മീനച്ചില്‍-കടുത്തുരുത്തി യൂണിയന്‍ ശാഖാ നേതൃത്വസംഗമം

ഈഴവർ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെ സ്വാദ്
അനുഭവിക്കാന്‍ കഴിയാത്ത ഹതഭാഗ്യർ

രാമപുരം മൈക്കിള്‍ പ്ലാസാ ഓഡിറ്റോറിയത്തില്‍ നടന്ന എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍-കടുത്തുരുത്തി യൂണിയന്‍ ശാഖാ നേതൃത്വസംഗമത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അദ്ധ്യക്ഷപ്രസംഗം നടത്തുന്നു.

പാല: ”എന്റെ ഒരുതുള്ളി രക്തമുള്ളിടത്തോളം കാലം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുടെ കസേരയോട് ഞാന്‍ നീതി പുലര്‍ത്തും. ഈഴവ സമുദായത്തിന്റെ മുഴുവന്‍ പ്രശ്‌നപരിഹാരങ്ങള്‍ക്കും വേണ്ടി താന്‍ ശബ്ദം ഉയര്‍ത്തിക്കൊണ്ടേയിരിക്കും ” രാമപുരം മൈക്കിള്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളുടെ കൈയടിയെ അകമ്പടിയാക്കി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. രാജ്യം എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യ വാര്‍ഷികദിനം ആഘോഷിക്കുമ്പോഴും യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെ സ്വാദ് അനുഭവിക്കാന്‍ കഴിയാത്ത ഹതഭാഗ്യരാണ് ഈഴവ സമുദായം. സംഘടിച്ച് ശക്തരായി മുന്നോട്ട് പോകാനുള്ള ഉള്‍ക്കരുത്ത് ഓരോ ഈഴവ ഹൃദങ്ങളിലും ഉണ്ടാകണം. സമുദായം ഉണര്‍ന്ന് പ്രവര്‍ത്തിച്ച് മുന്നോട്ട് പോകണം. നിലപാടുകളില്‍ ഉറച്ചു നില്‍ക്കണം. സത്യവും നീതിയും പുറത്തു പറയേണ്ട ചില ചാനലുകാര്‍ സാമാന്യ മര്യാദ കാണിക്കുന്നില്ല. ഇത്തരം ആള്‍ക്കാര്‍ വിചാരിച്ചാല്‍ ഒരു ചുക്കും നടക്കില്ല.
മീനച്ചില്‍-കടത്തുരുത്തി യൂണിയന്‍ ശാഖാ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുരിശുള്ള പള്ളിക്കാണെങ്കില്‍ ഏഴടി വഴി, കുരിശില്ലാത്ത പള്ളിക്ക് നടപ്പാത മാത്രം! .എം.പി., എം.എല്‍.എ. ഫണ്ടുകള്‍ നല്‍കുന്നതിലെ വിവേചനത്തെക്കുറിച്ച് പരിഹാസ രൂപേണ യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു. കുരിശുള്ള പള്ളിയിലേക്ക് ഫണ്ട് ചോദിച്ചാല്‍ ഏഴടി വഴിയ്ക്ക് ആവശ്യമായ ഫണ്ട് എം.പി.യോ എം.എല്‍.എ.യോ ഉടനടി നല്‍കും. എന്നാല്‍ ഞാനുമൊരു പള്ളിയാണ്, കുരിശില്ലാത്ത വെള്ളാപ്പള്ളി, നമ്മളാണ് ഫണ്ട് ചോദിക്കുന്നതെങ്കില്‍ നടപ്പാതയ്ക്ക് മാത്രമുള്ള കേവലം തുച്ഛമായ ഫണ്ടേ നല്‍കു. അധികാര പങ്കാളിത്തം നമുക്ക് കിട്ടാത്തതിന്റെ കുഴപ്പമാണിത്. എം.എല്‍.എ, എം.പി. ഫണ്ടൊക്കെ അവരുടെ തറവാട്ടു വീട്ടില്‍ നിന്ന് വിഹിതം കിട്ടിയ പൈസയല്ല. നമ്മള്‍ നികുതി അടയ്ക്കുന്ന രാജ്യത്തിന്റെ കാശാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യം നശിക്കുകയും മതശക്തികളാല്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന സംസ്ഥാനമായി കേരളം മാറി. മലപ്പുറത്തെ ഈഴവ സമുദായത്തിന്റെ ദുഃഖമാണ് അവിടെ ചെന്ന് പറഞ്ഞത്. അതോടെ താന്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ് തന്റെ കോലം കത്തിച്ചുവെന്ന് പറഞ്ഞാല്‍ ഈഴവനെ കത്തിച്ചുവെന്നാണര്‍ത്ഥം. ശാഖാ നേതൃസംഗമങ്ങള്‍ നടക്കുന്നിടത്തെല്ലാം സമുദായ പ്രവര്‍ത്തകര്‍ കൂട്ടമായി എത്തുകയാണ്.

ഇടതും വലതും മാറിമാറി ഭരിച്ചപ്പോള്‍ സമുദായത്തിന് കിട്ടിയത്, ഗോവിന്ദ! പ്രകടനത്തിന് പോകാനും വോട്ടുകുത്താനും ഈഴവര്‍ വേണം. പക്ഷേ ഭരണത്തിലേറുമ്പോള്‍ പുറമ്പോക്കിലാണ് സമുദായത്തിന്റെ സ്ഥാനം .മതേതരത്വം പറയുന്ന ഈഴവര്‍ കുഴിയാന പോലെ പിന്നാക്കം പോകുമ്പോള്‍ മതം പറയുന്നവര്‍ കരിമ്പന പോലെ വളരുകയാണ്. വോട്ട് വേണ്ടവര്‍ സാമൂഹ്യസത്യം പറയില്ല. എനിക്ക് വോട്ട് വേണ്ട അതുകൊണ്ട് ഞാന്‍ സത്യമേ പറയൂ. ഇവിടെ സാമൂഹ്യനീതി നടപ്പാക്കിയേ തീരുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം വൈസ്പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടിസന്തോഷ്‌സംഘടാനാ സന്ദേശം നല്‍കി.

യോഗം കൗണ്‍സിലര്‍മാരായ എബിന്‍അമ്പാടിയില്‍, പച്ചയില്‍ സന്ദീപ്, മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍, കടുത്തുരുത്തി യൂണിയന്‍ പ്രസിഡന്റ് എ.ഡി. പ്രസാദ് ആരിശേരില്‍, മീനച്ചില്‍ യൂണിയന്‍ വൈസ്‌ചെയര്‍മാന്‍ സജീവ് വയല, കടുത്തുരുത്തി യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.എസ്. കിഷോര്‍കുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. യോഗം കൗണ്‍സിലറും, കടുത്തുരുത്തി യൂണിയന്‍ സെക്രട്ടറിയുമായ സി.എം. ബാബു സ്വാഗതവും മീനച്ചില്‍ യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് നന്ദിയും പറഞ്ഞു.

Author

107 Views
Scroll to top
Close
Browse Categories