ചിഹ്നം നോക്കി വോട്ടു ചെയ്ത്ഈഴവര്‍ ഗതികേടിലായി
കൊച്ചി: വോട്ട് ചെയ്യുമ്പോള്‍ ചിഹ്നം മാത്രം നോക്കുന്നവര്‍ പിന്നിലും പേരു നോക്കുന്നവര്‍ മുന്നിലുമായ കാലഘട്ടത്തില്‍ സംഘടിച്ച് ശക്തരാകാതെ ശ്രീനാരായണീയ സമൂഹത്തിന് നിലനില്‍പ്പില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു. ജനാധിപത്യം മരിക്കുകയും മതാധിപത്യം നേട്ടമുണ്ടാക്കുകയും ചെയ്യുമ്പോള്‍ രാഷ്ട്രീയക്കാരുടെ അടവുനയം തിരിച്ചറിയണം.
വര്‍ഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ലെന്നു പറഞ്ഞു നടന്ന കക്ഷികള്‍ അധികാരമുറപ്പിക്കാന്‍ ആദര്‍ശം കുഴിച്ചുമൂടുന്ന ഗതികെട്ട രാഷ്ട്രീയമാണ് ഇപ്പോള്‍. എസ്.എന്‍ ട്രസ്റ്റ് നേതൃത്വത്തിലേക്ക് വീണ്ടും വിജയിച്ച വെള്ളാപ്പള്ളി നടേശന്‍, ഡോ. എം.എന്‍. സോമന്‍ എന്നിവര്‍ക്ക് കണയന്നൂര്‍ യൂണിയന്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവീകരിച്ച കുമാരനാശാന്‍ സ്മാരക ഹാളിന്റെ സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അനുവദിക്കുമ്പോള്‍ ഏറ്റവും അവഗണിക്കപ്പെട്ടുന്നത് ഈഴവസമുദായമാണ്. വീടില്ലാത്തവരിലും തൊഴിലില്ലാത്തവരിലും പണമില്ലാത്തവരിലും ഏറ്റവും കൂടുതല്‍ ഈഴവരാണ്. സംഘടിച്ചു ശക്തരാകണമെന്ന് ഉദ്‌ബോധിപ്പിച്ച ഗുരുവില്‍ നിന്ന് അകന്നുപോയതാണ് ഈ ഗതികേടിനു കാരണം. സമുദായത്തിനകത്ത് അട്ടിമറി നടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ജനങ്ങളുടെ കോടതി മുമ്പാകെ വരാന്‍ ധൈര്യമുണ്ടോ? സമുദായത്തിന്റെ സര്‍വനാശത്തിനും അതില്‍ ആനന്ദിക്കാനും കൂട്ടത്തില്‍ നിന്നു ചവിട്ടുന്നവരെ തിരിച്ചറിയണം. ദുരിതമനുഭവിക്കുന്നവരുടെ കണ്ണീര്‍ കുടിക്കുകയല്ല, കണ്ണീരൊപ്പാനുള്ള കര്‍മ്മപദ്ധതികള്‍ നടപ്പാക്കുകയാണ് വേണ്ടതെന്ന് 21-ാം വയസ്സില്‍ സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയ തനിക്ക് ബോദ്ധ്യമുണ്ട്.
സാധാരണക്കാരുടെ കഷ്ടപ്പാടുകള്‍ നേരില്‍ ബോദ്ധ്യപ്പെടുകയും അവരോടൊപ്പം പ്രവര്‍ത്തിക്കുകയും അതിന്റെ പേരില്‍ ആക്രമണത്തിനിരയാവുകയും ചെയ്ത തന്നെയാരും സാമൂഹിക സേവനം പഠിപ്പിക്കേണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യോഗം നേതാക്കളെ തലപ്പാവണിയിച്ചാണ് ആദരിച്ചത്. വിവിധ ശാഖകളുടെയും യോഗത്തിന്റെ കീഴിലുള്ള മറ്റു പ്രസ്ഥാനങ്ങളുടെയും ഭാരവാഹികള്‍ ആദരമര്‍പ്പിച്ചു.
കണയന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍ മഹാരാജാ ശിവാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രീതിനടേശന്‍ ഭദ്രദീപം തെളിച്ചു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് ഡോ.എം.എന്‍. സോമന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കണയന്നൂര്‍ യൂണിയന്‍ കണ്‍വീനര്‍ എം.ഡി. അഭിലാഷ്, അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ.പി. ശിവദാസ്, കെ.കെ. മാധവന്‍, ടി.എം. വിജയകുമാര്‍, എല്‍. സന്തോഷ്, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് വിനോദ് വേണുഗോപാല്‍, വനിതാസംഘം യൂണിയന്‍ കണ്‍വീനര്‍ വിദ്യസുധീഷ്, സൈബര്‍സേന കണ്‍വീനര്‍ റജി വേണുഗോപാല്‍, കുമാരിസംഘം കണ്‍വീനര്‍ ദേവികരാജേഷ്, യൂണിയന്‍ എംപ്ലോയീസ്‌ഫോറം കണ്‍വീനര്‍ അജയ്‌രാജ്, പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ഉമേശ്വരന്‍, വൈദികയോഗം യൂണിയന്‍ പ്രസിഡന്റ് ശ്രീകുമാര്‍ശാന്തി എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ കണ്‍വീനര്‍ എം.ഡി. അഭിലാഷ് സ്വാഗതവും വൈസ്‌ചെയര്‍മാന്‍ സി.വി. വിജയന്‍ നന്ദിയും പറഞ്ഞു.