ആദ്ധ്യാത്മിക പാതയില്‍

വിവാഹത്തെപ്പറ്റി ചിന്തിച്ചിരുന്നില്ല. ജീവിതത്തില്‍ മറ്റു പലകാര്യങ്ങളുമാണ് ആലോചനയില്‍ ഉണ്ടായിരുന്നത്. ഭൗതികവും ആദ്ധ്യാത്മികവുമായ ജീവിതാവസ്ഥകളുടെ വ്യത്യാസത്തെപ്പറ്റി മനസ്സിലാക്കിക്കഴിഞ്ഞപ്പോള്‍ സ്വന്തം വഴി ഏതാണെന്നു നിശ്ചയിച്ചിരുന്നു. എന്നിട്ടും ഒരു വിവാഹം തന്റെ പേരിലും നടന്നിരിക്കുന്നു.

വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ വീട്ടില്‍ പോകണമെന്നു തോന്നിയില്ല. ഭര്‍ത്താവോ പിതാവോ കുടുംബനാഥനോ ആവുകയല്ല ലക്ഷ്യം. മുന്നിലുള്ള വഴി അതിദീര്‍ഘമാണ്. അതു മുഴുവന്‍ ഏകനായി നടന്നു തീര്‍ക്കണം. ചെയ്യേണ്ട കാര്യങ്ങള്‍ അനേകമാണ്. അതു പൂര്‍ത്തിയാക്കണമെങ്കില്‍ ബാധ്യതകളൊന്നുമുണ്ടാവരുത്. പൂര്‍ണ്ണസ്വതന്ത്രനായിരിക്കണം.
ഋഷിമാര്‍ഗ്ഗമാണ് തന്റേതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ മനസ്സ് അതിനായി പാകപ്പെടുത്തിവരികയാണ്. ജ്ഞാനോപാസനയിലൂടെ കര്‍മ്മരംഗത്തേക്ക് എന്നതാണ് ഋഷിചര്യ. സാധാരണ മനുഷ്യര്‍ വീട് ലോകമായി കരുതുമ്പോള്‍ ഋഷി ലോകം മുഴുവന്‍ വീടായി കരുതുന്നു. ഈ ലോകത്തിലുള്ള മുഴുവന്‍ ജീവജാലങ്ങളും സ്വന്തക്കാരെന്നതുപോലെ കാണുന്നു. അദ്വൈതദര്‍ശനം നല്‍കുന്ന ഈ പരമസത്യപ്രകാശം മനസ്സു നിറഞ്ഞിരിക്കുന്നു.
നാണു വീട്ടില്‍ വരുന്നില്ലെന്നത് മാടനാശാനും കുട്ടിയമ്മക്കും സങ്കടമായി. എന്നാല്‍ നാണുവില്‍ കണ്ടുതുടങ്ങിയ സാത്വികഭാവവും ചിന്തയും പെരുമാറ്റവും വേഷതാല്പര്യങ്ങളും ആ മനസ്സ് എങ്ങോട്ടാണ് നീങ്ങുന്നതെന്ന് അമ്മാവനായ കൃഷ്ണന്‍വൈദ്യരില്‍ സംശയമുണര്‍ത്തിയിരുന്നു. അതിപ്പോള്‍ ശരിയായിരിക്കുന്നു.
”നാണു സന്ന്യാസിയാവുകയാണ്.”
കൃഷ്ണന്‍വൈദ്യര്‍ മാടനാശാനും കുട്ടിയമ്മയും സങ്കടം പറഞ്ഞപ്പോള്‍ അവരെ സമാധാനിപ്പിക്കാനായി അറിയിച്ചു.
”നാണു തിരുവനന്തപുരത്തുണ്ട്” എന്നാണറിഞ്ഞത്. അവിടെയൊരു ചെട്ട്യാരുടെ പുസ്തകക്കടയിലാണ് ഇരുന്നു വായിക്കുന്നത്.”
കുട്ടിയമ്മയിലെ മാതാവുണര്‍ന്നു ചോദിച്ചു.
”ഭക്ഷണമൊക്കെ…”
അമ്മയുടെ കണ്ണുനിറഞ്ഞു.
”അതിനൊന്നും മുടക്കം വരില്ല.”
മാടനാശാന്‍ ഭാര്യയെ സമാധാനിപ്പിച്ചു എങ്കിലും നാണുവിന്റെ ഭക്ഷണക്കാര്യത്തെപ്പറ്റി ആ പിതാവിനും ആശങ്കയുണ്ടായിരുന്നു.
”നാണുവിന് ശരീരത്തിന്റെ വിശപ്പിനെക്കാള്‍ വലുത് ആത്മാവിന്റെ വിശപ്പാണ്. അതു മാറ്റാന്‍ ആവശ്യമായ ഗ്രന്ഥങ്ങള്‍ ആ പുസ്തകശാലയിലുണ്ട്.”
കൃഷ്ണന്‍വൈദ്യര്‍ പറഞ്ഞു.
കുറേ ദിവസങ്ങള്‍ക്കു ശേഷം നാണു വീട്ടില്‍ തിരിച്ചെത്തി. എല്ലാവര്‍ക്കും ആശ്വാസമായി. ഇനി കാളിക്കുട്ടിക്കൊപ്പം കഴിഞ്ഞുകൊള്ളും. കാളിയും പ്രതീക്ഷയോടെ അടുത്തുചെന്നു. ഒരു മനുഷ്യജീവി മറ്റൊരു മനുഷ്യജീവിയെ കണ്ടതുപോലെ സ്വാഭാവികമായ പെരുമാറ്റം. തീര്‍ന്നു. അതിലപ്പുറമൊന്നുമില്ല.
രാത്രിയാവട്ടെ. കാളിക്കുട്ടി മനസ്സില്‍ തീരുമാനിച്ചു. എന്നാല്‍ സന്ധ്യ യ്ക്കു മുമ്പെ വിരുന്നുകാരനെപ്പോലെ വന്ന നാണു ആശാന്‍ തിരിച്ചുപോയി. പതിവുപോലെ തന്നെ എങ്ങോട്ടു പോകുന്നുവെന്നും എന്നു തിരിച്ചുവരുമെന്നും പറഞ്ഞില്ല.
കാളിക്കുട്ടിയുടെ കണ്ണു നിറഞ്ഞു. കുട്ടിയമ്മ സമാധാനിപ്പിച്ചു. നാണു പല തവണ വന്നു. അപ്പോെഴല്ലൊം കുട്ടിയമ്മ കാളിക്കുട്ടി അകത്തുണ്ടെന്ന കാര്യം ഓര്‍മ്മിപ്പിച്ചു.
”അവരെ സമാധാനിപ്പിക്കണം.”
നാണുവിന് ഇത്രയേ പറയാനുണ്ടായിരുന്നുള്ളു. വന്നതുപോലെ തന്നെ പെട്ടെന്ന് പോവുകയും ചെയ്തു. മാടനാശാനും കുട്ടിയമ്മയും സഹോദരിമാരും കാളിക്കുട്ടിയെ പലതും പറഞ്ഞു സമാധാനിപ്പിക്കും.
എല്ലാവര്‍ക്കും തന്നോട് അനുതാപമുണ്ട്. കാളിക്കുട്ടിക്കറിയാം. അതുകൊണ്ടാണ് ഇങ്ങനെ സ്‌നേഹത്തോടെ പെരുമാറുന്നത്. എന്നാല്‍ കരയാന്‍ തോന്നുന്നില്ല. സ്വന്തം വഴി തെരഞ്ഞെടുക്കാന്‍ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ട്.

”സന്ന്യാസജീവിതമാണ് അവര്‍ക്ക് ഇഷ്ടമെന്നു പറഞ്ഞുകേള്‍ക്കുന്നു. അവരുടെ വഴിയില്‍ ഒരു തടസ്സമായി മാറാന്‍ ഞാനില്ല.”

കാളിക്കുട്ടി മനസ്സുകൊണ്ടു തീരുമാനിച്ചു. ആരോടും പരാതി പറഞ്ഞില്ല. വയല്‍വാരം വീട്ടിലെ ഒരംഗത്തെപ്പോലെ അവിടെ കഴിഞ്ഞു.
കാളിക്കുട്ടിയുടെ ജീവിതത്തെപ്പറ്റി സ്വന്തം വീട്ടുകാര്‍ കേട്ട കഥകളൊന്നും നല്ലതായിരുന്നില്ല. ഭര്‍ത്താവായ നാണു വീട്ടില്‍ വരാറേയില്ല. വന്നാല്‍ത്തന്നെ കാളിക്കുട്ടിയുമായി സംസാരിക്കാറില്ല. എവിടെയൊക്കെയോ ചുറ്റിത്തിരിഞ്ഞു നടക്കുകയാണ്. ഒരു വേലയും കൂലിയുമില്ലാത്ത ഭര്‍ത്താവ് എങ്ങനെ ഭാര്യയെ സംരക്ഷിക്കും?”
ചിറയിന്‍കീഴ് ശാര്‍ക്കരക്ഷേത്രത്തിലെ ഉത്സവകാലമായി. കാളിക്കുട്ടിയുടെ വീട്ടുകാര്‍ വന്നു ഉത്സവം കാണാനെന്നു പറഞ്ഞു മകളെ കൂട്ടിക്കൊണ്ടിപോയി. പിന്നെ മടക്കി അയച്ചില്ല.
ഭര്‍ത്താവ് ദേശാടനത്തിലും ഭാര്യ സ്വന്തം വീട്ടിലും. പരസ്പരബന്ധമില്ലാതെ ജീവിച്ചു. കാര്യം ഇങ്ങനെ തുടര്‍ന്നാല്‍ പറ്റില്ല. പലരും പരിഹാരമാര്‍ഗ്ഗം തേടി. നാണു കാളിക്കുട്ടിയുടെ വീട്ടില്‍ പോകണം എന്ന് അച്ഛനും അമ്മാവനും പറഞ്ഞു. അനുസരിക്കാതിരിക്കാന്‍ പറ്റില്ല. പോകാന്‍ തീരുമാനിച്ചു.
സന്ന്യാസി മനസ്സുള്ള യുവാവായ നാണു ഭാര്യയുടെ വീട്ടില്‍ വരുന്നുണ്ടെന്ന കാര്യം ആ വീട്ടുകാരും അറിഞ്ഞു. സന്തോഷം തന്നെ എല്ലായിടത്തും. കാളിക്കുട്ടിയുടെ ഭര്‍ത്താവിനെ കാണുവാന്‍ ചില ബന്ധുക്കളും വന്നു. ഒപ്പം സ്‌നേഹിതനായി വാത്തിയും കൂടെയുണ്ട്. നാണു വന്നു. എല്ലാവരും സന്തോഷത്തോടെ സ്വീകരിച്ചു. അകത്തേക്ക് കൊണ്ടുപോയി.
എല്ലാവര്‍ക്കും സന്തോഷമായി. വാത്തിക്ക് അതിലേറെ സന്തോഷം തോന്നി. മാടനാശാനോടും കൃഷ്ണന്‍ വൈദ്യരോടും കുട്ടിയമ്മയോ ടും ധൈര്യമായി ചെന്നു പറയാമല്ലോ. നാണു ആശാന്‍ ഭാര്യാഗൃഹത്തില്‍ ഒരു രാത്രി കഴിഞ്ഞുവെന്ന്.
കാളിക്കുട്ടി അകത്തു കാത്തിരിക്കുകയായിരുന്നു. നാണു ആശാനെ ആരോ ആ മുറിയുടെ മുന്നിലെത്തിച്ചു. പിന്‍തിരിഞ്ഞു നടന്നു. ഭാര്യയും ഭര്‍ത്താവും കഴിയുന്നേടത്ത് മറ്റുള്ളവരെന്തിന്? എല്ലാവരും പുറത്തുപോയി.
അകത്ത് കട്ടിലില്‍ കാളിക്കുട്ടി ഇരിക്കുന്നതു കണ്ടു. വാതിലിനപ്പുറത്ത് നാണു ആശാന്‍ നിന്നു. അടുത്തുചെന്നു വിളിക്കാത്തതുകൊണ്ടാണ് അകത്തു കയറാത്തതെന്നു കരുതി കാളിക്കുട്ടി എഴുന്നേറ്റ് നാണത്തോടെ നടന്നു വാതിലിന്നടുത്തു നിന്നു.
ദയാപൂര്‍വ്വം ഒരു നോട്ടത്തോടെ കാളിക്കുട്ടിയോട് പറഞ്ഞു.
”നമുക്ക് ഓരോരുത്തര്‍ക്കും ഓരോരോ പ്രത്യേക കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ഞാന്‍ എന്റെ കാര്യം നോക്കട്ടെ. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കുക.”
ആ കരുണാമയമായ കടാക്ഷത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ടെന്നു കാളിക്കുട്ടിക്ക് തോന്നി. എന്തെങ്കിലും പറയുന്നതിനു മുമ്പെ തലതാ ഴ്ത്തി തിരിച്ചുനടന്നു പുറത്തിറങ്ങി. എന്തു പറയണമെന്നോ ചെയ്യണമെന്നോ അറിയാതെ കാളിക്കുട്ടി നിന്നു.
ബന്ധുക്കള്‍ പുറത്തിരുന്നു വാത്തിയുമായി സംസാരിക്കുകയാണ്. സല്‍ക്കാരത്തിന്റെ ഭാഗമായി കുറേ പഴവും മറ്റും കൊണ്ടുവെച്ചിട്ടുണ്ട്. അതില്‍നിന്നും ഒന്നു രണ്ടെണ്ണമെടുത്ത് വാത്തിക്കു കൊടുത്തു. താനും തിന്നു. പുറത്തേക്ക് നടന്നു. പെട്ടെന്നു നിന്നു എല്ലാവരോടുമായി പറഞ്ഞു.
”ലോകത്തില്‍ ഓരോരുത്തരും ഓരോ കാര്യസാധ്യത്തിനായി ജനിക്കുന്നവരാണ്. എനിക്കും നിങ്ങള്‍ക്കും ഓരോ പ്രത്യേക കാര്യം സാധിക്കേണ്ടതായി ഉണ്ടായിരിക്കും. എനിക്ക് ചെയ്യേണ്ട കാര്യങ്ങള്‍ക്ക് ഞാന്‍ ഏകനായിരിക്കണം.”
ഇത്രയും പറഞ്ഞ് ഇറങ്ങിനടന്നു.
ആരൊക്കെയോ എന്തൊക്കെയോ പറയുന്നുണ്ട്. ഒന്നും കേള്‍ക്കാന്‍ നിന്നില്ല.
ത്യാഗത്തിന്റെ വേദന മനസ്സിലുണ്ട്. എന്നാല്‍ ബുദ്ധി ഉപദേശിക്കുന്ന വഴിക്കാണ് കാലുകള്‍ നീങ്ങുന്നത്.
നാണു ആശാന്റെ ലോകത്തെപ്പറ്റി അവിടെ കൂടിയിരുന്നവര്‍ക്ക് ഒന്നും അറിയില്ല. അതുകൊണ്ട് അവര്‍ സാധാരണകാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു.

Author

48 Views
Scroll to top
Close
Browse Categories