തങ്കപ്പൻ വക്കീൽ കൊല്ലത്തിന്റെ ദീപ്ത സ്മരണ

തങ്കപ്പൻ വക്കീൽ

രാഷ്ട്രീയം ഒരു കലയാണ്.രാഷ്ട്രീയ പ്രവർത്തകൻ സൗമ്യ മുഖത്തോടെ ഓരോ വ്യക്തിയുടേയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് ആശ്വാസം നൽകണം, അതാണ് യഥാർത്ഥ രാഷ്ട്രീയക്കാരന്റെ സാമൂഹിക പ്രതിബദ്ധത. മഹാത്മാഗാന്ധിക്കും മാർട്ടിൻ ലൂഥർ കിങ്ങിനും മാത്രം പ്രാവർത്തികമാക്കാൻ കഴിഞ്ഞ ഒരു രസതന്ത്ര മായിരുന്നു അത്, ഇങ്ങ് കൊല്ലത്തിന്റെ ഭൂമികയിൽ അങ്ങനെ ജനങ്ങളെ നയിച്ച ഒരു ഗാന്ധിയൻ ഉണ്ടായിരുന്നു ഏകദേശം നാലര പതിറ്റാണ്ട് മുമ്പ് — മുനിസിപ്പൽ ചെയർമാൻ ആയിരുന്ന ഉയരം കുറഞ്ഞ ഖദർ ധാരിയായ, ഒരു നീളൻ കുടയും കുത്തി നഗരത്തിന്റെ ഓരോ കോണിലും കടന്നുചെന്നിരുന്ന എൻ.തങ്കപ്പൻ എന്ന തങ്കപ്പൻ വക്കീൽ.

1944ലാണ് തിരുവനന്തപുരം ലോ കോളേജിൽ നിന്നും നിയമ ബിരുദം നേടിയത്. വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിലൂടെ ഗാന്ധിയൻ തത്വങ്ങളിൽ അടിയുറച്ച അനുയായിയായി മാറി. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള എല്ലാ സമരപരിപാടികളിലും അദ്ദേഹം ഭാഗഭാക്കായി. ടി.എം. വർഗീസിനും,ആർ.ശങ്കറിനും,സി. കേശവനുമൊപ്പം കൊല്ലം കോടതികളിൽ തങ്കപ്പൻ വക്കീൽ സാന്നിദ്ധ്യമായി. കോൺഗ്രസിന് വിപ്ലവവീര്യം കുറഞ്ഞു പോകുന്നു എന്ന ചിന്താഗതിയിൽ തിരുവിതാംകൂറിൽ രൂപം കൊണ്ട സ്റ്റേറ്റ് കോൺഗ്രസിലും തങ്കപ്പൻ വക്കീൽ എത്തിച്ചേർന്നു.

എംജി പാർക്കിലെ ഗാന്ധി പ്രതിമ

അഞ്ച് രൂപ കരം തീരുവയോ, ബിരുദമോ ഉള്ളവർക്ക് മാത്രമായിരുന്നു സ്വാതന്ത്ര്യത്തിന് മുൻപ് ഏതെങ്കിലും തരത്തിലുള്ള ജനപ്രതിനിധി പദവികളിലേക്ക് മത്സരിക്കുവാൻ അവസരം ഉണ്ടായിരുന്നത്. തദ്ദേശ ഭരണ സഭയായാലും തിരുവിതാംകൂർ പ്രജാസഭ ആയാലും നല്ലൊരു ശതമാനം അംഗങ്ങളെ രാജാവ് നോമിനേറ്റ് ചെയ്യുകയായിരുന്നു പതിവ്. 1944ൽ കൊല്ലം മുനിസിപ്പാലിറ്റിയിലെ നോമിനേറ്റഡ് വൈസ് പ്രസിഡന്റ് മരിച്ചു. പട്ടത്താനം ഡിവിഷനിലെ അംഗമായിരുന്നു അദ്ദേഹം. അവിടെ ഉപതിരഞ്ഞെടുപ്പ് വന്നപ്പോൾ ബിരുദധാരിയായ തങ്കപ്പൻ വക്കീൽ തെരഞ്ഞെടുക്കപ്പെട്ടു.1944മുതൽ മരിക്കുന്നതുവരെ 36 വർഷവും തങ്കപ്പൻ വക്കീൽ പട്ടത്താനത്തെ പ്രതിനിധീകരിച്ചു മുനിസിപ്പൽ കൗൺസിലിൽ ഉണ്ടായി. 1952മുതൽ 1968വരെ ആർ .എസ് . പി ക്കാരുടെ കുത്തകയായിരുന്ന കൗൺസിലിൽ തങ്കപ്പൻ വക്കീൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ആയിരുന്നു. 1968മുതൽ മരിക്കുന്നതു വരെ അദ്ദേഹം മുനിസിപ്പൽ ചെയർമാൻ ആയിരുന്നു.പനമ്പള്ളി ഗോവിന്ദ മേനോനും,സി.എം. സ്റ്റീഫനും,കെ.കരുണാകരനും,എ.കെ. ആന്റണിയും എല്ലാം ധാരാളം ഉന്നത പദവികളിലേക്ക് ക്ഷണിച്ചെങ്കിലും”എനിക്ക് കൊല്ലം മതി, കൊല്ലം വിട്ട് എങ്ങോട്ടും പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല “എന്നായിരുന്നു തങ്കപ്പൻ വക്കീലിന്റെ പ്രതികരണം.

ഇന്നു കാണുന്ന കൊല്ലം നഗരംതങ്കപ്പൻ വക്കീൽ നിർമ്മിച്ചെടുത്തത് തന്നെയാണ്.എ.എ. റഹീമും,ഹെൻട്രി ആസ്റ്റിനും,തെന്നല ബാലകൃഷ്ണപിള്ളയും ഒക്കെ തങ്കപ്പൻ വക്കീലിന്റെ തീരുമാനങ്ങളെ യാതൊരു മടിയും കൂടാതെ അംഗീകരിച്ചിരുന്നു. നെഹ്റുവിനോടും കാമരാജിനോടും നിജലിംഗപ്പയോടും ഇന്ദിരാ ഗാന്ധിയോടും കെപിസിസി പ്രസിഡണ്ടായിരുന്ന ടിഒ.ബാവയോടുംഊഷ്മളമായ ബന്ധം വച്ചുപുലർത്തുവാൻ തങ്കപ്പൻ വക്കീൽ പ്രത്യേകം ശ്രദ്ധ വെച്ചിരുന്നു. ഗാന്ധിയനായ മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി മരിച്ചപ്പോൾ ഇന്ത്യയിൽ ആദ്യമായി അദ്ദേഹത്തിന്റെ പേരിൽ കൊല്ലത്ത് ഒരു സ്റ്റേഡിയം ഉണ്ടാക്കി.400മീറ്റർ ട്രാക്കും,22സ്റ്റെപ് പവിലിയനോടും കൂടിയ ലാൽ ബഹദൂർ സ്റ്റേഡിയം ഇന്നും കേരളത്തിലെ വലിയ സ്റ്റേഡിയങ്ങളുടെ മുന്നിൽ നിൽക്കുന്നു. മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ സ്ഥാപിച്ച് എം.ജി പാർക്ക് നവീകരിച്ചു, അഗതി മന്ദിരവും വർക്കിംഗ് വിമൻസ് ഹോസ്റ്റലുംഷോപ്പിംഗ് കോംപ്ലക്സുകളും, ടി.എം.വർഗീസ് സ്മാരക ലൈബ്രറിയും,സി. കേശവൻ ടൗൺഹാൾ ഉൾപ്പെടെ ഇന്ന് കൊല്ലത്ത് തല ഉയർത്തി നിൽക്കുന്ന എല്ലാ നിർമ്മാണ പ്രവർത്തനവും ഒരുതരം കൈകടത്തലുമില്ലാതെ പൊതുജനങ്ങൾക്കായി നൽകി.
കൊല്ലത്ത്കലാ കായിക രംഗം ചടുലമാകാൻ സ്റ്റേഡിയത്തിന്റെയും ടൗൺഹാളിന്റെയും നിർമ്മാണം വളരെയധികം സഹായിച്ചു. അഴിമതിയും സ്വജനപക്ഷപാദവും തൊട്ടുതീണ്ടാതെ മൂന്ന് അഖിലേന്ത്യ എക്സിബിഷനുകളും മുനിസിപ്പൽ ഗോൾഡൻ ജൂബിലിയും അഖിലേന്ത്യ ഫുട്ബോൾ ടൂർണമെന്റ് കളും നടത്തി.

ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ വാർത്താ വിതരണമന്ത്രിയായി ചുമതലയേറ്റ പ്രിയ സുഹൃത്ത് സി. എം.സ്റ്റീഫന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ നൽകിയ ഉജ്ജ്വല വരവേൽപ്പിനിടെ തങ്കപ്പൻ വക്കീൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. 1980മാർച്ച്‌ 7നു വൈകുന്നേരം ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ആ ദീപ്ത സ്മരണയ്ക്ക് മുന്നിൽ കൊല്ലംക്കാരുടെ പ്രണാമ പൂക്കൾ അർപ്പിക്കുവാൻ എല്ലാവർഷവും കൊല്ലം മുനിസിപ്പൽ കൗൺസിലും ഇപ്പോൾ കൊല്ലം കോർപ്പറേഷനും രാഷ്ട്രീയ ഭേദമില്ലാതെ സമയം കണ്ടെത്തുന്നു.

Author

56 Views
Scroll to top
Close
Browse Categories