ഈഴവർ രാഷ്‌ട്രീയ കുതന്ത്രങ്ങളിൽ വീണു പോകരുത്
കൊടുങ്ങല്ലൂര്‍: രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും പേരില്‍ ആനുകൂല്യം പങ്കുവയ്ക്കുമ്പോള്‍, ഈഴവരെ മതേതരത്വത്തിന്റെ മൊത്തവിതരണക്കാരാക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.പുരത്ത് കൊടുങ്ങല്ലൂര്‍ യൂണിയന്‍ മെറിറ്റ്‌ഡേ 24ഉം ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍. സമ്പത്തും അധികാരവും തുല്യമായി പങ്കുവയ്ക്കാതിരിക്കുമ്പോഴും അര്‍ഹതപ്പെട്ട അവകാശം ചോദിക്കുമ്പോഴും ഗുരുവചനം ഓര്‍മ്മിപ്പിച്ച് മൗനം പാലിക്കാന്‍ പഠിപ്പിക്കുന്നത് ഗുരുവിനോടുള്ള സ്‌നേഹം കൊണ്ടല്ല. ഇതൊരു തരം രാഷ്ട്രീയ കുതന്ത്രമാണ്.
ഇത്തരം തന്ത്രങ്ങളില്‍ ഇനിയാരും വീണുപോകരുത്. പ്രത്യേകിച്ച് വരുംതലമുറ. ഭരണസംവിധാനം കൈകാര്യം ചെയ്യാന്‍ ഈഴവര്‍ പോഴന്മാരാണ് എന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിരീക്ഷണം ഈഴവരെ എന്നും വോട്ടുകുത്തികളാക്കി. കാലം മാറുന്നത് പോലെ നമ്മുടെ ചിന്താഗതികളും മാറണമെന്നും അദ്ദേഹം പറഞ്ഞു. അമരിപ്പാടം ഗുരുനാരായണാശ്രമം മഠാധിപതി സ്വാമി ബ്രഹ്മസ്വരൂപാനന്ദ ഭദ്രദീപം തെളിച്ചു. എ.കെ. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
യോഗം കൗണ്‍സിലറും യൂണിയന്‍ കണ്‍വീനറുമായ പി.കെ. പ്രസന്നന്‍ ആമുഖപ്രസംഗം നടത്തി. യോഗം കൗണ്‍സിലറും യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗവുമായ ബേബിറാം എന്‍ഡോവ്‌മെന്റ് സമര്‍പ്പിച്ച് മുഖ്യപ്രഭാഷണവും നടത്തി. യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ ഡില്‍ഷന്‍ കൊട്ടേക്കാട്ട്, കെ.ഡി. വിക്രമാദിത്യന്‍, എം.കെ. തിലകന്‍, ദിനില്‍മാധവ്, പോഷകസംഘടനാ നേതാക്കളായ ജോളി ഡില്‍ഷന്‍, ഗീതസത്യന്‍, ഷിയ വിക്രമാദിത്യന്‍, കെ.എസ്. ശിവറാം, എന്‍.ഇ. സദാനന്ദന്‍ശാന്തി, പി.എന്‍.ബാബുശാന്തി, കൊടുങ്ങല്ലൂര്‍ ഡിവൈഎഎസ്.പി വി.കെ.രാജു എന്നിവര്‍ പ്രസംഗിച്ചു. സംഗീത സംവിധായകന്‍ സോപാനം ഉണ്ണിക്കൃഷ്ണന്‍ ചിട്ടപ്പെടുത്തിയ അവതരണ ഗാനം, വനിതാസംഘം കൊടുങ്ങല്ലൂര്‍ യൂണിയന്‍ അവതരിപ്പിച്ചു. വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി വി.കെ. രാജുവിന് വെള്ളാപ്പള്ളി നടേശന്‍ പുരസ്‌കാരം സമ്മാനിച്ചു.
സ്ഥാപക പ്രസിഡന്റ് ചള്ളിയില്‍ കൃഷ്ണന്‍ സ്മാരക അവാര്‍ഡ്. സ്‌കോളര്‍ഷിപ്പ്, പ്ലസ്ടു, എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയവര്‍ക്കും വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയവര്‍ക്കും നല്‍കി.