ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനും ഇരട്ട നീതി
തുറവൂര്‍: സാമുദായിക ശക്തി സമാഹരണത്തിലൂടെ മാത്രമേ ഈഴവര്‍ക്ക് സാമൂഹ്യനീതി നേടാന്‍ കഴിയുകയുള്ളുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല യൂണിയന്‍ അരൂര്‍ മേഖലാ കമ്മിറ്റിയുടെ ഓഫീസ് വല്ലേത്തോട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിന്നാക്ക സമുദായങ്ങള്‍ക്ക് നീതിനിഷേധം തുടരുകയാണ്. നീതി നടപ്പാക്കുന്നതില്‍ ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനുമുള്ള വ്യത്യാസം മനസ്സിലാക്കണം.
മാനന്തവാടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച ന്യൂനപക്ഷക്കാരന്റെ കുടുംബത്തിന് 10ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കിയപ്പോള്‍, പുലി കടിച്ചു തിന്ന പിന്നാക്കസമുദായത്തിലെ കുട്ടിയുടെ കുടുംബത്തിന് 5 ലക്ഷം രൂപയും താത്കാലിക ജോലിയുമാണ് നല്‍കിയത്. വോട്ടുബാങ്കായ ന്യൂനപക്ഷത്തിനായി എന്തും നല്‍കാനും ശബ്ദിക്കാനും ആളും പാര്‍ട്ടികളുമുണ്ട്. പിന്നാക്ക വിഭാഗങ്ങള്‍ വോട്ടുകുത്തിയന്ത്രങ്ങളായാണ് മാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മേഖലാ കമ്മിറ്റി ചെയര്‍മാന്‍ വി.പി. തൃദീപ് കുമാര്‍ അദ്ധ്യക്ഷനായി. വൈദികയോഗം സംസ്ഥാന സെക്രട്ടറി ഷാജിശാന്തി ഭദ്രദിപം പ്രകാശിപ്പിച്ചു. ധര്‍മ്മഷോഡതി ജീവകാരുണ്യ നിധി അഖിലാജ്ഞലി ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ.ഒ. പി.ഡി. ലക്കി ഉദ്ഘാടനം ചെയ്തു. യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥന്‍ മഹാകവി കുമാരനാശാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയന്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ടി. അനിയപ്പന്‍, ചേര്‍ത്തല മേഖലാ കമ്മിറ്റി ചെയര്‍മാന്‍ കെ.പി. നടരാജന്‍, വൈസ് ചെയര്‍മാന്മാരായ പി.ഡി. ഗഗാറിന്‍, പി.ജി. രവീന്ദ്രന്‍, പാണാവള്ളി മേഖലാ കമ്മിറ്റി ചെയര്‍മാന്‍ കെ.എല്‍ അശോകന്‍, വൈസ് ചെയര്‍മാന്‍ ടി.ഡി. പ്രകാശന്‍, കണ്‍വീനര്‍ ബിജുദാസ്, അരൂര്‍ മേഖലാ കമ്മിറ്റി വൈസ് ചെയർമാൻ എൻ.ആർ തിലകൻ,അംഗങ്ങളായ വി. ശശികുമാര്‍, കെ.ആര്‍. അജയന്‍, ടി. സത്യന്‍, സൈബര്‍ സേന കേന്ദ്രസമിതി കണ്‍വീനര്‍ ധന്യസതീഷ്, യൂത്ത്മൂവ്‌മെന്റ് ചേര്‍ത്തല യൂണിയന്‍ പ്രസിഡന്റ് എ. ആദര്‍ശ് തുടങ്ങിയവര്‍ സംസാരിച്ചു. യോഗം അരൂര്‍ മേഖലാ കമ്മിറ്റി കണ്‍വീനര്‍ കെ.എം. മണിലാല്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ വി.എ. സിദ്ധാര്‍ത്ഥന്‍ നന്ദിയും പറഞ്ഞു.