിശ്വാസിയെ ദുബായില്‍ നിന്നു കൊണ്ടുവന്നു വൈസ് ചാന്‍സലറാക്കി, അത് ശരിയായില്ലെന്ന് ഞാന്‍ പറഞ്ഞു. ഇടതുപക്ഷത്തെയാണ് ഞാന്‍ വിമര്‍ശിച്ചത്. എന്നാല്‍ ഇടതുമുന്നണിയിലെ ഒരു പാര്‍ട്ടിയും മിണ്ടിയില്ല. എനിക്കെതിരെ രംഗത്ത് വന്നത് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ്. അവരുടെ പോഷകസംഘടനകളും കൂട്ടത്തോടെ ആക്രമിച്ചു. കാന്തപുരവും എന്നെ വെറുതെ വിട്ടില്ല. കുഞ്ഞാലിക്കുട്ടിക്കും പോഷക സംഘടനകള്‍ക്കും സമുദായ ബോധം കാട്ടാം. എന്നാല്‍ ഞാന്‍ സമുദായത്തിന്റെ കാര്യം പറയുമ്പോള്‍ ജാതിയുടെ വിഷം തുപ്പുന്നുവെന്ന് പറയുന്നത് എന്ത് നീതിയാണ്?

ഇടതും വലതും കൂടി രാജ്യസഭാംഗങ്ങള നോമിനേറ്റ് ചെയ്തപ്പോള്‍ ഏഴ് പേര്‍ ന്യൂനപക്ഷവും രണ്ട് പേര്‍ നായര്‍ സമുദായക്കാരുമായിരുന്നു. പിന്നാക്കക്കാരെ പരിഗണിച്ചതേയില്ല. അത് ചൂണ്ടിക്കാട്ടിയപ്പോള്‍ മുസ്ലീംലീഗ് എനിക്കെതിരെ രംഗത്തെത്തി. അവര്‍ വോട്ട്ബാങ്കാണ്. അവര്‍ക്കെതിരെ മറ്റാരും ഒന്നും പറയാറില്ല. ശബരിമലയിലെ സ്വര്‍ണമോഷണത്തില്‍ മന്ത്രിയെ കുറ്റം പറയുന്നതില്‍ കാര്യമില്ല. ഭരണ സംവിധാനം മാറാതെ ഒരു മാറ്റവും ഉണ്ടാകില്ല.
ഈഴവന്‍ ദേവസ്വം മന്ത്രിയായതു കൊണ്ടാണ് അദ്ദേഹത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. കേരളത്തിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും ഇത്തരത്തിലുള്ള മോഷണങ്ങളും ചൂഷണങ്ങളും നടക്കുന്നുണ്ട്. എല്ലാം മന്ത്രിയുടെ കൈയിലൂടെയല്ല പോകുന്നത്- വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നല്‍കി. യോഗം കൗണ്‍സിലര്‍ പി. സുന്ദരന്‍, ചാത്തന്നൂര്‍ യൂണിയന്‍ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, കുണ്ടറ യൂണിയന്‍ സെക്രട്ടറി അഡ്വ. എസ്. അനില്‍കുമാര്‍, ചാത്തന്നൂര്‍ യൂണിയന്‍ സെക്രട്ടറി കെ. വിജയകുമാര്‍, കുന്നത്തൂര്‍ യൂണിയന്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് റാം മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. കുണ്ടറ യൂണിയന്‍ പ്രസിഡന്റ് ഡോ. ജി. ജയദേവന്‍ സ്വാഗതവും കുന്നത്തൂര്‍ യൂണിയന്‍ പ്രസിഡന്റ് ആര്‍. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.

Author

52 Views
Scroll to top
Close
Browse Categories