റവന്യൂമന്ത്രി കെ. രാജന് ‘എ. പ്ലസ്’

തൃശൂര്‍: രണ്ടാംപിണറായി സര്‍ക്കാരിലെ എല്ലാ മന്ത്രിമാരും നല്ലതാണെന്ന അഭിപ്രായമില്ലെങ്കിലും, റവന്യൂമന്ത്രി കെ. രാജന് എ പ്ലസ് കൊടുക്കാമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം നേതൃപദവിയില്‍ മൂന്ന് പതിറ്റാണ്ട് പിന്നിട്ട വെള്ളാപ്പള്ളി നടേശന് തൃശൂര്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ നല്‍കിയ ആദരവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്ററി മോഹമോ സര്‍ക്കാരിന്റെ ഔദ്യോഗിക പദവിയോ ഒന്നും വേണ്ട. ഈഴവരുടെ സാമ്പത്തികവും, വിദ്യാഭ്യാസപരവുമായ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കുമായാണ് തന്റെ പ്രവര്‍ത്തനം. എല്ലാവരെയും സഹോദരാ എന്ന് വിളിച്ചെങ്കിലും ഏതെങ്കിലും സഹോദരന്‍ ഇങ്ങോട്ടു വന്ന് വാ സഹോദരായെന്ന് പറഞ്ഞിട്ടുണ്ടോ?
സംഘടിത വോട്ട്ബാങ്കകളായി അധികാരത്തിലെത്തി അവരുടെ സമുദായത്തിനായി ഓരോന്ന് വെട്ടിപ്പിടിച്ചു. സോദര ചിന്തയോടെ പ്രവര്‍ത്തിച്ച നമ്മള്‍ക്ക് ആരെന്ത് തന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു. ഒരു മുസ്ലീമിനും എതിരെയല്ല താന്‍ പറഞ്ഞത്. ലീഗിലെ ചില നേതാക്കള്‍ കാണിച്ച അനീതി ചൂണ്ടിക്കാണിച്ചപ്പോള്‍ മുസ്ലീം വിരോധമാക്കി. . സാമൂഹിക നീതിയും രാഷ്ട്രീയ നീതിയും എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. അസംബ്ലി, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ പ്രാതിനിധ്യം വേണ്ടേ? അതോടൊപ്പം സാമ്പത്തിക-വിദ്യാഭ്യാസ കാര്യങ്ങളില്‍ സാമൂഹിക നീതി പാലിക്കപ്പെടേണ്ടതല്ലേ? -വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.
ആദരവ് പരിപാടി മന്ത്രി കെ. രാജന്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഗുരുദേവ ദര്‍ശനത്തിന്റെ പ്രചാരകരാകാന്‍ യോഗത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അതിന് പിന്നില്‍ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ വെള്ളാപ്പള്ളി നടേശന്റെ പരിശ്രമമുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തൃശൂര്‍ യൂണിയന്‍ പ്രസിഡന്റ് ഐ.ജി. പ്രസന്നന്‍ അദ്ധ്യക്ഷനായി.






