വനിതാ സംഘവും യൂത്ത്മൂവ്‌മെന്റും യോഗത്തിന്റെ ചിറകുകള്‍
മാന്നാര്‍: വനിതാസംഘവും യൂത്ത്മൂവ്‌മെന്റും എസ്.എന്‍.ഡി.പി യോഗത്തിന്റെ ചിറകുകളാണെന്നും യോഗത്തിന് കരുത്ത് പകരുന്നത് അവരുടെ പ്രവര്‍ത്തനങ്ങളാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മാന്നാര്‍ യൂണിയന്റെ ആസ്ഥാനമന്ദിരം നിര്‍മ്മാണഫണ്ടിലേക്ക് യൂണിയന്‍ വനിതാസംഘം ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ഭാഗ്യശ്രീ സമ്മാനപദ്ധതിയിലൂടെ സമാഹരിച്ച 27 ലക്ഷം രൂപ കൈമാറുന്ന ചടങ്ങിന്റെ ഉദ്ഘാടനവും തുക ഏറ്റുവാങ്ങലും നിര്‍വഹിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍. നന്നാവണമെങ്കില്‍ നാം ഒന്നാകണമെന്നും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും അതിന്റെ ഉദാഹരണമാണ് മാന്നാര്‍ യൂണിയന്റെ ഇപ്പോഴത്തെ ഉയര്‍ച്ചക്ക് നിദാനമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരുടെ പ്രസ്ഥാനമാണ് എസ്.എന്‍.ഡി.പി യോഗമെന്നും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാന്‍ ശാഖകളും യൂണിയനും ശ്രമിക്കണമെന്നും എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതിനടേശന്‍ പറഞ്ഞു. മാന്നാര്‍ യൂണിയന്റെ ആസ്ഥാനമന്ദിരം നിര്‍മ്മാണ ഫണ്ടിലേക്ക് യൂണിയന്‍ വനിതാസംഘം ആവിഷ്‌കരിച്ച് നടപ്പാക്കിയ ഭാഗ്യശ്രീ സമ്മാനപദ്ധതിയിലൂടെ സമാഹരിച്ച 27 ലക്ഷം രൂപ കൈമാറുന്ന ചടങ്ങിന്റെ ഭദ്രദീപ പ്രകാശനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രീതിനടേശന്‍. ഏറെ പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോഴും സ്വന്തമായി ആസ്ഥാന മന്ദിരമെന്ന സ്വപ്‌ന സാക്ഷാത്കാരത്തിന് കരുതലോടെ പ്രവര്‍ത്തിച്ച മാന്നാര്‍ യൂണിയനെയും യൂണിയന്‍ വനിതാസംഘത്തെയും പ്രീതിനടേശന്‍ അഭിനന്ദിച്ചു.
കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി ഭവനത്തില്‍ നടന്ന ചടങ്ങില്‍മാന്നാര്‍ യൂണിയന്‍ ചെയര്‍മാന്‍ കെ.എം. ഹരിലാല്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ വനിതാസംഘം ചെയര്‍പേഴ്‌സണ്‍ ശശികല രഘുനാഥ് യോഗം ജനറല്‍ സെക്രട്ടറിക്ക് തുക കൈമാറി. വെള്ളാപ്പള്ളി നടേശനില്‍ നിന്ന് മാന്നാര്‍ യൂണിയനുവേണ്ടി കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം തുക സ്വീകരിച്ചു. യൂണിയന്‍ അഡ്. കമ്മിറ്റിയംഗങ്ങളായ രാജേന്ദ്രപ്രസാദ് അമൃത, ഹരിപാലമൂട്ടില്‍, പി.ബി. സൂരജ്, രാധാകൃഷ്ണന്‍ പുല്ലാമഠത്തില്‍, അനില്‍കുമാര്‍ ടി.കെ., യൂണിയന്‍ വനിതാസംഘം ട്രഷറര്‍ പ്രവദരാജപ്പന്‍, എക്‌സി.കമ്മിറ്റി അംഗങ്ങളായ വിജയലക്ഷ്മി, സിന്ധുസുഭാഷ്, വസന്തകുമാരി, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍, കണ്‍വീനര്‍ ബിനുരാജ് വി., എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് അംഗം സുഭാഷ് ചെങ്ങന്നൂര്‍, എസ്.എന്‍. ഗൈഡ് പോയിന്റ് മാനേജിംഗ് ഡയറക്ടര്‍ കെ. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
യൂണിയന്‍ വനിതാസംഘം കണ്‍വീനറും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗവുമായ പുഷ്പശശികുമാര്‍ സ്വാഗതവും യൂണിയന്‍ വനിതാസംഘം വൈസ് ചെയര്‍പേഴ്‌സണ്‍ ബിനി സതീശന്‍ നന്ദിയും പറഞ്ഞു. മാന്നാര്‍ യൂണിയന്‍ വനിതാസംഘത്തിന്റെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി മാന്നാര്‍ യൂണിയന്‍ ജോ.കണ്‍വീനറായി ജനറല്‍ സെക്രട്ടറി നിയമിച്ച പുഷ്പാ ശശികുമാര്‍, പത്രാധിപര്‍ പുരസ്‌കാരം നേടിയ കേരള കൗമുദി മാന്നാര്‍ ലേഖകന്‍ ബഷീര്‍ പാലക്കീഴില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.