ലീഗിന്റെ ലക്ഷ്യം മതരാഷ്ട്രം

തിരുവനന്തപുരം: മുസ്ലീംലീഗിന്റെ ലക്ഷ്യം മതരാഷ്ട്രം സ്ഥാപിക്കലാണെന്നും മുസ്ലീം ഉന്നമനം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യോഗം ചെമ്പഴന്തി, കോവളം, ഡോ. പി. പല്പു, പത്രാധിപര്‍ കെ. സുകുമാരന്‍ സ്മാരക യൂണിയനുകളിലെ ശാഖാ നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീംലീഗ് മത പാര്‍ട്ടിയാണ്. മുസ്ലീം സമുദായത്തിന് അനുകൂലമായ ഭരണമാണ് ലീഗിന്റെ ലക്ഷ്യം. എന്നിട്ടും മതേതരത്വമാണ് സംസാരിക്കുന്നത്. യു.ഡി.എഫ് ഭരണമെന്നാല്‍ ലീഗ് ഭരണം എന്നാണ് അര്‍ത്ഥം. ലീഗ് നയിക്കും, ലീഗ് വകുപ്പെടുക്കും, ലീഗ് പണം കൊണ്ടുപോകും എന്നതാണ് സ്ഥിതി.
മുസ്ലീം സംഘടനകള്‍ക്ക് മസില്‍ പവറും മാന്‍പവറും മണി പവറുമുണ്ട്. മത തീവ്രവാദികളെ ഒറ്റപ്പെടുത്തി ദേശീയ വാദികളെ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടു പോകാനുള്ള ചിന്തയുണ്ടാകണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ രാജിവയ്ക്കണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്. കേരളത്തില്‍ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ട്. ദേവസ്വം മന്ത്രി ഈഴവനാണ്. അതുകൊണ്ടാണ് വളരാന്‍ അനുവദിക്കാത്തത്. വേറെയും മന്ത്രിമാരില്ലേ? ഗണേഷ്‌കുമാര്‍ രാജിവയ്ക്കണമെന്ന് എന്തുകൊണ്ട് പറയുന്നില്ലെന്നും വാസവനും മുഖ്യമന്ത്രിയും മാത്രം രാജിവയ്ക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ഈഴവ സമുദായത്തിന് ജനസംഖ്യാനുപാതികമായി രാഷ്ട്രീയ അധികാരം ലഭിക്കണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ കണക്കു പറഞ്ഞ് അവകാശങ്ങള്‍ നേടിയെടുക്കണം. ആള്‍ക്കൂട്ടമായി മാറുകയല്ല, ഈഴവന്റെ മഹാശക്തി രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ബോദ്ധ്യമാകണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
നമ്മുടെ ഉറക്കം മുതലെടുത്ത് കണ്ണേ കരളേ പൊന്നേ എന്നെല്ലാം പറഞ്ഞ് ഒന്നും നല്‍കാതെ വഞ്ചിക്കപ്പെട്ടവരാണ് ഈഴവ സമുദായം. ഈ വഞ്ചന ഇനിയെങ്കിലും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഇടതുസര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്നും പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു.
വിജയനെന്നാല്‍ ജയിക്കാന്‍ ജനിച്ചവന്‍ എന്നാണ് അര്‍ത്ഥം. പ്രളയകാലത്ത് കേരളത്തിന്റെ രക്ഷകനായി മാറുകയും കൊവിഡ് കാലത്തെ പ്രതിരോധിക്കുകയും ചെയ്ത ഭരണാധിപനാണ് പിണറായി. കേരള ജനത പിണറായിക്കൊപ്പമാണെന്ന വസ്തുത പ്രബല സമുദായങ്ങള്‍ തിരിച്ചറിയുന്നുണ്ട്. കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അപ്രസക്തമായി. കോണ്‍ഗ്രസില്‍ നിന്നു എത്രയോ അധികം പേരാണ് ബി.ജെ.പി.യിലേക്ക് പോയത്. മുസ്ലീം ലീഗ് വരയ്ക്കുന്ന വര മറി കടക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ല. ലീഗിന്റെ കടന്നുകയറ്റത്തില്‍ ക്രിസ്ത്യന്‍ സമുദായം ഉള്‍പ്പെടെയുള്ളവര്‍ക്ക് മാനസികമായ ഭിന്നതയും പ്രതിഷേധവുമുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മറ്റൊരു സമുദായത്തിന്റെയും അവകാശങ്ങള്‍ പിടിച്ചെടുക്കാനല്ല, സാമൂഹ്യനീതിയും ജനസംഖ്യാനുപാതികമായ രാഷ്ട്രീയ അധികാരവും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമ്പത്തിക നീതിയും നേടുന്നതിനുള്ള കൂട്ടായ്മയാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാ സന്ദേശം നല്‍കി.ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ വിശദീകരണം നടത്തി.
പന്തളം യൂണിയന്‍ പ്രസിഡന്റും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ അഡ്വ. സിനില്‍ മുണ്ടപ്പള്ളി, യോഗം കൗണ്‍സിലര്‍മാരായ പച്ചയില്‍ സന്ദീപ്, പി. സുന്ദരം, പത്രാധിപര്‍ കെ. സുകുമാരന്‍ സ്മാരക യൂണിയന്‍ പ്രസിഡന്റ് ഡി. പ്രേംരാജ്, ചെമ്പഴന്തി യൂണിയന്‍ പ്രസിഡന്റ് മഞ്ഞമല സുബാഷ്, ഡോ. പി. പല്പു സ്മാരക യൂണിയന്‍ പ്രസിഡന്റ് പി. ഉപേന്ദ്രന്‍, കോവളം യൂണിയന്‍ സെക്രട്ടറി തോട്ടം പി. കാര്‍ത്തികേയന്‍, ഡോ. പി. പല്പു സ്മാരക യൂണിയന്‍ സെക്രട്ടറി അനീഷ് ദേവന്‍, പത്രാധിപര്‍ കെ. സുകുമാരന്‍ സ്മാരക യൂണിയന്‍ സെക്രട്ടറി ആലുവിള അജിത്ത്, പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് കെ. പത്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ചെമ്പഴന്തി യൂണിയന്‍ സെക്രട്ടറി രാജേഷ് ഇടവക്കോട് സ്വാഗതവും കോവളം യൂണിയന്‍ പ്രസിഡന്റ് ടി.എന്‍. സുരേഷ് നന്ദിയും പറഞ്ഞു.






