വിദ്യാഭ്യാസത്തിലൂടെ ഗുരു ലക്ഷ്യമിട്ടത് വ്യക്തിയുടെ സമഗ്ര വികസനം

കൊല്ലം: ഗുരു ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത് വിദ്യാഭ്യാസത്തിനാണെന്ന് എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ പറഞ്ഞു. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ ‘ശ്രീനാരായണ ഗുരുവും വിദ്യാഭ്യാസവും’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം എസ്.എൻ വനിതാ കോളേജിൽ നിർവഹിക്കുകയായിരുന്നു പ്രീതി നടേശൻ
അറിവില്ലാത്തതാണ് അക്കാലത്ത് അവർണരായി മുദ്രകുത്തപ്പെട്ടവരുടെ യഥാർത്ഥ പ്രശ്നമെന്ന് ഗുരു തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ഗുരു വിദ്യകൊണ്ട് പ്രബുദ്ധരാകാൻ പറഞ്ഞത്. ഗുരു ആഹ്വാനം ചെയ്യുക മാത്രമായിരുന്നില്ല. ജാതിയുടെ പേരിൽ അക്ഷരം നിഷേധിക്കപ്പെട്ടിരുന്ന ജനതയ്ക്ക് അറിവ് പകർന്നുനൽകാൻ ഗുരു നിശാപാഠശാലകൾ ആരംഭിച്ചു. ശിവഗിരി തീർത്ഥാടനത്തിന് ഗുരു കല്പിച്ച അഷ്ട ലക്ഷ്യങ്ങളിൽ ഏറ്റവും പ്രാധാന്യം നൽകിയതും വിദ്യാഭ്യാസത്തിനായിരുന്നു. പ്രഭാഷണങ്ങൾ സംഘടിപ്പിക്കാനായി ഗുരു കല്പിച്ച അഷ്ടലക്ഷ്യങ്ങളിൽ ഏറ്റവും അവസാനത്തേത് ശാസ്ത്ര സാങ്കേതിക പരിശീലനമായിരുന്നു. സാങ്കേതിക രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകുന്നതും അത് വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ഗുരു മുൻകൂട്ടി കണ്ടിരുന്നു. ഗുരുവിന്റെ കാഴ്ചപ്പാടിലെ വിദ്യാഭ്യാസം പാഠപുസ്തകങ്ങളിൽ ഒതുങ്ങിനിൽക്കുന്നതല്ല. ഒരു വ്യക്തിയുടെ സമഗ്ര വികസനമാണ് ഗുരു വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യംവച്ചതെന്നും പ്രീതി നടേശൻ പറഞ്ഞു.
കോളേജ് പ്രിൻസിപ്പൽ വി.എസ്.നിഷ അദ്ധ്യക്ഷത വഹിച്ചു. ഗുരുവിന്റെ വിദ്യാഭ്യാസ ദർശനത്തിന്റെ സാക്ഷാത്കാരമാണ് കേരളം ഇന്ന് നേടിയ വിദ്യാഭ്യാസ പുരോഗതിയെന്ന് മുഖ്യപ്രഭാഷണത്തിൽ എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ പറഞ്ഞു. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന കോ- ഓർഡിനേറ്റർ പി.വി.രജിമോൻ, സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.വിഷ്ണു, യൂണിറ്റ് വൈസ് പ്രസിഡന്റ് ഡോ. അശ്വതി സുഗുണൻ, എസ്.സി.ആർ.സി കൊല്ലം റീജിയണൽ പ്രസിഡന്റ് ഡോ. ആർച്ച അരുൺ എന്നിവർ സംസാരിച്ചു. ആർ.ശങ്കർ അനുസ്മരണത്തോടനുബന്ധിച്ച് എംപ്ലോയീസ് കൗൺസിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചന, ഉപന്യാസ രചന, പ്രസംഗ മത്സരങ്ങളുടെ സമ്മാനദാനവും പ്രീതി നടേശൻ നിർവഹിച്ചു. ഡോ. ആർ.രമ്യ സ്വാഗതവും എസ്.ജയലക്ഷ്മി നന്ദിയും പറഞ്ഞു.






