ആരോപണങ്ങളിലൂടെ യോഗത്തെ തകര്‍ക്കാന്‍ ശ്രമം

കൊല്ലം: വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കുണ്ടറ, ചാത്തന്നൂര്‍, കുന്നത്തൂര്‍ യൂണിയനുകളുടെ ശാഖാ നേതൃത്വ സംഗമത്തില്‍ സംഘടനാ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരുദേവന്‍ മതപരിവര്‍ത്തനത്തിനു എതിരായിരുന്നു. ഹിന്ദു ആചാരങ്ങള്‍ക്ക് അനുസരിച്ചാണ് ഗുരുവിന്റെ നേതൃത്വത്തിലുള്ള പ്രതിഷ്ഠകള്‍ നടത്തിയത്. സംഘടനയില്‍ പ്രശ്‌നങ്ങളാണെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സമുദായത്തിന്റെ ശക്തി തെളിയിക്കേണ്ടത് സംഘടനയുടെ ആവശ്യമാണ്. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളാണ് ഇക്കൂട്ടര്‍ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നത്. സംഘടന ഛിന്നഭിന്നമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശ്രമം.

മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് ഒരൊറ്റ കേസുപോലും എസ്.എന്‍.ഡി.പി യോഗത്തിനെതിരെയില്ല. ഇതിന്റെ പേരില്‍ കൊടുത്ത കേസുകള്‍ കോടതി ആവര്‍ത്തിച്ച് തള്ളിക്കളയുകയാണുണ്ടായത് . ഇല്ലാത്ത കേസുകള്‍ ഉണ്ടെന്ന് കള്ളം പറഞ്ഞ് അത് ശരിയാണെന്ന് വരുത്താനുള്ള കാഴ്ചയാണ് മൈക്രോഫിനാന്‍സില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചുരുക്കം ചിലയിടങ്ങളില്‍ അപാകതകള്‍ ഉണ്ടായിട്ടുണ്ട്. അതിന് ഉത്തരവാദികളായവര്‍ക്കെതിരെ കേസുകളുണ്ടാവുകയും അവര്‍ക്കെതിരെ സംഘടനാതല നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ മൊത്തം സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റം ഉണ്ടാക്കാനുള്ള എസ്.എന്‍.ഡി.പി യോഗത്തിന്റെ വിപ്ലവകരമായ തീരുമാനമായിരുന്നു മൈക്രോഫിനാന്‍സ്.
പതിനയ്യായിരം കോടിയോളം മൈക്രോഫിനാന്‍സ് വഴി അംഗങ്ങളിലെത്തിച്ചു. ഇപ്പോഴത്തെ യോഗം ഭരണ നേതൃത്വം അധികാരത്തിലേറുമ്പോള്‍ കേവലം അമ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ മുപ്പത് വര്‍ഷം കൊണ്ട് സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങി നൂറ്റിമുപ്പതില്‍പരം പുതിയ സ്ഥാപനങ്ങള്‍ പണിതുയര്‍ത്താനായെന്നും അദ്ദേഹം പറഞ്ഞു.

Author

64 Views
Scroll to top
Close
Browse Categories