രാഷ്‌ട്രീയ സംഘടനകള്‍ സംഘടിത ശക്തികള്‍ക്കൊപ്പം
പറവൂര്‍: ആത്മീയതയും ഭൗതികതയും സംയോജിപ്പിച്ച് സാധാരണ ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടാനാണ് എസ്.എന്‍.ഡി.പി യോഗം രൂപീകരിച്ചതെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പറവൂര്‍ യൂണിയന്റെ ശ്രീനാരായണദര്‍ശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാര്‍ത്ഥന നടത്തുന്നതിനുളള സംഘടനയല്ല എസ്.എന്‍.ഡി.പി യോഗം; അവകാശങ്ങള്‍ക്കായി നിരവധി പോരാട്ടങ്ങള്‍ നടത്തിയ ചരിത്രമുള്ള പ്രസ്ഥാനമാണ്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മതത്തിനും ജാതിക്കും പിന്നാലെയാണ്. സംഘടിതര്‍ ആരാണോ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് എല്ലാവരും മുന്നില്‍ നില്‍ക്കുന്നത്. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് മതവും ജാതിയും നോക്കിയാണ്. ജനാധിപത്യവും മതേതരത്വവും പറയുന്ന ഭരണാധികാരികള്‍ നമ്മുടെ ന്യായമായ അവകാശങ്ങള്‍ തരാന്‍ പോലും ശ്രമിക്കുന്നില്ല.
ജാതിമത ചിന്തകള്‍ വര്‍ദ്ധിക്കുമ്പോഴാണ് കലാപങ്ങള്‍ ഉണ്ടാകുന്നത്. മലബാര്‍ ലഹള ഉണ്ടായതും ഇത്തരം സാഹചര്യത്തിലാണ്. അവിടെ നടന്ന കൊലയും കൊളളിവയ്പും മാനഭംഗങ്ങളും ഇനിയുണ്ടാകാതിരിക്കാനാണ് ഗുരു ആലുവയില്‍ സര്‍വമത സമ്മേളനം നടത്തിയത്. ഇവിടെ വച്ചാണ് ‘പലമതസാരവുമേകം’ എന്ന് ഗുരു പ്രഖ്യാപിച്ചത്.
എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കൂട്ടത്തിലുള്ളവര്‍ തന്നെയാണ്. അപ്രായോഗികമായ ന്യായങ്ങളും വാദങ്ങളുമായാണ് അവര്‍ കോടതിയെ സമീപിക്കുന്നത്. 36 ലക്ഷം അംഗങ്ങളുള്ള യോഗത്തിന് എല്ലാവരെയും പങ്കെടുപ്പിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ല. കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ യോഗം, യൂണിയന്‍ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ സാധിക്കുന്നില്ല. ഇത് സംഘടനയ്ക്ക് തളര്‍ച്ചയുണ്ടാക്കുന്നുണ്ട്. കേസുമായി പോകുന്നവരുടെ ലക്ഷ്യം എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കലാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
യൂണിയന്‍ പ്രസിഡന്റ് സി.എന്‍. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി.രാജീവ്ദർശനോത്സവ സന്ദേശം നൽകി. യോഗം ഡയറക്ടര്‍മാരായ പി.എസ്. ജയരാജ് ആമുഖപ്രസംഗവും എം.പി. ബിനു ഗുരുദേവ സന്ദേശവും നല്‍കി. യൂണിയന്‍ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി, യോഗം കൗണ്‍സിലര്‍ ഇ.എസ്. ഷീബ, നഗരസഭ പ്രതിപക്ഷനേതാവ് ടി.വി. നിഥിന്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ ഡി. പ്രസന്നകുമാര്‍, കണ്ണന്‍ കൂട്ടുകാട്, വി. എന്‍. നാഗേഷ്, കെ.ബി. സുഭാഷ്, ടി.പി. രാജേഷ്, വൈദികസംഘം പ്രസിഡന്റ് വിപിന്‍രാജ് ശാന്തി, യൂത്ത്മൂവ്‌മെന്റ് ചെയര്‍മാന്‍ അഖിന്‍ബിനു, എംപ്ലോയീസ് ഫോറം പ്രസിഡന്റ് എം.ആര്‍. സുദര്‍ശനന്‍ എന്നിവര്‍ സംസാരിച്ചു.