പൊയട്രി തിയേറ്ററും മലയാളിയും

കവിത എന്ന മീഡിയം ഉപയോഗിച്ച് മനുഷ്യരെന്ന അപൂർവ്വ സ്പീഷ്യസിന്റെ രാഷ്ട്രീയം പറയാൻ ഇനി കഴിയുമോ? യന്ത്രങ്ങൾ നമ്മെ ഇല്ലാതാക്കുമോ എന്ന് ഭയന്ന് ജീവിക്കുന്ന ഭ്രമയുഗത്തിന്റെ സന്തതികൾ എ ഐ കവിതകൾക്ക് രൂപം കൊടുത്താലും അതിനെയൊന്നും തീയേറ്റർ സംസ്കാരത്തിലേയ്ക്ക് എത്തിക്കാൻ കഴിയില്ല എന്ന ഭയം ദൃശ്യതയുടെ കാലത്തിലെ കവിയെ വേട്ടയാടുന്നുണ്ട്.

കാവ്യാസ്വാദനത്തെ നിയന്ത്രിക്കുന്ന ന്യൂറോണുകളുണ്ട് മലയാളിയുടെ തലച്ചോറിൽ. ഇവയുടെ താളം തെറ്റിക്കുന്നത് കവിത എന്ന മീഡിയത്തിന്റെ ഭാഷയുടെ അളവ് തിട്ടപ്പെടുത്താൻ കഴിയാത്ത കവികൾ തന്നെയാണ്. ഭാഷയെന്ന സൗന്ദര്യകോശസമൂഹത്തെ ദൃശ്യഇലാസ്തികതയുടെ കാലം കെർവ് (curve)ചെയ്യുന്നത് ഒരുതരം തീയേറ്റർ മൂഡിലാണ്. അവിടെ വാക്കുകളുടെ പാക്കിംഗ് കട്ടിയാർന്നതും പശിമയുള്ളതും ആയിത്തീരാൻ ദൃശ്യഇലാസ്തികത നിർബന്ധിച്ചു കൊണ്ടിരിക്കും. ഇതൊന്നും നിശ്ചയമില്ലാത്ത നമ്മുടെ കവികൾ ഇപ്പോഴും ‘വെറും’ താളത്തിന്റെ വിദ്യുച്ഛക്തിശാലകളോ സ്വനഗ്രാഹിയന്ത്രങ്ങളോ ഒക്കെയായി ഒടുങ്ങുകയാണ്. അവർക്ക് കാവ്യാറിവ് എന്നത് മുറിവിന്റെ വേദന മാത്രമായി അവശേഷിക്കുകയാണ്. കവിത എന്ന മീഡിയം ഉപയോഗിച്ച് മനുഷ്യരെന്ന അപൂർവ്വ സ്പീഷ്യസിന്റെ രാഷ്ട്രീയം പറയാൻ ഇനി കഴിയുമോ? യന്ത്രങ്ങൾ നമ്മെ ഇല്ലാതാക്കുമോ എന്ന് ഭയന്ന് ജീവിക്കുന്ന ഭ്രമയുഗത്തിന്റെ സന്തതികൾ എ ഐ കവിതകൾക്ക് രൂപം കൊടുത്താലും അതിനെയൊന്നും തീയേറ്റർ സംസ്കാരത്തിലേയ്ക്ക് എത്തിക്കാൻ കഴിയില്ല എന്ന ഭയം ദൃശ്യതയുടെ കാലത്തിലെ കവിയെ വേട്ടയാടുന്നുണ്ട്. സ്വയം അനുമോദിക്കപ്പെടുന്നതിൽ വിദിതരായ കവികൾ എ ഐ പോലുള്ള കണ്ടുപിടുത്തങ്ങളെ പലപ്പോഴും കവിപ്പട്ട ആഘോഷങ്ങൾക്കുള്ള ഉപാധിയായി മാറ്റുകയും സാംസ്കാരിക ചക്രങ്ങളെ ഉരുട്ടി മുന്നോട്ടോടിക്കുന്ന ശാസ്ത്രവിധികളിൽ അമിതമായി ആനന്ദിക്കുകയും ചെയ്യുന്നു എന്നതാണ് വാസ്തവം. കവിതയുടെ ഇൻസ്റ്റലേഷൻ അരങ്ങുകൾ ഉയരുന്നില്ലെങ്കിൽ എ ഐ കവികൾക്ക് രാജോചിതമായ കവിപദവികൾ നൽകാൻ മലയാളി നിർബന്ധിതനായിരിക്കും. എഐയിൽ അല്ല പ്രപഞ്ചസത്യങ്ങൾ സൂക്ഷിക്കപ്പെടുന്നത് എന്ന് നവീന വിദേശ കവിക്കറിയാം. അത് കാവ്യമനുഷ്യമനസ്സിലേക്ക് നേരിട്ട് മാറ്റപ്പെട്ടതിന്റെ നിരവധി സാക്ഷ്യങ്ങൾ മുമ്പിലുണ്ട്. കവിതയ്ക്ക് ഫെലിക്സ് ഡെനീസ് പ്രൈസ് ലഭിച്ച എല്ല ഫ്രിയേഴ്സിന്റെ (Ella Frears)” Fucking in Cornwall” ലോക ശ്രദ്ധ നേടിയത് തിയേറ്റർ ഇൻസ്റ്റലേഷനിലൂടെയാണ്.

The rain is thick and
there’s half a rainbow
over the damp beach;
just put your hand up my top.
— Ella Fears

നിന മിങ്ങ്യ പൗൾസ് (Nina Mingya Powles) വാക്കുകളെ ചിത്രപ്പെടുത്താൻ ചൈനീസ് ഭാഷയെയും ചിഹ്നങ്ങളെയും തിയേറ്ററൈസ് ചെയ്യാനാണ് ശ്രമിക്കുന്നത്. കവിത എന്ന മീഡിയത്തെ തീയേറ്റർ ഇൻസ്റ്റലേഷൻ ആക്കി കൊണ്ടുനടക്കുന്നവരാണ് റെജിനാൾഡ് ഡ്വയ്ന ബെറ്റ്സ്, എയ്ഞ്ചലോ നിക്കോളോപ്പൂളോസ്, എറികാ ഡവ്സൊൻ തുടങ്ങിയ ലോക യുവകവികൾ. ഇവിടെ ഭാഷയുടെ ശകലം പൂപ്പൽ ഒരു തൊണ്ടയിൽ നിന്ന് മൈക്കിലേക്ക് പറത്തിവിടുന്നത് മാത്രമാണ് ഇന്നും അരങ്ങായി സങ്കൽപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതൊരിക്കലും പൊയട്രി തീയേറ്ററാവില്ലല്ലോ!

ഫിക്ഷനും
പൊയട്രി തിയേറ്ററും
ഏത് ഫിക്ഷനിസ്റ്റിന്റെയും ബോധഭിത്തിമേൽ തൂക്കുന്ന ഒരു പോസ്റ്ററാണ് ഒറ്റപ്പെട്ട കാവ്യ നിർമ്മിതിയുടെ പീരിയോഡിക് പട്ടിക. അവരൊന്നും കാവ്യചരിത്രം മാറ്റിമറിച്ചതിന്റെ വാർത്തകൾ മലയാളത്തിലില്ല. മലയാള കവിതയ്ക്ക് അത്ര വലിയ ഗരിമ സൃഷ്ടിക്കാൻ ഫിക്ഷനിസ്റ്റുകളായ കവികൾക്കായിട്ടില്ല. അതുകൊണ്ടുതന്നെ അവരുടെ കവിതയെ ഒരു തീയറ്റർ ഐറ്റമായി കാണാൻ കഴിയില്ല. പക്ഷേ സകല വിവരങ്ങളുടെ നിലവറയായി രൂപപ്പെടുന്ന അഥവാ രൂപപ്പെടാൻ ശേഷിയുള്ള ഒരു മീഡിയത്തിൽ നിന്ന് അവർ കവിതയിലേക്ക് പാർപ്പ് ഇടയ്ക്കിടെ മാറ്റുന്നതിനെ ചെറുതായിട്ട് ഒന്ന് പൊട്ടിച്ചു നോക്കേണ്ടതുണ്ട്. ഫിക്ഷനിസ്റ്റുകളായ കവികളുടെ കവിതയിൽ ചെന്ന് ചാടിയാൽ ചിലപ്പോൾ വളരെ ചെറിയ ചില അരങ്ങ് വിഭവങ്ങൾ കിട്ടിയേക്കും. കട്ടിയുള്ള പുറന്തോടൊന്നുമില്ലാത്ത ചില പദങ്ങളെയാണ് അവർ കവിതയ്ക്കായി വിനിയോഗിക്കുന്നത്. അവയ്ക്ക് കവിതയുടെ കാഴ്ച ഒരുക്കാനാവില്ല. ഭാഷയുടെ കട്ടിയുള്ള ഒരൊറ്റ ചെതുമ്പൽ പോലും തീർക്കാൻ കഴിയാത്ത കവികളുള്ള നാട്ടിൽ പക്ഷേ അവർ കോട്ടിയെടുക്കുന്ന കാവ്യദണ്ഡുകൾക്ക് സ്വീകാര്യത ലഭിക്കുന്നത് കാണാം. കവിതയുടെയും ഭാഷയുടെയും വാർദ്ധക്യത്തെ നേരത്തേ എത്തിച്ചു തരുന്ന അത്തരം കവികളിൽ നിന്നും വ്യത്യസ്തനാണ് എൻ പ്രഭാകരൻ. മറുവശത്ത് കവിതയിൽ മനുഷ്യരായിട്ടില്ലാത്ത ഫിക്ഷനിസ്റ്റുകളുമുണ്ട്. അത് കവിതയുടെ ഉത്സവവത്കരണം മാത്രമാണ്. വെറും പ്രശംസാ പന്തലാവുന്ന കേരളത്തിൽ അത്തരം ഒറ്റപ്പെട്ട കവികൾക്കും കവിതകൾക്കും സ്പേസില്ല. ബെന്യാമിനും ആഷ് അഷിതയും ഷാഹിന ഇ. കെ യും ഷീബ ഇ. കെ യും ഫിക്ഷന്റെ കലയിൽ തുടരട്ടെ. മാധവിക്കുട്ടിയുടെ ഫിക്ഷനുകൾക്കെന്നപോലെ കവിതയ്ക്കും ഇൻസ്റ്റലേഷൻ സാധ്യമാണ്.

ഞാൻ മരിച്ചാൽ
മാംസവും എല്ലും വലിച്ചെറിയരുത്
അത് കൂട്ടി വയ്ക്കുക
അതിന്റെ ഗന്ധം നിങ്ങളോട് പറയട്ടെ
ഈ ഭൂമിയിൽ ജീവിതത്തിന്റെ വില എന്തായിരുന്നു എന്ന്
ഒടുവിൽ പ്രണയത്തിന്റെ വിലയും എന്തായിരുന്നു എന്ന് — മാധവിക്കുട്ടി

എൻ പ്രഭാകരൻ “രണ്ട് കാഴ്ചകൾ”എന്ന കവിത എഴുതിയപ്പോൾ ഒരു അരങ്ങ് കാവ്യകാണിയുടെ മിഴിയിൽ അടുപ്പ് കൂട്ടുകയായിരുന്നു. അപ്പോൾ കണ്ണുകൾ ചൂടായ പാറപ്പുറങ്ങളായി മാറി. കണ്ണിലെ ഉണങ്ങിയ ഇറച്ചിക്ക് വഴുക്കൽ വച്ചു. കണ്ണ് എന്ന മരച്ചട്ടിയിൽ കാഴ്ചയുടെ വെള്ളം തിളയ്ക്കുകയും ഒരു അരങ്ങു പാക്കറ്റായി കവിത രൂപപ്പെടുകയും ചെയ്തു.

തീ വിഴുങ്ങുന്ന മനുഷ്യനെ
നിത്യവും ഫയർ സ്റ്റേഷൻ റോഡിൽ കണ്ടു
ഓരോ തവണയും
ഓരോ ചെറിയ തീപ്പന്തം വായ്ക്കുള്ളിൽ ആക്കി
ഉള്ളിൽ ആക്കി
കരിമ്പുക ഇഴഞ്ഞകലുന്ന കരികൊള്ളിയായി.
— രണ്ടു കാഴ്ചകൾ / എൻ പ്രഭാകരൻ
ഫിക്ഷനിൽ നിന്നും ഇറങ്ങി നടക്കുന്ന ഒരു കവിയുടെ തീയേറ്റർ നിർമ്മാണ ശ്രമമാണിത്.

കവിയും
പൊയട്രി തിയേറ്ററും
മലയാള കാവ്യഭാഷയിൽ നിന്ന് ഇനിയും നാം സൗന്ദര്യം കെട്ട ഉമിയെ പാറ്റികളഞ്ഞിട്ടില്ല. അതിലിപ്പോഴും കാട്ടുപുഷ്പങ്ങളെ നട്ടു വെച്ചിരിക്കുകയാണ്. അത് കാവ്യാസ്വാദകനെ ഇങ്ങനെ ശാസിക്കും — ” ഒറ്റയ്ക്കൊന്നും ഇവിടെയൊന്നും പോയേക്കരുത്. സ്വന്തം ഭാഷാ പാക്കറ്റുമായി പോയാൽ കുറച്ചു നാളൊക്കെ പിടിച്ചുനിൽക്കാം!” ഈവിധം ഭാഷയോടുള്ള പുച്ഛം ഓടി നടക്കുന്നത് മലയാളഭാഷയിൽ മാത്രമാകും. കവിയുടെ ചാടി മറിയുന്ന ജീനുകൾ അംഗീകാരങ്ങളുടെ പിൻപേ പോവുകയും കവിതയിൽ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുമ്പോൾ ഈ മീഡിയം എങ്ങനെയാണ് ഒരു തീയേറ്റർ ഐറ്റമായി മാറുക? മഹാകവി എന്ന മേൽശൗര്യം നേടിയ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പുതിയ കവിതകൾക്ക്പോലും ഈ തീയേറ്റർ സാധ്യതയില്ല എന്നതാണ് വാസ്തവം. നമ്മുടെ കാവ്യ പരിണാമം മിച്ചം വെച്ച ഭാഷയുടെ തൊലിക്കടിയിൽ ഇപ്പോഴും ചില തീയേറ്റർ സാധ്യതകളെ അവശേഷിപ്പിക്കുന്നവരാണ് കുഴൂർ വിൽസനും വിഷ്ണുപ്രസാദുമൊക്കെ. ഇതിനകം നിലവിലുള്ള ഒരു വാക്കിന്റെ മസിൽ പെരുപ്പിച്ചു ശക്തി കാണിക്കുന്നതിനെയല്ല അരങ്ങു കവിത എന്ന് വിളിക്കുന്നത്. ഇത് അറിവില്ലാത്തവർ പറഞ്ഞുണ്ടാക്കിയ തെറ്റാണ്. അരങ്ങഴകിന്റെയും അരങ്ങളവിന്റെയും അടുക്കിക്കെട്ടിയ കഷ്ണതന്തുക്കൾ ആണ് കുഴൂർ വിൽസന്റെയും വിഷ്ണുപ്രസാദിന്റെയും ചില കവിതകൾ. കാവ്യ മാധ്യമങ്ങളിൽ നിന്ന് വിമുക്തമാകാനുള്ള ശേഷി സിദ്ധിച്ചിട്ടുള്ള അത്തരം ചില കാവ്യശകലങ്ങളെ ഉദ്ധരിക്കാം;

എനിക്കെത്ര പിടിച്ചില്ലെങ്കിലും
ഞാനയാളോട് പേര് ചോദിച്ചു
ജീവിതമെന്ന് അയാൾ പറഞ്ഞു
ആഹാ
ജീവിതത്തെ
ആദ്യമായി കാണുന്നതാകയാൽ
ഇനീഷ്യൽ കൂടി ചോദിച്ചു.

അപ്പോൾ
ഒരിക്കൽ കൂടി
ഞാൻ ജീവിതത്തോട്
ഇനീഷ്യൽ ചോദിച്ചു
ചിരിച്ചുകൊണ്ട്
അതു പറഞ്ഞു
ജീവിതം പി. കെ.
– ജീവിതം പി. കെ/. കുഴൂർ വിൽസൺ

അനക്കമുള്ളതിനെ
ജീവനുള്ളതുഎന്ന്
തെറ്റിദ്ധരിച്ച്
ശീലിച്ചിട്ടുള്ളതിനാൽ
എന്റെ ഏകാന്തതയോട്
അതിന്റെ അനക്കം
എന്തോ വിനിമയം ചെയ്യുകയാണെന്ന്
എന്റെ ഉപബോധം കരുതുന്നുണ്ടാവാം. 😳😡
— മേഘങ്ങൾ /വിഷ്ണുപ്രസാദ്

ഇവർ കവിതയിൽ പണിയുമ്പോൾ ഭാഷ കാഴ്ചയ്ക്കുള്ള ടെസ്റ്റോസ്റ്റിറോൺ ആയി മാറുന്നു. ഇത് അരങ്ങ് കവിതയുടെ പുതിയ ഫിസിയോളജി ആണ്. നമ്മുടെ കവികൾ ശബ്ദസ്ഥായിയായ തൊണ്ടയെന്ന ബയോളജി പ്രതലത്തിലാണ് ഇപ്പോഴും.

ഈയാഴ്ചയിലെ
പുസ്തകം
പനി /കെ. ജയകുമാർ
(മാതൃഭൂമി ബുക്സ്)

കെ. ജയകുമാർ

കവിതയെ ഏതെങ്കിലും തരത്തിലുള്ള ബ്രാൻഡ് ചെയ്ത് ആസ്വാദകന് അരികിലാക്കുന്ന മുൻവിധി തുടരുകയാണ്. കവിതയിലെ മാറിയ ശബ്ദസഞ്ചയങ്ങളെ പഠിക്കാനുള്ള ട്യൂളുകൾ സൃഷ്ടിക്കുന്നതിനു പകരം കമ്പാർട്ട്മെന്റലിസത്തിലേയ്ക്ക് അതിനെ പറഞ്ഞയക്കുകയും അതിന്റെ ദൃശ്യ സാധ്യത അഥവാ അരങ്ങ് സാധ്യതയെ നിർവീര്യപ്പെടുത്തുകയും ചെയ്തു. അവിടെയാണ് താഴ്ന്ന ഫ്രീക്വൻസി ശബ്ദത്തിൽ കവിതയുടെ അരങ്ങ് സാധ്യതയുടെ മേൽനോട്ടത്തെ ഏറ്റവും പുതിയ കാവ്യസമാഹാരത്തിലും കെ ജയകുമാർ അഴിച്ചെടുക്കുന്നത്. അകത്തെ ശബ്ദങ്ങളുടെ വിവരസമുച്ചയം ആണ് പനി എന്ന കാവ്യ പുസ്തകത്തിലെ ഭൂരിഭാഗ കവിതകളും. ആന്തരികാംശത്തിന്റെ നിശ്ചിത സ്വരക്കൂട്ടങ്ങളെ ഈ കവിതകളിൽ കണ്ടെടുക്കാം. കുപ്പി മൂക്കുള്ള ലിപികളാണ് ചില്ലക്ഷരങ്ങൾ. അത്തരം ചില അക്ഷരങ്ങളെ സ്വരസൂചകങ്ങളായി ജയകുമാർ വിനിയോഗിക്കുന്നത് കാണാം. വാക്കിന്റെ കൊക്കിലേക്ക് പ്രതിധ്വനികളെ ഇട്ടുകൊടുക്കുന്ന ഈ കവി ശബ്ദത്തിന്റെ കൂനിനെ നിവർത്തിയെടുക്കുന്നത് ഒരു അരങ്ങ് സാധ്യത ബാക്കിയിട്ടിട്ടാണ്. ഭാഷയുടെ ജഡിലത ലവലേശമില്ലാത്ത ഇതിലെ കവിതകൾ സാമ്പ്രദായിക സമവാക്യങ്ങളെയും ഫോർമുലകളെയും വെട്ടിമാറ്റി മറ്റൊരുവിധമായ ഭാഷാശില്പത്തെ രൂപകൽപ്പന ചെയ്യുന്നു. കവിതയുടെ സമകാലിക പ്രതിസന്ധികളെ അതിചാതുര്യം കൊണ്ട് ജയിക്കുക എന്ന പുതിയ നേരിടൽ പ്രക്രിയ കവിതയിൽ നവപ്രത്യാശ ഉണർത്തുന്നത് എങ്ങനെ എന്നറിയാൻ ചില കവിതകൾ ഉദ്ധരിക്കാം;

  1. അർത്ഥം ഒരുഭയ ജീവിയാണിപ്പോൾ
    കരയിൽ ഉണ്ടാവും;
    ചിലപ്പോൾ ജലത്തിലുണ്ടാവും
    പിടിക്കാൻ എളുപ്പമല്ല (അർത്ഥഹത്യ)
  2. ചിലപ്പോൾ തോന്നും
    ഞാൻ ഒരു ഗൗളിയാണെന്ന്.
    ലോകത്തെ തലകുത്തനെ
    കാണണമെന്ന നിർബന്ധത്തിൽ
    എവിടെയും ഇഴഞ്ഞുകയറുന്ന ഗൗളി. (ചിലപ്പോൾ തോന്നും )
  3. വാസ്തവത്തിൽ
    മുഖങ്ങൾ പരസ്പരം കാണുന്നേയില്ല.
    മുഖംമൂടി മറ്റൊരു മുഖംമൂടിയോട്
    സംസാരിക്കുന്നു, ചിരിക്കുന്നു. (കുടമാറ്റം)
    കവിതയുടെ കോശത്തെ വിഭജിച്ച് കാഴ്ചപ്പെരുപ്പത്തിലേയ്ക്കെത്തിക്കാൻ ‘പനി’യിലെ കവിതകൾക്കാവുന്നു.
എസ് ജോസഫ്

ഈയാഴ്ചയിലെ
ഇലസ്ട്രേഷൻ
കവികൾ പണിയുന്ന ഭാഷാചുമരുകളിൽ നിന്നും ഇഷ്ടികകൾ ഇളകി വീഴാതിരിക്കുന്നതിന് ഒരു കാരണം കാവ്യകലയ്ക്കുള്ളിലെ ചിത്രബോധമാണ്. ജീവിത പാതാളങ്ങളിലേയ്ക്ക് ഊർന്നിറങ്ങുന്ന ചില വരികൾ എഴുതിയിട്ടുള്ളവർ വരയിലും സ്ഥലപ്പെട്ടിട്ടുണ്ട്. ഓരോ നേരത്തും ഓരോരോ പ്രതിസന്ധികളുടെ ഉപമകളായി മാറിയിട്ടുള്ളവർ ഒരു മീഡിയത്തിൽ നിന്ന് മറ്റൊന്നിലേയ്ക്ക് ചാടിക്കടക്കുന്നതിന് ദൃശ്യഇലാസ്തികതയുടെ കാലത്തിലെ സ്വാതന്ത്ര്യമായി മനസ്സിലാക്കാവുന്നതാണ്. എസ് ജോസഫ് എന്ന കവി നാട്ടുജീവിതങ്ങളെയും കാടുകളെയും ഗ്രാമങ്ങളെയും പശ്ചാത്തലമാക്കി കവിതകൾ എഴുതിയിട്ടുണ്ട്. ‘ഓപ്പൺ സിസേ’ എന്നൊരു കഥയ്ക്ക് ജോസഫ് ചിത്രീകരണം നിർവഹിച്ചിട്ടുണ്ട്. പ്രണയം എന്നാൽ ലാംഗ്വേജ് ഗെയിമിന്റെ എല്ലാ തലങ്ങളെയും തുറന്നു വയ്ക്കുന്ന സൂക്ഷ്മ വിശദാംശങ്ങളാണ് ജോസഫിന്റെ വരയിലുള്ളത്. നടക്കാത്ത കാര്യങ്ങൾ നടക്കുന്ന ഒരു മാന്ത്രിക ലോകമാണതെന്നു വര തെളിയിക്കുകയാണ്. പുരുഷന്റെ വീരേതിഹാസങ്ങളായ പുരാണകഥകൾ സഹനശക്തരായ പെണ്ണുങ്ങൾക്ക് എത്തിച്ചു നൽകുന്ന ആത്മീയ തേജസിന്റെ രൂപാന്തരീകരണമായി ചിത്രത്തിൽ പ്രണയം ഇടം പിടിക്കുകയാണ്. കാവ്യ രചന എന്ന ഒരു ഏടിൽ പണിയെടുത്ത് എല്ലൊടിഞ്ഞ ഒരു കവിയുടെ വെറും പരീക്ഷണം അല്ല ഈ പ്രണയാഖ്യാനവര. മറിച്ച് പ്രണയത്തിലെ പുരുഷനും സ്ത്രീക്കും എന്നല്ല പ്രണയത്തെ ഒരു വിശുദ്ധക്രമമായി കരുതുന്ന എല്ലാവരുടെയും ആത്മഭാവങ്ങൾ ഈ വരയിലുണ്ട്. ഒട്ടും യാന്ത്രികമായി തുറക്കാത്ത സ്നേഹത്തിന്റെ സ്റ്റോറേജ് സ്പേസുകളായി സ്ത്രീയെയും പുരുഷൻ നിലയുറപ്പിക്കുന്ന പ്രകൃതിയെയും തമ്മിൽ ബന്ധിപ്പിക്കാൻ ആണ് ഈ ചിത്രം ശ്രമിക്കുന്നത്. ഈ ചിത്രം ഒരുതരം ഇക്കോ കൾച്ചറൽ റൊമാൻസിനെയാണ് പ്രതിനിധാനപ്പെടുത്തുന്നത്.

ഈ ആഴ്ചയിലെ
അഫോറിസം
കലയിലെ
അടിസ്ഥാന കണികയായ
ക്വാർക്കാണ്
കവിത

Author

Scroll to top
Close
Browse Categories