ദുഷ്ടശക്തികള്‍ എത്തേണ്ടത് ജനകീയ കോടതിയില്‍
കരുനാഗപ്പള്ളി: എസ്.എന്‍.ഡി.പി യോഗത്തേയും എസ്.എന്‍. ട്രസ്റ്റിനെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികള്‍ ജനകീയ കോടതിക്ക് മുന്നില്‍ എത്തണമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറിയായി പത്താംതവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന് യോഗം കരുനാഗപ്പള്ളി യൂണിയന്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എസ്.എന്‍.ഡി.പി യോഗത്തിലും എസ്.എന്‍. ട്രസ്റ്റിലും സത്യസന്ധമായാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. നിയമവിരുദ്ധമായി ഒന്നും ചെയ്യാറില്ല. അതുകൊണ്ട് ഒരു നിയമത്തെയും എനിക്ക് ഭയമില്ല. സ്‌നേഹമാണ് എന്റെ മതം. പാവപ്പെട്ടവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാണ് മൈക്രോഫിനാന്‍സിന് തുടക്കം കുറിച്ചത്. സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിക്ക് കഴിഞ്ഞു. രാഷ്ട്രീയക്കാരനല്ലാത്ത എനിക്ക് രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കേണ്ട ആവശ്യമില്ല. സമുദായത്തിന്റെ സമഗ്രമായ വളര്‍ച്ചയാണ് എസ്.എന്‍.ഡി.പി യോഗം ലക്ഷ്യമിടുന്നത്. യോഗത്തെയും എസ്.എന്‍.ട്രസ്റ്റിനെയും തകര്‍ക്കാന്‍ എത്തുന്ന സ്ഥാപിത താത്പര്യക്കാര്‍ക്കെതിരെ സമുദായം ഒറ്റക്കെട്ടായി പ്രതിരോധനിര തീര്‍ക്കണം- അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ യൂണിയന്‍ നേതാക്കളും ശാഖാ ഭാരവാഹികളും പോഷക സംഘടന ഭാരവാഹികളും ജനറല്‍ സെക്രട്ടറിയെ പൊന്നാട അണിയിച്ച് ആദരിച്ചു. എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ ഗുരുദേവ ചിത്രത്തിന് മുന്നില്‍ ഭദ്രദീപം തെളിച്ചതോടെയാണ് ചടങ്ങിന് തുടക്കമായത്.
കരുനാഗപ്പള്ളി യൂണിയന്‍ പ്രസിഡന്റ് കെ. സുശീലന്‍ അദ്ധ്യക്ഷനായി. മുന്‍മന്ത്രി സി. ദിവാകരന്‍, സി.ആര്‍. മഹേഷ് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു, എസ്.എന്‍.ട്രസ്റ്റ് ട്രഷറര്‍ ഡോ. ജി. ജയദേവന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. യോഗം ബോര്‍ഡ് മെമ്പര്‍മാരായ കെ.പി. രാജന്‍, കെ.ആര്‍. വിദ്യാധരന്‍, കെ.ജെ. പ്രസേനന്‍, എസ്. സലിംകുമാര്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ ക്ലാപ്പന ഷിബു, കെ. രാജന്‍, ബിജു രവീന്ദ്രന്‍, അനില്‍ ബാലകൃഷ്ണന്‍, കെ.ബി. ശ്രീകുമാര്‍, വി.എം. വിനോദ്കുമാര്‍, ടി.ഡി. ശരത് ചന്ദ്രന്‍, യൂത്ത്മൂവ്‌മെന്റ് ജില്ലാ കണ്‍വീനര്‍ ശര്‍മ്മ സോമരാജന്‍, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് നീലികുളം സിബു, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് അംബികാദേവി, സെക്രട്ടറി മധുകുമാരി, പെന്‍ഷണേഴ്‌സ്, യൂണിയന്‍ പ്രസിഡന്റ് കെ.വിശ്വനാഥന്‍, എംപ്ലോയീസ് ഫോറം യൂണിയന്‍ സെക്രട്ടറി എ. അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. എ. സോമരാജന്‍ സ്വാഗതവും വൈസ്‌പ്രസിഡന്റ് എസ്. ശോഭനന്‍ നന്ദിയും പറഞ്ഞു. വനിതാസംഘം യൂണിയന്‍ ട്രഷറര്‍ ഗീതാബാബു ദൈവദശകം ആലപിച്ചു.