പൊയട്രി മാഫിയ

കവികളുടെ സർഗാത്മക വൃത്തിയുടെ വിവിധ രീതിശാസ്ത്രങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ അതിലൊന്നും ഇടം നൽകപ്പെടാത്തതോ മന:പ്പൂർവ്വം അദൃശ്യപ്പെടുത്തപ്പെടുന്നതോ ഒക്കെയായ കവികൾ നമുക്കുചുറ്റുമുണ്ട്. സാമ്പ്രദായികം എന്ന് എണ്ണിയിരുന്ന ഫിഗറേറ്റീവ് രീതിയെ വെല്ലുവിളിക്കുന്ന അത്തരം കവികളെ പൊയട്രി മാഫിയ അടുപ്പിക്കാറില്ല. സത്യചന്ദ്രൻ പൊയിൽക്കാവ്, എൽ.തോമസ്കുട്ടി, സെബാസ്റ്റ്യൻ തുടങ്ങി നിരവധി പേർ ആ ജനുസ്സിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്

ഒതുക്കപ്പെടലുകളുടെയും ആവിഷ്കാര ത്വരയുടെയും ഇടയ്ക്ക് വെച്ച് വന്ന സർഗാത്മക മരണം കൊണ്ട് അനിവാര്യമായും കാവ്യ കാര്യം മതിയാക്കിപ്പോകുന്ന കവികളുള്ള ഭാഷയാണ് മലയാളം. ഇവിടുത്തെ കാവ്യകലയെക്കുറിച്ച് പറഞ്ഞ കാവ്യചരിത്രകാരന്മാർ പൊയറ്റിക് വർക് ഷോപ്പ് പ്രാക്ടീസുകളിൽ മൗലികതയും വ്യക്തിപരമായ ശൈലിയും മാസ്റ്റർമാർക്ക് അഥവാ മാഷുമാർക്ക് മാത്രമായി പതിപ്പിച്ചുകൊടുത്തു. സച്ചിമാഷ്, കെ.ജി.ശങ്കരപ്പിള്ള മാഷ് , കല്പറ്റ നാരായണൻ മാഷ്,വീരാൻകുട്ടി മാഷ്; ഇവിടെയൊന്നും ഒരു മാഷത്തിമാരുമില്ലായെന്നത് ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്. ഈ കാവ്യ സംവിധാനത്തിനകത്തെ അധികാരത്തിന്റെ ശ്രേണീബദ്ധതയിൽ മങ്ങിപ്പോയ ഒരുപാട് കവികളുണ്ടിവിടെ. ഒരു പക്ഷെ കേരളത്തിൽ പൊയറ്റിക് മാഫിയകൾ രൂപപ്പെടാൻ മാത്രമാണിത് ഉപകരിച്ചിട്ടുള്ളത്. കവികളുടെ ബൗദ്ധിക മരണത്തിന്റെ മ്ലാനത ചേർത്ത് വിജയലക്ഷ്മി, റോസ്മേരി തുടങ്ങിയവരെ നമ്മുടെ തന്നെ ലിംഗസമത്വ ആകാംക്ഷ പൂരിപ്പിക്കാൻ വീണുകിട്ടിയ ഓരോ വിഗ്രഹങ്ങളായി കേരളത്തിൽ പലരും എഴുതിയോർമ്മിച്ച് അവതരിപ്പിക്കുന്നു. ഒരു കവി എന്ന പദവിയിൽ നിന്നും തള്ളി മാറ്റപ്പെട്ടുകൊണ്ട് കാവ്യമാഷുമാരുടെ സർഗ്ഗാത്മകതയുടെയും ഔദാര്യത്തിന്റെയും ചിഹ്നമാവുകയായിരുന്നു പലപ്പോഴും ഈ കാവ്യമാഷത്തിമാരും അവരുടെ സർഗാത്മകതയുടെ രഹസ്യങ്ങളും. ഈ മാഫിയാവേട്ട ഇവിടെ തുടരുമ്പോൾ ജീവിതം തന്നെയാണ് കാവ്യസർഗാത്മകതയുടെ ഭാഷയും ദർശനവും നിർമ്മിക്കുന്നതെന്ന വലിയ ബോദ്ധ്യമാണ് ലിംഗാതീത ലോകകവിത പറഞ്ഞു തരുന്നത്. ആനി സെക്റ്റണിനെ (Anne Sexton) പോലെയുള്ളവർ അപസ്മാരത്തിന്റെയും ഭ്രാന്തിന്റെയും ഒക്കെ നടുവിലിരുന്ന് മനുഷ്യൻ എന്ന സ്വരൂപത്തെ തന്നെ നിർവചിക്കാൻ കവിതയുടെ കലയെ വിനിയോഗിച്ചു.’ ഔസ് വിറ്റ് നു ശേഷം ‘ എന്ന കവിതയിൽ മനുഷ്യൻ എന്ന അനങ്ങുന്ന പണിശാലയെക്കുറിച്ചുള്ള ദർശനങ്ങളുണ്ട്.
“മനുഷ്യൻ തിന്മയാണ്
ഞാനുച്ചത്തിൽ മൊഴിയുന്നു.
മനുഷ്യൻ ഒരു പുഷ്പമാണ്
എരിച്ചു കളയേണ്ട പുഷ്പം
ഞാനുച്ചത്തിൽ മൊഴിയുന്നു.
മനുഷ്യൻ ഉള്ളിൽ നിറയെ ക്ലേ മൂടിയ ഒരു പക്ഷിയാണ്.”
ഇത്തരം വരികളെഴുതിയ ആനി ഒരു
പൊയട്രി മാഫിയ സംഘത്തിലെ അംഗമല്ല. മായ ആഞ്‌ജലോവ്,നിക്കനർ പാർറ,സെസാർ വയേഹോ, അഡോണിസ് ഇവരൊന്നും കവിതയിലെ മാഷന്മാരും മാഷത്തികളുമല്ല. ഒരു പൊയട്രി മാഫിയയിലെയും അംഗങ്ങളുമല്ല. കാവ്യചിന്തയിൽ ആരൊക്കെ എങ്ങനെയൊക്കെ പങ്കെടുക്കുന്നുവോ, ആ ചിന്ത പിന്നെ അവരുടെ ഭാഷയാണെന്ന് സ്ഥാപിക്കാനാണ് ഈ കവികൾ ശ്രമിച്ചത്. പേരില്ലാത്ത . എന്നാൽ ഭാഷയുടെ പേരിലുള്ള അത്തരം ചിലർ മലയാളത്തിലുമുണ്ട്. അവർ മാഫിയ സംഘാംഗങ്ങൾ അല്ലാത്തതിനാൽ ആരും ഗൗനിച്ചു കാണുന്നില്ല.

ഫിക്ഷനും
പൊയട്രി മാഫിയയും

കാണെക്കാണെയും കേൾക്കെ കേൾക്കെയും വീതിയേറുന്ന മീഡിയമാണ് നോവൽ. കഥാപാത്രങ്ങൾ ഒന്നിക്കാനുള്ള ഇടം മാത്രമല്ല അത്. ഭാവനയിലും ദർശനത്തിലും ലയിച്ചുചേരേണ്ട പ്രതലവുമാണത്. കാണിയായ പുതിയ വായനക്കാരന് സ്വാസ്ഥ്യം പ്രദാനം ചെയ്യേണ്ട അത്യാവശ്യ ഭൗതിക വസ്തുവാണത്. ഫിക്ഷൻ നല്ല വായനക്കാരനുള്ള ആശ്വാസമേഖല അല്ലാതാകുമ്പോൾ അത് രണ്ടായി പിളരും. പക്ഷേ ഇതേ മാജിക് പ്രവർത്തിപ്പിച്ച് പൊയറ്റിക് ഡിക്ഷനുള്ള ഫിക്ഷനുകൾ തീർക്കുന്നവർ മലയാള സാഹിത്യത്തിലുണ്ട്. എഴുത്തുകാരൻ എന്ന മനുഷ്യരൂപത്തിലെ ഉപബോധത്തിന്റെ പെരുംതളർച്ചകൾ ഒരാളെ പുണർന്നു കളയാത്തത് കൊണ്ട് തന്നെ ചില വിഭ്രാന്തികൾ അത്ഭുതങ്ങളായി പിറവിയെടുക്കും. ഫിക്ഷനിസ്റ്റും ലേഖകനുമായ എബ്രഹാം മാത്യു” ഋതുക്കൾ ഞാനാകുന്നു” എന്ന നോവൽ രൂപകൽപ്പന ചെയ്തിരിക്കുന്നത് കവിതയുടെ എടുപ്പിലാണ്. പ്രത്യക്ഷത്തിൽ പൊരുത്തമില്ലായ്മയുടെ ഒരുറുമ്പ് കാണിയായ വായനക്കാരനെ കടിച്ചു വലിക്കുമെങ്കിലും പിന്നീട് വായനക്കാരനും എഴുത്തുകാരനുമിടയിൽ പരസ്പരം സംവേദന സാധ്യതകൾ അനുവദിക്കുന്ന രണ്ടു ഹൃദയങ്ങൾ രൂപമെടുക്കുന്നതു കാണാം. അതിന് ഒരു പ്രധാന കാരണം ഒരു പൊയട്രി മാഫിയയിലും പെടാത്ത ഒരാൾ നടത്തുന്ന എൻഡവർ എന്ന നിലയിലാണ്. മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പ്രണയാർദ്രമായ ജീവിതവും കാവ്യയാത്രയും വിവരിക്കുന്ന ഒരു കാവ്യനോവൽ എന്ന നിലയിൽ ഈ കൃതിയെ ഇവിടുത്തെ പൊയട്രി മാഫിയ ഏറ്റെടുക്കേണ്ടതായിരുന്നു. നിർഭാഗ്യവശാൽ അങ്ങനെയൊന്നും സംഭവിച്ചില്ല. തന്റെ പ്രിയതമയായ ലക്ഷ്മിയുടെ സ്മരണകളിലൂടെ കവിയുടെ ഋതുഭേദസമാനമായ ജീവിതത്തെയും പ്രണയത്തെയും ആവിഷ്കരിച്ചിട്ടും ഒരു വാലന്റൈൻ ദിനവും ഈ കൃതിയെ പൊക്കിയെടുത്തില്ല. ഈ കാവ്യമൂല്യ സൂക്ഷിപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാത്തവർ പക്ഷേ ഗാന രചയിതാവും കവിയുമായ ബി.കെ. ഹരിനാരായണന്റെ “കുന്നംകുളം താജ് മഹൽ”എന്ന പാട്ട് നോവലിനെ ഏറ്റെടുക്കുകയുണ്ടായി. ഇത് ഇവിടെ ഒരു പൊയട്രി മാഫിയ ജീവിക്കുന്നു എന്നതിന്റെ സ്ഥിരീകരണം ഉറപ്പിച്ചു നൽകുന്നു. പാട്ടുകലയുടെ മാസ്റ്ററിയും ശാസ്ത്രീയതയും എന്നു പറഞ്ഞ് മാഫിയാ സംഘത്തിന് രക്ഷപ്പെടാനായേക്കും. പക്ഷേ പൊയറ്റിക് ഡിക്ഷനിലുള്ള നോവലാഖ്യാനം ആ പുരുഷന്റെ പേരിൽ മാത്രം വരവ് വച്ച് കൈകാര്യം ചെയ്യുക വഴി “ഋതുക്കൾ ഞാനാകുന്നു ” എന്ന കൃതിയെ അശ്രദ്ധമായ നിരൂപണത്താൽ തമസ്കരിക്കുകയാണ് ചെയ്യുന്നത്. കുന്നംകുളം താജ്മഹലിനെ കവിതയുടെ മെത്തപ്പുതപ്പുകളിലും “ഋതുക്കൾ ഞാനാകുന്നു”..എന്നതിനെ വെറുമൊരു പൊയറ്റിക് എംബ്രോയ്ഡറിയിലും ഒതുക്കിപ്പിടിച്ചത് ഇവിടുത്തെ പൊയട്രി മാഫിയകൾ തന്നെയാണ്. കാരണം എബ്രഹാം മാത്യു ഒരു കവിയല്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ ഈ പ്രതീതിചിത്രണം നമ്മുടെ പൊയട്രി മാഫിയകൾക്ക് ഉൾക്കൊള്ളാനാവുന്നില്ല

പൊയട്രിയും
പൊയട്രി മാഫിയയും
കവികളുടെ സർഗാത്മക വൃത്തിയുടെ വിവിധ രീതിശാസ്ത്രങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ അതിലൊന്നും ഇടം നൽകപ്പെടാത്തതോ മന:പ്പൂർവ്വം അദൃശ്യപ്പെടുത്തപ്പെടുന്നതോ ഒക്കെയായ കവികൾ നമുക്കുചുറ്റുമുണ്ട്. സാമ്പ്രദായികം എന്ന് എണ്ണിയിരുന്ന ഫിഗറേറ്റീവ് രീതിയെ വെല്ലുവിളിക്കുന്ന അത്തരം കവികളെ പൊയട്രി മാഫിയ അടുപ്പിക്കാറില്ല. സത്യചന്ദ്രൻ പൊയിൽക്കാവ്, എൽ.തോമസ്കുട്ടി, സെബാസ്റ്റ്യൻ തുടങ്ങി നിരവധി പേർ ആ ജനുസ്സിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. കവിതയിലെ ചോദ്യം ചെയ്യുന്ന ആൺ നോട്ടമാണ് എൽ തോമസ് കുട്ടി. “വാസ്തു” എന്നൊരു മൈക്രോ ആഖ്യാനമുണ്ട്. അതുദ്ധരിക്കാം;

പുതിയ വീട് പണിതപ്പോൾ
സിറ്റൗട്ട് വച്ചു!
വെളിക്കിരിക്കൽ അന്നുമുതൽ
അകത്താണ് .
– ഇന്ന് മാസിക, 2012

ഈ കവിയും കോളേജ് അദ്ധ്യാപകനായിരുന്നു. പക്ഷേ ഒരു മാഷ് ട്വിസ്റ്റിൽ വെച്ച് ആഘോഷിക്കപ്പെട്ടില്ല. കവി എന്ന ഉടൽനിലയെ മാത്രം മാഫിയ സംഘം ഏറ്റെടുക്കും. ജൈവനിലയെ വിട്ടുകളയുമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്. ഒരു പൊയട്രി മാഫിയയിലും പെടാത്ത ചില കവികൾ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് കാണാം. ഒരു നിരൂപകന്റെ കൈ എന്നതുപോലെ ചരിത്രമെത്തിച്ചു തൊട്ടെടുക്കേണ്ടുന്ന ഒന്ന് കേരളത്തിൽ സംഭവിച്ചു. കാവ്യ നിരീക്ഷകൻ എന്ന നിലയിൽ ഒരു കവി നിർമ്മിച്ച പുതിയൊരു ചരിത്രത്തിൽ വെള്ളത്താൽ ഒറ്റപ്പെട്ട് കിടക്കുന്ന ഒന്നിനെ വലവീശി കുരുക്കാൻ ഈയുള്ളവൻ ആഗ്രഹിക്കുന്നു. ദശഹര, വാൾമുനയിലെ കാറ്റ്, നിലത്തെഴുത്ത്, പ്രാണായാമം തുടങ്ങിയ കാവ്യപുസ്തകങ്ങൾ മലയാളിക്ക് സമ്മാനിച്ച ശരത്ചന്ദ്രന്റെ പുതിയ കാവ്യ പുസ്തകമാണ് “മോഹ” എന്ന ദീർഘകാവ്യം. ലോക പുസ്തക പ്രസാധന ചരിത്രത്തിലെ ആദ്യാത്ഭുതമാണ് പുസ്തകത്തിനൊപ്പം തീപ്പെട്ടി കൂടി സൗജന്യമായി നൽകുന്നത്. ഈ കാവ്യം വായിച്ചിട്ട് ഇഷ്ടപ്പെടുന്നില്ലെങ്കിൽ ആ പുസ്തകത്തെ ചാമ്പലാക്കാനാണ് തീപ്പെട്ടി ഉള്ളടക്കപ്പെടുത്തിയത്.
പ്രണയജീവിതത്തെയും അതിന്റെ പുറകുവശത്തെ ആത്മീയതയെയും മനസ്സിലാക്കൽ വിഷമം പിടിച്ച ഒരു പണിയായിക്കൊണ്ടിരിക്കുന്ന കാലത്തിൽ ജീവിതത്തിന്റെ വളഞ്ഞുപുളഞ്ഞ ഡിസൈനുകളെയാണ് ശരത്ചന്ദ്രൻ ചെറിയ മീറ്ററുകളിൽ കുത്തിയെടുക്കുന്നത്. ഉൽക്കടമായ ഓരോ നിരാസവും യോഗാത്മകമായ ഒരു തന്മയിലേക്കുള്ള പരിണാമമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഈ ദീർഘകാവ്യത്തിലെ ചില ഖണ്ഡങ്ങൾ ഉദ്ധരിക്കുക മാത്രം ചെയ്യാം.

ഞാനെന്ന നദിക്ക്
തോണിയില്ല.
നീ തന്ന തോണിക്ക്
പങ്കായമില്ല (66)

കൊന്നവൻ
മരിച്ചവനെ കൊന്നതല്ല
കൊന്നപ്പോൾ മരിച്ചു പോയതായിരിക്കും (54)

പൊയട്രി മാഫിയാസംഘത്തിലെ കവികൾ ധൈഷണിക പോരായ്മ പിടിപെട്ടവരാണ്. കവിതയുടെ ഗതി വേഗത്തിലും തിരക്കിലും പെടാത്ത ഈ കവിയെ ആർക്ക് വേണം….

ഈയാഴ്ചയിലെ
പുസ്തകം
ജലാഗ്നിരൂപൻ/ മഞ്ചു വെള്ളായണി (മനോരമ ബുക്സ്)

ഒരു കവിയുടെ കസവ് കവിതയിൽ മാത്രം തിരഞ്ഞിട്ട് കാര്യമുണ്ടോ? കവിതയുടെ വീതിയേറിയ കര ജീവിതത്തെക്കുറിച്ച് എന്തു പറയുന്നു? ഒരു കവി ജീവിച്ച കാലത്തിന്റെ അപരിചിതമായ ഭാവുകത്വത്തിന് ഇനി എന്ത് പ്രസക്തി? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കുള്ള മറുപടിയാണ് മഞ്ചു വെള്ളായണിയുടെ “ജലാഗ്നിരൂപൻ” എന്ന ലഘുകാവ്യം. ആശാന്റെ കവിതയിലെ ഫ്ലവർ ഷോയെ കുറിച്ച് കെ. പി.അപ്പൻ എഴുതിയിട്ടുണ്ട്.’ ആശാൻ കവിതയിലെ ഫ്ലവർ ഷോ’ എന്ന ശീർഷകത്തിൽ എഴുതിയ കുറിപ്പ് തുടങ്ങുന്നതിങ്ങനെയാണ് – ” ദൈവം പൂക്കളെക്കുറിച്ച് എന്തു പറഞ്ഞു എന്നറിയാൻ കവിത വായിച്ചാൽ മതി. പ്രകൃതിയിലെ ആകർഷക വസ്തുക്കളാണ് പൂക്കൾ. അത് പ്രകൃതിയുടെ ഭാവനാരൂപങ്ങളാണ്.” ഇതേ ഇക്കോ പ്രെമിസിലെ ജൈവഭാവനാ രൂപങ്ങളായ ജലം,അഗ്നി, കര എന്നിവയുടെ പ്രതീകാർത്ഥങ്ങളിലൂടെ മഹാകവി കുമാരനാശാന്റെ ബയോപിക് രേഖയോ ബൗദ്ധിക ജീവചരിത്രമോ ഒക്കെയാണ് മഞ്ചു വെള്ളായണി അനാവരണപ്പെടുത്താൻ ശ്രമിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളുടെ പടർച്ച ഈ കവിയിലേയ്ക്ക് കടന്നെത്തിയതിന്റെ പക്ഷഭേദത്തെ ഓരോ വരിയിലും ദർശിക്കാം. നിലനിന്നിരുന്ന പലതരത്തിലുള്ള ഇരുട്ടിലൂടെ സ്വയം വെളിച്ചം പൂണ്ട് വികസിക്കേണ്ടിവന്ന ഒരു കവി ആയതു കൊണ്ടായിരിക്കണം മഞ്ചു കുമാരനാശാനെ ‘ജലാഗ്നിരൂപൻ’ എന്ന പ്രതീകാർത്ഥം കൊണ്ട് പൂരിപ്പിക്കുന്നത്. സർഗാത്മക മത്സരാധിഷ്ഠിത ലോകത്ത് എന്തുകൊണ്ടാണ് ആശാൻ ഇന്നും പ്രസക്തനാകുന്നത് എന്ന് ചോദിച്ചാൽ അതിനു നൽകാവുന്ന മറുപടി ഇങ്ങനെ ആയിരിക്കും- ‘ കാവ്യരംഗത്ത് ഇന്ന് ഏതുതരം കളക്ടീവുകളുടെ പ്രവർത്തന സാധ്യതയും റദ്ദാക്കുവാൻ മെറിറ്റോക്രസിയുടെ വാദം മാത്രം മതി’ ഈ വാദത്തിന്റെയും അതിരുകളെ മുറിച്ചു കടക്കാൻ മഞ്ചു വെള്ളായണിയുടെ കാവ്യാധികാരത്തിനാകുന്നു.
ഒരു പൊയട്രി മാഫിയയിലും പെടാത്ത ഈ കവി സമകാലീന ആശാന്റെ സാന്നിധ്യത്തെ ശക്തമായി പ്രകാശിപ്പിക്കുന്ന നെയ്യാർ മർമരത്തിലെ വരികൾ ഉദ്ധരിക്കാം. ഗുരുവിന്റെ ദൈവദശകത്തിൽ ആദ്യ മന്ത്രമായെത്തുന്നത് ‘ ദൈവമേ കാത്തുകൊൾകങ്ങ്’ എന്ന് മന്ത്രിച്ചു കൊണ്ടാണ്. അതിന്റെ ജൈവിക ആത്മീയതയെ അതായിത്തന്നെ മഞ്ചു വെള്ളായണി ആവിഷ്കരിക്കുന്നത് നോക്കുക:

ഭവസാഗരനാവികൻ ഗുരു
നിറവാനോളമുയർത്തിമർത്ത്യനെ
ഗുരുദർശനചക്രവാളമോ
കവനമരാളവുമാക്കിയാശാൻ.( 13 )

  • നെയ്യാർ മർമ്മരം, പുറം 56

ഈ കവിയുടെ ഇന്ദ്രിയശേഷികൾ നിരന്തരം സ്വയം പുതുക്കുന്ന ശേഷി കാട്ടുന്നതിനാൽ ഒരു പൊയട്രി മാഫിയയും ഉൾക്കൊള്ളില്ല തന്നെ.

ഈയാഴ്ചയിലെ
ഇലസ്ട്രേഷൻ
പ്രക്രിയാപരമായ തന്റേടം കാട്ടാൻ ഒരു കലാശരീരം ചിലപ്പോൾ ഒന്നിലധികം മീഡിയങ്ങളെ വിനിയോഗിക്കും. അയാൾ ക്രമേണ ആ മീഡിയത്തിന്റെ വലിപ്പം വെച്ച സ്ഥാപനമായി മാറും. കലാകാരൻ എന്ന ഉണർവ് മനുഷ്യന്റെ ഇന്ദ്രിയ ശേഷികളുടെ എല്ലാം ക്രമരഹിതമായ സ്വഭാവത്തെ അതേപടി സ്വീകരിക്കുകയോ സ്വീകരിക്കാൻ നിർബന്ധിതരാകുകയോ ചെയ്തേക്കാം. കാഴ്ചയും സ്പർശവും ഗന്ധവും കേൾവിയും എല്ലാം തന്നെ അനുഭവത്തിന്റെ കാലത്തെയും തന്റേടത്തെയും രൂപീകരിച്ചതിന്റെ ചരിത്രസാക്ഷ്യമാണ് വില്യം ബ്ലേക്ക്. മഹാനായ കവിയെന്ന് വില്യം ബ്ലേക്കിനെ നാം അഭിസംബോധന ചെയ്യാറുണ്ട്. പക്ഷേ വിമുഖതയോടെയാണ് മഹാനായ ചിത്രകാരൻ എന്ന് നാം ബ്ലേക്കിനെ അഭിസംബോധന ചെയ്യുന്നത്. കവിതയിൽ നിഗൂഢ പ്രതീകാത്മകതയുടെ വക്താവായി ചരിത്രം ഇദ്ദേഹത്തെ വിലയിരുത്തുന്നത് പോലെ തന്നെയാണ് ചിത്രകലയിലെ ഇദ്ദേഹത്തിന്റെ സാന്നിധ്യത്തെ നാം മറച്ചു പിടിച്ചതും. ബ്ലേക്ക് “റിലീഫ് എച്ചിങ്ങ് “( Relief etching) എന്ന പരീക്ഷണാത്മക ചിത്ര കൊത്തുപണിയുടെ സങ്കേതം ഉപയോഗിച്ച് ഒരേസമയം പുസ്തക ചിത്രീകരണങ്ങളും പെയിന്റിംഗുകളും ചെയ്തിട്ടുണ്ട്. ഒരു ചെമ്പ് പ്ലേറ്റിൽ കവിതയുടെ വരികൾ വിപരീത രൂപത്തിൽ എഴുതുന്നു. ആസിഡിനെ പ്രതിരോധിക്കുന്ന മീഡിയം ഉപയോഗിച്ചാണ് ഇതെഴുതുന്നത്. അതിന്റെ വശങ്ങളിൽ ചിത്രങ്ങൾ ആലേഖനം ചെയ്യും. അതിനുശേഷം ചെമ്പ് പ്ലേറ്റിൽ ആസിഡ് ഒഴിച്ച് വിന്യസിക്കും. അങ്ങനെ ചെയ്യുമ്പോൾ ലിപികളും ചിത്രങ്ങളും ഒഴികെയുള്ള ഭാഗങ്ങളിൽ ആസിഡ് പ്രതിപ്രവർത്തിച്ച് ആ ഭാഗങ്ങളിലെ ചെമ്പിന്റെ അംശങ്ങളെ ദ്രവിപ്പിച്ചു കളയും. അവിടെയപ്പോൾ ചിത്രങ്ങളും ലിപികളും മാത്രം ഉയർന്നു നിൽക്കും. പിൽക്കാലത്ത് ഇലുമിനേറ്റഡ് പ്രിന്റിംഗ് എന്നൊക്കെ അറിയപ്പെട്ടത് ഈ ചിത്രമുദ്രണമാണ്. ചോസറുടെ’ “കാന്റർബറി പിൽഗ്രിംസിന്റെ ” കഥാപാത്രങ്ങളെ ചിത്രീകരിക്കുകയും ബൈബിളിലെ “The Book of Job” ചിത്രീകരിക്കുകയും ചെയ്തതോടെ കവിതകൾ പെയിന്റ് ചെയ്യുകയും ചിത്രങ്ങൾ എഴുതുകയും ചെയ്ത കലാകാരൻ എന്ന ഖ്യാതി വില്യം ബ്ലേക്കിനു ലഭിച്ചു. കവി എന്ന തന്റേടത്തിന് പുറമേയുള്ള സ്ഥിര മൂല്യമാണ് ബ്ലേക്കിന്റെ ചിത്രകലാലോകം. ബ്ലേക്കിനുള്ളിലെ പെൺമനുഷ്യന്റെ ബോധമായിരുന്നു കവിതയെങ്കിൽ അയാൾക്കുള്ളിൽ ആൺ മനുഷ്യന്റെ ഉറപ്പായിരുന്നു ചിത്രഭാഷയെന്ന് കോളിൻ വിൽസൺ നിരീക്ഷിച്ചത് എത്രയോ വലിയ ശരിയാണ് !

ഈയാഴ്ചയിലെ
അഫോറിസം
ഹൃദയം എന്ന
പാറക്കെട്ടിന്റെ
ജൈവ യന്ത്രചേർപ്പിലെ
പൊടിപ്പാണ് കവിത

Author

47 Views
Scroll to top
Close
Browse Categories