ബുദ്ധം ബുദ്ധം ശരണംഗച്ഛാമി

നമ്മുടെ മുമ്പില്‍ ഒരാള്‍ വന്ന്, വളരെ ദേഷ്യത്തോടും വെറുപ്പോടും കൂടി സംസാരിക്കുമ്പോള്‍ നമുക്കയാളോടും വെറുപ്പും ദേഷ്യവും തോന്നും.സങ്കടം വരും. എന്തിനാണ് ഈ മനുഷ്യന്‍ ബഹളം വയ്ക്കുന്നത്. സമാധാനമായി ഇരുന്നുകൂടെ എന്നു നമ്മളും അകമേയെങ്കിലും കരുതും.
ഒരാളും ദേഷ്യപ്പെടാനോ വെറുക്കാനോ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ചെയ്യുന്നതിനു പിന്നില്‍ നമുക്കറിയാനാവാത്ത ഒരു കാരണം ഉണ്ടായിരിക്കുമെന്നും പിടിവിട്ടുപോയ ഏതൊക്കെയോ അനുഭവങ്ങളിലൂടെ കടന്നു വന്നിട്ടായിരിക്കും ആ ഒരാള്‍ നിന്നു വിറക്കുന്നതെന്നും നാമറിയുമ്പോള്‍, ആ ആളോട് നമുക്ക് തോന്നിയ വെറുപ്പും വിദ്വേഷവും അകന്നുപോകും. അവിടെ കരുണയും കരുതലും ഉടലെടുക്കും. അപ്പോള്‍ കരുണയോടും കരുതലോടും കൂടി നാം ആ ആളെ നോക്കുന്ന ഒരു നിമിഷമുണ്ട്; അതിന് പറയുന്ന പേരാണ് ‘ബുദ്ധം’.

അത് മരച്ചുവട്ടിലിരുന്ന് ധ്യാനിച്ചാല്‍ ഉണ്ടാകണമെന്നില്ല. ഓരോ സന്ദര്‍ഭങ്ങളോടും പെട്ടെന്ന് നമുക്കുണ്ടാകുന്ന പ്രതികരണങ്ങളില്‍ നാം സംയമികളാകുമ്പോള്‍, നമ്മള്‍ മനസ്സിലാക്കിയ കാര്യങ്ങളില്‍ മാത്രമല്ല സത്യമെന്നറിഞ്ഞ് കുറച്ചു സമയം കൂടി വിട്ടുകൊടുക്കാന്‍ തയ്യാറാകുമ്പോള്‍, ധൃതിയില്ലാതെ സാവകാശത്തോടെ അപ്പുറത്തുള്ള ആളെ കേള്‍ക്കാനും മനസ്സിലാക്കാനുമുള്ള ശ്രദ്ധ ഉള്ളിലുണര്‍ന്നു വരുമ്പോള്‍ നമ്മില്‍ നിറയുന്ന ഹൃദ്യമായ സമാധാനമുണ്ട്. ആ സമാധാനത്തിന് പറയുന്ന പേരാണ് ‘ബുദ്ധം’. ബുദ്ധന്‍ പറഞ്ഞ അവബോധം.
മുന്‍വിധിയില്ലാതെ ജീവിതാനുഭവങ്ങളെ തുറന്ന ഹൃദയത്തോടെ കാണാന്‍ മനസ്സുണ്ടാകുമ്പോള്‍ സങ്കുചിതമായ ധാരണകളില്‍ നിന്നും മുക്തി പ്രാപിക്കും. പ്രാപഞ്ചികമായ ധാരണയുമായി പാരസ്പര്യപ്പെട്ടിരിക്കുന്ന ആ നിമിഷത്തില്‍ നാം അനുഭവിക്കുന്നതാണ് ബുദ്ധാവബോധം.ആ ബുദ്ധനെയാണ് നാം ശരണം പ്രാപിക്കേണ്ടത്. ആ ബുദ്ധനെയാണ് നമ്മുടെ പ്രാണനോട് ചേര്‍ത്തുവെച്ച് കഴിയുന്നത്ര കൊണ്ടുനടക്കേണ്ടത്.

പക്ഷേ, നമുക്കങ്ങനെയൊരു അവബോധത്തില്‍ നിറഞ്ഞിരിക്കാന്‍ കഴിയുമോ? ഇല്ല. വല്ലപ്പോഴുമേ നമുക്കതിന് കഴിയൂ. അത്രമാത്രം ജൈവികവും സാമൂഹികമായ മുൻവിധികള്‍ കൊണ്ട് മാറാല പിടിച്ചാണ് നാമിരിക്കുന്നത്. മനുഷ്യനെക്കുറിച്ചു മാത്രം ചിന്തിക്കുന്ന മനുഷ്യബോധത്തില്‍ നിന്ന് മുക്തികിട്ടാന്‍ തന്നെ നമ്മള്‍ ഒരുപാട് കഷ്ടപ്പെടേണ്ടതുണ്ട്. നമുക്കെപ്പോഴും മനുഷ്യനാണ് പ്രധാനം. മറ്റു ജീവികളും ഈ പ്രകൃതിയും നമ്മുടെ ചിന്തയ്ക്ക് വിഷയമല്ല. എപ്പോഴാണോ മനുഷ്യനൊപ്പം മറ്റു ജീവജാലങ്ങളെയും പ്രകൃതിയേയും പ്രപഞ്ചത്തെയും വിഷയമായി കാണാന്‍ കഴിയുന്നത്, ആ സമയത്ത് നമ്മുടെ ബോധത്തില്‍ നിന്നും അഴിഞ്ഞുവീഴുന്ന ചില കെട്ടുകളുണ്ട്. ആ അഴിഞ്ഞു വീഴലിലാണ് ഈ പറയുന്ന അവബോധത്തിലേക്ക് നാം കുറച്ചെങ്കിലും തെളിഞ്ഞു വരിക.

വലിയൊരു ദുരിതകാലത്തിലൂടെയാണ് ലോകം കടന്നു വന്നത്. കൊറോണയെന്ന മാരകമായ ഒരു വിഷമസന്ധിയില്‍ നിന്നും ഏറെ മുന്നോട്ടു വന്നിരിക്കുന്നു. പക്ഷേ, ഒരു കാര്യം അപ്പോഴും മനസ്സിലാക്കേണ്ടതുണ്ട്. ഇത് നാം മനുഷ്യര്‍ മാത്രം അനുഭവിക്കുന്ന സങ്കടമാണ്. ഇന്ത്യയില്‍ ജീവിക്കുന്ന ഒരാള്‍ക്ക് ലോകത്തിന്റെ വേറെ എവിടെയും പ്രശ്നമുണ്ടായാല്‍ കുഴപ്പമില്ല. കടലിൽ ഒരു കാറ്റ് രൂപം കൊണ്ട് തിരമാലയായി അടിച്ചു തിമിര്‍ത്ത് വരുമ്പോള്‍ അത് കേരളത്തെ ബാധിക്കില്ല എന്നു പറയുമ്പോള്‍ കേരളത്തിലുള്ളവര്‍ക്ക് സമാധാനമാണ്. ഈ കാറ്റ് ബംഗാളിലേക്ക് പോയി എന്ന് പറഞ്ഞാല്‍ ഒരാശ്വാസമാണ്. ഇനി ഇന്ത്യയിലുണ്ടാകുമ്പോള്‍ മാത്രമേ നമ്മെ ബാധിക്കൂ. ഇവിടെ മരണം കുറഞ്ഞാല്‍ നമുക്ക് ആശ്വാസം. മറ്റൊരിടത്ത് എത്രയാളുകള്‍ മരിച്ചാലും കുഴപ്പമില്ല.
എന്റെ വീട്ടില്‍ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കുകയും അയല്‍വക്കങ്ങളില്‍ പ്രശ്നം ഉണ്ടാകുകയും ചെയ്യുമ്പോള്‍ അത് എന്നെ ഒരു തരത്തിലും ബാധിക്കാതിരിക്കുന്നുണ്ടെങ്കില്‍ എനിക്കൊരു പ്രശ്‌നം വരുമ്പോള്‍ അതെന്നെ ആഴത്തില്‍ ബാധിക്കുമെന്ന് സ്വയം അറിയേണ്ടതുണ്ട്.

ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ പ്രശ്‌നവും എന്റേതാണെന്ന് അറിയുന്ന ചില മനുഷ്യരും ഇവിടെയുണ്ട്. അവര്‍ മനുഷ്യനെ പ്രതി മാത്രം ദുഃഖിക്കില്ല, മനുഷ്യനെ പ്രതി മാത്രം സന്തോഷിക്കുകയുമില്ല. അവബോധം എന്നു പറയുന്നത് കേവലം മനുഷ്യവര്‍ഗ്ഗം മാത്രമല്ല മുഴുവന്‍ ജീവജാലങ്ങളുമാണെന്ന് അവര്‍ക്കറിയാം. ഈ പ്രപഞ്ചത്തില്‍ മനുഷ്യവര്‍ഗ്ഗം ഇല്ലാതിരുന്നെങ്കില്‍ പ്രപഞ്ചത്തിന് ഒന്നും സംഭവിക്കില്ല. ഇനി ഇവിടെ നിന്ന് മനുഷ്യവര്‍ഗ്ഗം പൂര്‍ണ്ണമായും ഇല്ലാതായി പോയാലും പ്രപഞ്ചത്തിന് ഒന്നും സംഭവിക്കില്ല. അത് തുടരുകതന്നെ ചെയ്യും. ആ അറിവില്‍ ഇരുന്നുകൊണ്ടു വേണം നമ്മള്‍ നമ്മുടെ ചെറിയ മുറിവുകളെ കാണാന്‍.

ഒരു പ്രശ്നം ജീവിതത്തില്‍ ഉണ്ടാവുമ്പോള്‍ ഈ പ്രപഞ്ചാവബോധത്തിനോട് ചേര്‍ത്തു വെക്കുമ്പോള്‍ മനുഷ്യന്റെയും കേരളീയന്റെയും പ്രശ്നത്തെപ്രതി മാത്രമാണ് നമ്മള്‍ ദുഃഖിക്കുന്നതെങ്കില്‍, ആ ദുഃഖത്തെയാണ് സാപേക്ഷികമായ ദുഃഖം എന്നു പറയുന്നത്. സാപേക്ഷികമായ, മനുഷ്യകേന്ദ്രീകൃതമായ ദുഃഖങ്ങളില്‍ നിന്ന് മുക്തി കിട്ടാന്‍ പ്രപഞ്ചകേന്ദ്രീകൃതമായ അവബോധത്തിലേക്ക് നാം വളരേണ്ടതുണ്ട്. ആത്മീയത, ധ്യാനം എന്നൊക്കെ പറയുന്നത് അതാണ്. നമ്മിലേക്ക് ചുരുങ്ങിപ്പോയ അവബോധത്തില്‍ നിന്ന് വിടുതല്‍ കിട്ടാനുള്ള ഒരു വഴി എല്ലാറ്റിലേക്കും നിറയുക എന്നുള്ളതാണ്. പ്രപഞ്ചകേന്ദ്രീകൃതമായി ഇരിക്കുക എന്നുള്ളതാണ്.
ഞാന്‍, എന്റെ അനുഭവങ്ങൾ, ദുഃഖങ്ങള്‍, ഭൂതകാലം തുടങ്ങിയ സ്മൃതികളില്‍ മാത്രം വട്ടം കറങ്ങുന്ന ബോധത്തെ അതില്‍ നിന്നു സ്വയംനിവര്‍ത്തിക്കേണ്ടതുണ്ട്. എന്റെ മാത്രം സ്മരണയിലല്ല ഞാന്‍ ജീവിക്കേണ്ടത്. എന്നെപ്പോലെതന്നെ അനേകായിരം ഭൂതകാല സ്മരണകള്‍ പേറുന്നവരാണ് ചുറ്റുമുള്ളതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ദുഃഖം നിറഞ്ഞവ മാത്രമല്ല, സുഖ-ദുഃഖ സമ്മിശ്രമായ സ്മരണകളാണ് നമുക്കുള്ളത്. ഇവിടെ ദുഃഖം മാത്രമായി ആരും ജീവിച്ചിട്ടില്ല. കുറച്ചു സമയമെങ്കിലും ഒന്നുമറിയാതെ കിടന്നുറങ്ങിയിട്ടുണ്ടെങ്കില്‍ സുഖം അനുഭവിച്ചവരാണ് നമ്മളെന്നത് മറക്കാതിരിക്കേണ്ടതുണ്ട്.

ദുഃഖത്തെ മാത്രം ആവര്‍ത്തിച്ചു പറഞ്ഞ്, അതില്‍ അഭിരമിച്ച്, സ്വയംഇരുട്ടിലേക്ക് വീണുപോകുന്നു എന്നുള്ളതാണ് നാം അനുഭവിക്കുന്ന ഏറ്റവും അപകടകരമായ അവസ്ഥ. സുഖദുഃഖ സമ്മിശ്രമായ അനുഭവങ്ങളിലൂടെയാണ് കടന്നുവന്നിട്ടുള്ളതെന്ന് എപ്പോഴാണോ നമുക്ക് പറയാന്‍ കഴിഞ്ഞിട്ടുള്ളത് അപ്പോഴാണ് ബുദ്ധം എന്ന അവബോധത്തിലേക്ക് ആദ്യത്തെ പടി എടുത്തു വെക്കുന്നവരാകുക. ബുദ്ധം എന്നു പറയുന്ന കരുവിലേക്ക്, ശ്രദ്ധയിലേക്ക് ശ്രദ്ധാന്വിതമാകണമെങ്കില്‍ നാം ഓരോരുത്തരും ചെയ്യേണ്ടത് നമ്മെക്കുറിച്ചും പൂര്‍വകാലാനുഭവങ്ങളിലെ ദുഃഖത്തെക്കുറിച്ചും മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്ന ഇടുങ്ങിയ ബോധത്തില്‍ നിന്നും മുക്തരാകുക എന്നുള്ളതാണ്.
നിലാവ് കണ്ടും നക്ഷത്രങ്ങളെ നോക്കിയും കൂട്ടുകാരുമായി കളിച്ചും അച്ഛനമ്മമാരുടെ വാത്സല്യം അനുഭവിച്ചും അമ്മയുടെ മാറോട് ഒട്ടിച്ചേര്‍ന്ന് അമ്മിഞ്ഞ കുടിച്ചും ശാന്തമായി കിടന്നുറങ്ങിയും സ്വപ്‌നങ്ങള്‍ കണ്ടും കടന്നുവന്നവരാണ് നമ്മള്‍. അതിന്റെ കൂടെ പലതരത്തിലുള്ള ദുഃഖങ്ങള്‍ കൂടി ഏറ്റുവാങ്ങിയിട്ടുണ്ട്. അതുകൊണ്ട് സുഖദുഃഖ സമ്മിശ്രമായ ഒരു ഭൂതകാലമാണ് നമുക്കുള്ളതെന്നറിഞ്ഞുകൊണ്ട് ഭൂതകാലസ്മരണകളെ പുതുക്കിപ്പണിയാന്‍ തയ്യാറാകുകയാണെങ്കില്‍ ബുദ്ധം എന്ന അവബോധത്തിലേക്ക് മെല്ലെ നടന്നുതുടങ്ങാന്‍ പറ്റും.

ചരിത്രം പറയുമ്പോള്‍ സമരങ്ങളുടെയും ദുഃഖങ്ങളുടെയും മാത്രം കഥ പറയാതെ, സഹകരണങ്ങളുടെയും വെളിച്ചത്തിന്റെയും കഥകള്‍ കൂടി ഉറക്കെ പറഞ്ഞു തുടങ്ങണം. വ്യക്തിജീവിതം പോലെ സാമൂഹിക ചരിത്രവും പ്രാപഞ്ചിക ചരിത്രവും സ്വയം പറഞ്ഞു തുടങ്ങണം. ഇരുട്ട് എത്രത്തോളം യാഥാര്‍ത്ഥ്യമായിരുന്നുവോ വെളിച്ചവും അതുപോലെ യാഥാര്‍ത്ഥ്യമായിരുന്നുവെന്ന് മനസ്സിലാക്കി നാം ഒന്നുണര്‍ന്നെഴുന്നേല്‍ക്കണം. ബുദ്ധത്വത്തിലേക്കുള്ള ആദ്യത്തെ പടിയാണത്.

അറിവിലുമേറിയറിഞ്ഞിടുന്നവന്ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
ത്തെരുതെരെ വീണുവണങ്ങിയോതിടേണം

എന്ന് ഗുരു ആത്മോപദേശശതകത്തിന്റെ തുടക്കത്തില്‍ പറയുന്നതുപോലെ തന്നെയാണ് ബുദ്ധനും ദര്‍ശനം തുടങ്ങുന്നത്. ഒരു പാട്ടു കേള്‍ക്കുമ്പോള്‍, ഹൃദ്യമായ വാക്കുകള്‍ കേള്‍ക്കുമ്പോള്‍, ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്ന കാഴ്ചകള്‍ക്ക് മുമ്പില്‍ നില്ക്കുമ്പോള്‍ നമ്മളോടുതന്നെ സ്നേഹം തോന്നിയിട്ടുള്ള എത്രയോ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതിന് കുറച്ചുകൂടി പ്രാധാന്യം കൊടുത്ത്, അതിലേക്ക് കൂടുതല്‍ ആഴ്ന്നിരിക്കാന്‍ സാധിച്ചാല്‍ ജീവിതത്തില്‍ വന്നു ഭവിക്കുന്ന പ്രതിസന്ധികളെയും പ്രയാസങ്ങളെയും ദുഃഖങ്ങളെയും കുറച്ചു കൂടി അയവുള്ളതാക്കാനും അഭിമുഖീകരിച്ചു കടന്നുപോകാനും നമുക്ക് കഴിയും.
ശ്രദ്ധയോടെ അങ്ങനെ ഇരിക്കാനും ബുദ്ധത്വത്തിലേക്ക് എത്തിച്ചേരാനും തനിയെ സാദ്ധ്യവുമല്ല. ഇന്നു മുതല്‍ ഉദാത്തമായ സ്മരണയിലേക്ക് നിറഞ്ഞിരിക്കട്ടെ എന്നു പറഞ്ഞാല്‍ അത് നമ്മെകൊണ്ടു ചെയ്യാനാകില്ല. ശരീരത്തിലും ബുദ്ധിയിലും മനസ്സിലും ഒരു പുതുക്കിപ്പണിയല്‍ നാം നടത്തേണ്ടതുണ്ട്.
ബുദ്ധം എന്ന അവസ്ഥ നാളെ സാക്ഷാത്കരിക്കേണ്ടതോ ഇപ്പോള്‍ ഇല്ലാത്തതോ ആയ അവസ്ഥയല്ല. എപ്പോഴും ദുഃഖത്തിലൂടെയും പ്രതിസന്ധിയിലൂടെയും മാത്രം കടന്നുവന്നവരാണെന്ന തെറ്റിദ്ധാരണയാലാണ് ഈ ഉണര്‍വിനെ നാളെ പ്രാപിക്കേണ്ടതാണെന്ന് നാം ധരിച്ചിരിക്കുന്നത്. അതീവ ശാന്തവും സ്വസ്ഥവുമായ അവസ്ഥയെ അനുഭവിച്ച് ഇങ്ങനെ ഇരുന്നാല്‍ മതി എന്നു പറഞ്ഞ എത്രയോ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരാണ് നാം. ‘സാക്ഷാല്‍ അനുഭവശാലികളാം ഓര്‍ക്കിലാരും’ എന്ന് നാരായണഗുരു പറയുന്നത് എത്ര സത്യമാണ്.

Author

73 Views
Scroll to top
Close
Browse Categories