സംഘടിച്ചു ശക്തരാവണമെന്ന ഗുരുവചനം മുഴങ്ങണം
ന്യൂഡല്‍ഹി: സാമുദായിക ശക്തി സമാഹരണത്തിലൂടെ രാഷ്ട്രീയ ശക്തിയായി മാറി അധികാര പങ്കാളിത്തം ഉറപ്പാക്കിയാലേ സാമൂഹ്യനീതി ലഭിക്കൂവെന്ന് യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. യോഗം ഡല്‍ഹി യൂണിയന് സംഘടിപ്പിച്ച നേതൃത്വസംഗമ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം മാറി മാറി ഭരിച്ചവര്‍ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് അധികാര അവകാശങ്ങളില്‍ പങ്കാളിത്തം നല്കാതിരുന്നതിനാല് ഇന്നും അവര്‍ക്ക് സാമൂഹ്യനീതി ലഭിച്ചിട്ടില്ല. സമുദായം ഒറ്റക്കെട്ടായി നിന്നാല്‍ കേരള ഭരണം കൈയിലിരിക്കും. മഹാഗുരുവിന്റെ ലോകോത്തര സന്ദേശമായ സംഘടിച്ച് ശക്തരാകുക ഓരോ ഈഴവന്റെയും ഹൃദയത്തിലും പ്രവൃത്തിയിലും മുഴങ്ങണം. അതുവഴി അധികാരം കൈപ്പിടിയിലെത്തിക്കാനുള്ള പോരാട്ടത്തിന് സജ്ജരാവണം. ജാതിവിവേചനങ്ങള്‍ക്ക് അറുതി വരുത്തണമെങ്കില്‍ ജാതീയമായി സംഘടിക്കണം.
യൂണിയന് ഏര്‍പ്പെടുത്തിയ ചികിത്സാ ധനസഹായവും വിദ്യാഭ്യാസ ധനസഹായവും തുഷാര്‍ വെള്ളാപ്പള്ളി വിതരണം ചെയ്തു. ഡല്‍ഹി യൂണിയന് പ്രസിഡന്റ് പി.എസ്. അനിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണവും, പന്തളം യൂണിയന് പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളി ആമുഖപ്രഭാഷണവും നിര്‍വഹിച്ചു. അനിരുദ്ധ് കാര്ത്തികേയന്, സി.ഡി. സുനില്‍കുമാര്‍, എന്‍.കെ. അനില്‍, കെ.പി. പ്രകാശന്, ജ്യോതി ബാഹുലേയന് എന്നിവര്‍ സംസാരിച്ചു.