ശാഖാ ഭാരവാഹികള്‍ക്ക് ഏത് പാതിരാത്രിയിലും വിളിക്കാം, വിളിപ്പുറത്തുണ്ടാകും’
കൊല്ലം: എസ്.എന്‍.ഡി.പി യോഗം ശാഖാ ഭാരവാഹികള്‍ക്കും യോഗത്തിന്റെയും ട്രസ്റ്റിന്റെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും എപ്പോഴും തന്നെ വിളിക്കാമെന്നും താന്‍ വിളിപ്പുറത്തുണ്ടാകുമെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
എസ്.എന്‍.ട്രസ്റ്റ് കൊല്ലം റീജിയണ്‍ തിരഞ്ഞെടുപ്പില്‍ തന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനലിന് ഉജ്ജ്വല വിജയം സമ്മാനിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചവര്‍ക്ക് നന്ദി പ്രകാശിപ്പിക്കാന്‍ യോഗം ആസ്ഥാനത്തെ ധ്യാനമന്ദിരത്തില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാഖാ പ്രസിഡന്റ്, സെക്രട്ടറി, യോഗം, ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ മക്കള്‍ക്ക് ശ്രീനാരായണ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് തന്നെ നേരിട്ട് വിളിക്കാം. എന്നാല്‍ പരിമിതമായ സിറ്റേ മാനേജ്‌മെന്റ് ക്വാട്ടയിലുള്ളു എന്ന ബോദ്ധ്യമുണ്ടാകണം. ശാഖാ ഭാരവാഹികളും പ്രവര്‍ത്തകരുമാണ് യോഗം നേതൃത്വത്തെ സൃഷ്ടിക്കുന്നത്. തന്നെ നേതാവാക്കിയത് ശാഖാ പ്രവര്‍ത്തകരാണെന്നു ഉത്തമബോദ്ധ്യം തനിക്കുണ്ട്. യോഗത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കൊല്ലത്തെ പല ശാഖകള്‍ക്കും ഓഫീസുകളില്ല. പല ശാഖകളിലും ഗുരുമന്ദിരങ്ങളില്ല. ഈ സ്ഥിതി മാറ്റി എല്ലാ ശാഖകള്‍ക്കും ഓഫീസുകളും ഗുരുമന്ദിരങ്ങളും ഉണ്ടാകണം. അതിന് തന്റെ എല്ലാ സഹായങ്ങളും ഉണ്ടാകും.
താന്‍ എസ്.എന്‍. ട്രസ്റ്റിന്റെയും യോഗത്തിന്റെയും സെക്രട്ടറിയായതിന് മുമ്പും ശേഷവുമുള്ള കാര്യങ്ങള്‍ പരിശോധിക്കണം. ലോ കോളേജും നഴ്‌സിംഗ് കോളേജും ഹയര്‍സെക്കന്‍ഡറി സ്‌കൂളും, സി.ബി.എസ്.ഇ സ്‌കൂളും ഷോപ്പിംഗ്‌കോംപ്ലക്‌സും എസ്.എന്‍.ട്രസ്റ്റിന്റെ ആസ്ഥാന മന്ദിരവും താന്‍ സെക്രട്ടറിയായ ശേഷം സ്ഥാപിച്ചതാണ്. കൊല്ലം എസ്.എന്‍. കോളേജിലും വനിതാ കോളേജിലും യോഗം ആസ്ഥാനത്തും ഉണ്ടായ മാറ്റങ്ങളും പകല്‍ പോലെ വ്യക്തമാണ്. എന്നിട്ടും കുപ്രചരണങ്ങള്‍ നടത്തുകയാണ്. ഇക്കഴിഞ്ഞ എസ്.എന്‍.ട്രസ്റ്റ് തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് മാത്രമാണ് മത്സരം ഉണ്ടായിരുന്നത്. അതിന്റെ ചെലവിനായി ട്രസ്റ്റിന് 50 ലക്ഷം രൂപയാണ് നഷ്ടമായത്. സമുദായാംഗങ്ങള്‍ക്ക് നയാപൈസയുടെ സഹായം ചെയ്യാത്തവരാണ് നിലവിലെ നേതൃത്വത്തിനെതിരെ കുപ്രചരണം നടത്തുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
കൊല്ലം യൂണിയന്‍ പ്രസിഡന്റ് മോഹന്‍ശങ്കര്‍ അദ്ധ്യക്ഷനായി. യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, എസ്.എന്‍. ട്രസ്റ്റ് ട്രഷറര്‍ ഡോ. ജി. ജയദേവന്‍, കൊല്ലം യൂണിയന്‍ സെക്രട്ടറി എന്‍. രാജേന്ദ്രന്‍, യോഗം കൗണ്‍സിലര്‍ പി. സുന്ദരന്‍, ചാത്തന്നൂര്‍ യൂണിയന്‍ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, സെക്രട്ടറി കെ. വിജയകുമാര്‍, കുണ്ടറ യൂണിയന്‍ സെക്രട്ടറി അഡ്വ. എസ്. അനില്‍കുമാര്‍, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായി വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യോഗം നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.