പൊന്നിന്‍ തിളക്കത്തില്‍ ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ്.

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തി നൂറ് മേനി വിജയം നേടിയ ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് വിജയം ആഘോഷിക്കുന്നു.

തൃപ്പൂണിത്തുറ: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറുമേനിത്തിളക്കത്തിന്റെ കുത്തക തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും കൈവിടാതെ ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. ജില്ലയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതും വിജയത്തിളക്കത്തില്‍ ഒന്നാമതെത്തിയതും ഈ സ്‌കൂള്‍ തന്നെയാണ്.
പരീക്ഷയെഴുതിയ 527 കുട്ടികളില്‍ 104 പേര്‍ മുഴുവന്‍ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 540 കുട്ടികളാണ് പരീക്ഷയെഴുതിയത്. 111 പേര്‍ക്ക് ഫുള്‍ എ പ്ലസും ലഭിച്ചു.
പാഠ്യവും പാഠ്യേതരവുമായ എല്ലാ മേഖലകളിലും വര്‍ഷങ്ങളായി മികവു പുലര്‍ത്തി വരുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ ഏറെപ്പേരും പിന്നാക്ക പ്രദേശമായ ഉദയംപേരൂരിലും പരിസരത്തുമുള്ള സാധാരണക്കാരുടെ മക്കളാണ്. വിദ്യാലയത്തിലെ മുഴുവന്‍ ജീവനക്കാരുടെയും രക്ഷിതാക്കളുടെയും പി.ടി.എ.യുടെയും മാനേജ്‌മെന്റിന്റെയും കൈമെയ് മറന്നുള്ള പ്രവര്‍ത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പ്രിന്‍സിപ്പല്‍ കെ.പി. വിനോദ് കുമാറും ഹെഡ്‌മിസ്‌ട്രസ് എം.പി. നടാഷയും പറഞ്ഞു. എറണാകുളം ജില്ലയിലെ ഇന്നോവേറ്റീവ് സ്‌കൂള്‍ പുരസ്‌കാര ജേതാക്കളാണ്. കഴിഞ്ഞ വര്‍ഷം വിരമിച്ച പ്രിന്‍സിപ്പല്‍ ഇ.ജി. ബാബുവിന്റെ നേതൃത്വത്തില്‍ ഒരു പതിറ്റാണ്ട് മുമ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സ്‌കൂളിനെ ഒന്നാം നമ്പറാക്കി വളര്‍ത്തിയത്. യോഗം കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴില്‍ ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്.

പ്ലസ് ടുവിലും മിന്നും വിജയം
കൊച്ചി: പ്ലസ് ടു പരീക്ഷയിലും ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മികച്ച നേട്ടം. പരീക്ഷയെഴുതിയ 466 വിദ്യാര്‍ത്ഥികളില്‍ 447 പേരും വിജയിച്ചു. 81 പേര്‍ ഫുള്‍ എ പ്ലസ് നേടി. വിജയശതമാനം 96. കമ്പ്യൂട്ടര്‍ സയന്‍സില്‍ പരീക്ഷ എഴുതിയ 59 പേരും വിജയിച്ചു. ഫുള്‍ എ. പ്ലസ് 15, ബയോമാത്‌സില്‍ 179ല്‍ 175 പേര്‍ ജയിച്ചു. ഫുള്‍ എ. പ്ലസ് 43 ,കൊമേഴ്‌സില്‍ 118ല്‍ 110 പേര്‍ ജയിച്ചു. ഫുള്‍ എ പ്ലസ് 9, ഹ്യുമാനിറ്റിസില്‍ 52ല്‍ 48 പേര്‍ വിജയികളായി. ഫുള്‍ എ പ്ലസ് 7, ജേണലിസം 58ല്‍ 55 പേര്‍ ജയിച്ചു. ഫുള്‍ എ പ്ലസ് 7

Author

Scroll to top
Close
Browse Categories