പ്രതിസന്ധികളെ തരണം ചെയ്യാനുള്ള നല്ല മാര്‍ഗ്ഗം ഈശ്വരവിശ്വാസം

എസ്.എന്‍.ഡി.പി യോഗം തുറവൂര്‍ തെക്ക് ഭാരതവിലാസം 765-ാം നമ്പര്‍ ശാഖയില്‍ നിര്‍മ്മിച്ച ഗുരുദേവ ക്ഷേത്രത്തിന്റെ സമര്‍പ്പണ സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

തുറവൂര്‍: അവര്‍ണ്ണന് ആരാധിക്കാന്‍ അവകാശമില്ലാതിരുന്ന കാലത്താണ് ബ്രഹ്മസ്വരൂപനായ ഗുരു നമുക്കായി പ്രതിഷ്ഠകള്‍ നടത്തി തന്നതെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തുറവൂര്‍ തെക്ക് ഭാരത വിലാസം 765-ാം നമ്പര്‍ ശാഖ നിര്‍മ്മിച്ച ഗുരുദേവ ക്ഷേത്രത്തിന്റെ സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്ധ്യാത്മികതയില്‍ ഊന്നി നിന്നുള്ള സമരമാണ് ഗുരു നയിച്ചത്. ഭൗതികമായി ഉയരങ്ങളില്‍ എത്തുന്നതിന് ആദ്ധ്യാത്മികമായ അടിത്തറ ശക്തമാക്കണമെന്നാണ് ഗുരുവിന്റെ ദര്‍ശനങ്ങളില്‍ പ്രധാനം. ഈശ്വരവിശ്വാസമാണ് പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. ഗുരുവിന് പ്രാര്‍ത്ഥനയും പൂജകളും സമര്‍പ്പിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ഉടനീളം സംരക്ഷണത്തിന്റെ കവചം ഉണ്ടാകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ചടങ്ങിന് തുടക്കം കുറിച്ച് എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ ഭദ്രദീപം പ്രകാശിപ്പിച്ചു. ശാഖാ പ്രസിഡന്റ് പി.ടി. മുരളി അദ്ധ്യക്ഷനായി. യോഗം ചേര്‍ത്തല യൂണിയന്‍ അഡ് മിനിസ്‌ട്രേറ്റര്‍ ടി. അനിയപ്പന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു. അരൂര്‍ മേഖലാ കമ്മിറ്റി ചെയര്‍മാന്‍ വി.പി. തൃദീപ് കുമാര്‍ പ്രാര്‍ത്ഥനാമണ്ഡപത്തിന്റെയും കണ്‍വീനര്‍ കെ.എം. മണിലാല്‍ തിടപ്പള്ളിയുടെയും സമര്‍പ്പണം നിര്‍വഹിച്ചു. ചേര്‍ത്തല മേഖലാ ചെയര്‍മാന്‍ കെ.പി. നടരാജന്‍ സംഘടനാ സന്ദേശം നല്‍കി. യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം വി. ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം അനില്‍ ഇന്ദീവരം, ചേര്‍ത്തല മേഖലാ കണ്‍വീനര്‍ ബിജുദാസ്, ടി. സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശാഖാ സെക്രട്ടറി എസ്. റെജിമോന്‍ സ്വാഗതവും വൈസ്‌പ്രസിഡന്റ് മുരളീധരന്‍ നന്ദിയും പറഞ്ഞു.

രാവിലെ ക്ഷേത്രത്തില്‍ നടന്ന ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠാ ചടങ്ങിന് ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷ് തന്ത്രി മുഖ്യകാര്‍മ്മികനായി. ശ്രീനാരായണധര്‍മ്മ സംഘം പ്രസിഡന്റും ശിവഗിരി മഠാധിപതിയുമായ സ്വാമി സച്ചിദാനന്ദ മുഖ്യആചാര്യനായ ശ്രീനാരായണദിവ്യപ്രബോധനവും ധ്യാനവും നടന്നു.

Author

Scroll to top
Close
Browse Categories